സാമൂഹികസുരക്ഷാ പെന്‍ഷന്‍പദ്ധതിക്കായി 1500 കോടി രൂപ കൂടി സമാഹരിക്കുന്നു; പലിശ 9.1 ശതമാനം

moonamvazhi

കേരള സാമൂഹിക സുരക്ഷാ പെന്‍ഷന്‍പദ്ധതിക്കായി രൂപവത്കരിച്ചിട്ടുള്ള കണ്‍സോര്‍ഷ്യത്തിലേക്കു സഹകരണസംഘങ്ങളിലെ മിച്ചധനം ഒരു വര്‍ഷത്തെ കാലാവധിയില്‍ നിക്ഷേപിക്കാന്‍ സഹകരണസംഘം രജിസ്ട്രാര്‍ അനുമതി നല്‍കി. പ്രാഥമിക കാര്‍ഷിക സഹകരണസംഘങ്ങള്‍ക്കും എംപ്ലോയീസ് സംഘങ്ങള്‍ക്കും മറ്റു പ്രാഥമിക സഹകരണസംഘങ്ങള്‍ക്കും കണ്‍സോര്‍ഷ്യത്തില്‍ നിക്ഷേപിക്കാം. ഇതിനു 9.1 ശതമാനം പലിശ നല്‍കും.

2023 ഫെബ്രുവരി 14, 28, സെപ്റ്റംബര്‍ 27 തീയതികളിലെ ഉത്തരവുകളനുസരിച്ച് നേരത്തേ കണ്‍സോര്‍ഷ്യം നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. ഈ നിക്ഷേപത്തിനു പുറമേ കേരള സാമൂഹികസുരക്ഷാ പെന്‍ഷന്‍ ലിമിറ്റഡ് എന്ന പേരിലുള്ള കമ്പനിയിലേക്കു സര്‍ക്കാരിന്റെ ഗാരണ്ടിയോടെ 1500 കോടി രൂപകൂടി അധികവായ്പയായി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ തുകയാണു കണ്‍സോര്‍ഷ്യംവഴി ഇപ്പോള്‍ സമാഹരിക്കുന്നത്. മണ്ണാര്‍ക്കാട് റൂറല്‍ സഹകരണബാങ്കാണു കണ്‍സോര്‍ഷ്യത്തിന്റെ ഫണ്ട് മാനേജര്‍. സഹകരണനിയമം വകുപ്പ് 57 ( സി ) പ്രകാരം കണ്‍സോര്‍ഷ്യത്തില്‍ നിക്ഷേപിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

സാമൂഹികസുരക്ഷാ പെന്‍ഷന്‍ കമ്പനിയുമായി ബന്ധപ്പെട്ട് പുതിയ കരാറില്‍ ഏര്‍പ്പെടാനും കരാര്‍വ്യവസ്ഥകള്‍ക്കു വിധേയമായി കണ്‍സോര്‍ഷ്യം മുഖേന നിക്ഷേപം സമാഹരിച്ച് പെന്‍ഷന്‍കമ്പനിക്കു വായ്പയായി നല്‍കാനുമുള്ള നടപടികള്‍ അടിയന്തരമായി ഫണ്ട് മാനേജര്‍ സ്വീകരിക്കണമെന്നു 2024 ഫെബ്രുവരി 27 ന് ഇറക്കിയ ഉത്തരവില്‍ ( RCS/4510/2023-CP (3) ) രജിസ്ട്രാര്‍ നിര്‍ദേശിച്ചു. നിക്ഷേപവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തില്‍ ഏകോപിപ്പിക്കാന്‍ സഹകരണസംഘം രജിസ്ട്രാര്‍ഓഫീസിലെ ഡെപ്യൂട്ടി രജ്‌സ്ട്രാറെ ( ക്രെഡിറ്റ് ) നോഡല്‍ ഓഫീസറായി നിയോഗിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.