കണ്ണമ്പ്രയില്‍ സഹകരണ അരിമില്ല് ഒരു കൊല്ലത്തിനകം

[mbzauthor]

 

അനില്‍ വള്ളിക്കാട്

(2021 മെയ് ലക്കം)

കേരളത്തിന്റെ നെല്ലറയായ പാലക്കാട്ടെ നെല്ലു സംഭരണ പ്രശ്‌നങ്ങള്‍ക്കു ശാശ്വത പരിഹാരം കാണാനാണു 30 സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ആധുനിക നെല്ലു സംഭരണ, സംസ്‌കരണ പ്ലാന്റ് തുടങ്ങുന്നത്. 28 ഏക്കറില്‍ സ്ഥാപിക്കുന്ന പ്ലാന്റിനു 75 കോടി രൂപയാണു ചെലവ്.

സഹകരണ ബാങ്കുകളുടെ കൂട്ടായ്മയില്‍ പാലക്കാട് കണ്ണമ്പ്രയില്‍ ആരംഭിക്കുന്ന ആധുനിക നെല്ല് സംഭരണ, സംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. 75 കോടി രൂപ ചെലവുള്ള പ്ലാന്റിന്റെ നിര്‍മാണം ഒരു മാസത്തിനകം തുടങ്ങാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. പത്തു മാസത്തിനകം ഈ അരിമില്ല് പ്രവര്‍ത്തന സജ്ജമാകും.

പാലക്കാട് ജില്ലയിലെ 30 സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണു മില്ല് സ്ഥാപിക്കുന്നത്. ഇതിനായി രൂപവത്കരിച്ച പാലക്കാട് നെല്ല് സംഭരണ-സംസ്‌കരണ-വിപണന സഹകരണ സംഘത്തിന്റെ ( ദ പാലക്കാട് പാഡി പ്രൊക്യൂര്‍മെന്റ് , പ്രോസസിങ് ആന്റ് മാര്‍ക്കറ്റിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് – പാപ്‌കോസ് ) കീഴിലായിരിക്കും മില്ല് പ്രവര്‍ത്തിക്കുക.

പ്ലാന്റിലേക്കുള്ള റോഡ് പൂര്‍ത്തിയായി

നബാര്‍ഡിന്റെ കണ്‍സള്‍ട്ടന്‍സി വിഭാഗമായ നാബ്‌കോണ്‍സ് ആണു പദ്ധതി രൂപരേഖ തയാറാക്കി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്. നിര്‍മാണം തുടങ്ങി പത്തു മാസത്തിനകം പ്ലാന്റിന്റെ പ്രവര്‍ത്തനം സജ്ജമാക്കണമെന്നു ടെണ്ടര്‍ വ്യവസ്ഥയിലുണ്ട്. പദ്ധതി പ്രവര്‍ത്തനത്തിന്റെ ആദ്യ ഭാഗമെന്ന നിലയില്‍ നിര്‍ദിഷ്ട പ്ലാന്റിലേക്കുള്ള പുതിയ റോഡിന്റെ പണി ഏതാണ്ട് പൂര്‍ത്തിയായെന്നു പാപ്‌കോസ് പ്രസിഡന്റ് എം. നാരായണനുണ്ണി പറഞ്ഞു. 28 ഏക്കര്‍ വരുന്ന പദ്ധതിപ്രദേശത്തേക്കു അര കിലോ മീറ്റര്‍ ദൂരം പുതുതായി കോണ്‍ക്രീറ്റ് റോഡ് നിര്‍മിച്ചു. വലിയ ഭാരമേറിയ വാഹനങ്ങള്‍ക്കു സുഗമമായി പ്ലാന്റിലേക്കു കടന്നുവരാന്‍ വേണ്ടിയാണിത്. ആലത്തുര്‍ താലൂക്കിലെ കണ്ണമ്പ്ര ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ നിന്നു നാല് കിലോ മീറ്റര്‍ ദൂരത്താണു പുതിയ പ്ലാന്റ് വരുന്നത്. നേരത്തെ ഇതൊരു റബ്ബര്‍ത്തോട്ടമായിരുന്നു.

കേരളത്തിന്റെ നെല്ലറയെന്ന വിശേഷണമുള്ള പാലക്കാട്ടെ നെല്ല് സംഭരണത്തിലെ പ്രശ്‌നങ്ങള്‍ക്കു ശാശ്വത പരിഹാരം എന്ന നിലയിലാണു പുതിയ മില്ല് സ്ഥാപിക്കുന്നത്. സംഭരണത്തിലെ കാലതാമസം മൂലം കര്‍ഷകര്‍ കുറഞ്ഞ വിലയ്ക്കു സ്വകാര്യ മില്ലുകള്‍ക്കു നെല്ല് വില്‍ക്കേണ്ടി വരുന്ന സാഹചര്യം നിലവിലുണ്ട്. അതൊഴിവാക്കി കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെട്ട സഹകരണ ബാങ്കുള്‍ക്കു ജില്ലയിലെ കൃഷിക്കാരുടെ മുഴുവന്‍ നെല്ലും യഥാസമയം സംഭരിച്ച് വേഗത്തില്‍ അവര്‍ക്കു പണം നല്‍കി സഹായിക്കാന്‍ പുതിയ സംരംഭത്തിലൂടെ സാധ്യമാകും.

