കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സംഘം ഐ.ടി.യിലേക്ക്

moonamvazhi

യു.പി. അബ്ദുള്‍ മജീദ്

ഓപ്പറേറ്റര്‍മാര്‍ക്കു സാങ്കേതിക, സാമ്പത്തിക സഹായവും കേബിള്‍ ടി.വി. രംഗത്തു ആധുനികവല്‍ക്കരണവും ലക്ഷ്യമിട്ടു 2002 ലാണു കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാര്‍ സഹകരണ സംഘത്തിനു രൂപം നല്‍കിയത്. കേരളത്തിലെ സാധ്യതകള്‍ തിരിച്ചറിഞ്ഞ സംഘം ഐ.ടി. മേഖലയിലേക്കു
പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്.

മൈലുകള്‍ക്കപ്പുറത്തു നിന്നു വരുന്ന സിഗ്‌നലുകള്‍ സ്വീകരിക്കാന്‍ പുരപ്പുറത്തും കൂറ്റന്‍ മരങ്ങളിലും ആന്റിനകള്‍ സ്ഥാപിച്ച് ദൂരദര്‍ശന്റെ ചാനലുകള്‍ വിദൂരദര്‍ശനം നടത്തിയ എണ്‍പതുകള്‍ ഒരു തലമുറയുടെ ഓര്‍മ. ഉള്‍നാടന്‍ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും ഡിഷ് ആന്റിനകള്‍ വെച്ചും വീടുകളിലേക്കു കേബിള്‍ വലിച്ചും സാറ്റലൈറ്റ് ചാനലുകള്‍ സ്വീകരണമുറികളിലെത്തിച്ച് കേബിള്‍ ഓപ്പറേറ്റര്‍മാര്‍ മാറ്റത്തിനു തുടക്കമിട്ടു. ഹൈടെക് സംവിധാനങ്ങളും കേരളമാകെ വിതരണ ശൃംഖലയും സ്വന്തമായി ചാനലുകളും  ബഹുരാഷ്ട്ര ഭീമന്മാരെ
പ്പോലും മുട്ടുകുത്തിച്ച സംഘശക്തിയുമായി അടുത്ത ഘട്ടം. ആധുനിക വിവര സാങ്കേതികവിദ്യയുടെ വളര്‍ച്ച മുഴുവന്‍ പ്രയോജനപ്പെടുത്തി ഇന്റര്‍നെറ്റ് യുഗത്തില്‍ നാടിന്റെ വളര്‍ച്ചയില്‍ പങ്കാളിത്തം തേടുകയാണു കേബിള്‍ ഓപ്പറേറ്റര്‍മാരുടെ ഇന്ത്യയിലെ ആദ്യത്തെ സഹകരണ സംഘം. കേരളത്തിലെ ചെറുകിട കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മയായ കേരള സ്റ്റേറ്റ് കേബിള്‍ ഇന്റര്‍നെറ്റ് ഡവലപ്‌മെന്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി ( CIDCO ) ഐ.ടി. രംഗത്തു സംസ്ഥാനത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തനമേഖല വിപുലീകരിക്കുകയാണ്.

