കാര്‍ഷിക,പരമ്പരാഗത തൊഴില്‍ മേഖലക്കു താങ്ങായി യുവ സംഘങ്ങള്‍
– അനില്‍ വള്ളിക്കാട്
ചിറ്റൂരിലും നെന്മാറയിലും ആലത്തൂരിലുമായി ആരംഭിച്ച
യുവ സഹകരണ സംപ്രവര്‍ത്തനക്ഷമമായി. കാര്‍ഷിക
ജില്ലയായ പാലക്കാടിന്റെ സവിശേഷ സാഹചര്യം
ഉള്‍ക്കൊണ്ട് കൂടുതല്‍ തൊഴിലവസരം സൃഷ്ടിച്ചുകൊണ്ടാണ്
ഇവയുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുന്നത്.
നവോല്‍പ്പന്നങ്ങളും നൂതന സംരംഭങ്ങളുമായി യുവനിരയുടെ വരവ് സംസ്ഥാനത്തെ സഹകരണ മേഖലക്കു പുത്തനുണര്‍വ് പകരുന്നു. സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ തുടങ്ങുമെന്നു പ്രഖ്യാപിച്ച 25 യുവ സഹകരണ സംഘങ്ങളില്‍ മൂന്നെണ്ണം പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തനക്ഷമമായി. കാര്‍ഷിക മേഖലക്കും പരമ്പരാഗത തൊഴില്‍ മേഖലക്കും ഊന്നല്‍ നല്‍കാനാണു ജില്ലയിലെ യുവ സംഘങ്ങള്‍ ലക്ഷ്യമിടുന്നത്.
കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യംകൂടി മുന്‍നിര്‍ത്തിക്കൊണ്ടാണു 45 വയസ്സിനു താഴെയുള്ള യുവാക്കളെ ചേര്‍ത്തു ബ്ലോക്കടിസ്ഥാനത്തില്‍ പുതിയ സംഘങ്ങള്‍ തുടങ്ങാന്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ പ്രാരംഭച്ചെലവുകള്‍ക്കായി സംസ്ഥാന ബജറ്റില്‍ രണ്ടു കോടി രൂപ വകയിരുത്തിയിട്ടുമുണ്ട്. സര്‍ക്കാര്‍തീരുമാനം വന്നതോടെ സംസ്ഥാനത്തെ രണ്ടാമത്തെ സംഘം രൂപവത്കരിച്ചുകൊണ്ടാണു യുവതയുടെ സഹകരണ പ്രവേശനത്തിനു കാര്‍ഷിക ജില്ലയായ പാലക്കാട് ചുവടുവച്ചത്.
ചിറ്റൂരില്‍
കാര്‍ഷിക സംഘം
പാലക്കാടിന്റെ തമിഴതിര്‍ത്തി പ്രദേശവും വൈവിധ്യ കാര്‍ഷികവിളകളുടെ കേന്ദ്രവുമായ ചിറ്റൂരിലാണു ജില്ലയില്‍ ആദ്യമായി യുവസംഘം ഉദയം ചെയ്തത്. ചിറ്റൂര്‍ ബ്ലോക്ക് യുവ സഹകരണ സംഘം എന്ന പേരില്‍ കഴിഞ്ഞ ജൂണില്‍ ആരംഭിച്ച സ്ഥാപനത്തിന് ഇപ്പോള്‍ 180 അംഗങ്ങളായി. ഇവരില്‍ നിന്ന് ഓഹരിയായി സ്വരൂപിച്ച 1.80 ലക്ഷം രൂപയാണു പ്രവര്‍ത്തന മൂലധനം. ഏഴു പഞ്ചായത്തുകളും ഒരു നഗരസഭാ പ്രദേശവും അടങ്ങിയതാണു സംഘത്തിന്റെ പ്രവര്‍ത്തനപരിധി.
