എന്‍.എം.ഡി.സി. ഏറ്റെടുക്കുന്നത് വലിയ ദൗത്യം
– കിരണ്‍ വാസു
മുന്‍കാലത്തെ ചൂടുള്ള അനുഭവങ്ങളില്‍ നിന്നമു നേടിയ കരുത്താണു
കോ-ഓപ് മാര്‍ട്ടും അതുവഴി സഹകരണ വിപണന ശൃംഖലയും
സ്ഥാപിക്കാനുള്ള ചുമതല ഏറ്റെടുക്കാന്‍ എന്‍.എം.ഡി.സി. യെ
പ്രേരിപ്പിച്ചത്. വിജയിക്കും എന്ന ഉറപ്പോടെയാണ് കോ-ഓപ് മാര്‍ട്ടിലൂടെ
സഹകരണ വിപണി ഒരുക്കാനുള്ള സഹകരണ വകുപ്പിന്റെ
തീരുമാനം നടപ്പാക്കാനുള്ള ഉത്തരവാദിത്തംഎന്‍.എം.ഡി.സി.
ഏറ്റെടുത്തിരിക്കുന്നത്.
എന്‍.എം.ഡി.സി. എന്നത് ഉള്‍ക്കരുത്തുകൊണ്ടുമാത്രം വിജയിച്ച ഒരു മാര്‍ക്കറ്റിങ് സഹകരണ സ്ഥാപനമാണ്. ആ കരുത്തും അനുഭവവുമാണു കോ-ഓപ് മാര്‍ട്ടും അതുവഴി സഹകരണ വിപണന ശൃംഖലയും സ്ഥാപിക്കാനുള്ള ചുമതല ഏറ്റെടുക്കാന്‍ കാരണമായിട്ടുള്ളത്. എങ്ങനെ ഈ പദ്ധതി നിര്‍വഹിക്കാം എന്നതിനെക്കുറിച്ച് എന്‍.എം.ഡി.സി. തയാറാക്കിയ പ്രവര്‍ത്തന രേഖയിലുണ്ട് അവരുടെ ദീര്‍ഘവീക്ഷണം. ‘കോ-ഓപ് മാര്‍ട്ട് ്- സഹകരണ വിപണിയുടെ ഉദയം’ എന്നാണ് ആ പ്രവര്‍ത്തനരേഖയ്ക്ക് എന്‍.എം.ഡി.സി. നല്‍കിയ പേര്. പതിവ് കെട്ടും മട്ടുമില്ലാതെ ഒരു പദ്ധതിയെ ഭാവനാത്മകമായി രൂപകല്‍പന ചെയ്ത്, അതു നടപ്പാക്കേണ്ട വഴികളും നേടേണ്ട ലക്ഷ്യങ്ങളും അടയാളപ്പെടുത്തിയ ആ പ്രവര്‍ത്തന രേഖതന്നെ ഒരു മാതൃകയാണ്. പക്ഷേ, ഈ പദ്ധതിനിര്‍വഹണം അത്ര എളുപ്പത്തില്‍ സാധ്യമാകുന്ന ഒന്നല്ല. വലിയ ദൗത്യവും ഉത്തരവാദിത്തവുമാണ് എന്‍.എം.ഡി.സി. ഏറ്റെടുത്തിട്ടുള്ളത്.