പുതിയ തൊഴില്‍ മേഖല

90 കളില്‍ സംസ്ഥാനത്തു കേബിള്‍ ടി.വി. വ്യാപകമായതോടെ പുതിയൊരു തൊഴില്‍ മേഖല രൂപപ്പെടുകയായിരുന്നു. വന്‍കിട കമ്പനികള്‍ നഗരങ്ങളെ ലക്ഷ്യമിട്ടപ്പോള്‍ ചെറുപട്ടണങ്ങളും ഗ്രാമങ്ങളും ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാര്‍ കീഴടക്കി. ഒരേ സ്ഥലത്തുതന്നെ ഒന്നിലധികം പേര്‍ രംഗത്തു വന്നതോടെ മത്സരവും തുടങ്ങി. ചെറുകിടക്കാരെ വിഴുങ്ങാന്‍ വമ്പന്മാര്‍ കരുക്കള്‍ നീക്കി. മാധ്യമ കുത്തകക്കമ്പനികള്‍
നിരക്കു വര്‍ദ്ധിപ്പിച്ച് ചെറുകിടക്കാരെ വരിഞ്ഞുമുറുക്കി. നിലനില്‍പ്പിനായി ചെറുകിടക്കാര്‍ പോരാട്ടം തുടങ്ങി . ആയിരങ്ങള്‍ തൊഴിലെടുക്കുന്ന ഈ മേഖല അവഗണിക്കപ്പെട്ടപ്പോള്‍ രൂപം കൊണ്ടതാണു കേബിള്‍ ടി.വി. ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍. സംഘടനാ പ്രവര്‍ത്തനത്തോടൊപ്പം സര്‍ക്കാര്‍ അംഗീകാരമുള്ള, അടുക്കും ചിട്ടയുമുള്ള ഒരു സംവിധാനം സംസ്ഥാന തലത്തില്‍ ആരംഭിക്കുക എന്ന തീരുമാനത്തിന്റെ ഭാഗമായിട്ടാണു 2002 ല്‍ കേബിള്‍ ഇന്റര്‍നെറ്റ് ഡവലപ്‌മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി രൂപവല്‍ക്കരിക്കപ്പെട്ടത്. ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കു സാങ്കേതിക, സാമ്പത്തിക സഹായം നല്‍കാന്‍ ലക്ഷ്യമിട്ട സംഘത്തിന്റെ ആദ്യകാല പ്രവര്‍ത്തനം മന്ദഗതിയിലായിരുന്നു. കേബിള്‍ ടി.വി. രംഗത്തും വിവര സാങ്കേതിക മേഖലയിലും അടുത്ത കാലത്തുണ്ടായ വലിയ ചലനങ്ങള്‍ ഉള്‍ക്കൊണ്ട് സംഘം നിയമാവലി പരിഷ്‌ക്കരിച്ച് പ്രവര്‍ത്തനം വിപുലീകരിച്ചതോടെ രണ്ടായിരത്തോളം വരുന്ന അംഗങ്ങള്‍ക്കു മാത്രമല്ല കേബിള്‍ കണക്ഷനുള്ള 28 ലക്ഷത്തോളം വീടുകള്‍ക്കും ഗുണഫലങ്ങള്‍ കിട്ടിത്തുടങ്ങി. ലോക്ഡൗണ്‍ കാലത്തു മാത്രം മൂന്നര ലക്ഷത്തോളം പേര്‍ പുതുതായി കേരള വിഷന്‍ ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ എടുത്തത് കേബിള്‍ ടി.വി രംഗത്തെ ആധുനികവല്‍ക്കരണത്തിന്റെ വിജയം വിളിച്ചോതുന്നു.

112 പ്രാദേശിക ചാനല്‍

ചെറുകിട കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാര്‍ക്കു വായ്പ, ലൈസന്‍സ് ലഭിക്കാനുള്ള സഹായങ്ങള്‍, സാങ്കേതികമായ പിന്തുണ , സാമ്പത്തിക സഹായം തുടങ്ങിയവ നല്‍കുന്നതോടൊപ്പം സംസ്ഥാനത്താകെ കേബിള്‍ ടി.വി. രംഗത്തു ആധുനികവല്‍ക്കരണം എന്ന ഭാരിച്ച ചുമതലയാണു സംഘം ഏറ്റെടുത്തത്. അംഗങ്ങളുടെ ഷെയറും സ്ഥിരം നിക്ഷേപവും ഗ്രൂപ്പ് നിക്ഷേപവും വഴിയാണു സംഘം പണം സ്വരൂപിക്കുന്നത്. കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാരുടെ ശക്തമായ സംഘടനാ സംവിധാനം സംഘത്തിനു പിന്‍ബലമാണ്. 112 പ്രാദേശിക ചാനലുകളും കേരള വിഷന്‍ എന്ന
പേരില്‍ സാറ്റലൈറ്റ് ചാനലും കേബിള്‍ ചാനലും കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാര്‍ക്കു സ്വന്തമായുണ്ട്. തൃശ്ശൂരിനടുത്തു പുതുക്കാട്ട് മാസ്റ്റര്‍ കണ്‍ട്രോള്‍ റൂമും കേരളം മുഴുവന്‍ ബന്ധിപ്പിക്കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സംവിധാനവും ചേരുമ്പോള്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ദൃശ്യമാധ്യമ രംഗത്തും ഐ.ടി.രംഗത്തും പ്രബല ശക്തിയായി മാറിക്കഴിഞ്ഞു. കേരള വിഷന്‍ ഡിജിറ്റല്‍ ടി.വി. കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും വാര്‍ത്തകള്‍ എത്തിക്കുന്നതില്‍ മുന്നിലാണ്.

