സാമ്പത്തിക സര്‍വേ സഹകരണ മേഖലയ്ക്കു നല്‍കുന്ന പാഠം

moonamvazhi

മത്സരാധിഷ്ഠിതവും നിയന്ത്രണാതീതവുമായ ഇന്നത്തെ സാമ്പത്തികാന്തരീക്ഷത്തില്‍ കേരളത്തിലെ സഹകരണസ്ഥാപനങ്ങള്‍
ആഗോളതലത്തില്‍ മത്സരാധിഷ്ഠിതമാകാന്‍വേണ്ടിയുള്ള
പുതുതന്ത്രങ്ങള്‍ മെനയുകയും അവയുടെ നയങ്ങള്‍
പുന:ക്രമീകരിക്കുകയും വേണം. ഈ രീതിയിലേക്കു
സഹകരണപദ്ധതികളും പദ്ധതികളുടെ
നിര്‍വഹണരീതിയും മാറ്റിയാലേ ഇനി രക്ഷയുള്ളു
എന്നാണു സാമ്പത്തികാവലോകന റിപ്പോര്‍ട്ട്
ചൂണ്ടിക്കാട്ടുന്നത്.

 

കേരളത്തിലെ സഹകരണമേഖലയുടെ പ്രവര്‍ത്തനരീതിയും കാഴ്ചപ്പാടും മാറേണ്ടതുണ്ടെന്ന പാഠമാണ് ഇത്തവണത്തെ സാമ്പത്തികാവലോകന റിപ്പോര്‍ട്ട് നല്‍കുന്നത്. സര്‍ക്കാര്‍പദ്ധതികളില്‍ സഹകരണപങ്കാളിത്തം എന്ന രീതി നടപ്പാക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. അതിലുപുരി കാര്‍ഷികമേഖലയിലെ സഹകരണസംഘങ്ങളുടെ ഇടപെടല്‍ മാറേണ്ടതുണ്ടെന്ന സന്ദേശവും സാമ്പത്തികാവലോകന റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെയാണ് : ‘ സമ്പദ്‌വ്യവസ്ഥയില്‍ സഹകരണസ്ഥാപനങ്ങളുടെ സ്ഥാനം സുപ്രധാനമാണ്. വായ്പ, സംഭരണം, ഉല്‍പ്പാദനം, നിര്‍മാണം, വിപണനം, കാര്‍ഷികസംസ്‌കരണം, ഉപഭോക്തൃവിപണി, പരമ്പരാഗതവ്യവസായങ്ങള്‍, അടിസ്ഥാനസൗകര്യ വികസനം എന്നിവയുള്‍പ്പെടെ സമ്പദ്‌വ്യവസ്ഥയുടെ മിക്കവാറും എല്ലാ മേഖലകളിലും സഹകരണപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം വ്യാപിച്ചുകിടക്കുന്നു. ഇന്നത്തെ മത്സരാധിഷ്ഠിതവും നിയന്ത്രണാതീതവുമായ സാമ്പത്തികാന്തരീക്ഷത്തില്‍ സഹകരണസ്ഥാപനങ്ങള്‍ ആഗോള തലത്തില്‍ മത്സരാധിഷ്ഠിതമാകാന്‍വേണ്ടിയുള്ള പുതുതന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ട് അവയുടെ നയങ്ങള്‍ പുന:ക്രമീകരിക്കേണ്ടതുണ്ട്. ഈ രീതിയിലേക്കു സഹകരണപദ്ധതികളും പദ്ധതികളുടെ നിര്‍വഹണരീതിയും മാറണമെന്നാണു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