വലിയ സഹകരണ സംഘങ്ങളുടെ പേരും പെരുമയും ഒന്നുമില്ലാതെയാണു കോ-ഓപ് പദ്ധതിയുടെ നിര്‍വഹണച്ചുമതല ഏറ്റെടുക്കാനുള്ള താല്‍പ്പര്യപത്രം എന്‍.എം.ഡി.സി. സഹകരണ വകുപ്പിനു നല്‍കിയത്. സംശയത്തോടെയാണു വകുപ്പുദ്യോഗസ്ഥരും ഈ പ്രപ്പോസല്‍ കണ്ടത്. എന്‍.എം.ഡി.സി. എന്ന പേരുപോലും കാര്യമായി ഉയര്‍ന്നുകേള്‍ക്കാറില്ല എന്നതുതന്നെയായിരുന്നു കാരണം. പക്ഷേ, സഹകരണ സംഘം രജിസ്ട്രാര്‍ അടങ്ങുന്ന വിദഗ്ധ സമിതിക്കു മുമ്പില്‍ പദ്ധതി അവതരണം നടത്തിയതോടെ വകുപ്പുദ്യോഗസ്ഥരുടെ ധാരണ മാറി. എന്നിട്ടും പദ്ധതിയെ നാലായി മുറിച്ച് അതിലൊരു ഭാഗത്തിന്റെ നിര്‍വഹണച്ചുമതല മാത്രമായിരുന്നു എന്‍.എം.ഡി.സി.ക്കു ലഭിച്ചത്. 2019 ല്‍ പ്രഖ്യാപിച്ച പദ്ധതി 2022 ആയിട്ടും കാര്യമായി മുന്നോട്ടുപോകാതെ കിടന്നതിന്റെ കാരണം ഈ പങ്കിടല്‍ നിര്‍വഹണ രീതിയായിരുന്നു. അങ്ങനെയാണ് ഒറ്റയ്ക്കു നടത്താമെന്ന അവകാശവാദം വീണ്ടും എന്‍.എം.ഡി.സി. മുന്നോട്ടുവെച്ചത്. അതിനുള്ള പദ്ധതി തയാറാക്കി നല്‍കി. അതിലാണു കോ-ഓപ് മാര്‍ട്ട് ഒരു സഹകരണ വിപണി ഒരുക്കുന്നതിന്റെ തുടക്കം മാത്രമാണെന്നും സഹകരണ സംരംഭകത്വവും ഇതിന്റെ ഭാഗമാക്കണമെന്നും വിശദീകരിക്കുന്നത്. ഉദ്യോഗസ്ഥരുമായി നടത്തിയ പലവട്ട ചര്‍ച്ചയില്‍ തെളിമയാര്‍ന്ന പദ്ധതിരേഖ എന്‍.എം.ഡി.സി. വിശദീകരിച്ചു. ഒടുവില്‍ അതിന് അംഗീകാരവുമായി. അതിനുള്ള ഉത്തരവ് സഹകരണ വകുപ്പ് പുറപ്പെടുവിക്കുകയും ചെയ്തു.
ഈ പദ്ധതി ഏറ്റെടുക്കാനുള്ള ധൈര്യം എന്താണെന്നു കോ-ഓപ് മാര്‍ട്ടിനായി തയാറാക്കിയ പദ്ധതിരേഖയില്‍ എന്‍.എം.ഡി.സി. ചെയര്‍മാന്‍ പി. സൈനുദ്ദീന്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ് : ‘ കോ-ഓപ് മാര്‍ട്ടിലൂടെ സഹകരണ വിപണി ഒരുക്കാനുള്ള സഹകരണ വകുപ്പിന്റെ തീരുമാനം നടപ്പാക്കാനുള്ള ചുമതല എന്‍.എം.ഡി.സി. ഏറ്റെടുക്കുകയാണ്. അത്യധ്വാനം ചെയ്യാന്‍ മനസ്സു സമര്‍പ്പിച്ച ഒരുകൂട്ടം ജീവനക്കാരും അവരാല്‍ പൊരുതിനേടിയ വളര്‍ച്ചയുമാണു ഞങ്ങളുടെ ധൈര്യം. ഈ ദൗത്യവും ഞങ്ങള്‍ വിജയിപ്പിക്കും. ഞങ്ങളുടെ അനുഭവമാണ് ഈ ആത്മവിശ്വാസത്തിനു കാരണം. പ്രാണനറ്റുപോകുമായിരുന്ന ഒരു സഹകരണ സ്ഥാപനം ഫിനിക്‌സിനെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ഒരു ജനതയ്ക്കു പ്രാണനായി മാറുകയും ചെയ്ത കഥയാണ് എന്‍.എം.ഡി.