ഒരേ സമയം മൂന്നു വിഭാഗങ്ങളുമായി പടവെട്ടിയാണ് ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാര്‍ പിടിച്ചു നില്‍ക്കുന്നത്. വന്‍കിട കേബിള്‍ ടി.വി. കമ്പനികളുമായുള്ള മത്സരം വളരെ രൂക്ഷമാണ്. വന്‍കിടക്കാര്‍ നഗരങ്ങളില്‍ നിന്നു നാട്ടിന്‍ പുറങ്ങളിലേക്കു കേബിള്‍ വലിച്ച് ഏജന്റുമാരെ വെച്ച് കണക്ഷന്‍ നല്‍കാന്‍ മത്സരിക്കുമ്പോള്‍ അവരുടെ സൗകര്യങ്ങളേയും സംവിധാനങ്ങളേയും ചെറുക്കാന്‍ ചെറുകിടക്കാര്‍ക്കു വലിയ മുതല്‍മുടക്ക് ആവശ്യമായി വന്നു. ഇവിടെയാണ് സഹകരണ സംഘത്തിന്റെ ആവശ്യകത ഉയര്‍ന്നു വന്നത്. 2015-17 കാലഘട്ടത്തിലാണു നിരക്കു വര്‍ധനയുടെ പേരില്‍ കേരളത്തിലെ ചെറുകിടക്കാര്‍ മാധ്യമ ഭീമന്മാരോട് കൊമ്പുകോര്‍ത്തത്. നിരക്കു വര്‍ധിപ്പിച്ച ചാനലുകള്‍ ബഹിഷ്‌കരിച്ച് ചെറുകിടക്കാര്‍ തിരിച്ചടിച്ചപ്പോള്‍ കേരളം ഒന്നാകെ ചെറുകിടക്കാര്‍ക്കൊപ്പം നിന്നതു ഈ രംഗത്തെ മേധാവിത്വം തിരുത്തിക്കുറിക്കാന്‍ ഇടയാക്കി.

