കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കാനോ തളർത്താനോ കഴിയില്ല: മന്ത്രി വി.എൻ. വാസവൻ

moonamvazhi

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ആരു വിചാരിച്ചാലും തകർക്കാനോ തളർത്താനോ കഴിയില്ലെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

കോഴിക്കോട്ടെ നളന്ദ ഓഡിറ്റോറിയത്തിൽ വ്യാഴാഴ്ച സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ ആർക്കും സാധിക്കില്ല. കരുവന്നൂർ കേസിന്റെ പിന്നാലെ നടത്തുന്ന പരിശോധനാപരമ്പരകൾ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തോടുള്ള വെല്ലുവിളിയാണ്. സഹകരണ മേഖലയിൽ ഏതെങ്കിലും തരത്തിലുള്ള അനഭിലഷണീയമായ പ്രവർത്തനങ്ങളുണ്ടെങ്കിൽ അതിനെതിരായ നടപടികൾ സ്വീകരിക്കുന്നതിൽ ആരും എതിരല്ല. എന്നാൽ അതിന്റെ മറവിൽ സഹകരണ മേഖലയിലാകെ കുഴപ്പമാണെന്ന പ്രതീതി വരുത്തുന്നത് നല്ല പ്രവണതയല്ല. ഇത് സഹകരണ മേഖലയിലെ നിക്ഷേപകരിലും ഇടപാടുകാരിലും ഭീതി വളർത്താനേ സഹായകമാകൂ. അത്തരത്തിൽ ഒരു ഭയാശങ്കകൾക്കും അടിസ്ഥാനമില്ല എന്നതാണ് വാസ്തവം. സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് എന്നും സർക്കാരിന്റെ ഉറപ്പുണ്ട്. സഹകരണ ബാങ്കുകളിലെ ഒരാളിന്റേയും നിക്ഷേപം ഒരു കാരണവശാലും നഷ്ടമാകില്ല. നിക്ഷേപങ്ങൾക്ക് ഗ്യാരണ്ടിയുണ്ട്. എല്ലാ സംഘങ്ങളും എപ്പോഴും നിക്ഷേപം തിരികെ നൽകാൻ കഴിയുന്ന തരത്തിൽ ആവശ്യമായ ലിക്വിഡിറ്റി ഉറപ്പാക്കുന്നു. എന്നു മാത്രമല്ല സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന് നിക്ഷേപ ഗ്യാരണ്ടി ബോർഡുണ്ട്. ഇതിനു പുറമേ സഹകരണ പുനരുദ്ധാരണ നിധി സഹകരണ വകുപ്പ് ആവിഷ്ക്കരിച്ചിട്ടുണ്ട്. ഇത്തരത്തിൽ നിക്ഷേപങ്ങൾക്ക് ഏറ്റവും വലിയ പരിരക്ഷ നൽകുന്ന സംസ്ഥാനമാണ് കേരളം. സഹകരണ മേഖലയിൽ ചില ഒറ്റപ്പെട്ട അനഭിലഷണീയ പ്രവണതകൾ കടന്നു വരുന്നു എന്ന കാര്യം വിസ്മരിക്കുന്നില്ല. അതിനെ ശക്തമായി ചെറുക്കുന്നതിനുള്ള നടപടികൾ സഹകരണ വകുപ്പ് ചെയ്തു വരുന്നു. ഇക്കഴിഞ്ഞ നിയമസഭ ഐകകണ്ഠേന പാസ്സാക്കിയ നിയമഭേദഗതിയിൽ ഒട്ടേറെ നിദ്ദേശങ്ങൾ ഉൾക്കൊള്ളുന്നു. സഹകരണ സംഘങ്ങളിലെ ഓഡിറ്റ് സംവിധാനം ശക്തമാക്കുന്നതിന് ടീം ഓഡിറ്റ് സംവിധാനം കൊണ്ടുവന്നു. ഓഡിറ്റിൽ കണ്ടെത്തുന്ന ന്യൂനതകൾ പരിശോധിച്ച് ശക്തമായ നടപടികൾ കൈക്കൊള്ളുന്നതിന് നിരവധി നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ഏകീകൃത സോഫ്റ്റ് വെയർ-ന് അംഗീകാരം നൽകി. ഓഡിറ്റ് റിപ്പോർട്ടിലെ ന്യൂനത, ഭരണസമിതി അംഗങ്ങളും ജീവനക്കാരും അവരുടെ ബന്ധുക്കളും സംഘങ്ങളിൽ നിന്നും എടുത്തിട്ടുള്ള വായ്പ ബാദ്ധ്യതകൾ എന്നിവ ജനറൽ ബോഡിയിൽ വയ്ക്കുന്നതിനു് നിർദ്ദേശം ഉൾപ്പെടുത്തിയിട്ടുണ്ട്. ഓഡിറ്റിലും പരിശോധനകളിലും ക്രിമിനൽ സ്വഭാവമുള്ള കേസുകൾ കണ്ടെത്തുമ്പോൾ അത് പോലീസിനും അഴിമതി നിരോധന നിയമപ്രകാരം ക്രൈംബ്രാഞ്ചിനും നൽകി നടപടി സ്വീകരിക്കാൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ ശക്തമായ ഭരണനിയമ സംവിധാനങ്ങൾ നടപ്പിലാക്കി മുന്നോട്ട് പോകുമ്പോൾ അതിനെതിരായി ബോധപൂർവ്വമായ നീക്കമാണ് ഇ.ഡി ഉൾപ്പെടെയുള്ളവരുടെ ഭാഗത്ത് നിന്ന് നടന്നുവരുന്നത്. തികഞ്ഞ രാഷ്ട്രീയ ലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് ഓരോ ദിവസം കഴിയുന്തോറും വ്യക്തമാകുന്നു. നോട്ടുനിരോധനകാലത്ത് സഹകാരിസമൂഹം ഉയർത്തിയ ചെറുത്തു നിൽപ്പ് ഇവിടെ ഉണ്ടാകണം. സഹകരണമേഖലയ്ക്ക് എതിരെ പ്രവർത്തിക്കുന്ന ശക്തികളെ ഒന്നായി പ്രതിരോധിക്കണം – മന്ത്രി പറഞ്ഞു.

ചടങ്ങിൽ പാക്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജി.സി. പ്രശാന്ത് കുമാർ അധ്യക്ഷത വഹിച്ചു. കൺസ്യൂമർഫെഡ് ചെയർമാൻ മെഹബൂബ് സ്വാഗതം പറഞ്ഞു.

മുൻ മന്ത്രി ടി.പി. രാമകൃഷ്ണൻ, ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം പ്രസിഡന്റ്‌ രമേശൻ പാലേരി, എം വി ആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ, ഏറാമല സർവീസ് സഹകരണ ബാങ്ക് ചെയർമാൻ മനയത്ത് ചന്ദ്രൻ, ജോയിന്റ് രജിസ്ട്രാർ ബി. സുധ, പ്രമുഖ സഹകാരികൾ വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.