സി. എന്ന നോര്‍ത്ത് മലബാര്‍ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ആന്റ് സപ്ലൈ സൊസൈറ്റിയുടേത്. ആ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഒറ്റക്കാരണമേയുള്ളൂ. അതിജീവിക്കണമെന്ന ഉത്തമബോധ്യത്തോടെ മാനേജ്‌മെന്റും ജീവനക്കാരും നടത്തിയ പ്രവര്‍ത്തനവും കാലോചിതമായ മാറ്റം ഉള്‍ക്കൊണ്ട് മാറാനുള്ള തീരുമാനവുമാണത്. കാപ്പിക്കര്‍ഷകരുടെ ഉന്നമനത്തിനുവേണ്ടി പിറവിയെടുക്കുകയും പ്രവര്‍ത്തനം ചിട്ടപ്പെടുത്തുകയും ചെയ്ത ഒരു സംഘമാണിത്. കാപ്പിക്കൃഷിയും കര്‍ഷകരും അതിജീവിക്കാനാകാതെ പിന്തള്ളപ്പെട്ടുപോയപ്പോള്‍ ഈ സംഘത്തിലും വിളക്കണഞ്ഞു. അടച്ചുപൂട്ടി അവസാനിപ്പിക്കാന്‍ വകുപ്പ് പോലും തീരുമാനിച്ച ഒരു കാലമായിരുന്നു അത്. പൊതുയോഗം ചേരാതെ, ഭരണസമിതിയില്ലാതെ, വരവുചെലവ് കണക്ക് അവതരണവും ബജറ്റ് അംഗീകരണവും ഒന്നും നടക്കാതെയുള്ള അഞ്ചുവര്‍ഷം. 2004 മുതലുള്ള ആ അഞ്ചുവര്‍ഷക്കാലം ഒരു പാഠമായിരുന്നു. എന്‍.എം.ഡി.സി.യുടെ പിന്നീടുള്ള വളര്‍ച്ചയ്ക്ക് ഒരു കരുത്തായി മാറാനുള്ള അനുഭവ പാഠം.’ ഈ ഉള്‍ക്കരുത്ത് കോ-ഓപ് മാര്‍ട്ടിനെ വിജയത്തിലെത്തിക്കാനുള്ള കരുത്താകട്ടെയെന്നതാണു സഹകരണ മേഖല ഒന്നാകെ ആഗ്രഹിക്കുന്നതും.
കേരളത്തേക്കാള്‍
പ്രായമുള്ള സംഘം
മലബാര്‍ ഡിസ്ട്രിക്ട് പ്രൊഡ്യൂസേഴ്‌സ് സെയില്‍ സൊസൈറ്റി എന്ന പേരില്‍ 1936 ഡിസംബര്‍ 16 നാണ് എന്‍.എം.ഡി.സി. പ്രവര്‍ത്തനം തുടങ്ങിയത്. മദ്രാസ് പ്രവിശ്യക്കു കീഴിലെ മലബാര്‍ ജില്ലയായിരുന്നു പ്രവര്‍ത്തന മേഖല. കേരള സംസ്ഥാന രൂപവത്കരണത്തിനു ശേഷമാണു നോര്‍ത്ത് മലബാര്‍ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സപ്ലൈ ആന്റ്് മാര്‍ക്കറ്റിങ് സൊസൈറ്റി എന്ന പേര് സ്വീകരിച്ചത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകള്‍ പ്രവര്‍ത്തന പരിധിയാക്കി ഒരു ഫെഡറല്‍ സംഘമെന്ന നിലയില്‍ പ്രവര്‍ത്തനം മാറി. മലഞ്ചരക്കുകള്‍, നാണ്യവിളകള്‍ തുടങ്ങിയവ കര്‍ഷകരില്‍നിന്നു വാങ്ങി വില്‍ക്കുകയും കര്‍ഷകര്‍ക്ക് അവരുടെ ഈടിന്മേല്‍ വായ്പ നല്‍കുകയും ചെയ്യുക എന്നതായിരുന്നു പ്രധാന ബിസിനസ്. കോഫി ബോര്‍ഡിനുവേണ്ടി വയനാട്ടിലെ കര്‍ഷകരില്‍ നിന്നു കാപ്പി സംഭരിക്കാന്‍ ചുമതലയുള്ള സംഘമായിരുന്നു ഇത്. സഹകരണ സംഘങ്ങള്‍ക്ക് അത്രയൊന്നും വേരോട്ടമില്ലാത്ത കാലത്തു കര്‍ഷകരെ ചൂഷണത്തില്‍നിന്നു മുക്തരാക്കി ഇടപെടാന്‍ എന്‍.എം.ഡി.സി.ക്കു കഴിഞ്ഞു. പ്രത്യേകിച്ച് കാപ്പി കര്‍ഷകരുടെ കാര്യത്തില്‍.