സംഘശക്തിയുടെ ബലം

അഖിലേന്ത്യാ തലത്തില്‍ത്തന്നെ നിരക്ക് ഏകീകരണത്തിനു വഴിതെളിയിച്ചതു കേരളത്തിലുണ്ടായ ചെറുത്തുനില്‍പ്പാണ്. വൈദ്യൂതി ത്തൂണുകളിലൂടെ കേബിള്‍ വലിക്കുന്നതിന്റെ പേരില്‍ സര്‍ക്കാറിനോടും കെ.എസ് .ഇ .ബി. യോടും ഏറെക്കാലം അങ്കം വെട്ടിയ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ഒടുവില്‍ ജയിച്ചു കയറിയതു സംഘശക്തിയുടെ ബലത്തിലായിരുന്നു. വന്‍കിടക്കാരെ സഹായിക്കുന്ന രീതിയായിരുന്നു ഈ തര്‍ക്കത്തിലും വൈദ്യൂതി ബോര്‍ഡ് സ്വീകരിച്ചത്. ഏറെക്കാലം കേസ് നടത്തിയാണു ചെറുകിടക്കാര്‍ അനുകൂല വിധി നേടിയത്. ഒരു പോസ്റ്റില്‍ കേബിള്‍ വലിക്കാന്‍ 2002 ല്‍ ഒരു രൂപ വാടക വാങ്ങിയത് 2007 ല്‍ 17 രൂപയാക്കി കെ.എസ്.ഇ.ബി. ഉയര്‍ത്തി. ഇപ്പോഴതു നഗരസഭാ പ്രദേശത്തു 410 ഉം പഞ്ചായത്തുകളില്‍ 205 ഉം രൂപയായി ഉയര്‍ന്നു. ആറ് ലക്ഷത്തോളം ഇലക്ട്രിക് പോസ്റ്റുകള്‍ ഉപയോഗിക്കുന്നതിനാണു ചെറുകിട കേബിള്‍ ഓപ്പറേറ്റമാര്‍ ഭീമമായ വാടക നല്‍കുന്നത്.

കേബിള്‍ ശൃംഖല വ്യാപിപ്പിച്ച് കേബിള്‍ ടി.വി. നിരക്ക് ഗണ്യമായി കുറയ്ക്കാന്‍ ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കു കഴിഞ്ഞതിന്റെ ഫലം അനുഭവിക്കുന്നതു കേബിള്‍ വരിക്കാരാണ് . പേ ചാനലുകള്‍ നിരക്കു വര്‍ധിപ്പിച്ചിട്ടും കേബിള്‍ വരിസംഖ്യ 250 രൂപക്കു താഴെ നിര്‍ത്താന്‍ ചെറുകിടക്കാര്‍ക്കു കഴിഞ്ഞതോടെ വന്‍കിടക്കാര്‍ക്കു വരിസംഖ്യ കൂട്ടാന്‍ നിര്‍വ്വാഹമില്ലാതായി. വരിസംഖ്യ കൂട്ടിയപ്പോഴൊക്കെ നഗരങ്ങളില്‍പ്പോലും വരിക്കാര്‍ ചെറുകിടക്കാരുടെ സേവനം തേടുകയും ചെയ്തു. വരിക്കാര്‍ക്കു ബ്രോഡ് ബാന്‍ഡ് സൗകര്യങ്ങള്‍ നല്‍കാന്‍ സഹകരണ സംഘം ഓപ്പറേറ്റര്‍മാര്‍ക്കു കുറഞ്ഞ പലിശക്കാണു വായ്പ നല്‍കുന്നത് .

