കേന്ദ്ര പദ്ധതികളിലൂടെ ക്ഷീര കര്‍ഷകരുടെ വരുമാനം ഇരട്ടിയാകും- കേന്ദ്ര മന്ത്രി

Deepthi Vipin lal

ക്ഷീര കര്‍ഷകര്‍ക്ക് ഇപ്പോള്‍ ലഭിയ്ക്കുന്നതിന്റെ ഇരട്ടി വരുമാനം ലഭിക്കുന്നതിനുതകുന്ന വിവിധ പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കികൊണ്ടിരിക്കുന്നതെന്ന് കേന്ദ്ര ക്ഷീരവികസന വകുപ്പ് സഹമന്ത്രി ഡോ: എല്‍. മുരുകന്‍ പറഞ്ഞു.

പ്രതിദിനം രണ്ട് മെഗാ വാട്ട് ഉത്പാദന ശേഷിയുള്ള സൗരോര്‍ജ്ജ പ്ലാന്റ് മില്‍മയുടെ എറണാകുളം ഡെയറിയില്‍ സ്ഥാപിക്കുന്നതിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. പ്രതിവര്‍ഷം 28 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഈ പ്ലാന്റിന്് സാധിക്കും. ഈ പ്ലാന്റ് രാജ്യത്തെ മറ്റു ഡെയറികള്‍ക്ക് മാതൃകയാക്കേണ്ടതുണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

സൗരോര്‍ജ പദ്ധതിപോലുള്ള ഇതര ഊര്‍ജ്ജഉത്പാദന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നത് അഭിന്ദനാര്‍ഹമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച നിയമ മന്ത്രി പി. രാജീവ് പറഞ്ഞു.

ഡോ. വര്‍ഗ്ഗീസ് കുര്യന്റെ സ്മരണാര്‍ത്ഥം മില്‍മ ഇടപ്പള്ളി ഹെഡ് ഓഫീസ് കവാടത്തില്‍ സ്ഥാപിച്ചിട്ടുള്ള അര്‍ദ്ധകായ പ്രതിമ സംസ്ഥാന ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചുറാണി അനാഛാദനം ചെയ്തു. ത്രിതല പഞ്ചായത്തുകള്‍ക്ക് അനുവദിക്കുന്ന 40 ശതമാനം ഫണ്ടില്‍നിന്ന്, ഇപ്പോള്‍ മൂന്ന് മാസം മാത്രം കര്‍ഷകര്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്നതിന് പകരം 12 മാസവും ഇന്‍സെന്റീവ് വിതരണം ചെയ്യുന്നതിനുള്ള പദ്ധതി ഉടന്‍ നടപ്പാക്കും. പാക്കറ്റില്‍ വില്‍ക്കുന്ന സംഭാരത്തിനും, തൈരിനും നികുതി ഏര്‍പ്പെടുത്തിയതും, 50 ലക്ഷത്തിനു മുകളില്‍ പാല്‍ വാങ്ങുന്ന ക്ഷീര സംഘങ്ങള്‍ക്ക് നികുതി ഈടാക്കുന്നതും പോലുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികളില്‍ നിന്ന് പിന്‍വാങ്ങണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ശക്തമായി ആവശ്യപ്പെട്ടുവരികയാണെന്ന് മന്ത്രി അറിയിച്ചു.

ഡോ.വര്‍ഗ്ഗീസ് കുര്യന്റെ പ്രതിമ നിര്‍മിച്ച ശില്‍പിയെ ബെന്നി ബെഹനാന്‍ എം.പി.ആദരിച്ചു. ഇന്ത്യന്‍ ജൂനിയര്‍ വോളിബാള്‍ ടീം ക്യാമ്പിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഭൂമികയെ കേന്ദ്ര ക്ഷീരവികസന വകുപ്പ് സഹമന്ത്രി ഡോ: എല്‍. മുരുകന്‍ മൊമെന്റോ നല്‍കി ആദരിച്ചു. മില്‍മയുടെ ഇടപ്പള്ളി പ്രോഡക്ടസ് ഡയറിയിലെ കാഷ്വല്‍ ജീവനക്കാരിയായ ലൈജിയുടെ മകളാണ് ഭൂമിക. ഹൈബി ഈഡന്‍ എം.പി., മില്‍മ സംസ്ഥാന ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.എസ്. മണി എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News