അര്‍ബന്‍ ബാങ്ക് ഭരണസമിതി പിരിച്ചുവിടില്‍; ആര്‍.ബി.ഐ. നിര്‍ദ്ദേശത്തിന് പിന്നില്‍ നിയമത്തിലെ വൈരുദ്ധ്യം
കേന്ദ്രനിയമമായ ബാങ്കിങ് നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകളും സംസ്ഥാന സഹകരണ നിയമത്തിലെ വ്യവസ്ഥകളും വൈരുദ്ധ്യമായി നിലനില്‍ക്കുന്നത് ഭരണപരമായ പ്രശ്‌നങ്ങളിലേക്ക് മാറുന്നു. അര്‍ബന്‍ ബാങ്കുകളുടെ ഭരണസമിതി പിരിച്ചുവിടുന്നതിന് മുമ്പ് റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന് സഹകരണ സംഘം അഡീഷ്ണല്‍ രജിസ്ട്രാര്‍ (ക്രഡിറ്റ്) നിര്‍ദ്ദേശത്തിന് കാരണം ഇത്തരം തര്‍ക്കമാണ്. ബി.ആര്‍. ആക്ടിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായുള്ള നടപടികള്‍ ഔദ്യോഗികമായി തന്നെ വിലക്കണമെന്ന് അര്‍ബന്‍ ബാങ്കുകളുടെ ടാസ്‌ക് ഫോഴ്‌സ് യോഗത്തില്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അര്‍ബന്‍ ബാങ്ക് ഭരണസമിതി പിരിച്ചുവിടുന്നതിനുള്ള വ്യവസ്ഥ സംബന്ധിച്ച് ഔദ്യോഗിക നിര്‍ദ്ദേശമുണ്ടായത്.
ബാങ്കിങ് നിയന്ത്രണത്തിലെ ഭേദഗതി സഹകരണ ബാങ്കുകളില്‍ റിസര്‍വ് ബാങ്കിന് ഭരണപരമായ നിയന്ത്രണം കൂടി നല്‍കുന്നതാണ്. എന്നാല്‍, കേരളബാങ്ക്, മലപ്പുറം ജില്ലാബാങ്ക്, അര്‍ബന്‍ ബാങ്കുകള്‍ എന്നിങ്ങനെ റിസര്‍വ് ബാങ്ക് ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളില്‍പോലും സഹകരണ സംഘം രജിസ്ട്രാര്‍ക്കാണ് സംസ്ഥാന നിയമം അനുസരിച്ച് ഭരണനിയന്ത്രണം. ബി.ആര്‍. ആക്ടിലെ ഭേദഗതിക്ക് അനുസരിച്ച് സംസ്ഥാന നിയമത്തില്‍ മാറ്റം വരുത്തിയിട്ടില്ല. അത് റിസര്‍വ് ബാങ്ക് പലഘട്ടത്തിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം, സംസ്ഥാന നിയമത്തില്‍ മാറ്റം വരുത്താതെ തന്നെ ബി.ആര്‍. ആക്ടിലെ പല വ്യവസ്ഥകളും സഹകരണ ബാങ്കുകളില്‍ ആര്‍.ബി.ഐ. പ്രയോഗിച്ച് തുടങ്ങുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ചെറിയ തര്‍ക്കങ്ങളും തുടങ്ങിയത്.
അര്‍ബന്‍ ബാങ്കുകളിലും കേരളബാങ്കിലും ഭരണസമിതിക്ക് പുറമെ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് രൂപീകരിക്കണമെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുള്ളത്. കേരളബാങ്കിന്റെ ബോര്‍ഡ് നിലവില്‍ വന്നപ്പോള്‍തന്നെ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റും രൂപീകരിച്ചു. സംസ്ഥാനത്തെ 69 അര്‍ബന്‍ ബാങ്കുകളിലും ഇത് നടപ്പാക്കി. എന്നാല്‍, സംസ്ഥാന നിയമത്തില്‍ ഒരിടത്തും ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് രൂപീകരിക്കണമെന്ന് വ്യവസ്ഥയില്ല. അതുകൊണ്ടുതന്നെ അര്‍ബന്‍ ബാങ്കുകള്‍ക്ക് ബൈലോ ഭേദഗതി ചെയ്ത് നല്‍കാന്‍ മിക്ക ജോയിന്റ് രജിസ്ട്രാര്‍മാര്‍ തയ്യാറായിട്ടില്ല. നിയമത്തില്‍ വ്യവസ്ഥയില്ലാത്ത ഒരുകാര്യം എങ്ങനെ ബൈലോയില്‍ ചേര്‍ക്കാനാകുമെന്നതാണ് ജോയിന്റ് രജിസ്ട്രാര്‍മാരുടെ ചോദ്യം.