കേരളത്തിലെ സഹകരണ വായ്പാമേഖല വലിയ സാമ്പത്തികപ്രതിസന്ധി നേരിടുന്ന ഘട്ടമാണിത്. സഹകരണസംഘങ്ങളിലെ അംഗങ്ങളുടെ വായ്പാ തിരിച്ചടവുശേഷിക്കു ശോഷണം സംഭവിച്ചതാണു പ്രധാന കാരണം. ഇതു മാറ്റിയെടുക്കാന്‍ കര്‍ഷകനു വരുമാനം വര്‍ധിപ്പിക്കുന്ന രീതിയിലേക്കു പദ്ധതികള്‍ മാറേണ്ടതുണ്ട്. അതിനായി വായ്പ നല്‍കുന്നതില്‍ മാത്രം ഒരു സഹകരണസംഘത്തിന്റെ പങ്കാളിത്തം ചുരുക്കാതെ വിത്തുമുതല്‍ വിപണിവരെയുള്ള സഹകരണപദ്ധതികള്‍ വേണമെന്നാണു റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നത്. വിതയിറക്കുന്നതു മുതല്‍ വിറ്റഴിക്കുന്നതുവരെയുള്ള ഇടപെടല്‍ സംഘങ്ങളുടെ നിയന്ത്രണത്തിലാകുമ്പോള്‍ മാത്രമാണ് ഇടനിലക്കാരുടെ ചൂഷണം ഒഴിവാകുകയും കാര്‍ഷികവിളകള്‍ക്കു ശരിയായ വില ലഭിക്കുകയും ചെയ്യുക. ഉല്‍പ്പാദനം കൂടുന്നതിനനുസരിച്ച് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളിലേക്കു കടക്കേണ്ടതുണ്ട്. ഇതു കര്‍ഷകനെ ആശ്രയിച്ചു നിര്‍വഹിക്കാവുന്ന ഒന്നല്ല. അതിനു സംഘങ്ങള്‍ മുന്നിട്ടിറങ്ങണം. അത്തരം ഉല്‍പ്പന്നങ്ങള്‍ ആഗോളതലത്തില്‍ മത്സരിച്ച് വിപണി ഉറപ്പാക്കാനുള്ള ശേഷി സഹകരണമേഖല നേടിയെടുക്കേണ്ടതുണ്ടെന്നു സാമ്പത്തികാവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

സഹകരണത്തിന്റെ
വ്യാപ്തി

കേരളത്തില്‍ സഹകരണമേഖലയുടെ വ്യാപ്തിയും അതിന്റെ പ്രാധാന്യവും സാമ്പത്തികാവലോകന റിപ്പോര്‍ട്ട് വിശദീകരിക്കുന്നുണ്ട്. കേരളത്തില്‍ സഹകരണസംഘങ്ങളുടെ ശൃംഖലകള്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും വ്യാപകമാണ്. സംസ്ഥാനത്തെ സഹകരണസംഘങ്ങള്‍ സാമ്പത്തികവികസനത്തില്‍, പ്രത്യേകിച്ചു ഗ്രാമീണമേഖലയിലെ ദുര്‍ബലരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും വികസനത്തില്‍, സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കാര്‍ഷികവായ്പ, പൊതുവിതരണ സംവിധാനം, കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിതരണം, വനിതാവികസനവും മീന്‍പിടിത്തവും, ആരോഗ്യം, പ്രൊഫഷണല്‍ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസം, പാര്‍പ്പിടം, കാര്‍ഷിക സംസ്‌കരണം, പട്ടികജാതി-പട്ടിക വര്‍ഗ വികസനം തുടങ്ങി വിവിധങ്ങളായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സഹകരണസംഘങ്ങളുടെ വിപുലമായ ശൃംഖലതന്നെ സംസ്ഥാനത്തുണ്ട്. കേരളത്തിലെ ഒരു പ്രധാന വായ്പാസ്രോതസ്സാണു വായ്പാ സഹകരണസംഘങ്ങള്‍. പ്രത്യേകിച്ച് ഗ്രാമീണവായ്പകളുടെ വിതരണത്തില്‍. 2018 ലെ കണക്കനുസരിച്ച് കേരളത്തിലെ മൊത്തം ഗാര്‍ഹിക കടത്തിന്റെ 33 ശതമാനും ക്രെഡിറ്റ് സഹകരണ സംഘങ്ങളില്‍നിന്നുള്ളവയാണ്. അതിന്റെ അനുബന്ധവിഹിതം അഖിലേന്ത്യാതലത്തില്‍ എട്ടു ശതമാനം മാത്രമാണ്. കേരള ബാങ്ക്, പ്രാഥമിക സഹകരണ ബാങ്കുകള്‍, ഫാര്‍മേഴ്സ് സഹകരണസംഘങ്ങള്‍, സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക്, പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ എന്നിവ ഉള്‍പ്പടെയുള്ള വായ്പാ സഹകരണസംഘങ്ങള്‍ പ്രാഥമിക മേഖലയിലേക്കുള്ള വായ്പാവിതരണത്തില്‍ മുഖ്യപങ്ക് വഹിക്കുന്നു.