1991 ല്‍ ഉദാരീകരണ നയം രാജ്യം സ്വീകരിച്ചതോടെയാണ് ആ പ്രതാപകാലത്തിനു മങ്ങല്‍ വീഴുന്നത്. 1998 ല്‍ കാപ്പി സംഭരണത്തിലും വിപണനത്തിലുമുണ്ടായിരുന്ന കേന്ദ്ര തീരുവ നിര്‍ത്തലാക്കി. കാപ്പിയുടെ വിപണനം കോഫി ബോര്‍ഡില്‍നിന്ന് എടുത്തുമാറ്റുകയും ചെയ്തു. ഇതോടെ കാപ്പി സംസ്‌കരണ-വിപണന രംഗത്തു സ്വകാര്യ കുത്തകക്കമ്പനികളുടെ ആധിപത്യം വന്നു. പിന്നീടുള്ള പത്തു വര്‍ഷം എന്‍.എം.ഡി.സി.യുടെ തകര്‍ച്ചയുടെ കാലമായിരുന്നു. 2.25 കോടി രൂപയാണ് ഈ കാലത്തിനുള്ളില്‍ സംഘത്തിനുണ്ടായ നഷ്ടം. മറ്റു ബിസിനസുകളെല്ലാം പരിമിതമായിരുന്നു. സംഘത്തിന്റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റുന്ന രീതിയില്‍ ഇതില്‍ നിന്നൊന്നും കാര്യമായ വരുമാനമുണ്ടായിരുന്നില്ല. പിടിച്ചുനില്‍ക്കാനാവാത്തവിധം പ്രവര്‍ത്തനം മരവിച്ചു. കുമളിയില്‍ ഏലത്തിനായി തുടങ്ങിയ ലേലകേന്ദ്രം ആദ്യം പൂട്ടി. പിന്നാലെ തലശ്ശേരി, പയ്യന്നൂര്‍ ശാഖകള്‍ നിര്‍ത്തി. തലശ്ശേരി, മട്ടന്നൂര്‍ എന്നിവിടങ്ങളിലെ റേഷന്‍ മൊത്തവ്യാപാരവും അവസാനിപ്പിച്ചു. കര്‍ഷകരെ സഹായിക്കാനായി തുടങ്ങിയ കല്‍പ്പറ്റയിലെ സൂപ്പര്‍ മാര്‍ക്കറ്റ്, കോഫി പൗഡര്‍ യൂണിറ്റ്, വടകരയിലെ കാലിത്തീറ്റ ഫാക്ടറി, സോപ്പുനിര്‍മാണം എന്നിവയെല്ലാം ഓരോന്നോരോന്നായി പ്രവര്‍ത്തനം അവസാനിപ്പിച്ചു. ജീവനക്കാര്‍ക്കു ശമ്പളം നല്‍കാന്‍ ഗതിയില്ലാത്ത അവസ്ഥയായി. എടുത്ത വായ്പ തിരിച്ചടക്കാനായില്ല. കല്‍പ്പറ്റയിലെ 45 സെന്റ് സ്ഥലം ജപ്തിചെയ്തുപോയി. തളിപ്പറമ്പ്, മാനന്തവാടി, പടിഞ്ഞാറത്തറ, കല്‍പ്പറ്റ എന്നിവിടങ്ങളിലുണ്ടായിരുന്ന സ്ഥലവും കെട്ടിടവും എല്ലാം വിറ്റു. ആദ്യം കല്‍പ്പറ്റ ശാഖയും പിന്നാലെ കോഴിക്കോട്ടെ പ്രധാന ഓഫീസും പൂട്ടി.
