ആശ്രിതനിയമനം കിട്ടിയവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പരിശീലനകാലത്ത് ശമ്പളവും അലവന്‍സും സംഘങ്ങള്‍ നല്‍കണം
ആശ്രിതനിയമന പദ്ധതിവഴി ഏതു തസ്തികയില്‍ നിയമിച്ചാലും ആ ജീവനക്കാരെ സഹകരണ പരിശീലന കോഴ്‌സുകള്‍ക്കു നിയോഗിക്കുമ്പോള്‍ ആ കാലയളവിലെ അര്‍ഹമായ മുഴുവന്‍ ശമ്പളവും അലവന്‍സും സംഘത്തില്‍ നിന്നു നല്‍കേണ്ടതാണെന്നു സഹകരണ സംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ചു. പരിശീലന കാലയളവ് എല്ലാവിധ സര്‍വീസ് ആനുകൂല്യങ്ങള്‍ക്കും ഡ്യൂട്ടിയായി പരിഗണിക്കണമെന്നും രജിസ്ട്രാര്‍ നിര്‍ദേശിച്ചു. ഭിന്നശേഷിക്കാരായ ജീവനക്കാര്‍ക്കും ഇതു ബാധകമാണ്.
മേല്‍വിഭാഗത്തില്‍പ്പെടാത്തവരെ സഹകരണ പരിശീലന കോഴ്‌സുകള്‍ക്കു നിയോഗിക്കുമ്പോള്‍ അവര്‍ക്കു കണക്കിലുള്ളതിനു പുറമേ അവധി ആവശ്യമായി വന്നാല്‍ ശൂന്യവേതനാവധിയില്‍ പരിശീലനകാലം പൂര്‍ത്തിയാക്കണമെന്നു രജിസ്ട്രാറുടെ സര്‍ക്കുലറില്‍ ( സര്‍ക്കുലര്‍ നമ്പര്‍ 41 / 2022 ) ല്‍ നിര്‍ദേശിക്കുന്നു. സഹകരണ സംഘം രജിസ്ട്രാറുടെ 11/08/1989 ലെ 50 / 89 -ാം നമ്പര്‍ സര്‍ക്കുലറിലെ 2 എ,ബി വ്യവസ്ഥകള്‍ റദ്ദാക്കിയാണു പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
സഹകരണ സംഘങ്ങളില്‍ നിന്നു നിയമനം ക്രമീകരിക്കുന്നതിനോ ഉദ്യോഗക്കയറ്റം കിട്ടുന്നതിനോ വേണ്ടി ജീവനക്കാരെ സഹകരണ പരിശീലന കോഴ്‌സുകളില്‍ നിയോഗിക്കുമ്പോള്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതു സംബന്ധിച്ച് 1989 ലെ 50 / 89 നമ്പര്‍ സര്‍ക്കുലറിലെ വ്യവസ്ഥകളില്‍ കൂടുതല്‍ സ്പഷ്ടീകരണം ആവശ്യമായതുകൊണ്ടാണു 2 എ,ബി വ്യവസ്ഥകള്‍ റദ്ദാക്കി പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതെന്നു രജിസ്ട്രാര്‍ പറയുന്നു.