സംസ്ഥാനത്തെ സഹകരണ കാര്‍ഷിക വായ്പാമേഖലയില്‍ ഘടനാപരമായ മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായി വായ്പാഘടനയെ രണ്ടു തട്ടിലേക്കു മാറ്റി. 2022 മാര്‍ച്ചുവരെ 3753 ക്രെഡിറ്റ് സഹകരണസംഘങ്ങള്‍ സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 3383 എണ്ണം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. സംസ്ഥാനത്തെ സഹകരണസ്ഥാപനങ്ങളുടെ ഹ്രസ്വകാല വായ്പയുടെ പ്രാഥമികതലമാണു പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങള്‍ ( പാക്‌സ് ) . കേരളത്തിലെ പ്രൈമറി സൊസൈറ്റികള്‍ ഗണ്യമായ നിക്ഷേപം സമാഹരിക്കുകയും അവരുടെ അംഗങ്ങള്‍ക്കു വായ്പകളും അഡ്വാന്‍സുകളും നല്‍കുകയും ഈ മേഖലയില്‍ ഒരു വിപുലമായ വിപണിവിഹിതം കൈവശം വെക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിലെ പാക്സുകളുടെ പ്രാഥമികതലത്തിലുള്ള ഘടനയുടെ ശക്തമായ അടിത്തറയിലൂടെ അതിന്റെ വിജയഗാഥ വിശദീകരിക്കപ്പെടുന്നുണ്ട്. കാര്‍ഷികാവശ്യത്തിനുള്ള സാധനങ്ങളുടെ വിതരണം, കണ്‍സ്യൂമര്‍ മെഡിക്കല്‍ സ്റ്റോറുകളുടെ പ്രവര്‍ത്തനം, കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംയോജനവും വിപണനവും, മൂല്യവര്‍ധന, ഗ്രേഡിങ്, ബ്രാന്‍ഡിങ്, പാക്കിങ് തുടങ്ങിയ സേവനങ്ങളും പാക്സുകള്‍ ഏറ്റെടുത്തുവരുന്നുണ്ട്. 2022 മാര്‍ച്ചുവരെ സംസ്ഥാനത്തു സഹകരണസംഘം രജിസ്ട്രാറുടെ കീഴില്‍ 1644 പാക്സുകള്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിലെ അംഗങ്ങള്‍ക്കു 1.08 ലക്ഷം കോടി രൂപ വായ്പയായി നല്‍കുകയും 1.39 ലക്ഷം കോടി രൂപ നിക്ഷേപമായി സ്വീകരിക്കുകയും ചെയ്തു. വിതരണം ചെയ്ത മൊത്തം വായ്പയില്‍ നിക്ഷേപങ്ങളുടെ 72 ശതമാനവും ഹ്രസ്വ- ഇടത്തരം -ദീര്‍ഘകാല വായ്പകളായി അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തിട്ടുള്ളതാണ്.

