ഈ മാസത്തെ കെ.എസ്.ആര്‍.ടി.സി. പെന്‍ഷന് സഹകരണബാങ്കുകളില്‍നിന്ന് 58കോടി
കെ.എസ്.ആര്‍.ടി.സി.യില്‍നിന്ന് വിരമിച്ചവര്‍ക്ക് സപ്റ്റംബര്‍മാസത്തെ പെന്‍ഷന്‍ കൊടുക്കാന്‍ പ്രാഥമിക സഹകരണ ബാങ്കുകളില്‍നിന്ന് വീണ്ടും 58 കോടി രൂപ കടമെടുക്കുന്നു. കോഴിക്കോട് ജില്ലയിലെ 9 സഹകരണ ബാങ്കുകളില്‍നിന്നാണ് ഈ തുക ശേഖരിക്കുന്നത്.
പ്രാഥമിക സഹകരണ ബാങ്കുകളുടെ കോണ്‍സോര്‍ഷ്യം രൂപീകരിച്ച് അതില്‍നിന്ന് വായ്പയെടുത്ത് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ നേരത്തെ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് ഓരോ തവണ പെന്‍ഷന്‍ നല്‍കാനും സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം വിപുലപ്പെടുത്തുകയാണ് ചെയ്യുന്നത്. പത്ത് ശതമാനം പലിശ നല്‍കിയുള്ള വായ്പയാണ് സംഘങ്ങളില്‍നിന്ന് ശേഖരി
ക്കുന്നത്. സന്നദ്ധമായ സംഘങ്ങളെയാണ് കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
രാമനാട്ടുകര സര്‍വ്വീസ് സഹകരണ ബാങ്ക്, ഫറോക്ക് സര്‍വീസ് സഹകരണ ബാങ്ക്, കാലിക്കറ്റ് നോര്‍ത്ത് സര്‍വീസ് സഹകരണ ബാങ്ക്, വേങ്ങേരി സര്‍വീസ് സഹകരണ ബാങ്ക്, കുന്ദമംഗലം കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക്, ബേപ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, ചേവായൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, മാവൂര്‍ സര്‍വീസ് സഹകരമ ബാങ്ക് എന്നിവിടങ്ങളില്‍നിന്നാണ് സപ്റ്റംബര്‍ മാസം നല്‍കാനുള്ള 58കോടിരൂപ കടമെടുക്കുന്നത്. ഇതില്‍ ചേവായൂര്‍ ബാങ്ക് മാത്രം 15 കോടിരൂപ നല്‍കുന്നുണ്ട്.
സംസ്ഥാന സഹകരണ ബാങ്കാണ് കണ്‍സോര്‍ഷ്യത്തിന്റെ ലീഡര്‍. പ്രാഥമിക സഹകരണ ബാങ്കുകള്‍ വായ്പാതുക സംസ്ഥാന സഹകരണ ബാങ്കിനാണ് നല്‍കേണ്ടത്. പെന്‍ഷന്‍കാരുടെ പട്ടികയും അവരില്‍ ഓരോരുത്തര്‍ക്കും നല്‍കേണ്ട പെന്‍ഷന്‍തുകയും കെ.എസ്.ആര്‍.ടി.സി. സഹകരണവകുപ്പ് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ക്ക് നല്‍കണം. ഈ പട്ടിക ജോയിന്റ് രജിസ്ട്രാര്‍മാര്‍ സംസ്ഥാന-ജില്ലാ-പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് നല്‍കും.
ഓരോ പ്രാഥമിക സഹകരണ ബാങ്കുകള്‍വഴിയും നല്‍കേണ്ട പെന്‍ഷന്‍ തുക സംസ്ഥാന സഹകരണ ബാങ്ക് ജില്ലാബാങ്കുകള്‍ മുഖേന ഇവര്‍ക്ക് നല്‍കും. പ്രാഥമിക സഹകരണ ബാങ്കുകളാണ് തുക പെന്‍ഷന്‍കാര്‍ക്ക് നല്‍കേണ്ടത്. ഇത് കൃത്യമായി നല്‍കുന്നുണ്ടൈന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സഹകരണ ബാങ്കിനാണ്. കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ വിതരണം നേരത്തെ സഹകരണ ബാങ്കുകളിലൂടെയാക്കിയതിനാല്‍ പെന്‍ഷന്‍കാരെല്ലാം ഇവിടെ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അതിനാല്‍, മറ്റ് സാങ്കേതിക തടസ്സങ്ങളില്ലാതെ പെന്‍ഷന്‍ ഇത്തവണയും വിതരണം ചെയ്യാനാകും.