കച്ചവടക്കരുത്തില്‍ കുട്ടനെല്ലൂര്‍ ബാങ്ക്
അനില്‍ വള്ളിക്കാട്
(2020 മാര്‍ച്ച് ലക്കം)
പച്ചക്കറി മുതല്‍ പടക്കം വരെ കുറഞ്ഞ വിലയ്ക്ക് നല്‍കുന്ന കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിന് ഏഴു പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുണ്ട്.സഹകരണ രംഗത്തെ മാസനിക്ഷേപ പദ്ധതിക്ക് തുടക്കമിട്ട ഈ ബാങ്ക് ഹൈടെക് സംവിധാനങ്ങളോടെ ന്യൂജെന്‍ ബാങ്കുകള്‍ക്കൊപ്പം തലയുയര്‍ത്തി നില്‍ക്കുന്നു.
തൃശ്ശൂരിന്റെ ആവേശക്കച്ചവടങ്ങള്‍ക്ക് അഴകിഴ തുന്നുകയാണ് കുട്ടനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. കാലദേശങ്ങളുടെ മാറ്റക്കാഴ്ചകള്‍ കണ്‍തുറന്നുകണ്ട് വിജയവഴികള്‍ വെട്ടിത്തുറക്കുകയുമാണ് സപ്തതി പിന്നിട്ട ഈ സഹകരണ സ്ഥാപനം. പച്ചക്കറി മുതല്‍ പടക്കം വരെ കുറഞ്ഞ വിലയ്ക്ക് നല്‍കി ആശ്വാസത്തിന്റെ സ്‌നേഹവ്യാപാരം നടത്തുകയാണ് ഈ സഹകരണ ബാങ്ക്.
നഗരഹൃദയത്തില്‍ നിന്നു ആറു കി.മീറ്റര്‍ മാത്രം അകലെയുള്ള കുട്ടനെല്ലൂര്‍ മൂന്നു പതിറ്റാണ്ട് മുമ്പുവരെ പൂര്‍ണമായും കാര്‍ഷികഗ്രാമമായിരുന്നു. 1948 ല്‍ തുടങ്ങിയ സഹകരണ ബാങ്കാകട്ടെ കാര്‍ഷിക വികസനത്തിലും അനുബന്ധ വ്യാപാരത്തിലും ഊന്നിയ ധനകാര്യ പ്രവര്‍ത്തനങ്ങളാണ് അതുവരെ നടത്തിയിരുന്നത്. 1990 കളുടെ തുടക്കം മുതല്‍ നഗരവല്‍ക്കരണത്തിന്റെ തിരക്കും വേഗവും കടന്നുവന്നു. കൂടുതല്‍ ജനവാസ മേഖലയായതോടെ അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള സ്ഥാപനങ്ങള്‍ ഉയര്‍ന്നു. കൊച്ചി ദേശീയ പാതയിലേക്ക് എളുപ്പത്തിലുള്ള മാര്‍ഗം എന്ന നിലയിലും കുട്ടനെല്ലൂര്‍ വികാസം കൊണ്ടു. ജനവിശ്വാസത്തിന്റെ ആഴവേരുകളുള്ള ബാങ്ക് അതോടെ അവരുടെ ആവേശച്ചുവടില്‍ ചേരാന്‍ അടിമുടി മാറി. ഇന്ന് ഹൈടെക് സംവിധാനങ്ങളോടെ ഒരു ന്യൂജെന്‍ ബാങ്കിന്റെ തലപ്പൊക്കമുണ്ട് കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിന്.
