ഹരിതശോഭയില്‍ പുതുപ്പരിയാരം ബാങ്ക്

[mbzauthor]

അനില്‍ വള്ളിക്കാട്

1951 ല്‍ ഐക്യനാണയസംഘമായി ആരംഭിച്ച പുതുപ്പരിയാരം സഹകരണ ബാങ്കിന് ഇപ്പോള്‍ 30,137 അംഗങ്ങളുണ്ട്. നിക്ഷേപം 202 കോടി രൂപ. ജൈവ പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുന്ന ബാങ്ക് വിഷരഹിത പച്ചക്കറികളുടെ വില്‍പ്പനക്കായി ഇക്കോഷോപ്പും നടത്തുന്നു. പ്രളയ ബാധിതര്‍ക്കായി ഒമ്പതു വീടുകളാണ് ബാങ്ക് നിര്‍മിക്കുന്നത്.

ഗ്രാമീണര്‍ക്കും ഇടത്തരക്കാര്‍ക്കുമിടയില്‍ ധനസേവനം നടത്തുന്ന പുതുപ്പരിയാരം സര്‍വീസ് സഹകരണ ബാങ്കിന്റെ അമരക്കാര്‍ ജീവനക്കാരോട് എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്: ‘നിങ്ങള്‍ എല്ലാ ജീവിത സമ്മര്‍ദങ്ങളും മാറ്റിവെക്കുക. പുഞ്ചിരിക്കുന്ന മുഖവുമായി ഇടപാടുകാരോട് പെരുമാറുക.’ അതവര്‍ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു. അതോടെ ബാങ്ക് ജീവനക്കാരുടെ കൈവിടാത്ത ഭാവം പുഞ്ചിരിയായി. അതുകൊണ്ടു തന്നെ സേവനത്തിന്റെ ആഹ്ലാദമാണ്, സപ്തതി ആഘോഷത്തിന് അടുത്തെത്തി നില്‍ക്കുന്ന ബാങ്കിന്റെ എല്ലാ പ്രവര്‍ത്തന മേഖലകളിലും.

ഹരിത ശോഭ

പാലക്കാട് പട്ടണത്തോട് ചേര്‍ന്നുകിടക്കുന്ന പുതുപ്പരിയാരം പഞ്ചായത്തിന് കാര്‍ഷിക ജില്ലയുടെ പാരമ്പര്യം പിന്തുടരുന്ന ഗ്രാമച്ചന്തയുണ്ട് ഇപ്പോഴും. പഞ്ചായത്ത് പ്രദേശം പ്രവര്‍ത്തന മേഖലയാക്കിയെടുത്ത പുതുപ്പരിയാരം സര്‍വീസ് സഹകരണ ബാങ്കിന് കാര്‍ഷിക വികസനത്തിലൂന്നിയ വഴിനടത്തത്തില്‍ ആര്‍ജിക്കാനായത് തിളങ്ങുന്ന ഹരിത ശോഭയും. 1951 ല്‍ ഐക്യ നാണയ സംഘമായി തുടങ്ങി പത്തുവര്‍ഷത്തിനകം സഹകരണ ബാങ്കായി മാറിയ സ്ഥാപനം ക്ലാസ് 1 സൂപ്പര്‍ ഗ്രേഡ് പദവിയുമായാണ് പണമിടപാടുകള്‍ നടത്തുന്നത്.

കര്‍ഷക പ്രമുഖരായ ഒരുകൂട്ടം ആളുകളുടെ ദീര്‍ഘവീക്ഷണത്തില്‍ തുടങ്ങിയ ഈ സഹകരണ സ്ഥാപനം ഏഴു പതിറ്റാണ്ടിനടുത്തേക്ക് പ്രവര്‍ത്തനകാലമടുക്കുമ്പോള്‍ കൈമുതലാക്കിയത് സര്‍വമേഖലയിലുമുള്ള ജനതയുടെ വിശ്വാസവും പിന്തുണയുമാണ്.

