സുവര്‍ണജൂബിലിയില്‍ പുതുസംരംഭവുമായി കൊമ്മേരി ബാങ്ക്

ദീപ്തി വിപിന്‍ലാല്‍

പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് കെ. ചാത്തുണ്ണി മാസ്റ്ററുടെ നേതൃത്വത്തില്‍ രൂപംകൊണ്ട
കോഴിക്കോട് കൊമ്മേരി സഹകരണ ബാങ്ക് പ്രവര്‍ത്തനത്തിന്റെ അമ്പതാമാണ്ടില്‍
എത്തിനില്‍ക്കുന്നു. 200 അംഗങ്ങളുമായി തുടങ്ങിയ ബാങ്കിലിപ്പോള്‍ 8000 എ ക്ലാസംഗങ്ങളുണ്ട്. 50 കോടി രൂപ ചെലവില്‍ അടിവാരത്ത് ഏതാനും സഹകരണ ബാങ്കുകളോടൊപ്പം ചേര്‍ന്നു നടപ്പാക്കുന്ന സംയോജിത ഫാമിങ്-ടൂറിസം പദ്ധതിയില്‍
പങ്കാളിയാണു കൊമ്മേരി ബാങ്ക്.

 

രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരികരംഗത്തെ പ്രമുഖനും എം.പി, എം.എല്‍.എ. എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളുമായ കെ. ചാത്തുണ്ണിമാസ്റ്ററുടെ നേതൃത്വത്തില്‍ വളയനാട് വില്ലേജ് പരിധിയായി 1974 ലാണു കോഴിക്കോട് കൊമ്മേരി സര്‍വീസ് സഹകരണ ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചത്. സാധാരണക്കാരായ തൊഴിലാളികളുടെയും ചെറുകിട കര്‍ഷകരുടെയും സാമ്പത്തികാവശ്യങ്ങള്‍ക്കു പരിഹാരം കാണുകയും അതുവഴി അവരുടെ ജീവിതനിലവാരം ഉയര്‍ത്തുകയും ചെയ്യുക എന്നതായിരുന്നു ബാങ്കിന്റെ പ്രധാന ലക്ഷ്യം. പ്രവര്‍ത്തനത്തിന്റെ അമ്പതാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ ചാത്തുണ്ണി മാസ്റ്ററും മറ്റു സഹകാരികളും വിഭാവനം ചെയ്ത ലക്ഷ്യം വിജയത്തിലെത്തിനില്‍ക്കുകയാണ്. 200 അംഗങ്ങളുമായി തുടങ്ങിയ കൊമ്മേരി ബാങ്കില്‍ ഇന്നു 8000 എ ക്ലാസ് മെമ്പര്‍മാരടക്കം 17,000 മെമ്പര്‍മാരുണ്ട്. സാധാരണക്കാരന്റെ ഏതു പ്രശ്നത്തിലും ഒപ്പം നില്‍ക്കാന്‍ ഇന്നു കൊമ്മേരി ബാങ്കുണ്ട് എന്നതു സംശയത്തിനിടയില്ലാത്ത കാര്യമാണ്. വളയനാട് വില്ലേജിന്റെ സ്വന്തം ബാങ്കായി കൊമ്മേരി സര്‍വീസ് സഹകരണ ബാങ്ക് വളര്‍ച്ച നേടിയിരിക്കുന്നു. മേത്തോട്ടുതാഴത്തു സ്വന്തം കെട്ടിടത്തിലാണു ബാങ്കിന്റെ പ്രധാന ശാഖ പ്രവര്‍ത്തിക്കുന്നത്. മാങ്കാവ്, കിണാശ്ശേരി എന്നിവിടങ്ങളിലാണു മറ്റു ശാഖകള്‍. ബാങ്കിന്റെ ഒരു വര്‍ഷം നീളുന്ന സുവര്‍ണജൂബിലിയാഘോഷം തുടങ്ങിക്കഴിഞ്ഞു. മറ്റു ബാങ്കുകളുമായി ചേര്‍ന്ന് അടിവാരത്തിനടുത്തു തുടങ്ങുന്ന ഫാമിങ്-ടൂറിസ്റ്റ് പ്രോജക്ടാണു കൊമ്മേരി ബാങ്കിന്റെ അടുത്ത പദ്ധതി.