കൊച്ചിക്കു കീഴില്‍ തുടക്കം
1948 ല്‍ കൊച്ചി സര്‍ക്കാരിന്റെ നിയമപ്രകാരം പരസ്പര സഹായ സഹകരണ സംഘമായിട്ടായിരുന്നു തുടക്കം. മുണ്ടോളി പുഷ്പകത്ത് രാമന്‍ നമ്പ്യാരും സുഹൃത്തുക്കളുമായിരുന്നു മുന്‍നിരക്കാര്‍. അടുത്തവര്‍ഷം മാര്‍ച്ചില്‍ പ്രവര്‍ത്തനം തുടങ്ങി. എ.സി. രാമന്‍കുട്ടിയായിരുന്നു തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റ്. പ്രസിഡന്റിന്റെ സ്ഥലത്തും കുട്ടനെല്ലൂര്‍ ദേവസ്വത്തിന്റെ പത്തായപ്പുരയിലും വാടകക്കെട്ടിടത്തിലും ഗ്രാമീണ വായനശാലയിലും ആദ്യകാലങ്ങളില്‍ പ്രവര്‍ത്തിച്ചു. കൃഷി, കച്ചവടം, കുടില്‍ വ്യവസായം, ഡിപ്പാര്‍ട്‌മെന്റല്‍ സ്റ്റോര്‍ എന്നിവ നടത്തുകയോ ധനസഹായം നല്‍കുകയോ ചെയ്ത് ജനനന്മയിലേക്ക് ഇറങ്ങിയതിനൊപ്പം നിക്ഷേപസമാഹരണവും വായ്പാ വിതരണവുമായി കെട്ടുറപ്പുള്ള ധനവിനിമയ സംവിധാനത്തിലേക്കും ബാങ്ക് പതുക്കെ ഉയര്‍ന്നു. കുട്ടനെല്ലൂര്‍ യുവജന സമിതി സൗജന്യമായി നല്‍കിയ 26 സെന്റ് സ്ഥലം വില്പന നടത്തി വാങ്ങിയ പത്തു സെന്റിലാണ് ഇന്ന് ബാങ്കിന്റെ ഹെഡ്ഓഫീസ് സ്ഥിതി ചെയ്യുന്നത്. 1965 ല്‍ സഹകരണ ബാങ്കായി മാറിയ സ്ഥാപനത്തിന്റെ ഹെഡ്ഓഫീസ് കെട്ടിട നിര്‍മാണം 1972 ലും 1988 ലും രണ്ട് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കി.
ഹൈടെക്കിലേക്ക്
ആറു വര്‍ഷം മുമ്പാണ് ബാങ്കില്‍ ആധുനികവല്‍ക്കരണം നടപ്പാക്കിയത്. ഇന്ന് ഏതൊരു മുന്‍നിര ബാങ്കിനോടും കിടപിടിക്കത്തക്ക ധനവിനിമയ സംവിധാനങ്ങള്‍ ബാങ്കിലുണ്ട്. ഒല്ലൂര്‍ വില്ലേജിലെ കുട്ടനെല്ലൂര്‍, പടവരാട്, അഞ്ചേരി എന്നീ കോര്‍പറേഷന്‍ ഡിവിഷനുകളാണ് പ്രവര്‍ത്തന പരിധി. ഹെഡ് ഓഫീസും വെസ്റ്റ് അഞ്ചേരി, അഞ്ചേരിച്ചിറ, പടവരാട് എന്നിവിടങ്ങളിലെ ശാഖകളും പ്രവര്‍ത്തിക്കുന്നത് കോര്‍ബാങ്കിങ് സംവിധാനത്തിലൂടെയാണ്. എന്‍.ഇ.എഫ്.ടി., ആര്‍.ടി.ജി.എസ്. തുടങ്ങി ആധുനിക പണമിടപാട് രീതികള്‍, നോട്ട്‌രഹിത ഇടപാടുകള്‍ക്കായി ‘മൈബാങ്ക്’ എന്ന മൊബൈല്‍ അപ്ലിക്കേഷന്‍, എ.ടി.എം. കാര്‍ഡ്, എ.ടി.എം. കൗണ്ടര്‍ തുടങ്ങി ഹൈടെക്ക് നിലവാരത്തിലാണ് ക്ലാസ് 1 സൂപ്പര്‍ ഗ്രേഡ് പദവിയുള്ള ബാങ്കിന്റെ പ്രവര്‍ത്തനം.
ആഘോഷപ്പൂത്തിരി
പൂരനഗരിയായ തൃശ്ശൂരിന് ആഘോഷമെന്നാല്‍ വെടിക്കെട്ടാണ്. ആള്‍ക്കൂട്ടത്തിന്റെ ആഹ്ലാദത്തില്‍ ആസ്വാദ്യകരമായ പ്രകാശം പൂത്തിരിയുടേതും പടക്കത്തിന്റേതുമാണ്. ഏതു ചെറിയ ആഘോഷത്തിനും ഈ ശബ്ദപ്രകാശം വലിയ അഴക് ചാര്‍ത്തും. പള്ളികളിലെ പെരുന്നാള്‍ ആഘോഷത്തിന്റെ എഴുന്നള്ളത്ത് വീടുകളില്‍ വരവേല്‍ക്കുന്നത് പടക്കം പൊട്ടിച്ചാണ്. അമ്പലങ്ങളിലെ ഉത്സവച്ചന്തത്തിലും പ്രധാനം വെടിക്കെട്ടുതന്നെ. നിരവധി ആരാധനാലയങ്ങള്‍ കൈകോര്‍ക്കുന്ന കുട്ടനെല്ലൂരില്‍ അങ്ങനെ വരുമ്പോള്‍ പടക്കം പൊട്ടിയൊഴിഞ്ഞ നേരമുണ്ടാവില്ല. വലിയ തട്ടിപ്പുകളിലൂടെ കൊള്ളലാഭം കൊയ്യുന്ന വിപണിയാണ് പൊതുവെ പടക്കത്തിന്റെത്. ഇതിനു തടയിട്ട് തൃശ്ശൂരുകാര്‍ക്കു പടക്കങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കാന്‍ ബാങ്ക് രണ്ടര വര്‍ഷം മുമ്പ് പടക്കക്കട തുടങ്ങി. കേരളത്തില്‍ പടക്കവിപണിയില്‍ ഇടപെടുന്ന ആദ്യത്തെ സഹകരണ സ്ഥാപനമായി കുട്ടനെല്ലൂര്‍ അങ്ങനെ ചരിത്രവുമെഴുതി.