മഴയോട് ചങ്ങാത്തം കൂടുന്ന കല്ലടിക്കോടന്‍ മലമുനമ്പിന്റെ കനിവും കുളിരും ആവോളം പകര്‍ന്നു കിട്ടുന്ന ഗ്രാമമാണ് പുതുപ്പരിയാരം. തൊട്ടടുത്തുള്ള മലമ്പുഴയുടെ നനവും പുതുപ്പരിയാരത്തെ തളിരണിയിക്കുന്നു. അതുകൊണ്ടുതന്നെയാണ്, പാലക്കാട് പട്ടണത്തില്‍ നിന്ന് എത്തിനോക്കാവുന്ന ദൂരത്തിലെ പച്ചത്തുരുത്തായി ഇവിടം ഇപ്പോഴും നിലനില്‍ക്കുന്നതും. നഗരാതിര്‍ത്തിയിലെ ഒലവക്കോട് റെയില്‍വേ സ്റ്റേഷന്‍, പുതുപ്പരിയാരത്തിന് കാര്‍ഷികേതര ജീവിതത്തിന്റെ മറ്റൊരു മുഖം നല്‍കി. റെയില്‍വേ കോളനി, എഫ്.സി.ഐ. ഗോഡൗണ്‍, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് എന്നിവയെല്ലാം മധ്യവര്‍ഗ ജീവിതത്തിന്റെ വികാസ പരിണാമങ്ങള്‍ക്ക് കാരണമായി. ഒന്നും കൈവിടാത്ത പഴമയും എല്ലാം കൈക്കുമ്പിളിലാക്കുന്ന പുതുമയും ഇഴചേര്‍ന്നുള്ള സാമൂഹിക ജീവിതത്തില്‍ ധനപരമായ കൈവഴികള്‍ വെട്ടാന്‍ പുതുപ്പരിയാരം ബാങ്ക് കണ്ടെത്തിയത് ബഹുമുഖമായ പ്രവര്‍ത്തനങ്ങളാണ്.


കനിവ്, കൃത്യത

സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ളവര്‍ക്കിടയിലെ ധനകാര്യ സ്ഥാപനമെന്ന നിലയില്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും കനിവും കൃത്യതയുമുണ്ട്. തൊഴിലാളികളുടെ പ്രയാസ ജീവിതം, കര്‍ഷകരുടെ അധ്വാന ജീവിതം, ശമ്പള വരുമാനക്കാരുടെ നിശ്ചിത ജീവിതം എന്നിവയിലേക്കൊക്കെ ആശ്വാസവും കരുത്തും പകരാന്‍ ബാങ്കിന് കഴിയുന്നുണ്ട്. വര്‍ഷം തോറും വര്‍ധിക്കുന്ന അംഗബലം ബാങ്കിന്റെ പ്രവര്‍ത്തന വ്യാപ്തിയെ സൂചിപ്പിക്കുന്നു. 30,137 അംഗങ്ങളുടെ രണ്ടു കോടിയിലേറെ രൂപയുടെ ഓഹരി മൂലധനമുണ്ട് ബാങ്കിന്. 202 കോടി രൂപയുടെ നിക്ഷേപക്കരുത്തും 159 കോടി രൂപയുടെ വായ്പാനുകമ്പയും കൈമുതലുള്ള ബാങ്കിന്റെ നടപടികളെല്ലാം പുതുപ്പരിയാരത്തിന്റെ സാമ്പത്തിക അടിത്തറക്ക് ശക്തി പകരുന്ന ആഴക്കല്ലുകളാണ്.

ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്ന പുതുപ്പരിയാരത്തെ പ്രധാന ശാഖക്ക് പുറമെ മുട്ടിക്കുളങ്ങര, വള്ളിക്കോട്, ഹേമാംബിക നഗര്‍ എന്നിവിടങ്ങളില്‍ ശാഖകളുണ്ട്. ഇതില്‍ മുട്ടിക്കുളങ്ങര, ഹേമാംബിക നഗര്‍ ശാഖകള്‍ രാവിലെ എട്ടു മുതല്‍ വൈകീട്ട് എട്ടു വരെ 12 മണിക്കൂര്‍ തുടര്‍ച്ചയായ പ്രവര്‍ത്തനസമയമുള്ളവയാണ്. സെക്രട്ടറി ഉള്‍പ്പടെ 26 ജീവനക്കാരാണ് ബാങ്കിനുള്ളത്. ഇവരുടെ പ്രസരിപ്പാര്‍ന്ന സേവനതല്പരതയാണ് സ്ഥാപനത്തെ ജനഹൃദയങ്ങളിലേക്ക് അടുപ്പിക്കുന്നത്.