2005 ആഗസ്റ്റു മുതല്‍ 2008 സെപ്റ്റംബര്‍ വരെ ജീവനക്കാരുടെ ശമ്പളം കൊടുക്കാനായില്ല. 23 മാസം എന്‍.എം.ഡി.സി. പൂര്‍ണമായും അടഞ്ഞുകിടന്നു. വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. പിരിഞ്ഞുപോയ ജീവനക്കാരുടെ ഗ്രാറ്റുവിറ്റി, സ്ഥിരനിക്ഷേപം എന്നിവയൊന്നും നല്‍കാത്തതിനാല്‍ കേസുകളായി. ഇ.പി.എഫ്. കുടിശ്ശികയായി. കോടതികളില്‍ പല കേസുകളിലായി എന്‍.എം.ഡി.സി. പ്രതിസ്ഥാനത്തു നിന്നു. സ്വതന്ത്ര്യത്തിനു മുമ്പും ശേഷവും മലബാറിലെ കര്‍ഷകരുടെ സ്വന്തമായി നിന്ന ഒരു സഹകരണ സ്ഥാപനം തീര്‍ന്നുവെന്ന് എല്ലാവരും വിധിയെഴുതി. പക്ഷേ, അങ്ങനെ തീര്‍ന്നുപോകരുതെന്ന വാശിയോടെ ഒരുകൂട്ടം കര്‍ഷകനേതാക്കള്‍ എന്‍.എം.ഡി.സി.യെ രക്ഷിക്കാനുള്ള ദൗത്യമേറ്റെടുത്തു. 2008 ല്‍ തിരഞ്ഞെടുപ്പ് നടത്തി സംഘത്തിനു ഭരണസമിതിയുണ്ടാക്കി. അതിജീവിക്കണം എന്ന ഒറ്റ അജണ്ടയാണ് ആ ഭരണസമിതിയുടെ പ്രവര്‍ത്തനത്തിനുണ്ടായിരുന്നത്. അത് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ തുടക്കമായിരുന്നു. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തതിന്റെ ധൈര്യത്തില്‍ മുന്നോട്ടാഞ്ഞുചാടിയതിന്റെ നേട്ടമാണ് ഇന്നു സംസ്ഥാനത്തെ മികച്ച സഹകരണ സ്ഥാപനമായി വളര്‍ന്ന എന്‍.എം.ഡി.സി.ക്കുള്ളത്. കാപ്പി കര്‍ഷകര്‍ക്കുവേണ്ടിയുള്ള ഇടപെടല്‍ നാളികേര കര്‍ഷകര്‍ക്കുവേണ്ടിയാക്കി. നാളികേര സംസ്‌കരണവും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവും തുടങ്ങി. നഷ്ടം കയറി ആസ്തികളോരോന്നായി വിറ്റു ജീവനറ്റുപോകുമായിരുന്ന സംഘം കഴിഞ്ഞ പത്തു വര്‍ഷമായി ലാഭത്തിലാണ്.
മാറാനെടുത്ത
ആ തീരുമാനം
2016-17 വാര്‍ഷിക പൊതുയോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ഭാവിയിലേക്കുള്ള മാറ്റം ചൂണ്ടിക്കാട്ടിയിരുന്നു. അതിങ്ങനെയാണ് : ‘ നമുക്കു വേണ്ട ഉല്‍പ്പന്നങ്ങള്‍ക്കായി നമ്മള്‍ മറ്റു വിപണികളെ ആശ്രയിക്കുന്നു. നമ്മള്‍ ഉല്‍പ്പാദിപ്പിക്കുന്നവയ്ക്കുവേണ്ടിയും, അതു മനുഷ്യവിഭവമോ കാര്‍ഷിക വിഭവമോ എന്തുമാവട്ടെ, നമ്മള്‍ മറ്റു വിപണികളെ ആശ്രയിക്കുന്നു. ഇതില്‍ മാറ്റം വരുത്താനും നമുക്കാവശ്യമായ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ഇവിടെത്തന്നെ ഉല്‍പ്പാദിപ്പിച്ചുകൊണ്ട് ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്കു കടക്കാനുമുള്ള ശ്രമത്തില്‍ സഹകരണ പ്രസ്ഥാനത്തിനും അതിന്റേതായ പങ്കു വഹിക്കാന്‍ കഴിയണം. മാറിക്കൊണ്ടിരിക്കുന്ന ആധുനിക സാങ്കേതിക വിദ്യകള്‍ കര്‍ഷകര്‍ക്ക് എത്തിച്ചുകൊടുക്കുകയും ശരിയായ സംഭരണ-വിപണന-സംസ്‌കരണ ശൃംഖല സ്ഥാപിച്ചെടുക്കുകയുംവഴി മാത്രമേ ഉല്‍പ്പാദനത്തിലും ഉല്‍പ്പാദനക്ഷമതയിലും കാര്യമായ മാറ്റം സൃഷ്ടിക്കാന്‍ കഴിയുകയുള്ളൂ. ഈ കടമ നിര്‍വഹിക്കേണ്ട ബാധ്യത സഹകരണ മേഖല തന്നെയാണ് ഏറ്റെടുക്കേണ്ടത്. അതിനു തക്കവണ്ണം ശാസ്ത്രീയമായ ആസൂത്രണം ഈ മേഖലയില്‍ നടപ്പാക്കാന്‍ നമുക്കു കഴിയേണ്ടതുണ്ട്.’ ഈ കാഴ്ചപ്പാടാണു 2020 ല്‍ സുഭിക്ഷ കേരളം പദ്ധതിയിലൂടെ സര്‍ക്കാരും മുന്നോട്ടുവെച്ചത്. സുഭിക്ഷ കേരളം തുടങ്ങുന്നതിനു നാലു വര്‍ഷം മുമ്പ് എന്‍.എം.ഡി.സി. മൂന്നോട്ടുവെച്ച ഈ ആശയമാണു സംഘത്തിന്റെ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കിയത്. ആ വളര്‍ച്ചയിലൂടെ വയനാട്ടിലെ ആദിവാസികളുടെ ഉന്നമനം സാധ്യമാക്കാനായി. കാപ്പി, കുരുമുളക് കര്‍ഷകരും നാളികേര കര്‍ഷകരും ഇടനിലക്കാരുടെ ചൂഷണത്തില്‍നിന്നു പുറത്തുകടന്നു.