കാര്‍ഷികമേഖലയുടെ
സാമ്പത്തികശാസ്ത്രം

കാര്‍ഷികമേഖലയുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നതില്‍ കാര്‍ഷിക ധനസഹായം ഒരു നിര്‍ണായകസ്ഥാനം വഹിക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കാര്‍ഷികമേഖലയുടെ ആകെയുള്ള സാമ്പത്തികവളര്‍ച്ചയ്ക്കും കാര്‍ഷിക ധനസഹായം അത്യന്താപേക്ഷിതമാണ്. കാര്‍ഷിക ധനസഹായം പാവപ്പെട്ട കര്‍ഷകരെ അവരുടെ സമ്പത്ത് വര്‍ധിപ്പിക്കാന്‍ പ്രാപ്തരാക്കുന്നതിനൊപ്പം ഭക്ഷ്യ മൂല്യവര്‍ധിത ശൃംഖലകളുടെ വികസനം സുഗമമാക്കുകയും ചെയ്യുന്നുണ്ട്. കൃഷിയിറക്കുന്നതിനാവശ്യമായ വിത്തും വളവും ഉപകരണങ്ങളും വാങ്ങുന്നതിന്, അഥവാ വിളവെടുപ്പിനു മുമ്പുള്ള പ്രവര്‍ത്തനച്ചെലവുകള്‍ക്കു, സാമ്പത്തികസഹായം കണ്ടെത്തുന്നതില്‍ കാര്‍ഷിക ധനകാര്യത്തിനു നിര്‍ണായകസ്ഥാനമുണ്ട്.

ആഗോള വളര്‍ച്ചയ്ക്കും ഭക്ഷ്യസുരക്ഷയ്ക്കും ആവശ്യമായ കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ നിക്ഷേപമൂലധനത്തിനും സുസ്ഥിര സാമ്പത്തികസേവനങ്ങള്‍ക്കും വലിയ തോതില്‍ ആവശ്യമുണ്ട്. പ്രത്യേകിച്ചും വികസ്വരരാജ്യങ്ങളിലെ ചെറുകിട കാര്‍ഷികസംരംഭ ഉടമകളായ കുടുംബങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും ആവശ്യമായ നിക്ഷേപമൂലധനവും സാമ്പത്തികസേവനങ്ങളും ലഭ്യമാക്കാന്‍ വലിയ തോതില്‍ പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. ഇതു കുറഞ്ഞ കാര്‍ഷികോല്‍പ്പാദനക്ഷമത, കാര്യക്ഷമതയില്ലായ്മ കൊണ്ടുള്ള കുറഞ്ഞ വരുമാനം, കാര്‍ഷിക പ്രവൃത്തികള്‍ക്കുള്ള ഉയര്‍ന്ന നഷ്ടം എന്നിവയ്ക്കു കാരണമാകുന്നു. 2050 ആകുമ്പോഴേക്കും ആഗോള ഭക്ഷ്യ ആവശ്യം 70 ശതമാനം കണ്ട് വര്‍ധിക്കാനുള്ള സാധ്യത കാണുന്നുണ്ട്. അതനുസരിച്ച് കാര്‍ഷിക-കാര്‍ഷിക മൂല്യവര്‍ധിത ശൃംഖലകളില്‍ കുറഞ്ഞതു 80 ദശലക്ഷം ഡോളര്‍ വാര്‍ഷികനിക്ഷേപം ആവശ്യമായി വരും. വലിയ തോതിലുള്ള യന്ത്രവല്‍ക്കരണം, കാലാവസ്ഥാ ന്യൂനതാ സാങ്കേതികവിദ്യകള്‍, സംസ്‌കരണം, കാര്‍ഷിക ഭക്ഷ്യ വിതരണശൃംഖല എന്നിവ ആവശ്യമായി വരും. പരിമിതമായ പൊതുവിഭവങ്ങള്‍ മാത്രമേ നമുക്ക് ഇവിടെ കിട്ടാനുള്ളൂ. ഇവയില്‍ ഭൂരിഭാഗവും സ്വകാര്യ മേഖലയില്‍നിന്നു വരേണ്ടതായിട്ടുണ്ട്. പാരിസ്ഥിതികാഘാതം കുറച്ചും കാലാവസ്ഥാ അപകടസാധ്യതകള്‍ കണക്കിലെടുത്തും കാര്‍ഷികപ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന കര്‍ഷകര്‍ക്കും കാര്‍ഷിക സൂക്ഷ്മ -ഇടത്തരം -ചെറുകിട സംരംഭങ്ങള്‍ക്കും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ ചെറിയ നിക്ഷേപങ്ങള്‍ ആവശ്യമായിവരും.

ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയില്‍ കാര്‍ഷികമേഖലയുടെ വിഹിതവുമായി താരതമ്യം ചെയ്യുമ്പോള്‍ കാര്‍ഷികവായ്പകളും നിക്ഷേപപദ്ധതികളും നിലവില്‍ ആനുപാതികമായി കുറവാണ്. കാര്‍ഷികമേഖലയിലെ തനതായ അപകടസാധ്യതകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള പരിചയക്കുറവ്, കാര്‍ഷിക ധനകാര്യത്തിനുള്ള പരിമിതമായ ആവശ്യം, കാര്‍ഷിക വായ്പാപദ്ധതികള്‍ കൈകാര്യം ചെയ്യുന്നതില്‍ ധനകാര്യസ്ഥാപനങ്ങളുടെ വൈദഗ്ധ്യമില്ലായ്മ, ചെറുകിട കര്‍ഷകരും സൂക്ഷ്മ -ഇടത്തരം സംരംഭങ്ങളും നേരിടുന്ന ഉയര്‍ന്ന ഇടപാടുചെലവ് എന്നിവ സാമ്പത്തികവിപണി നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. പട്ടിണി, ദാരിദ്ര്യം, അസമത്വം എന്നിവ അവസാനിപ്പിക്കാനുള്ള പ്രധാന ലക്ഷ്യങ്ങള്‍ ഉള്‍പ്പടെയുള്ള 17 ആഗോള സുസ്ഥിര വികസനലക്ഷ്യങ്ങള്‍ (എസ്.ഡി.ജി.എസ്.) കൈവരിക്കുന്നതിനു കൃഷിക്കും അതുമായി ബന്ധപ്പെട്ട നിരവധി മൂല്യവര്‍ധിത കാര്‍ഷികവ്യാപാരങ്ങള്‍ക്കും സേവനങ്ങള്‍ക്കും നിര്‍ണായക പങ്കു വഹിക്കാനാകും. ഇന്ത്യയില്‍ നബാര്‍ഡ് വര്‍ധിച്ചുവരുന്ന മൂലധന രൂപവത്കരണത്തിനായി കൃഷിയിലും അനുബന്ധമേഖലകളിലും നിക്ഷേപാവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കൂടാതെ, വിവിധ പ്രോത്സാഹന-വികസന സംരഭങ്ങളിലൂടെയും കാര്‍ഷികരംഗത്തു സുസ്ഥിരവികസനം കൈവരിക്കാന്‍ സഹായിക്കുന്നുണ്ട്.

വിഭവസമാഹരണം, ഭൂവിനിയോഗം, കൃഷിരീതി, കൃഷിയുടെ തോത്, സാമൂഹിക-സാമ്പത്തികഘടകങ്ങള്‍ എന്നിവയിലൂടെ കേരളത്തില്‍ നിലനില്‍ക്കുന്ന കൃഷിരീതി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്നു വ്യത്യസ്തമാണ്. സംസ്ഥാനത്തെ ഭൂരിഭാഗം കര്‍ഷകരും ചെറുകിട -നാമമാത്ര കര്‍ഷകരാണ്. നാമമാത്ര -ചെറുകിട തോട്ടങ്ങളിലാണ് ഉല്‍പ്പാദനം കൂടുതലായും നടക്കുന്നത്. കേരളംപോലൊരു സംസ്ഥാനത്തു കാര്‍ഷികോല്‍പ്പന്നങ്ങളുടെ ശേഖരണത്തിനു വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ, കൃഷിക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും വായ്പ നല്‍കുന്നതിനൊപ്പം കാര്‍ഷിക-കാര്‍ഷികോല്‍പ്പന്ന വിതരണശൃംഖലയ്ക്കും വായ്പ നല്‍കുന്നതില്‍ കേരളത്തിലെ ധനകാര്യസ്ഥാപനങ്ങള്‍ വലിയ പങ്ക് വഹിച്ചുവരുന്നു.

