അവസാനിപ്പിക്കാന്‍ തീരുമാനിച്ച എന്‍ജിനീയറിങ് സംഘത്തിന് പുനര്‍ജീവന്‍
ആവര്‍ത്തിച്ചുണ്ടായ നഷ്ടവും പ്രവര്‍ത്തനത്തിലെ വീഴ്ചയും കാരണം പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ച പാലക്കാട് ജില്ലാ എന്‍ജിനിയറിങ് സഹകരണ സംഘത്തില്‍ പുനരുജ്ജീവന പാക്കേജ് നടപ്പാക്കാന്‍ അനുമതി. സഹകരണ സംഘം നിയമത്തിലെ 71-ാം വകുപ്പ് അനുസരിച്ചുള്ള വൈന്‍ഡ് അപ്പ് നടപടി നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. സഹകരണ സംഘം രജിസ്ട്രാറുടെ ശുപാര്‍ശയ നുസരിച്ചാണ് നടപടി.
2016 മെയ് ആറിനാണ് എന്‍ജിനിയറിങ് സഹകരണ സംഘത്തില്‍ ലിക്യുഡേഷന്‍ നടപടി ആരംഭിച്ചത്. വകുപ്പ് 65 അനുസരിച്ചുള്ള അന്വേഷണത്തിനും സംഘത്തില്‍നിന്ന് വിശദീകരണം തേടിയതിനും ശേഷമാണ് 71-ാം വകുപ്പ് അനുസരിച്ചുള്ള വൈന്‍ഡിങ് അപ്പ് നടപടിയിലേക്ക് കടന്നത്. സംഘത്തിലെ അംഗങ്ങളായ 25 പേരാണ് സഹകരണ സംഘത്തിന് പുനരുജ്ജീവന പാക്കേജ് സമര്‍പ്പിച്ചത്. സംഘത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കരുതെന്നും തുടരാന്‍ അനുമതി നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ലിക്യുഡേഷന്‍ നടപടി ആരംഭിച്ചതിന് ശേഷം ഒരു വര്‍ഷത്തിനുള്ള പുനരുജ്ജീവനത്തിന് സാധ്യതയുണ്ടെന്ന് സംഘം അറിയിച്ചാല്‍ വേണമെങ്കില്‍ രജിസ്ട്രാര്‍ക്ക് അതിന് അനുമതി നല്‍കാന്‍ വ്യവസ്ഥയുണ്ട്. അതനുസരിച്ച് എന്‍ജിനീയറിങ് സംഘത്തിന്റെ നിര്‍ദേശം രജിസ്ട്രാര്‍ പരിഗണിച്ചു. വൈന്‍ഡിങ് അപ്പ് നടപടികള്‍ നിര്‍ത്തിവെക്കാന്‍ അനുമതി നല്‍കണമെന്ന് കാണിച്ച് രജിസ്ട്രാര്‍ സര്‍ക്കാരിന് കത്ത് നല്‍കി. ഈ കത്തും പുനരുജ്ജീവന പാക്കേജും പരിഗണിച്ച് എന്‍ജിനീയറിങ് സംഘത്തിന്റെ വൈന്‍ഡിങ് അപ്പ് നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.