പാലക്കാട്ടെ നിലവിലുള്ള നെല്ല് സംഭരണ രീതിക്കു ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നു 2018 ലെ സംസ്ഥാന ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നെല്ല് സംഭരണ പ്രക്രിയയില്‍ ജില്ലാ സഹകരണ ബാങ്കിന്റെ ധനപരമായ മികച്ച ഇടപെടലാണ് പ്രാഥമിക സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിക്കുന്നതിലേക്കു സര്‍ക്കാരിനെ നയിച്ചത്. റബ്ബര്‍ത്തോട്ടമായിരുന്ന 27.66 ഏക്കര്‍ സ്ഥലമാണു പ്ലാന്റിനായി വാങ്ങിയത്. ഇതില്‍ ആറു ഏക്കറിലാണു ആദ്യഘട്ടത്തില്‍ നിര്‍മാണം നടക്കുക. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ ജില്ലയിലെ ആറു താലൂക്കുകളിലും ഗോഡൗണുകള്‍ സ്ഥാപിക്കാനും അനുമതി ലഭിച്ചിട്ടുണ്ട്.

ആധുനികം, ആദ്യം

കേരളത്തിലെ ഏറ്റവും മികച്ച നെല്ലരവ് മില്ലാണു കണ്ണമ്പ്രയില്‍ സ്ഥാപിക്കുന്നത്. 2500 മെട്രിക് ടണ്‍ വീതം ശേഷിയുള്ള ആറ് നെല്ല് സംഭരണികള്‍ പ്ലാന്റിലുണ്ടാകും. സംഭരണികളെല്ലാം സൈലോ മാതൃകയിലായിരിക്കും. ഉയര്‍ന്നു നില്‍ക്കുന്ന ഇത്തരം സംഭരണികളില്‍ നിറയ്ക്കുന്ന നെല്ല് കൂടുതല്‍ കാലം കേടുവരാതിരിക്കുമെന്നതാണു പ്രത്യേകത. മണിക്കൂറില്‍ എട്ടു മെട്രിക് ടണ്‍ വീതം അരിയാക്കാന്‍ ശേഷിയുള്ള നെല്ലരവ് യന്ത്രമാണു പ്ലാന്റില്‍ സ്ഥാപിക്കുക. രണ്ട് ഷിഫ്റ്റിലായി 16 മണിക്കൂര്‍ യന്ത്രം പ്രവര്‍ത്തിപ്പിച്ച് 128 മെട്രിക് ടണ്‍ അരി പ്രതിദിനം ഉല്‍പ്പാദിപ്പിക്കും. കേരളത്തില്‍ ഇത്രയും കൂടുതല്‍ സംഭരണ ശേഷിയും അരവുശേഷിയുമുള്ള ആദ്യത്തെ മില്ലായിരിക്കും കണ്ണമ്പ്രയിലേത്.

പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കുന്ന അരി സഹകരണ ബാങ്കുകള്‍ നടത്തുന്ന സ്റ്റോറുകളിലൂടെ വില്‍ക്കാനാണു ഉദ്ദേശിക്കുന്നത്. സ്റ്റോറുകള്‍ ഇല്ലാത്തിടത്തു പുതിയ അരിക്കടകള്‍ തുടങ്ങും. മികച്ച ഇനം അരി മിതമായ വിലയ്ക്കു എല്ലാവര്‍ക്കും എത്തിക്കാന്‍ ഇതിലൂടെ കഴിയും. സര്‍ക്കാര്‍ നിര്‍ദേശിക്കുന്നപക്ഷം പൊതുവിതരണ സംവിധാനത്തിലേക്കും അരി നല്‍കുമെന്നു എലവഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയായ പാപ്‌കോസ് പ്രസിഡന്റ് നാരായണനുണ്ണി പറഞ്ഞു.

എലപ്പുള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ. ചൈതന്യ കൃഷ്ണന്‍ വൈസ് പ്രസിഡന്റായുള്ള ഭരണസമിതിയില്‍ എം.എ. അരുണ്‍കുമാര്‍, ഉണ്ണികൃഷ്ണന്‍, കെ.വി. ഗംഗാധരന്‍, കെ. അബൂബക്കര്‍, കെ.ജി. ശേഖരനുണ്ണി, വി. ദേവകി, ജോഷി ഗംഗാധരന്‍, എ. ശോഭന, എ.സി. ശങ്കരന്‍, സുരേഷ്, കുപ്പുസ്വാമി എന്നിവര്‍ അംഗങ്ങളാണ്. ഭരണസമിതിയിലെ ഒമ്പതു പേരും വിവിധ സഹകരണ ബാങ്കുകളുടെ പ്രസിഡന്റുമാരാണ്.

[mbzshare]

Leave a Reply

Your email address will not be published.