മൂന്നു ചക്കില്‍ ഞെരിഞ്ഞിറങ്ങിയ വെളിച്ചെണ്ണയായിരുന്നു അതുവരെ കോപ്പോള്‍ എന്ന ബ്രാന്‍ഡില്‍ എന്‍.എം.ഡി.സി. വിപണിയിലെത്തിച്ചിരുന്നത്. ആ മില്ല് യന്ത്രവല്‍ക്കരിച്ചു. ഉല്‍പ്പാദനം കൂട്ടി. നല്ല വെളിച്ചെണ്ണയ്ക്ക് ആളുകളേറിയപ്പോള്‍ വില്‍പ്പനയ്ക്കായി ഔട്ട്്‌ലറ്റുകള്‍ ആരംഭിച്ചു. വില്‍പ്പന കൂടിയപ്പോള്‍ ഉല്‍പ്പാദനവും അതിനനുസരിച്ച് മെച്ചപ്പെടുത്തണമായിരുന്നു. പുറത്തുനിന്നു വാങ്ങുന്ന കൊപ്രയില്‍ സള്‍ഫര്‍ ഉപയോഗിക്കുന്നുണ്ടെന്നതിനാല്‍ അതു വാങ്ങേണ്ടെന്നു തീരുമാനിച്ചു. ഗുണനിലവാരത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്തില്ല. അങ്ങനെ സംഘത്തിലെ അംഗങ്ങളായ നാളികേര കര്‍ഷകരില്‍നിന്നു വിപണിവിലയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ തേങ്ങ വാങ്ങാന്‍ തുടങ്ങി. ഇതിനൊപ്പം, നാളികേര കര്‍ഷകരുടെ ഒരു കൂട്ടായ്മയുണ്ടാക്കി വാങ്ങുന്ന തേങ്ങയുടെ അളവ് വര്‍ധിപ്പിച്ചു. നല്ല വില കിട്ടുന്നതിനാല്‍ കര്‍ഷകരും സംതൃപ്തരായിരുന്നു. അവരുടെ പിന്തുണ സംഘത്തിനു ശക്തിയായി. കര്‍ഷകക്കൂട്ടായ്മയില്‍ കൂടുതല്‍ അംഗങ്ങള്‍വന്നു. വാങ്ങുന്ന തേങ്ങ കൊപ്രയാക്കാന്‍ സ്വന്തമായ ഡ്രയര്‍ യൂണിറ്റ് തുടങ്ങി. അവിടെ സ്ത്രീകളെ മാത്രമായി നിയമിച്ചു. അതും ഒരു പുതിയ ചുവടുവെപ്പായിരുന്നു. സ്ത്രീകള്‍മാത്രം നടത്തുന്ന ഡ്രയര്‍ യൂണിറ്റാണ് ഇന്നും എന്‍.എം.ഡി.സി.യുടെ ഉല്‍പ്പാദന യൂണിറ്റുകള്‍ക്കുള്ള കൊപ്ര നല്‍കുന്നത്.