 

ജൈവ പച്ചക്കറിക്കൃഷി

പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കാന്‍ നാലു വര്‍ഷമായി ബാങ്ക് വിപുലമായ പദ്ധതികളാണ് നടപ്പാക്കി വരുന്നത്. നാട്ടിലെ കര്‍ഷകര്‍ക്ക് പച്ചക്കറി വിത്തുകള്‍, ചെടികള്‍, ഗ്രോബാഗ് എന്നിവ സൗജന്യമായി നല്‍കും. ഇവര്‍ ജൈവക്കൃഷിയിലൂടെ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ ബാങ്കിന്റെ വിഷരഹിത പച്ചക്കറി സംഭരണ കേന്ദ്രത്തിലെത്തിച്ച് വില്‍പന നടത്തും. ഇതിനുപുറമെ, പന്നിയംപാടത്തും മലമ്പുഴയിലുമുള്ള സര്‍ക്കാരിന്റെ പഴം-പച്ചക്കറി പ്രോത്സാഹന ഏജന്‍സിയില്‍ നിന്നും ഉല്‍പന്നങ്ങള്‍ കൊണ്ടുവരും. പുതുപ്പരിയാരത്തെ ഹെഡ് ഓഫീസിനോട് ചേര്‍ന്നുള്ള വില്‍ ്പന കേന്ദ്രം രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറുവരെ പ്രവര്‍ത്തിക്കും. ശരാശരി മൂവായിരം രൂപയുടെ പ്രതിദിന വില്‍പന ഇവിടെ നടക്കുന്നുണ്ടെന്ന് ബാങ്ക് സെക്രട്ടറി ടി.കെ.വനജ പറഞ്ഞു.


ബാങ്ക് വൈസ് പ്രസിഡന്റ് കെ. വിജയകുമാര്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി എന്നിവര്‍ ബാങ്ക് ജീവനക്കാരോടൊപ്പം

ഹരിതം ഇക്കോ ഷോപ്

വിഷരഹിത പച്ചക്കറി വില്‍പന ശാലയുടെ വിപുലീകരണമെന്ന നിലയില്‍ കഴിഞ്ഞ വര്‍ഷം ഹരിതം ഇക്കോ ഷോപ്പും ഇതിനോട് ചേര്‍ന്ന് തുടങ്ങി. ജൈവക്കൃഷിക്കാവശ്യമായ കീടനാശിനികള്‍, വളങ്ങള്‍, മറ്റു അസംസ്‌കൃത സാധനങ്ങള്‍, ജൈവ ഉല്‍പന്നങ്ങള്‍ തുടങ്ങിയവ ഇവിടെ ലഭിക്കും.

മണ്‍പാത്രങ്ങള്‍, മുള ഉല്‍പന്നങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, തേന്‍ തുടങ്ങിയവയുടെ വിപുലമായ ശേഖരത്തിന്റെ ഒരു പഴമക്കൂടാരമാണ് ഹരിതം ഇക്കോ ഷോപ്. എല്ലാം കുടുംബശ്രീ പ്രവര്‍ത്തകരും ഗ്രാമീണരും ഉണ്ടാക്കുന്ന സാധനങ്ങളാണ്.

ഏതാണ്ട് നാലു ലക്ഷത്തോളം രൂപയുടെ വില്‍പന ഒരു വര്‍ഷത്തിനകം ഇവിടെ നടന്നിട്ടുണ്ട്. പാലക്കാട്-കോഴിക്കോട് ദേശീയ പാതയോരത്തുള്ള ബാങ്കിന്റെ ഈ കാര്‍ഷിക വില്‍പന ശാലകളില്‍നിന്ന് ധാരാളം യാത്രികര്‍ സാധനങ്ങള്‍ വാങ്ങുന്നതും പതിവാണ്. ഇതേ വളപ്പില്‍ത്തന്നെ രാസവള വില്‍്പന കേന്ദ്രവും ബാങ്ക് നടത്തുന്നുണ്ട്.

സാധുജന സേവനം

സഹകരണ രംഗത്തെ ഒരു ജനകീയ സ്ഥാപനമെന്ന നിലയില്‍ വെറും പണം കൊടുക്കലും വാങ്ങലുമല്ല തങ്ങളുടെ ലക്ഷ്യമെന്ന് പുതുപ്പരിയാരം ബാങ്ക് ഭരണസമിതി മുന്‍പേ തിരിച്ചറിഞ്ഞിരുന്നു. ജനങ്ങളുടെ പ്രയാസ ജീവിതത്തിലേക്ക് സാന്ത്വനത്തിന്റെ ധനവഴികള്‍ തുറന്നിടുന്നതില്‍ ബാങ്ക് മുന്‍നിരയിലാണ്. പ്രവര്‍ത്തന ലാഭത്തിന്റെ ഒരു വിഹിതം വര്‍ഷം തോറും മാറ്റിവെച്ച് സ്വരൂപിക്കുന്ന പൊതുന• നിധിയില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് ബാങ്ക് സാധുജന സേവനം നടത്തുന്നത്. മാരക രോഗങ്ങള്‍ ബാധിച്ച ഇരുപത്തിയഞ്ചോളം പേര്‍ക്ക് 1,10,000 രൂപ വീതം ഇതിനകം ഈ നിധിയില്‍ നിന്ന് സഹായം അനുവദിച്ചിട്ടുണ്ട്.

