ഊരാളുങ്കലിനായി സഹകരണ കണ്‍സോര്‍ഷ്യം; 66 സംഘങ്ങളില്‍നിന്ന് 570 കോടി

moonamvazhi

ദേശീയപാത വികസനത്തിനുള്ള പണി ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് മൂലധനം കണ്ടെത്താന്‍ സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിക്കാന്‍ അനുമതി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലെ 66 സഹകരണ സംഘങ്ങളെയാണ് കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമാക്കിയിട്ടുള്ളത്. ഈ സംഘങ്ങളില്‍നിന്ന് 570 കോടിരൂപ ഊരാളുങ്കല്‍ സ്വീകരിക്കും. 9.75 ശതമാനം പലിശനിരക്കിലാണ് പണം സ്വീകരിക്കുന്നത്.

തലപ്പാടി-ചെങ്ങള ദേശീയപാത നാലുവരിയാക്കുന്നതിനുള്ള പ്രവൃത്തിയാണ് ഊരാളുങ്കല്‍ ഏറ്റെടുത്തിട്ടുള്ളത്. ദേശീയ പാതവികസനത്തില്‍ കരാര്‍ ഏറ്റെടുത്ത രാജ്യത്തെ ഏക സഹകരണ സ്ഥാപനമാണ് ഊരാളുങ്കല്‍. തലപ്പാടി-ചെങ്ങള ദേശീയപാത നവീകരണത്തില്‍ 1704 കോടിരൂപയുടെ കരാറാണ് ഊരാളുങ്കലിന് ലഭിച്ചത്. ഇത് പൂര്‍ത്തിയാക്കുന്നതിനുള്ള മൂലധനം കണ്ടെത്താനാണ് സഹകരണ കണ്‍സോര്‍ഷ്യം.

കോഴിക്കോട് ജില്ലയിലെ 39 പ്രാഥമിക സഹകരണ ബാങ്കുകളാണ് കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമായുള്ളത്. ഇവയില്‍നിന്ന് 220.5 കോടിരൂപ സമാഹരിക്കും. കണ്ണൂരില്‍ 15 കാര്‍ഷിക സംഘങ്ങളില്‍നിന്നായി 300 കോടിയും കാസര്‍ക്കോട് 12 സംഘങ്ങളില്‍നിന്നായി 49.5 കോടിരൂപയുമാണ് സമാഹരിക്കുന്നത്. ഊരാളുങ്കലിന് കരാര്‍ പ്രകാരം ലഭിക്കുന്ന തുക കണ്‍സോര്‍ഷ്യം വായ്പ തിരിച്ചടക്കുന്നതിന് ഉപയോഗിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വിവിധ പദ്ധതികള്‍ക്ക് പണം കണ്ടെത്തുന്നതിന് സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിക്കാനുള്ള വ്യവസ്ഥ പുതിയ സഹകരണ നിയമഭേദഗതിയില്‍ കൊണ്ടുവന്നിരുന്നു. വകുപ്പ് 57-ല്‍ കണ്‍സോര്‍ഷ്യം ലെന്‍ഡിങ് സ്‌കീം എന്ന പേരിലാണ് ഇതുള്ളത്. നിയമ ഭേദഗതി നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല. അതിനാല്‍, നിയമം പ്രാബല്യത്തില്‍ വന്നിട്ടില്ല. അതിനാലാണ് പ്രത്യേകം സര്‍ക്കാര്‍ ഉത്തരവിലൂടെ ഊരാളുങ്കലിനുള്ള സഹകരണ കണ്‍സോര്‍ഷ്യത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. സഹകരണ സംഘങ്ങളില്‍നിന്ന് സ്വീകരിക്കുന്ന പണത്തിന് ആവശ്യമായ തരളധനം സൂക്ഷിക്കണമെന്ന് ഊരാളുങ്കലിനോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News