കെ.എസ്.ആര്‍.ടി.സി.പെന്‍ഷന്‍ മുടങ്ങിയത് സഹകരണ സംഘങ്ങളുടെ പലിശകൂട്ടാത്തതിനാല്‍

[mbzauthor]

കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ വിതരണം മുടങ്ങാതെ നല്‍കാനായത് സഹകരണ സംഘങ്ങള്‍ ഏറ്റെടുത്തതോടെയാണ്. മരുന്ന് വാങ്ങാന്‍പോലും പണം കിട്ടാത്ത സ്ഥിതി വന്നതോടെ പെന്‍ഷന്‍കാര്‍ ആത്മഹത്യ തുടങ്ങിയ ഘട്ടത്തിലാണ് സര്‍ക്കാര്‍ സഹകരണ സംഘങ്ങളുടെ സഹായം തേടിയത്. കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ പെന്‍ഷന്‍ തുക സര്‍ക്കാരിന് നല്‍കാനുള്ള സന്നദ്ധത അറിയിച്ചു. നല്‍കുന്ന തുകയ്ക്ക് പത്തുശതമാനം പലിശ നല്‍കാമെന്നായിരുന്നു സര്‍ക്കാര്‍ ഉറപ്പ്. ആ നിലപാടില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയതോടെയാണ് ഇപ്പോള്‍ വീണ്ടും പ്രതിസന്ധി തുടങ്ങിയത്.

2018 മുതലാണ് സഹകരണ ബാങ്കുകള്‍ കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ നല്‍കാന്‍ തുടങ്ങിയത്. നിക്ഷേപത്തിന്റെ പലിശ കുറഞ്ഞപ്പോള്‍ പെന്‍ഷനായി നല്‍കുന്ന തുകയ്ക്കുള്ള പലിശയും സര്‍ക്കാര്‍ കുറച്ചു. എട്ടുശതമാനം പലിശയാണ് നിലവില്‍ നല്‍കുന്നത്. ഇപ്പോള്‍ നിക്ഷേപത്തിന് പലിശ കൂടി. അതിനാല്‍,എട്ട് ശതമാനം പലിശയ്ക്ക് പെന്‍ഷന്‍ നല്‍കാനുള്ള തുക നല്‍കാനാവാത്ത സ്ഥിതിയാണ് സഹകരണ ബാങ്കുകള്‍. പലിശ നിരക്ക് ഉയര്‍ത്തണമെന്ന് സഹകരണ ബാങ്കുകള്‍ ആവശ്യപ്പെട്ടെങ്കിലും ഇത് സര്‍ക്കാര്‍ അംഗീകരിച്ചില്ല. ഇതോടെ വീണ്ടും പെന്‍ഷന്‍ മുടങ്ങുന്ന സ്ഥിതിയായി.

 

എട്ടേമുക്കാല്‍ ശതമാനത്തിനാണ് നിക്ഷേപം സ്വീകരിക്കുന്നതെന്നും അതിനാല്‍ ഒമ്പത് ശതമാനത്തിന് വായ്പ നല്‍കാമെന്നും സഹകരണബാങ്കുകള്‍ അറിയിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി.ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന സഹായധനത്തില്‍ നിന്നാണ് സഹകരണബാങ്കുകള്‍ക്ക് തുക നല്‍കുന്നത്. പലിശ നിരക്ക് ഉയര്‍ത്തുന്നതിനെ ധനവകുപ്പും കെ.എസ്.ആര്‍.ടി.സി.യും എതിര്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പെന്‍ഷന്‍ വിതരണം മുടങ്ങിയത്. രണ്ടുമാസം പെന്‍ഷന്‍ മുടങ്ങിയതിനെത്തുടര്‍ന്ന് ധന-സഹകരണമന്ത്രിമാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടെങ്കിലും തര്‍ക്കം പരിഹരിക്കാനായില്ല. പെന്‍ഷന്‍ അടിയന്തരമായ നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ട സാഹചര്യത്തില്‍ സഹകരണ ബാങ്കുകളുടെ ആവശ്യം പരിഗണിക്കേണ്ട അവസ്ഥയിലാണ് സര്‍ക്കാര്‍.

[mbzshare]

Leave a Reply

Your email address will not be published.