ചെറിയ വായ്പയില്‍
തുടക്കം

വളരെ ചെറിയ തുക വായ്പയായി നല്‍കി ആരംഭിച്ച ബാങ്കില്‍ ഇപ്പോള്‍ 138 കോടി രൂപ നിക്ഷേപവും 106 കോടി രൂപ വായ്പയും നിലവിലുണ്ട്. ഒരംഗത്തിന് ഇരുപതു ലക്ഷം രൂപ വരെ വായ്പ നല്‍കാന്‍ കഴിയാവുന്നവിധം വളര്‍ച്ച നേടിയ ബാങ്ക് സൂപ്പര്‍ ഗ്രേഡ് പദവിക്കാവശ്യമായ എല്ലാ മാനദണ്ഡങ്ങളും കൈവരിച്ചിട്ടുണ്ട്. അംഗങ്ങള്‍ക്കു പൊതുവായി നല്‍കിവരുന്ന വിവിധ വായ്പകള്‍ക്കു പുറമെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചുവരുന്ന കുടുംബശ്രീ യൂണിറ്റുകള്‍ക്കു മുറ്റത്തെ മുല്ല വായ്പകളും ലിങ്കേജ് വായ്പകളും കുടുംബശ്രീ അംഗങ്ങള്‍ക്കു വ്യക്തിഗതവായ്പയും സ്വയംതൊഴില്‍ വായ്പയും നല്‍കിവരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച പലിശനിരക്കിലാണു നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത്. നിക്ഷേപകരുടെ സംരക്ഷണത്തിനായുളള ഡെപ്പോസിറ്റ് ഗ്യാരണ്ടി പദ്ധതിയിലും വായ്പകള്‍ക്കു സംരക്ഷണം ലഭിക്കുന്നതിനു സര്‍ക്കാര്‍ ആവിഷ്‌കരിച്ച റിസ്‌ക് ഫണ്ട് പദ്ധതിയിലും ബാങ്ക് അംഗത്വമെടുത്തിട്ടുണ്ട്.

കെ. ചാത്തുണ്ണി മാസ്റ്ററായിരുന്നു ബാങ്കിന്റെ ആദ്യത്തെ പ്രസിഡന്റ്. ആരംഭകാലത്തുതന്നെ ഇരുന്നൂറിലധികം മെമ്പര്‍മാര്‍ ബാങ്കിലുണ്ടായിരുന്നു. എന്നാല്‍, ഇവരില്‍ നിന്നുള്ള നിക്ഷേപം വളരെ ചെറിയതോതിലായിരുന്നു. പുരോഗതി കടന്നുചെല്ലാത്ത ഒരു നാട്ടിന്‍പുറത്ത് ഇത്തരത്തില്‍ ഒരു സഹകരണബാങ്ക് വളര്‍ത്തിക്കൊണ്ടുവരിക എന്നതു പ്രയാസകരമായിരുന്നു. പിന്നീട് നല്ല രീതിയില്‍ ബാങ്ക് മുന്നോട്ടുപോയെങ്കിലും വലിയൊരു ഉയര്‍ച്ചയിലേക്ക് എത്തിക്കാന്‍ സഹകാരികള്‍ക്കു സാധിച്ചിരുന്നില്ല. ഒരുഘട്ടത്തില്‍ ബാങ്ക് ലിക്യുഡേഷനിലേക്കു നീങ്ങി. അതിനുള്ള പ്രാരംഭ നടപടികളെല്ലാം തുടങ്ങിയിരുന്നു. എന്നാല്‍, 1995 ല്‍ കെ. ചെറൂട്ടി മാസ്റ്റര്‍ പ്രസിഡന്റായുള്ള ഭരണസമിതി അധികാരത്തില്‍ വന്നതോടെ ബാങ്കിന്റെ അവസ്ഥ മാറിത്തുടങ്ങി. കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിലേക്കു പ്രവര്‍ത്തനം നീങ്ങി. ആ സമയത്താണു കൊമ്മേരിയില്‍ വികസനവെളിച്ചം കടന്നുവന്നത്. കൊമ്മേരി പ്രദേശത്തിന്റെ വികസനം കൊമ്മേരി സര്‍വീസ് സഹകരണ ബാങ്കിന്റെ വളര്‍ച്ചയ്ക്കും സഹായകമായി. നിക്ഷേപകരും നിക്ഷേപങ്ങളും കൂടി വന്നു. 1995 മുതല്‍ 2008 വരെ ചെറൂട്ടി മാസ്റ്റര്‍ പ്രസിഡന്റായുള്ള കാലഘട്ടത്തില്‍ ബാങ്കിനു കാര്യമായ വളര്‍ച്ചയുണ്ടായി.