സര്‍ക്കാരിനെ സഹായിക്കാന്‍ റെഡി

ഡിജിറ്റല്‍ കേരള പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിനെ സഹായിക്കാന്‍ കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സഹകരണ സംഘം സന്നദ്ധത അറിയിച്ചിട്ടുണ്ട്. എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാന്‍ സര്‍ക്കാറിനു വരുന്ന ചെലവ് 75 ശതമാനം കുറയ്ക്കാന്‍ കേബിള്‍ ഓപ്പറേറ്റര്‍മാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിച്ചാല്‍ മതി. കെ. ഫോണ്‍ പദ്ധതി 14 ജില്ലകളിലും ഒറ്റയടിക്കു തുടങ്ങാന്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ മതി. സര്‍ക്കാറും പ്രാദേശിക സ്ഥാപനങ്ങളും പോലീസും സുരക്ഷക്കായി ഏര്‍പ്പെടുത്തുന്ന സി.സി.ടി.വി. സൗകര്യങ്ങളും അതതു സ്ഥലത്തെ കേബിള്‍ ശൃംഖലയുമായി ബന്ധിപ്പിച്ചാല്‍ നിസ്സാര ചെലവില്‍ പ്രവര്‍ത്തിപ്പിക്കാനാവുമെന്നും കേബിള്‍ സഹകരണ സംഘം ഭാരവാഹികള്‍ പറയുന്നു. സഹകരണ ബാങ്കുകളുടെ കോര്‍ ബാങ്കിങ്് സൗകര്യങ്ങള്‍ക്കും കേബിള്‍ ടി.വി.ക്കാരുടെ സഹായം തേടാം. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു പ്രയാജനപ്പെടുത്താവുന്ന വിധത്തില്‍ ഡാറ്റ സെന്ററും സ്ഥാപിക്കാന്‍ കഴിയും. വയര്‍ലെസ് സംവിധാനങ്ങള്‍ ഉയര്‍ന്ന റേഡിയേഷനു കാരണമാവുന്നതിനാല്‍ കേബിള്‍ വഴി ലഭ്യമാവുന്ന ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ക്കു പ്രിയമേറി വരുന്നതു കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കു പ്രതീക്ഷക്ക് വക നല്‍കുന്നു. ഫൈബര്‍ ടു ദി ഹോം ( എഫ.്ടി.ടി.എച്ച് ) വഴി മുഴുവന്‍ വീടുകളിലും ഇന്റര്‍നെറ്റ് കണക്ഷന്‍ കുറഞ്ഞ ചെലില്‍ ലഭ്യമാക്കാനുള്ള പദ്ധതി സര്‍ക്കാറിനു സംഘം നല്‍കിയിട്ടുണ്ട്. ദാരിദ്യരേഖക്കു താഴെയുള്ളവര്‍ക്കു 50 ശതമാനം നിരക്കു കുറയ്ക്കാനുമാവും . സംരക്ഷണച്ചെലവ് കേബിള്‍ ഓപ്പറേറ്റര്‍മാര്‍ വഹിക്കും എന്നതിനാല്‍ കോടികളുടെ കരാര്‍ സ്വകാര്യ മേഖലക്കു നല്‍കുന്നതിനു പകരം ഓപ്പറേറ്റര്‍മാരുടെ സഹകരണ സംഘത്തിനു നല്‍കിയാല്‍ മതി.

തൊഴിലെടുക്കുന്നതു പതിനായിരങ്ങള്‍

പതിനായിരങ്ങള്‍ തൊഴിലെടുക്കുന്ന ഒരു മേഖല എന്ന പരിഗണന ചെറുകിട കേബിള്‍ ടി.വി. ക്കു ലഭിക്കുന്നില്ല. ആയിരം കണക്ഷനുള്ള ഒരു ഓപ്പറേറ്ററുടെ കീഴില്‍ കുറഞ്ഞതു രണ്ട് ടെക്‌നീഷ്യന്മാരും രണ്ട് കളക്ഷന്‍ ജീവനക്കാരും ഒരു ഓഫീസ് ജീവനക്കാരനുമടക്കം അഞ്ച് പേരുണ്ടാവും. പ്രാദേശിക ചാനല്‍ കൂടിയുണ്ടെങ്കില്‍ ജീവനക്കാരുടെ എണ്ണം ഇരട്ടിയാവും. കേബിള്‍ ടി.വി. ക്കൊപ്പം ബ്രോഡ് ബാന്‍ഡ് വ്യാപകമായതോടെ വരിക്കാര്‍ക്കു വേഗത്തില്‍ സേവനം നല്‍കാന്‍ ഓപ്പറേറ്റര്‍മാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ബ്രാഡ് ബാന്‍ഡ് സംവിധാനത്തിനു ഓപ്പറേറ്റര്‍മാര്‍ ചെലവഴിക്കുന്ന മുഴുവന്‍ തുകയും വരിക്കാരില്‍ നിന്നു ലഭിക്കുകയുമില്ല. ലോക്ഡൗണ്‍ കാലത്ത് വീടുകളില്‍ച്ചെന്നു വരിസംഖ്യ പിരിച്ചെടുക്കാന്‍ പ്രയാസപ്പെട്ട ഓപ്പറേറ്റര്‍മാരുമുണ്ട്. ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ അംഗങ്ങളെ സഹായിക്കാന്‍ ഓപ്പറേറ്റര്‍മാരുടെ സഹകരണ സംഘത്തിനു കഴിഞ്ഞിട്ടുണ്ട്.