ചിറ്റൂരിന്റെ കാര്‍ഷിക പ്രാധാന്യം കണക്കിലെടുത്തു വിവിധ വിളകളുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വിപണിയിലിറക്കാനാണു സംഘം ലക്ഷ്യമിടുന്നത്. അരി, നാളികേരം, വാഴ, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവയില്‍ നിന്നാണ് ഉപോല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നത്. ഇതില്‍ വാഴയില്‍ നിന്നുതന്നെ പത്തിനം ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നുവെന്നതാണു സവിശേഷത. വാഴപ്പൂവ്, കായത്തൊലി തുടങ്ങിയവയില്‍ നിന്ന് അച്ചാര്‍, ചട്ടിണിപ്പൊടി തുടങ്ങിയവയാണു നിര്‍മിക്കുന്നത്. വാഴപ്പിണ്ടിയില്‍ ( ഉണ്ണിത്തണ്ട് ) ജ്യൂസും സ്‌ക്വാഷും ഉണ്ടാക്കുന്നുണ്ട്. വാഴക്ക പൊടിച്ച് ആരോഗ്യമിശ്രിതവും തയാറാക്കുന്നുണ്ട്.
പരമ്പരാഗതവും ആധുനികവുമായ 25 ഉല്‍പ്പന്നങ്ങള്‍ ഓണക്കാലത്തോടെ പുറത്തിറക്കി സജീവമാകാനാണു സംഘം ഒരുങ്ങുന്നത്. ഇതിനായി വിളയോടി ഭാഗത്തു ഉല്‍പ്പാദന കേന്ദ്രം തയാറാക്കുമെന്നു സംഘം പ്രസിഡന്റ് ആര്‍. ജയദേവന്‍ പറഞ്ഞു. തുടക്കത്തില്‍ കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന വിപണനസാധ്യത കാണുന്നുണ്ട്. പിന്നീട് സ്വന്തമായി ഒരു മാര്‍ക്കറ്റിംഗ് സൊസൈറ്റി തുടങ്ങും. വിദേശ രാജ്യങ്ങളിലേക്കുള്‍പ്പടെ കയറ്റുമതിക്കുള്ള സാധ്യതയും പരിശോധിക്കുന്നുണ്ടെന്നു ജയദേവന്‍ പറഞ്ഞു. ചിറ്റൂര്‍ ടൗണിലാണു സംഘത്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഒമ്പതംഗ ഭരണസമിതി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു. പി. ദിനനാഥാണു സെക്രട്ടറി.
തൈകളുമായി
നെന്മാറ സംഘം
വിവിധയിനം തൈകളുടെ ഉല്‍പ്പാദനത്തിനും വിതരണത്തിനും പുതിയ വിളകളുടെ പരീക്ഷണത്തിനുമാണു നെന്മാറ ബ്ലോക്ക് യുവ സഹകരണ സംഘം മുന്നിട്ടിറങ്ങുന്നത്. ധാരാളം അലങ്കാര, ഫലവൃക്ഷ, പച്ചക്കറിത്തൈകള്‍ ഇതിനകം ഉല്‍പ്പാദിപ്പിച്ചുകഴിഞ്ഞു. വിത്ത് മുളപ്പിച്ചും ബഡ്ഡ് ചെയ്തുമാണു ചെടികള്‍ തയാറാക്കുന്നത്. ഒരു വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന സംഘം ഇതിനകം നാലായിരത്തോളം ചെടികള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി വിറ്റിട്ടുണ്ട്.
നെന്മാറ, നെല്ലിയാമ്പതി, എലവഞ്ചേരി, പല്ലശ്ശന, അയിലൂര്‍ എന്നീ പഞ്ചായത്തുകളാണു ബ്ലോക്ക് പരിധിയില്‍ വരുന്നത്. ഇവയില്‍ അധികം പ്രദേശങ്ങളും പച്ചക്കറിക്കൃഷിക്കു പ്രസിദ്ധവുമാണ്. നെല്ലിയാമ്പതിയുടെ തണുത്ത കാലാവസ്ഥ കണക്കിലെടുത്ത് കാരറ്റ്, ബീറ്റ്‌റൂട്ട്, കാബേജ് തുടങ്ങിയ വിളകള്‍ കൃഷി ചെയ്യാന്‍ ആലോചിക്കുന്നുണ്ടെന്നു സംഘം പ്രസിഡന്റ് എം. സുനില്‍കുമാര്‍ പറഞ്ഞു. നെല്ലിയാമ്പതി, പോത്തുണ്ടി ഉദ്യാനം എന്നിവിടങ്ങളിലെ ടൂറിസം വളര്‍ച്ചക്കൊപ്പം ചെടികളുടെയും വിളകളുടെയും വില്‍പ്പനയും മെച്ചപ്പെടും എന്ന പ്രതീക്ഷയുണ്ട്. നെന്മാറ കേന്ദ്രീകരിച്ച് നഴ്‌സറി, അലങ്കാരച്ചെടികള്‍ക്കുള്ള പാത്രങ്ങള്‍, അലങ്കാര മല്‍സ്യങ്ങള്‍, മീന്‍ വളര്‍ത്താനുള്ള വലിയ തൊട്ടികള്‍ തുടങ്ങിയവ ഒരുകുടക്കീഴില്‍ സജ്ജമാക്കും.