സംസ്ഥാനത്തെ ധനകാര്യസ്ഥാപനങ്ങള്‍ പ്രാഥമികമേഖലയ്ക്കു ദീര്‍ഘകാല-ഇടത്തരം-ഹ്രസ്വകാല വായ്പകള്‍ നല്‍കിവരുന്നുണ്ട്. 2021 മാര്‍ച്ചിലെ കണക്കനുസരിച്ച് രാജ്യത്തെ മൊത്തം കാര്‍ഷിക വായ്പാ വിതരണത്തിന്റെ 5.64 ശതമാനത്തോളം കേരളത്തിന്റെ വിഹിതമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേരളത്തിലെ കാര്‍ഷിക വായ്പാ വിതരണത്തിന്റെ തോത് ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ കണക്കനുസരിച്ച് ഒരു മികച്ച ബാങ്കിങ്ശൃംഖലയുള്ള നാടാണു കേരളം. 2022 മാര്‍ച്ചിലെ കണക്കുപ്രകാരം കേരളത്തില്‍ ബ്രാഞ്ചുകള്‍ ഉള്‍പ്പടെ ആകെ 7622 ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ 6624 എണ്ണം വാണിജ്യ- ഗ്രാമീണ- ചെറുകിട ധനകാര്യബാങ്കുകളാണ്. കൂടാതെ, 998 സഹകരണ ബാങ്കുകളും അവയുടെ ശാഖകളും ഉള്‍പ്പടെ കാര്‍ഷിക ധനകാര്യ മേഖലയില്‍ വാണിജ്യ-വാണിജ്യേതര ബാങ്കുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു.

അനിവാര്യമായ
മാറ്റം

നിലവിലെ സാമ്പത്തിക സാഹചര്യത്തിനനുസരിച്ച് സഹകരണസംഘങ്ങള്‍ എങ്ങനെ മാറണമെന്നതിന്റെ സൂചനയാണു സാമ്പത്തികാവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വായ്പയുടെ തോതിനനുസരിച്ച് കര്‍ഷകരുടെ വരുമാനം കൂടുന്നില്ലെന്നത് ഏറെ പ്രധാനപ്പെട്ട ഒരു സൂചനയാണ്. കാര്‍ഷികോല്‍പ്പാദനത്തിന്റെ വര്‍ധന ആഗോളതലത്തില്‍ അനിവാര്യമാകേണ്ടതിന്റെ കണക്കും റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. 70 ശതമാനത്തോളം വര്‍ധനവാണു വേണ്ടിവരിക. ഈ സൂചനകളെല്ലാം സഹകരണമേഖലയുടെ, പ്രത്യേകിച്ചു കാര്‍ഷിക വായ്പാസംഘങ്ങളുടെ, പ്രവര്‍ത്തനരീതി മാറേണ്ടതുണ്ടെന്നു വ്യക്തമാക്കുന്നുണ്ട്. ഓരോ സംഘവും തങ്ങളുടെ പ്രവര്‍ത്തനകാഴ്ചപ്പാടുമായി മുന്നോട്ടുപോകുന്നതാണു നമ്മുടെ രീതി. ഉല്‍പ്പാദനവും വിപണനവുമെല്ലാം അങ്ങനെത്തന്നെ. ഇത്തരം സംഘങ്ങളെ ആകെ ബന്ധിപ്പിച്ചുള്ള പദ്ധതിനിര്‍ദേശങ്ങളും നിര്‍വഹണവും ഉണ്ടാകുന്നില്ലെന്നതാണു പോരായ്മ.

