എന്‍.സി.ഡി.സി. ഇക്കൊല്ലം ഇതുവരെ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് 35,179 കോടി രൂപ
ആന്‍ഡമാന്‍-നിക്കോബാര്‍, അരുണാചല്‍ പ്രദേശ്, ഛണ്ഡീഗഢ്, ഗോവ, പോണ്ടിച്ചേരി എന്നിവിടങ്ങളിലേക്ക് എന്‍.സി.ഡി.സി. ഫണ്ടുകളൊന്നും നല്‍കിയിട്ടില്ല. 2022-23 സാമ്പത്തികവര്‍ഷം 41,031 കോടി രൂപയും 2021-22 ല്‍ 34,221.08 കോടി രൂപയുമാണു വിതരണം ചെയ്തത്. ലോക്‌സഭയില്‍ ഒരു ചോദ്യത്തിന് എഴുതിക്കൊടുത്ത മറുപടിയില്‍ സഹകരണമന്ത്രി അമിത് ഷായാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്.
കേന്ദ്ര സഹകരണമന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍.സി.ഡി.സി.യാണു പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും ഗുണകരമാകുന്നവിധത്തില്‍ സഹകരണസംഘങ്ങള്‍ക്കു സാമ്പത്തികസഹായം വിതരണം ചെയ്യുന്നത്. യുവ സഹകാര്‍ സംരംഭങ്ങള്‍ വഴി എന്‍.സി.ഡി.സി. പുതിയ സഹകരണസംഘങ്ങളെ പ്രോത്സാഹിപ്പിക്കുകയും കുറഞ്ഞ പലിശനിരക്കില്‍ ഇവയ്ക്കു സാമ്പത്തികസഹായം നല്‍കുകയും ചെയ്തുവരുന്നുണ്ട്. 2021-22 ല്‍ സംസ്ഥാന-ജില്ലാ-അര്‍ബന്‍ സഹകരണബാങ്കുകള്‍ മൊത്തം 9.89 ലക്ഷം കോടി രൂപയുടെ വായ്പ നല്‍കിയിട്ടുണ്ട്. അര്‍ബന്‍ ബാങ്കുകള്‍ 3.15 ലക്ഷം കോടി രൂപയും സംസ്ഥാന സഹകരണബാങ്കുകള്‍ 3.21 ലക്ഷം കോടി രൂപയും ജില്ലാ സഹകരണബാങ്കുകള്‍ 3.53 ലക്ഷം കോടി രൂപയുമാണു വായ്പയായി നല്‍കിയിട്ടുള്ളത്.