നല്ല വെളിച്ചെണ്ണ എന്ന പേര് ഇന്നു കോപ്പോളിനുണ്ട്. ഉല്‍പ്പാദിപ്പിച്ചവയെല്ലാം ദിവസങ്ങള്‍ക്കകം വിറ്റുപോകുന്നു. ഇതിനൊപ്പം ഹെയര്‍ ഓയില്‍ നിര്‍മാണത്തിലേക്കും സംഘം കടന്നു. വയനാട്ടിലെ ആദിവാസി ഊരുകളിലെ പരമ്പരാഗത മരുന്നുകള്‍ ചേര്‍ത്താണു കോപ്പോള്‍ ഹെയര്‍ ഓയില്‍ നിര്‍മിക്കുന്നത്. ഇതിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണു വില്‍പ്പനയിലേക്കു കടന്നത്. പതിമൂന്നു നാട്ടുമരുന്നുകള്‍ കോപ്പോളില്‍ അടങ്ങിയിട്ടുണ്ട്. സംഘത്തിന്റെ സ്വന്തം യൂണിറ്റില്‍ നിന്നുള്ള ശുദ്ധമായ വെളിച്ചെണ്ണ മാത്രമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഹെയര്‍ ഓയിലും വിപണിയില്‍ ഹിറ്റാണ്. കോപ്പോള്‍ ബ്രാന്‍ഡിലുള്ള എള്ളെണ്ണയ്ക്കും വിപണിയില്‍ നല്ല ഡിമാന്റുണ്ട്. അതോടെ പ്ലാന്‍ഫണ്ട് ഉപയോഗിച്ച് യന്ത്രവല്‍കൃത എള്ളെണ്ണ പ്ലാന്റ് നിര്‍മിച്ചു. കേരളത്തില്‍ എത്തിക്കുന്ന എള്ളില്‍ മായം മാത്രമല്ല ഇടനിലക്കാരുടെ ചൂഷണവുമുണ്ടെന്നു തിരിച്ചറിഞ്ഞതോടെ കര്‍ഷകരില്‍നിന്നു നേരിട്ട് എള്ള് സംഭരിക്കാന്‍ സംഘം തീരുമാനിച്ചു. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലെ ലേലകേന്ദ്രങ്ങളില്‍ എന്‍.എം.ഡി.സി. പ്രതിനിധികള്‍ നേരിട്ട് പങ്കെടുത്താണ് എള്ള് വാങ്ങുന്നത്.
ഇനി പുതിയ
ചുവട്
കര്‍ഷകക്കൂട്ടായ്മകളുടെ രൂപവത്കരണം, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം, പുതിയ മാര്‍ക്കറ്റിങ് സാധ്യതകള്‍ ഉപയോഗിച്ചുള്ള വിപണനം, കൃത്യമായ ആസൂത്രണത്തോടെയുള്ള വിതരണരീതി എന്നിവയാണ് എന്‍.എം.ഡി.സി.യെ വിജയത്തിലേക്ക് എത്തിച്ചത്. കര്‍ഷകരുടെയും ഉപഭോക്താക്കളുടെയും വിശ്വാസം നേടാനായി എന്നതാണ് എന്‍.എം.ഡി.സി.യുടെ നേട്ടം. ലാഭമായിരുന്നില്ല, സംഘത്തിനൊപ്പം കര്‍ഷകരുടെയും ഉന്നമനമായിരുന്നു മുഖ്യം. വിപണിയില്‍ മായം കലര്‍ന്ന വെളിച്ചെണ്ണ വ്യാപകമായി പിടിച്ചെടുത്തിരുന്ന ഘട്ടത്തിലാണു കോപ്പോള്‍ വെളിച്ചെണ്ണയുടെ മേന്മ ജനങ്ങളിലെത്തിക്കണമെന്ന ചിന്തയുണ്ടായത്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഉള്‍പ്പടെയുള്ള തലത്തിലേക്കു സംഘം കടന്നത് അങ്ങനെയാണ്. ഉല്‍പ്പന്നങ്ങളുടെ പരസ്യവും തയാറാക്കി. വിപണി കൂട്ടുകയെന്നതിനപ്പുറം സഹകരണ ഉല്‍പ്പന്നങ്ങളെ ജനകീയമാക്കുകയെന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നില്‍. സമൂഹമാധ്യമ പേജുകളില്‍ ഇന്ന് എന്‍.എം.ഡി.സി.ക്കും അതിന്റെ ഉല്‍പ്പന്നങ്ങള്‍ക്കും നല്ല സാന്നിധ്യമുണ്ട്. സ്വന്തമായ ഒരു ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വിഭാഗം എന്‍.എം.ഡി.സി.ക്കുണ്ട്.