സഹകരണോല്‍പ്പന്നങ്ങള്‍ക്കു ബ്രാന്‍ഡിങ്ങും മാര്‍ക്കറ്റിങ് സംവിധാനവും കൊണ്ടുവരുന്ന പദ്ധതി പ്രഖ്യാപിച്ചിട്ട് മൂന്നു വര്‍ഷം കഴിഞ്ഞു. അമ്പേ പരാജയപ്പെട്ട പദ്ധതി എന്ന് ഈ ഘട്ടത്തില്‍ അതിനെ വിലയിരുത്തേണ്ടിവരും. 2022-23 സംരംഭക വര്‍ഷമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും സഹകരണസംരംഭങ്ങള്‍ക്ക് അനക്കമുണ്ടായിട്ടില്ല. നബാര്‍ഡിന്റെതടക്കം സഹായം കിട്ടിയിട്ടും അതൊന്നും കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്കു കാര്യമായി ഉപയോഗിക്കാനായിട്ടില്ല. സഹകരണ-വ്യവസായ-കൃഷി വകുപ്പുകള്‍ മൂന്നു രീതിയില്‍ ബ്രാന്‍ഡിങ്ങിനിറങ്ങിയപ്പോള്‍ തോറ്റുപോയതു സഹകരണസംഘങ്ങളാണ് എന്നതും വസ്തുതയാണ്. ഓരോ പ്രദേശത്തിന്റെയും ആവശ്യങ്ങള്‍ അറിഞ്ഞാവണം സഹകരണസംഘങ്ങള്‍ പദ്ധതി തയാറാക്കേണ്ടത്. അതു കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംഭരണമാണെങ്കില്‍, സംഭരിച്ച ഉല്‍പ്പന്നങ്ങള്‍ എവിടെ നല്‍കണമെന്നതിനുംകൂടി തുടര്‍പദ്ധതിയുണ്ടാകേണ്ടതുണ്ട്. അതു മറ്റൊരു സംഘത്തിനു മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ യൂണിറ്റ് തുടങ്ങി ഏറ്റെടുക്കാനാവുന്നതാകണം. ഇത്തരത്തില്‍ ഉല്‍പ്പന്നങ്ങള്‍ നല്ല പാക്കിങ് നടത്തി, ബ്രാന്‍ഡ് ചെയ്തു വില്‍ക്കാന്‍ മറ്റൊരു സംഘത്തിനാകും. വിപണിയില്‍ മത്സരിച്ചുജയിക്കാന്‍ ശേഷിയുള്ള ഇത്തരം സംഘങ്ങളെയും വളര്‍ത്തിക്കൊണ്ടുവരണം. ഇങ്ങനെ ഒന്നിലേറെ സംഘങ്ങളുടെ കൂട്ടായ്മയിലും പൊതുലക്ഷ്യത്തോടെ നിര്‍വഹിക്കേണ്ട പദ്ധതിയിലുമാണു സഹകരണമേഖലയിലെ കാര്‍ഷിക ഇടപെടല്‍രീതി മാറേണ്ടത്. നിര്‍ഭാഗ്യവശാല്‍ അതാണു കേരളത്തിലുണ്ടാകാത്തത്.