പ്രളയ ബാധിതര്‍ക്ക് സഹകരണ വകുപ്പിന്റെ പുനരധിവാസ പദ്ധതിയായ കെയര്‍ ഹോമില്‍ ഉള്‍പ്പെട്ട ഒമ്പതു വീടുകളുടെ നിര്‍മാണച്ചുമതല ബാങ്ക് ഏറ്റെടുത്തിട്ടുണ്ട്. ഇതില്‍ എല്ലാ വീടുകളുടെയും നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷനുകള്‍ ബാങ്ക് ജീവനക്കാര്‍ നേരിട്ട് വീടുകളില്‍ ചെന്നാണ് വിതരണം നടത്തുന്നത്. ജീവനക്കാരുടെ ബാങ്കിലെ ജോലി സംവിധാനം ഇതനുസരിച്ച് ക്രമപ്പെടുത്തിയിട്ടുണ്ട്. ഏഴായിരത്തിലേറെ പേര്‍ക്ക് മൂന്നു കോടിയോളം രൂപയുടെ പെന്‍ഷന്‍ ആനുകൂല്യമാണ് കഴിഞ്ഞ വര്‍ഷം ബാങ്ക് വിതരണം ചെയ്തത്.

പഞ്ചായത്തിലെ സ്‌കൂളുകളില്‍ പഠന സൗകര്യത്തിനും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള സഹായങ്ങള്‍ ബാങ്ക് ചെയ്യുന്നുണ്ട്. ‘എ’ ക്ലാസ് അംഗങ്ങള്‍ മരിച്ചാല്‍ ആശ്രിതര്‍ക്ക് ഉടന്‍ രണ്ടായിരം രൂപ സഹായധനമായി ബാങ്ക് നല്‍കും. നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ സുരക്ഷിതത്വം ലഭിക്കുന്ന പദ്ധതിയും വായ്പ എടുത്തവര്‍ക്കുള്ള റിസ്‌ക് ഫണ്ട് പദ്ധതിയും ഇവിടെയുണ്ട്. വായ്പ നിലവിലിരിക്കെ മരിച്ച ഏഴു പേരുടെ കുടുംബങ്ങള്‍ക്ക് റിസ്‌ക് ഫണ്ടില്‍ നിന്ന് കഴിഞ്ഞ വര്‍ഷം എട്ടു ലക്ഷത്തോളം രൂപയുടെ ആനുകൂല്യം ലഭിച്ചിരുന്നു.
വായ്പകളിലും ബാങ്കിന്റെ സ്‌നേഹസ്പര്‍ശമുണ്ട്. ഭവന നിര്‍മാണം മുതല്‍ വാണിജ്യ വികസനം വരെയുള്ളതിന് ബാങ്ക് വായ്പ നല്‍കുന്നു. ഒപ്പംതന്നെ, നിര്‍ധന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹാവശ്യങ്ങള്‍ക്ക് ‘മംഗല്യ സൂത്ര’ എന്ന പേരില്‍ നാല് ശതമാനം മാത്രം പലിശ നിരക്കില്‍ ധനസഹായ പദ്ധതിയുമുണ്ട്. കുടുംബശ്രീ വായ്പകള്‍ക്ക് പുറമെ അംഗങ്ങള്‍ക്ക് ഇരുചക്ര വാഹനങ്ങള്‍ വാങ്ങാനും ബാങ്ക് തുക അനുവദിക്കും.