പള്ളികളില്‍ പെരുന്നാളാഘോഷം തുടങ്ങുന്ന ഒക്ടോബര്‍ മുതല്‍ വിഷു വരെ ആറു മാസത്തിലേറെ നീളുന്ന ഉത്സവക്കാലത്ത് അഞ്ചേരിച്ചിറയിലെ നീതി പടക്കക്കടയില്‍ പൊടിപൊടിക്കുന്ന കച്ചവടമാണ് നടക്കുക. തമിഴ്‌നാട്ടിലെ ശിവകാശിയില്‍ നിന്ന് നേരിട്ട് പടക്കമെത്തിക്കും. ഒരു സീസണില്‍ ഏതാണ്ട് മുപ്പതു ലക്ഷം രൂപയുടെ വില്പന നടക്കും. വില്പനത്തിരക്കിന് കാരണം മറ്റൊന്നുമല്ല; പൊതുവിപണിയില്‍ രണ്ട് കവര്‍ പടക്കത്തിന്റെ വിലയ്ക്ക് ബാങ്ക് നല്‍കുന്നത് അഞ്ചു കവര്‍ പടക്കമാണ്.
വാണിജ്യ രംഗത്ത് നേരത്തെത്തന്നെ കയ്യൊപ്പു പതിപ്പിച്ച ബാങ്കാണിത്. വളം ഡിപ്പോ, റേഷന്‍ ഷാപ്പ്, നീതി സ്റ്റോര്‍, പാചക വാതക വിതരണം എന്നിവ വിവിധ കാലങ്ങളില്‍ നടത്തിയിരുന്നു. ഉപ്പു തൊട്ട് കര്‍പ്പൂരം വരെ ലഭിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റ് ഇപ്പോള്‍ അഞ്ചേരിച്ചിറയില്‍ ബാങ്ക് നടത്തുന്നുണ്ട്. കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ നല്‍കുന്നതിനു പുറമെ, ഉത്സവ സമയങ്ങളില്‍ പ്രത്യേക വിപണി സജ്ജമാക്കി പൊതുവിപണിയിലെ കൊള്ളവിലയ്ക്ക് കുരുക്കിടാറുണ്ട്. സ്‌കൂള്‍ ആരംഭം, ഓണം, ക്രിസ്മസ്, വിഷു തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ വലിയ തോതിലുള്ള കച്ചവടമാണ് നടക്കുക. വിഷുവിനു കുത്താമ്പുള്ളിയിലെ കൈത്തറി വസ്ത്രങ്ങളുടെ പ്രത്യേക ശേഖരവും ഒരുക്കാറുണ്ട്. നാട്ടുകാര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ധനകാര്യ പ്രക്രിയയായ ചിട്ടിയുടെ നടത്തിപ്പിലൂടെ കൂടുതല്‍ വിശ്വസത്തിലേക്കും ഇടപാടിലേക്കും ബാങ്ക് കടന്നു. സഹകരണ രംഗത്ത് ആദ്യമായി മാസ നിക്ഷേപ പദ്ധതിക്ക് ( എം.ഡി.എസ് ) തുടക്കം കുറിച്ചുവെന്ന ചരിത്രവും അതിലൂടെ കുട്ടനെല്ലൂര്‍ ബാങ്കിന് സ്വന്തം.