കേരളത്തിന്റെ കാര്‍ഷികമേഖലയുടെ പ്രത്യേകതകളെക്കുറിച്ച് സാമ്പത്തികാവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത് ഇങ്ങനെയാണ് – കേരളം വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയും കാലാവസ്ഥയും മണ്ണിന്റെ പ്രത്യേകതകളുംകൊണ്ട് നാണ്യവിളകള്‍, ഭക്ഷ്യവിളകള്‍, തോട്ടവിളകള്‍ എന്നിവ ഉള്‍പ്പെടുന്ന വ്യത്യസ്തമായ വിളരീതികള്‍ക്ക് അനുയോജ്യമാണ്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി സംസ്ഥാന കാര്‍ഷികമേഖല ഭക്ഷ്യവിളകളില്‍നിന്നു ഭക്ഷ്യേതരവിളകളിലേക്കുള്ള പരിവര്‍ത്തനംപോലുള്ള നിര്‍ണായകമാറ്റങ്ങള്‍ക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി സംസ്ഥാനത്തിന്റെ മൊത്തം ഭൂവിസ്തൃതിയില്‍ കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭൂമിയുടെ വിഹിതം ഗണ്യമായി വര്‍ധിച്ചിരിക്കുന്നു. സംസ്ഥാനത്തെ ശരാശരി പ്രതിശീര്‍ഷ ഭൂലഭ്യതയിലും ഗണ്യമായ കുറവുണ്ട്. 2015-16 ലെ കാര്‍ഷിക സെന്‍സസ് അനുസരിച്ച് അതു 0.18 ഹെക്ടറായി നില്‍ക്കുന്നു. കൃഷി സംസ്ഥാനത്തെ ഭൂരിപക്ഷം ജനങ്ങളുടെയും പ്രാഥമിക ഉപജീവനമാര്‍ഗമായി തുടരുന്നു. 2021-22 വര്‍ഷത്തെ ദ്രുത കണക്കെടുപ്പുപ്രകാരം സംസ്ഥാനത്തിന്റെ മൊത്ത മൂല്യവര്‍ധനവില്‍ കൃഷി അനുബന്ധ മേഖലകളിലെ വിഹിതം 11.28 ശതമാനമായിരുന്നു. ഓഖി ചുഴലിക്കാറ്റ്, പ്രളയം, കോവിഡ് മഹാമാരി തുടങ്ങിയ അപ്രതീക്ഷിത വിപത്തുകള്‍ പതിമൂന്നാം പഞ്ചവത്സര പദ്ധതി കാലയളവില്‍ സംസ്ഥാനത്തെ കാര്‍ഷികമേഖലയുടെ പ്രകടനത്തെ സാരമായി ബാധിച്ചു. 2017-18 ല്‍ 2.111 ശതമാനത്തിലെത്തിയ വളര്‍ച്ചനിരക്ക് പിന്നീടുള്ള രണ്ടു വര്‍ഷങ്ങളിലും കുറഞ്ഞ് നെഗറ്റീവിലേക്കെത്തി. എന്നാല്‍, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വളര്‍ച്ചനിരക്കില്‍ പുരോഗതി രേഖപ്പെടുത്തി. 2020-21 ല്‍ 0.24 ശതമാനമായിരുന്ന വളര്‍ച്ചനിരക്ക് 2021-22 ല്‍ ദേശീയ വളര്‍ച്ചനിരക്കിനേക്കാള്‍ ഉയര്‍ന്നു 4.64 ശതമാനമായി.

കുറഞ്ഞ ഭൂലഭ്യത നിമിത്തം സംസ്ഥാനത്തു കൃഷിയുടെ വിസ്തൃതിയുടെ വലിയ രീതിയിലുള്ള വര്‍ധനവിനു സാധ്യത കുറവാണ്. അതിനാല്‍ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുക മാത്രമാണു വരുമാനം കൂട്ടാനുള്ള ഏകമാര്‍ഗം. ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ ആധുനിക കൃഷി വിജ്ഞാനത്തെ ആശ്രയിച്ചേ മതിയാകൂ. പാരിസ്ഥിതിക സുസ്ഥിരതയും ഉയര്‍ന്ന കാര്‍ഷിക ബിസിനസ് വരുമാനവും ഉറപ്പാക്കാനുതകുന്ന ശാസ്ത്രീയ ഉല്‍പ്പാദനോപാധികളും കൃഷിമുറകളും അടിസ്ഥാനമാക്കിയ കാര്‍ഷിക ആധുനികവല്‍ക്കരണത്തിനാണ് ഊന്നല്‍ നല്‍കേണ്ടത്. സംസ്ഥാനത്തെ കര്‍ഷകര്‍ക്കു വരുമാനസുരക്ഷ ഉറപ്പാക്കുകയെന്ന കാഴ്ചപ്പാട് സഫലമാക്കുന്നതില്‍ കൃഷിയുടെ വൈവിധ്യവല്‍ക്കണത്തിന് അതിയായ പ്രാധാന്യമുണ്ട്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും മാത്രമല്ല കയറ്റുമതി മെച്ചപ്പെടുത്തുന്നതിനും ആഭ്യന്തര വിതരണശൃംഖല ശക്തിപ്പെടുത്തുന്നതിനുമുള്ള മൂല്യവര്‍ധനവിന്റെ ശേഷി കണക്കിലെടുത്തു കാര്‍ഷിക മേഖലയില്‍ ഈ പ്രവര്‍ത്തനത്തിന് ഊന്നല്‍ നല്‍കേണ്ടതിന്റെ ആവശ്യകതയുണ്ട്. റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്ന ഈ ദൗത്യമാണ് ഇനി സഹകരണമേഖല ഏറ്റെടുക്കേണ്ടത്.

 

 

Leave a Reply

Your email address will not be published.