ഇതേ രീതിയാണു സഹകരണ വിപണന സംവിധാനത്തിനും എന്‍.എം.ഡി.സി. മുന്നോട്ടുവെക്കുന്നത്്. സംരംഭങ്ങള്‍ക്ക് ഈട്‌രഹിത വായ്പ നല്‍കാനുള്ള നിര്‍ദേശമാണ് എന്‍.എം.ഡി.സി. മുന്നോട്ടുവെക്കുന്നത്. സഹകരണ ബാങ്കുകളില്‍, പ്രത്യേകിച്ച് പ്രാഥമിക സഹകരണ ബാങ്കുകളില്‍, വായ്പക്കുടിശ്ശിക കൂടിവരുന്ന ഘട്ടത്തിലാണ് ‘അപകടകര’മായ ഈ നിര്‍ദേശം അവര്‍ വെക്കുന്നത്. പക്ഷേ, അതിനു സഹകരണ മേഖലയ്ക്കാകെ ശുഭകരമായി മാറുന്ന മാര്‍ഗരേഖയും എന്‍.എം.ഡി.സി. അവതരിപ്പിക്കുന്നുണ്ട്. പ്രാഥമിക സഹകരണ ബാങ്കുകളിലൂടെ സംരംഭങ്ങള്‍ക്കു വായ്പ നല്‍കണം. വിപണിയില്‍ ആവശ്യമുള്ള ഉല്‍പ്പന്നങ്ങളാണ് ഈ സംരംഭങ്ങള്‍ ഉല്‍പ്പാദിപ്പിക്കേണ്ടത്. അതിന് എന്‍.എം.ഡി.സി. സഹായിക്കും. അങ്ങനെ തയാറാക്കുന്ന പദ്ധതിറിപ്പോര്‍ട്ട് അനുസരിച്ചാകും വായ്പ ലഭിക്കുക. ഈ സംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായി എന്‍.എം.ഡി.സി. ഏറ്റെടുക്കും. അതു കോ-ഓപ് മാര്‍ട്ടിലൂടെ വിപണനം ചെയ്യും. സംരംഭങ്ങള്‍ക്ക് എന്‍.എം.ഡി.സി. പണം നല്‍കുന്നതിനൊപ്പം വായ്പയുടെ തിരിച്ചടവും ഉറപ്പാക്കും. ഇതിനുള്ള കരാര്‍ അടങ്ങുന്നതായിരിക്കും പദ്ധതിരേഖ. പരമാവധി ഉല്‍പ്പന്നങ്ങള്‍, അവയ്‌ക്കെല്ലാം വിപണി, വിജയകരമായി പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍, അവയ്‌ക്കെല്ലാം എന്‍.എം.ഡി.സി.യുടെ ഗാരണ്ടിയില്‍ ഈടില്ലാതെ വായ്പ – ഇതാണു കോ-ഓപ് മാര്‍ട്ടിന്റെ ഭാഗമായി എന്‍.എം.ഡി.സി. മുന്നോട്ടുവെക്കുന്ന ആശയം.
‘കനലിലൂടെ നടന്നു പൊള്ളിയ കാലുകളാണ് എന്‍.എം.ഡി.സി.ക്കുള്ളത്. പൊള്ളലുണങ്ങിയ കാലുകള്‍ക്ക് ഉറപ്പു കൂടുതലാണെന്നു കേട്ടിട്ടുണ്ട്. ആ ഉറപ്പാണ് എന്‍.എം.ഡി.സി.യുടെ ചുവടിലുള്ളത്. പക്ഷേ, നെഞ്ചിലിപ്പോഴും പഴയ പൊള്ളലിന്റെ നീറ്റലുണ്ട്. അതിനാല്‍, ഓരോ ചുവടിലും കരുതലുണ്ട്. അതു കോ-ഓപ് മാര്‍ട്ടിനും തുണയാകുമെന്നു ഞങ്ങള്‍ക്കുറപ്പാണ്.’ – കോ-ഓപ് മാര്‍ട്ട് പ്രവര്‍ത്തനരേഖയില്‍ ചെയര്‍മാന്‍ പി. സൈനുദ്ദീന്‍ കുറിച്ച വാക്കുകളാണിത്. അതിലുണ്ട് കോ-ഓപ് മാര്‍ട്ടിനെ വിജയത്തിലെത്തിക്കുന്നതിനുള്ള അധ്വാനത്തിന്റെ കരുത്തും ആത്മവിശ്വാവും.
[mbzshare]