പച്ചക്കറിക്കൃഷി വ്യാപകമാക്കുന്നതിനായി കൂടുതല്‍ തൈകള്‍ വിതരണത്തിനു തയാറാക്കും. കൃഷി പ്രോത്സാഹനം കണക്കിലെടുത്ത് നബാര്‍ഡിന്റെ സഹായം കിട്ടാനുള്ള ശ്രമം നടത്തുന്നുണ്ട്. തത്ക്കാലം ഒരംഗത്തിന്റെ സ്ഥലത്താണു ചെടികള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇതു വിപുലീകരിച്ച് പത്തേക്കറില്‍ ഉല്‍പ്പാദനം നടത്താനാണ് ഒരുങ്ങുന്നതെന്നു സുനില്‍കുമാര്‍ പറഞ്ഞു. 30 അംഗങ്ങളില്‍ നിന്നായി സമാഹരിച്ച മൂന്നു ലക്ഷം രൂപയാണു സംഘത്തിന്റെ പ്രവര്‍ത്തന മൂലധനം. എസ്. സുബീഷാണു സെക്രട്ടറി.
തൊഴിലിലൂന്നി
ആലത്തൂര്‍ സംഘം
പരമ്പരാഗത തൊഴില്‍ മേഖലക്കു പ്രാമുഖ്യം നല്‍കിക്കൊണ്ടാണ് ആലത്തുര്‍ ബ്ലോക്ക് യുവ സ്‌കില്‍ഡ് ആന്റ് അണ്‍സ്‌കില്‍ഡ് ലേബര്‍ സഹകരണ സംഘം പ്രവൃത്തിപഥത്തിലേക്കു വരുന്നത്. ബ്ലോക്കില്‍ അഞ്ചു പഞ്ചായത്തുകളാണുള്ളത്. ഇതില്‍ പലയിടത്തും മണ്‍പാത്ര നിര്‍മാണം, കൊട്ടനെയ്ത്ത് എന്നിവയില്‍ പ്രാവീണ്യമുള്ള തൊഴിലാളികളുണ്ട്. ഇവരുടെ തൊഴിലിടങ്ങള്‍ കൂടുതല്‍ ആധുനികവത്കരിച്ച് കാലോചിതവും ആകര്‍ഷകവുമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വിപണി കണ്ടെത്താനാണു സംഘം ശ്രമിക്കുന്നത്. വില്ലേജ് ടൂറിസം നടപ്പാക്കുകയാണു സംഘത്തിന്റെ മറ്റൊരു ലക്ഷ്യം. ഇതിലൂടെ പരമ്പരാഗത തൊഴില്‍ ഉല്‍പ്പന്നങ്ങള്‍, കുടില്‍ വ്യവസായങ്ങളില്‍ നിന്നുള്ള അച്ചാര്‍, കൊണ്ടാട്ടം തുടങ്ങിയവയും കുടുംബശ്രീ ഉല്‍പ്പന്നങ്ങളും പരിചയപ്പെടുത്താനാകും. താമസ സൗകര്യം ഉള്‍പ്പടെ ഏര്‍പ്പെടുത്തിക്കൊണ്ടാണു ടൂറിസം പദ്ധതി നടപ്പാക്കുക.