കാര്‍ഷികമേഖലക്ക്
പ്രോത്സാഹനം

ജൈവ പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് അംഗങ്ങള്‍ക്കു പച്ചക്കറിത്തൈകള്‍, വിത്ത് എന്നിവ ബാങ്ക് സൗജന്യമായി വിതരണം ചെയ്യുന്നു. ഇതിനുപുറമെ സഹകരണസംഘങ്ങള്‍ ചേര്‍ന്നു രൂപവത്കരിച്ച കണ്‍സോര്‍ഷ്യവുമായി സഹകരിച്ച് കാര്‍ഷികരംഗത്തു ബാങ്ക് നേരിട്ട് ഇടപെടുന്നുമുണ്ട്. കാര്‍ഷികരംഗത്തു ശക്തമായ ഇടപെടല്‍ ലക്ഷ്യമാക്കി പന്നിയങ്കര, ഇരിങ്ങല്ലൂര്‍-പാലാഴി, ഒളവണ്ണ സഹകരണ ബാങ്കുകളുമായി യോജിച്ച് 50 കോടി രൂപ ബജറ്റില്‍ അടിവാരത്തിനടുത്തു കൈതപ്പൊയിലില്‍ 30 ഏക്കര്‍ സ്ഥലത്തു പിക്കോ അഗ്രോഫാം ( ജകഇഛ അഏഞഛ എഅഞങ ) എന്ന പേരില്‍ ഒരു സംയോജിത ഫാമിങ് – ടൂറിസം പദ്ധതിക്കുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

പൊതുവിപണിയിലെ വില നിയന്ത്രണത്തിനു സഹായകരമാകുംവിധം ബാങ്കിനു കീഴില്‍ മേത്തോട്ടുതാഴത്തു നീതി സ്റ്റോറും കിണാശ്ശേരിയില്‍ നീതി മെഡിക്കല്‍ സ്റ്റോറും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ചികിത്സാസഹായരംഗത്തേക്കുകൂടി ബാങ്ക് കടക്കുകയാണ്. കുളങ്ങരപ്പീടികയില്‍ പുതുതായി ഒരു പോളിക്ലിനിക്ക് ആന്റ് ലാബ് ഉടനെ തുടങ്ങാനുളള തീരുമാനമെടുത്തുകഴിഞ്ഞു. പൊതുജനങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കും ബാങ്കിന്റെ ഈ പുതിയ പദ്ധതി. സമൂഹത്തിലെ താഴെത്തട്ടിലെ നിര്‍ധനരായ നിത്യരോഗികള്‍ക്കു ഒരു നിശ്ചിത തുകയ്ക്കുള്ള മരുന്നു സ്ഥിരമായി നല്‍കി വരുന്നുണ്ട്. അതോടൊപ്പം, കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ ബാധിച്ചവര്‍ക്കു പ്രത്യേകമായ ചികിത്സാസൗകര്യവും ലഭ്യമാക്കുന്നുണ്ട്.