ഈ പ്രശ്‌നവും മുമ്പ് ടാസ്‌ക് ഫോഴ്‌സ് യോഗത്തില്‍ റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാന നിയമത്തില്‍ മാറ്റം വരുത്തണമെന്ന നിര്‍ദ്ദേശമാണ് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയത്. നിയമത്തില്‍ വ്യവസ്ഥയില്ലെങ്കില്‍ കേരളബാങ്കിന്റെ ബൈലോയില്‍ എങ്ങനെയാണ് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് രൂപീകരിക്കുന്നത് ഉള്‍പ്പെട്ടത് എന്ന് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ ചോദിക്കുകയും ചെയ്തു. അത് രജിസ്ട്രാറാണ് ബൈലോ ഭേദഗതി അംഗീകരിക്കുന്നത് എന്നതായിരുന്നു നല്‍കിയ വിശദീകരണം. എങ്കില്‍ എല്ലാ അര്‍ബന്‍ ബാങ്കുകളുടെയും ബൈലോ രജിസ്ട്രാര്‍ ഭേദഗതി ചെയ്ത് നല്‍കുവെന്ന് അതിന് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ മറുപടിയും നല്‍കിയിരുന്നു.
കോട്ടയം ജില്ലയിലെ ഒരു അര്‍ബന്‍ ബാങ്ക് ഭരണസമിതി സംബന്ധിച്ചുള്ള തര്‍ക്കമാണ് റിസര്‍വ് ബാങ്കിന്റെ പുതിയ നിര്‍ദ്ദേശത്തിന് കാരണമെന്നാണ് സൂചന. എന്തായാലും സംസ്ഥാന നിയമത്തില്‍ വ്യവസ്ഥയില്ലാത്ത ഒരു കാര്യം ഔദ്യോഗികമായി അംഗീകരിച്ച് സഹകരണ സംഘം അഡീഷ്ണല്‍ രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കേണ്ടി വന്നു.
സഹകരണ നിയമഭേദഗതിയുടെ കരടിലും കേന്ദ്രനിയമത്തിന് വിരുദ്ധമായി വ്യവസ്ഥകള്‍ മാറ്റിയിട്ടില്ല. ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള പുതിയ വ്യവസ്ഥ കൂട്ടിച്ചേര്‍ക്കാന്‍ കരടില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഇതിലും അര്‍ബന്‍ ബാങ്കുകളെ ഒഴിവാക്കിയിട്ടില്ല. ഓഡിറ്റ്- ഇന്‍സ്‌പെഷന്‍ റിപ്പോര്‍ട്ട്, വകുപ്പതല-വിജിലന്‍സ് അന്വേഷണങ്ങള്‍, വകുപ്പ് 65 പ്രകാരമുള്ള അന്വേഷണം, വകുപ്പ് 66 പ്രകാരമുള്ള ഇന്‍സ്‌പെഷന്‍ എന്നിവയുടെ അടിസ്ഥാനത്തിലെല്ലാം സഹകരണ സംഘം രജിസ്ട്രാര്‍ക്ക് ഭരണസമിതിയെ ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാമെന്നാണ് പുതുതായി കൂട്ടിച്ചേര്‍ത്ത വ്യവസ്ഥ.
ഇത്തരം കാരണത്താല്‍ ഭരണസമിതി പിരിച്ചുവിടുമ്പോള്‍ അതില്‍ അംഗങ്ങള്‍ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതില്‍ അയോഗ്യത വരും. ഇത് ഒഴിവാക്കാനാണ് സസ്‌പെന്‍ഷന്‍ എന്ന ഒരു വ്യവസ്ഥ കൂട്ടിച്ചേര്‍ത്തത്. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഭരണസമിതിയിലെ അംഗങ്ങള്‍ക്ക് അയോഗ്യത ബാധകമാകില്ല. പക്ഷേ, ഇതോന്നും അര്‍ബന്‍ ബാങ്കുകളില്‍ നടപ്പാക്കാന്‍ കഴിയില്ല.
⊕
[mbzshare]