ഐ.ടി. മേഖലയിലെ പല സര്‍ക്കാര്‍ പദ്ധതികളുടേയും നിര്‍വ്വഹണ ഏജന്‍സിയായും ഫ്രാഞ്ചൈസിയായും കേബിള്‍ ടി.വി. സ്ഥാപനങ്ങള്‍ക്കു മാറാനാവും. എന്നാല്‍, സ്വകാര്യ വ്യക്തികള്‍, സംരംഭം എന്നീ നിലകളില്‍ പൊതുമേഖലാ സ്ഥാപനങ്ങളുമായി മത്സരിക്കാനാവില്ല. സഹകരണ സംഘം എന്ന നിലയില്‍ ഐ.ടി. രംഗത്തേക്കു ചുവടു വെച്ചാല്‍ കൂടുതല്‍ പരിഗണനയും അനുകൂല്യങ്ങളും ലഭിക്കുമെന്നു സംഘം ഭാരവാഹികള്‍ വിലയിരുത്തുന്നു. കേബിള്‍ ടി.വി. രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കു ക്ഷേമനിധി ഉള്‍പ്പെടെയുള്ള പദ്ധതികളും സംഘത്തിന്റെ പരിഗണനയിലുണ്ട്.

കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സംഘടന തമിഴ്‌നാട്, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും മെട്രോ നഗരങ്ങളിലും ശക്തമാണെങ്കിലും ചെറുകിടക്കാര്‍ സംഘടിച്ച് ഇത്രയും ശക്തമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും വമ്പന്‍മാരോടു മത്സരിച്ചു പിടിച്ചു നില്‍ക്കുകയും ചെയ്യുന്നതു കേരളത്തില്‍ മാത്രമാണ്. കേരളത്തിലെ മുഴുവന്‍ വീടുകളിലും കേബിള്‍ കണക്ഷനും ഇന്റര്‍നെറ്റ് സൗകര്യവും എന്ന ലക്ഷ്യത്തിലേക്കു സര്‍ക്കാറിന്റെ സഹകരണമുണ്ടെങ്കില്‍ എത്താനാവുമെന്നാണു കേബിള്‍ ഓപ്പറേറ്റര്‍മാരുടെ പ്രതീക്ഷ.

തിരുവനന്തപുരത്തു വഴുതക്കാട് ഗണപതി ക്ഷേത്ര റോഡിലാണ് സംഘത്തിന്റെ ഓഫീസ്. കോഴിക്കോട്ടും കൊച്ചിയിലും ബ്രാഞ്ചുകള്‍ തുറക്കാന്‍ പദ്ധതിയുണ്ട്. സംഘത്തിന്റെ സ്ഥാപക പ്രസിഡന്റായ എളമരം കരീം എം.പി. ഇപ്പോള്‍ ഡയരക്ടറാണ്. കെ. വിജയകൃഷ്ണനാണ് നിലവില്‍ പ്രസിഡന്റ്. എം. മന്‍സൂര്‍ വൈസ് പ്രസിഡന്റും. കെ. ഗോവിന്ദന്‍ , അബൂബക്കര്‍ സിദ്ധീഖ്, പി. ശശികുമാര്‍ , എം. രാധാകൃഷ്ണന്‍, പി.ബി. സുരേഷ് കുമാര്‍, അജി ഫിലിപ്പ്, സുധീഷ് ബല്‍രാജ് എന്നിവര്‍ ഡയരക്ടര്‍മാരാണ്. എബിന്‍ മാത്യുവാണു സെക്രട്ടറി.

Leave a Reply

Your email address will not be published.