കൈവിടാതെ കൃഷി
വിസ്തൃതമായ കൃഷിസ്ഥലം നാട്ടിലുണ്ടായിരുന്ന സമയത്ത് വിത്തും വളവുമൊക്കെ നല്‍കി കര്‍ഷകരെ സഹായിച്ചുകൊണ്ട് ബാങ്ക് എന്നും സഹകരണത്തിന്റെ പച്ചപ്പ് നിലനിര്‍ത്തിയിരുന്നു. പുതിയ കാര്‍ഷിക കാലത്തിന്റെ അഭിരുചിയും അഭിവൃദ്ധിയും മുന്നില്‍ കണ്ടുകൊണ്ടുള്ള ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ അതിനെ മുന്നോട്ടു നയിക്കുന്നു. രണ്ടേക്കറോളം വരുന്ന തരിശുഭൂമി ഏറ്റെടുത്ത് ബാങ്ക് സംയോജിത കൃഷി നടത്തുന്നുണ്ട്. നെല്ല്, പച്ചക്കറി, മല്‍സ്യം എന്നിവയാണ് ഇവിടെ കൃഷി ചെയ്യുന്നത്. മൂന്നു വര്‍ഷമായി ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതി സജീവമാണ്. ഓണത്തിനും മറ്റു വിളവെടുപ്പ് സമയങ്ങളിലും സൂപ്പര്‍മാര്‍ക്കറ്റില്‍ തയാറാക്കുന്ന പ്രത്യേക വിപണിയിലൂടെ സുരക്ഷിത പച്ചക്കറി വില്‍ക്കും. ഇവിടെ നിന്നു കൊയ്‌തെടുത്ത നെല്ല് അരിയാക്കി വില്പന നടത്താനുള്ള ആലോചനയിലുമാണ്. പച്ചക്കറി നഴ്‌സറിയുണ്ട്. അടുക്കളത്തോട്ടം എന്ന ആശയത്തിന്റെ ഭാഗമായി നാലു വര്‍ഷത്തിനകം കാല്‍ ലക്ഷത്തോളം തൈകള്‍ വിതരണം ചെയ്തു. 45 എസ്.എച്ച്.ജി. ഗ്രൂപ്പുകള്‍ക്കിടയില്‍ ജൈവ പച്ചക്കറിക്കൃഷിക്ക് പ്രോത്സാഹനം നല്‍കുന്നുമുണ്ട്.
സാമൂഹിക പ്രതിബദ്ധതയോടെയുള്ള സമ്പൂര്‍ണ വികസനമാണ് ബാങ്കിന്റെ പ്രഖ്യാപിത നയം. ബാങ്കിങ്, വ്യാപാര ഇടപാടുകളില്‍ നാട്ടുകാര്‍ക്ക് പരമാവധി ആശ്വാസം പകരുന്ന ബാങ്ക് ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും സേവനമുദ്രകള്‍ പതിപ്പിച്ചിട്ടുണ്ട്. രണ്ട് നീതി മെഡിക്കല്‍ ഷോപ്പുകള്‍ നടത്തുന്നുണ്ട്. അഞ്ചേരിച്ചിറയിലെ നീതി മെഡിക്കല്‍ ലാബില്‍ ഡോക്ടര്‍മാരുടെ സേവനവും നല്‍കുന്നുണ്ട്. പരമാവധി ആളുകള്‍ക്ക് സൗജന്യമായി പരിശോധനയും മരുന്ന് വിതരണവും നടത്തിക്കൊണ്ട് ഇടയ്ക്ക് മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കും. അവശത അനുഭവിക്കുന്ന രോഗികള്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും നല്‍കുന്ന ധനസഹായം, റോഡ് അപകടങ്ങളില്‍ സൗജന്യ സേവനം നല്‍കുന്ന ആംബുലന്‍സ് തുടങ്ങിയവയൊക്കെ നന്മയുടെയും സഹജീവി സ്‌നേഹത്തിന്റെയും അടയാളങ്ങള്‍ കൂടിയാകുന്നു.
രണ്ടു പതിറ്റാണ്ടുമുമ്പ് നാട്ടുകാരുടെ ധനപങ്കാളിത്തത്തോടെ പണിത ഒല്ലൂര്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിന് ബാങ്ക് ഒരു ലക്ഷം രൂപ നല്‍കി. മരിയാപുരം എല്‍.പി. സ്‌കൂളില്‍ ക്ലാസ് മുറികള്‍ നിര്‍മിക്കാന്‍ അഞ്ചു ലക്ഷം രൂപയും ഒല്ലൂര്‍ ഹൈസ്‌കൂള്‍ പുനരുദ്ധാരണത്തിന് പ്രത്യേക ധനസഹായവും നല്‍കി. ബാങ്ക് പരിധിയില്‍ മികച്ച വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും ആയിരം കുട്ടികള്‍ക്ക് പഠനോപകരണ കിറ്റും എല്ലാ വര്‍ഷവും നല്‍കുന്നുണ്ട്.
