അമുലിന് 2021-22 ല്‍ 61,000 കോടിയുടെ വിറ്റുവരവ്
ലോകത്തെ വന്‍കിട ക്ഷീരോല്‍പ്പാദന സംഘടനകളില്‍ എട്ടാം സ്ഥാനത്തുള്ള അമുല്‍ 75 -ാം വാര്‍ഷികത്തില്‍ 61,000 കോടി രൂപയുടെ വിറ്റുവരുണ്ടാക്കി. രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യ-ഉപഭോക്തൃ ഉല്‍പ്പന്ന ബ്രാന്റാണിപ്പോള്‍ അമുല്‍. 2021-22 ല്‍ അമുല്‍ ഗ്രൂപ്പിന്റെ വിറ്റുവരവ് മുന്‍വര്‍ഷത്തേക്കാള്‍ 8000 കോടി രൂപയാണു വര്‍ധിച്ചത്.
അമുല്‍ ബ്രാന്റിന്റെ ഉടമസ്ഥരായ ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ ( GCMMF ) 48-ാമതു വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിനു ശേഷം ചെയര്‍മാന്‍ ശ്യാമല്‍ഭായ് പട്ടേല്‍ അറിയിച്ചതാണിക്കാര്യം. മുന്‍ വര്‍ഷത്തേക്കാള്‍ വിറ്റുവരവില്‍ 18.46 ശതമാനം വര്‍ധനയുണ്ടായി.
കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ ഈ ക്ഷീര സഹകരണ സംഘത്തിന്റെ പാല്‍ സംഭരണം 190 ശതമാനം വര്‍ധിച്ചതായി ചെയര്‍മാന്‍ അറിയിച്ചു. പാലിനു നല്‍കുന്ന മികച്ച സംഭരണവിലയാണിതിനു കാരണം. 12 വര്‍ഷത്തിനിടയില്‍ ഫെഡറേഷന്‍ കര്‍ഷകനു നല്‍കിയ പാല്‍വിലയില്‍ 143 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. ഗുജറാത്തിലെ രാജ്‌കോട്ടില്‍ 500 കോടി രൂപ ചെലവില്‍ പുതിയൊരു ഡെയറി പ്ലാന്റ്് രണ്ടു വര്‍ഷത്തിനുള്ളില്‍ നിലവില്‍ വരും. ബാഗ്പത്, വാരാണസി, റോത്തക്, കൊല്‍ക്കൊത്ത എന്നിവിടങ്ങളിലും വന്‍കിട ഡെയറി പ്ലാന്റ് സ്ഥാപിക്കാന്‍ പരിപാടിയുണ്ട് – പട്ടേല്‍ അറിയിച്ചു.