സഹകരണ
ഹ്രസ്വചിത്രം

 

ലോകത്തിനുതന്നെ മാതൃകയായ പല ശ്രദ്ധേയപ്രവര്‍ത്തനങ്ങളും നടത്തുന്ന കേരളത്തിലെ സഹകരണ മേഖലയുടെ നേട്ടം ഉയര്‍ത്തിക്കാട്ടാന്‍ കൊമ്മേരി സഹകരണ ബാങ്ക് ഒരു ഹ്രസ്വചിത്രം നിര്‍മിക്കുകയുണ്ടായി. സഹകരണമേഖലയില്‍ ചില പുഴുക്കുത്തുകള്‍ പ്രത്യക്ഷപ്പെടുകയും അവ സ്ഥാപിതതാല്‍പ്പര്യക്കാര്‍ ഏറ്റുപിടിച്ച് അര്‍ധസത്യങ്ങളും അസത്യങ്ങളുമൊക്കെ കൂട്ടിക്കലര്‍ത്തി പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കുകയും ചെയ്ത സന്ദര്‍ഭത്തിലാണു ഇത്തരമൊരു ആശയം ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായത്. ജനങ്ങളില്‍ രൂപപ്പെട്ട ആശങ്ക ദൂരീകരിക്കുകയും വിശ്വാസ്യത ഊട്ടിയുറപ്പിക്കുകയും ചെയ്യേണ്ടതു സഹകാരികളുടെ കടമയാണെന്ന ബോധ്യത്തിലാണു ബാങ്ക് ഈ ഉദ്യമത്തിനിറങ്ങിയത്. സഹകരണനന്മയെ അടയാളപ്പെടുത്താന്‍ തയാറാക്കിയ ഈ 18 മിനിറ്റുള്ള ഹ്രസ്വചിത്രത്തിനു സഹകാരികളില്‍നിന്നും പൊതുജനങ്ങളില്‍നിന്നും മികച്ച പ്രതികരണമാണുണ്ടായത്. സഹകരണ മേഖലയില്‍ നിന്ന് ഇത്തരമൊരു ഹ്രസ്വസിനിമ ആദ്യത്തേതായിരുന്നു.

സാധാരണക്കാരുമായുള്ള സഹകരണമേഖലയുടെ ഇടപെടലാണ് ഒരു സാധാരണക്കാരന്റെ കുടുംബപശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ‘ ഒരു സഹകരണ സെല്‍ഫി ‘ എന്ന ഹ്രസ്വസിനിമയിലൂടെ വരച്ചുകാട്ടിയത്. സഹകരണ മേഖലയുടെ നന്‍മയും അതിന്റെ വിവിധങ്ങളായ പ്രവര്‍ത്തനവും വളരെ ലളിതമായി ചിത്രത്തില്‍ അവതരിപ്പിക്കാന്‍ സാധിച്ചു. അഭിനേതാക്കളും സംവിധായകനും ഉള്‍പ്പെടെ ചിത്രവുമായി ബന്ധപ്പെട്ട എല്ലാവരും സഹകരണമേഖലയുടെ വിശ്വാസ്യത നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരായിരുന്നു. ചിത്രവുമായി സഹകരിച്ച പകുതിപ്പേരും സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരാണ്. എറണാകുളത്ത് ഇക്കഴിഞ്ഞ ഏപ്രിലില്‍ നടന്ന ഒമ്പതു ദിവസത്തെ സഹകരണ എക്സ്പോയില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

ടി.പി. കോയമൊയ്തീന്‍ പ്രസിഡന്റും പി.കെ. വിനോദ് വൈസ് പ്രസിഡന്റും കെ. ജസ്വന്ത് കുമാര്‍, പി. അബ്ദുള്‍ റഷീദ്, പി.കെ. ശശിധരന്‍, എം.കെ.എം. കുട്ടി, അഡ്വ. കെ.വി. ശ്രീജ, ടി. ഷിത, കെ. പ്രസന്ന എന്നിവര്‍ അംഗങ്ങളുമായുള്ള ഭരണസമിതിയാണു ബാങ്കിനെ നയിക്കുന്നത്. എ.എം. അജയകുമാറാണു സെക്രട്ടറി.

                                                                   (മൂന്നാംവഴി സഹകരണമാസിക നവംബര്‍ ലക്കം – 2023)

 

Leave a Reply

Your email address will not be published.