ബാങ്കിന്റെ സപ്തതി ആഘോഷത്തിന്റെ ഭാഗമായി എഴുപതു വയസ്സായ എല്ലാ അംഗങ്ങള്‍ക്കും പെന്‍ഷന്‍ നടപ്പാക്കി. 18,490 അംഗങ്ങളില്‍ നിന്നായി അഞ്ചു കോടിയോളം രൂപയുടെ ഓഹരി മൂലധനമുണ്ട്. 221 കോടി രൂപയിലേറെ നിക്ഷേപക്കരുത്തുള്ള ബാങ്ക് വിവിധ പദ്ധതികളിലൂടെ 170 കോടി രൂപയുടെ വായ്പയും നല്‍കിയിട്ടുണ്ട്. പത്തു കോടി രൂപ വരെയുള്ള ഓവര്‍ ഡ്രാഫ്റ്റ് വായ്പ, വ്യാപാര മേഖലക്ക് വലിയ ഉണര്‍വുണ്ടാക്കുന്നുണ്ട്.
യുവതയുടെ തിളക്കം
ആറു വര്‍ഷം മുമ്പ്, 27 ാം വയസ്സില്‍ സഹകാരിയായ റിക്‌സണ്‍ പ്രിന്‍സാണ് അന്നു മുതല്‍ ഭരണസമിതിയുടെ അമരക്കാരന്‍. എഴുപതിന്റെ അനുഭവത്തികവുള്ള ബാങ്കിന് അതിനുശേഷം ചെറുപ്പത്തിന്റെ ചുറുചുറുക്കായെന്ന് നാട്ടുകാര്‍ പറയുന്നത് പ്രസിഡന്റിന്റെ പ്രസരിപ്പാര്‍ന്ന നിലപാടുകളെ മുന്‍നിര്‍ത്തിയാകാം. യുവജന സംഘടനയെ നയിക്കുന്നതിന്റെ നേതൃഗുണം കൂടി റിക്‌സണ്‍ പ്രിന്‍സ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രകടമാക്കുന്നുണ്ട്. കുട്ടനെല്ലൂരില്‍ ആയിരത്തോളം പേര്‍ ജോലി ചെയ്തിരുന്ന സ്വകാര്യ കശുവണ്ടിക്കമ്പനി ഇപ്പോള്‍ അടഞ്ഞു കിടപ്പാണ്. ഈ സ്ഥലം ഉപയോഗപ്പെടുത്തി തുണി-ഭക്ഷ്യ വ്യാപാര മേഖലകളില്‍ ഇടപെട്ട് കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ബാങ്കിന് കഴിയുമോ എന്ന് ആലോചിക്കുന്നിടത്ത് റിക്‌സണ്‍ ഒരു ധനകാര്യ മേധാവിക്കപ്പുറം മികച്ച സാമൂഹിക പ്രര്‍ത്തകനും കൂടിയാകുന്നുണ്ട്.
മുന്‍ പ്രസിഡന്റും പഴയ തിരുകൊച്ചി മന്ത്രിസഭയിലെ അംഗവുമായ കെ. കൊച്ചുകുട്ടന്‍ മാസ്റ്ററുടെ ഓര്‍മയ്ക്കായുള്ള ഓഡിറ്റോറിയം ഉള്‍പ്പടെയുള്ള സൗകര്യമാണ് ഇപ്പോള്‍ ഹെഡ് ഓഫീസിലുള്ളത്. ഇവിടെ സായാഹ്ന ശാഖ തുടങ്ങാന്‍ ആലോചിക്കുന്നതായി പ്രസിഡന്റ് പറഞ്ഞു. സ്വപ്ന പദ്ധതിയായ കോര്‍പ്പറേറ്റ് ഓഫീസ് ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മാണത്തിന് പടവരാട് 50 സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട്. ഇവിടെ വിപുലമായ സൗകര്യങ്ങളോടെ പത്തു കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പണി ഈ വര്‍ഷം തുടങ്ങാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും റിക്‌സണ്‍ പ്രിന്‍സ് പറഞ്ഞു.
എം.ആര്‍. രാജേഷ് വൈസ് പ്രസിഡന്റായുള്ള ഭരണ സമിതിയില്‍ അമ്പിളി സതീശന്‍, ജിന്റോ ആന്റണി, ഷീജ ഡെയ്‌സണ്‍, ജോണ്‍ വാഴപ്പിള്ളി, ടി.എസ്. വാസു, കെ.എസ്. അജി, ദീപ ബിജു, കെ.ടി. ശശിധരന്‍, രസ്‌ന രാമകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളാണ്. ആന്റോ ഫ്രാന്‍സിസാണ് സെക്രട്ടറി.