വിവര സാങ്കേതിക വളര്‍ച്ച

സ്വകാര്യ-ദേശസാല്‍കൃത ബാങ്കുകളുമായി കിടപിടിക്കുന്ന സാങ്കേതിക സംവിധാനങ്ങള്‍ ബാങ്ക് നടപ്പാക്കിക്കഴിഞ്ഞു. നാല് വര്‍ഷം മുമ്പേ ഓണ്‍ലൈന്‍ പണമിടപാടുകള്‍ ബാങ്ക് ഏര്‍പ്പെടുത്തി. സ്വന്തമായി ഐ.എഫ്.എസ്.സി. കോഡും ബാങ്കിനുണ്ട്. ഇതിനു പുറമെ ‘മൈ ബാങ്ക് അപ്ലിക്കേഷന്‍’ പദ്ധതിയും ബാങ്കിനുണ്ട്. മൊബൈല്‍ ഫോണിലൂടെ അയ്യായിരം രൂപ വരെയുള്ള ബാങ്ക് ഇടപാടുകള്‍ നടത്താന്‍ കഴിയും. ടെലിഫോണ്‍, വൈദ്യുതി തുടങ്ങിയവയുടെ ബില്‍ തുകകളും അടക്കാന്‍ കഴിയും. പാലക്കാട് ജില്ലയില്‍ മൈ ബാങ്ക് അപ്ലിക്കേഷന്‍ ആരംഭിച്ച ആദ്യ സഹകരണ ബാങ്കാണ് പുതുപ്പരിയാരത്തേത്.


പുതുപ്പരിയാരം ബാങ്കിന്റെ നീതി മെഡിക്കല്‍ സ്റ്റോര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്യുന്നു

വരുന്നത് വികസന കാലം

ബാങ്ക് നേരിട്ട് നടത്തുന്ന നീതി മെഡിക്കല്‍ ഷോപ്പ് അടുത്തിടെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ തുറന്നു. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മുട്ടിക്കുളങ്ങര ശാഖക്കായി പണിയുന്ന പുതിയ കെട്ടിടം ഈ വര്‍ഷം പ്രവര്‍ത്തന സജ്ജമാകുമെന്ന് ബാങ്ക് പ്രസിഡന്റ് ആര്‍.ശശികുമാര്‍ പറഞ്ഞു. മൂന്നു നിലകളിലുള്ള കെട്ടിടത്തിന് രണ്ടരക്കോടി രൂപയാണ് നിര്‍മാണച്ചെലവ്. താഴത്തെ നിലയിലെ മുറികളില്‍ ബാങ്ക് നേരിട്ട് നടത്തുന്ന മെഡിക്കല്‍ ലാബ്, സിമന്റ് വില്‍പന, വളം ഡിപ്പോ എന്നിവ തുടങ്ങും. രണ്ടാമത്തെ നിലയില്‍ ബാങ്കും മൂന്നാമത്തെ നിലയില്‍ വിശാലമായ ഹാളും എന്ന രീതിയിലാണ് കെട്ടിടത്തിന്റെ രൂപകല്‍പന.

വ്യാപാര സാധ്യത കൂടുതലുള്ള ഹേമാംബിക നഗര്‍ ശാഖയും വാടകക്കെട്ടിടത്തിലാണ് . സ്വന്തം കെട്ടിടവും സ്ഥലവും ഈ ശാഖക്കും സാധ്യമാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. പുതുപ്പരിയാരത്തെ മുഴുവന്‍ വീടുകളിലും ജൈവ പച്ചക്കറിക്കൃഷി പദ്ധതി നടപ്പാക്കാന്‍ കൂടുതല്‍ സഹായം നല്‍കും. ഉറവിട മാലിന്യ സംസ്‌കരണത്തിനും പദ്ധതി ഏര്‍പ്പെടുത്തും. നേത്രദാനം, അവയവദാനം എന്നിവക്ക് സന്നദ്ധരാവുന്നവരുടെ പട്ടിക തയാറാക്കും. ബാങ്കിന് സ്വന്തമായി എ.ടി.എം. കൗണ്ടര്‍, നീതി സ്റ്റോര്‍, സൂപ്പര്‍ മാര്‍ക്കറ്റ്, പെട്രോള്‍ പമ്പ് തുടങ്ങിയവയും വരും വര്‍ഷങ്ങളിലെ പദ്ധതി ആലോചനകളില്‍ ഉണ്ടെന്നു പ്രസിഡന്റ് ശശികുമാര്‍ പറഞ്ഞു.

കെ.വിജയകുമാര്‍ വൈസ് പ്രസിഡന്റായുള്ള ഭരണ സമിതിയില്‍ എം.എം. രവീന്ദ്രന്‍, സി.എ. രാജന്‍, വി.ആര്‍. രാജേഷ്, ബി.ആര്‍. ശശികുമാര്‍, സെബാസ്റ്റ്യന്‍ ദേവസ്യ, കെ. അബ്ദുള്‍സമദ്, പി.വി. സിന്ധു, എം.എം. സുനില കുമാരി, യു. സുനിത എന്നിവര്‍ അംഗങ്ങളാണ്.

[mbzshare]

Leave a Reply

Your email address will not be published.