സഹകാരികളെപേടിപ്പിക്കുന്നു B 726

Deepthi Vipin lal

– കിരണ്‍ വാസു 

1625 പ്രാഥമിക സഹകരണ ബാങ്കുകളില്‍ 726 എണ്ണം നഷ്ടത്തിലാണെന്നാണു റിപ്പോര്‍ട്ട്.
2022 ലെ ഓഡിറ്റ് റിപ്പോര്‍ട്ട് വരുന്നതോടെ ഇത് ആയിരം കടക്കുമെന്നു സഹകാരികള്‍
ഭയപ്പെടുന്നു. നോട്ട് നിരോധനത്തിനുശേഷമാണു സഹകരണ സംഘങ്ങളുടെ
പ്രവര്‍ത്തനത്തില്‍ പൊതുവേ പ്രശ്‌നങ്ങള്‍ ബാധിച്ചുതുടങ്ങിയത്. പണമിടപാട് കുറയുകയും
ഡിജിറ്റല്‍ ഇടപാട് കൂടുകയും ചെയ്തതു ഇടപാടുകാരെ കുഴക്കി. പിന്നെ പ്രളയം വന്നു. കോവിഡ് മഹാമാരി വന്നു. ഏതാണ്ട് അഞ്ചു വര്‍ഷമായി നല്‍കിയ വായ്പകള്‍
സഹകരണ സംഘങ്ങള്‍ക്കു കാര്യമായി പിരിച്ചെടുക്കാനായിട്ടില്ല.

 

സഹകരണ മേഖല അതിഗുരുതരമായ പ്രതിസന്ധിയാണു നേരിടുന്നതെന്നു സഹകാരികള്‍ പറയാന്‍ തുടങ്ങിയിട്ട് കുറെ നാളായി. എന്താണു പ്രതിസന്ധിക്കു കാരണമെന്ന ചോദ്യത്തിന് ഒട്ടേറെ ഉത്തരമുണ്ട്. കോര്‍പ്പറേറ്റ് കമ്പനികള്‍ക്കുപരിയുള്ള പരിഗണന ജനകീയ സ്ഥാപനമായ സഹകരണ സംഘങ്ങള്‍ക്കു നല്‍കേണ്ടതില്ലെന്ന സമീപനം, കേന്ദ്രനിയമങ്ങളിലുണ്ടായ ഭേദഗതി, റിസര്‍വ് ബാങ്കിന്റെ നിയന്ത്രണ നടപടികള്‍, സംസ്ഥാന സര്‍ക്കാരിന്റെ പരിഷ്‌കാരങ്ങള്‍, കേരള ബാങ്ക് രൂപവത്കരണത്തിനുശേഷം പ്രാഥമിക സഹകരണ സംഘങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിങ്ങനെ ഒരു പട്ടികതന്നെ ഇതിന്റെ കാരണങ്ങളായി നിരത്താനുണ്ട്. പക്ഷേ, കാരണങ്ങളേക്കാള്‍ അതുണ്ടാക്കുന്ന ആഘാതം പ്രകടമായിത്തുടങ്ങി എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. 2021 ലെ ഓഡിറ്റ് റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനത്തെ 726 പ്രാഥമിക സഹകരണ ബാങ്കുകള്‍ നഷ്ടത്തിലാണെന്നാണു കണക്ക്. 1625 പ്രാഥമിക സഹകരണ ബാങ്കുകളാണു സംസ്ഥാനത്തുള്ളത്. അതില്‍ പാതിയോളം നഷ്ടത്തിലാണ്. 726 എന്ന സംഖ്യ സഹകാരികളെ പേടിപ്പിക്കുന്നതുതന്നെയാണ്. 2022 ലെ ഓഡിറ്റ് പൂര്‍ത്തിയാകുമ്പോഴേക്കും ബഹുഭൂരിഭാഗം ബാങ്കുകളും നഷ്ടത്തിലേക്കു പോകുമെന്ന സൂചന ഇതു നല്‍കുന്നുണ്ട്.

ഒരു നൂറ്റാണ്ടിലേറെ ചരിത്രം അവകാശപ്പെടാനുള്ള മഹത്തായ പാരമ്പര്യമാണു കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനുള്ളത്. മലബാറും കൊച്ചിയും തിരുവിതാംകൂറുമായി കിടന്ന മൂന്നു ഭൂവിഭാഗത്തിന്റെ വ്യത്യസ്തമായ സഹകരണ ചരിത്രമാണു കേരളത്തിന്റേതായി മാറിയത്. ഈ മൂന്നു മേഖലയിലെയും സഹകരണ സംഘങ്ങളുടെ പിറവിയും വളര്‍ച്ചയും വ്യത്യസ്തമായിരുന്നു. കേരളപ്പിറവിക്കുശേഷം 1969 ല്‍ ഏകീകൃത സംസ്ഥാന സഹകരണ നിയമം പിറന്നതോടെയാണു സംസ്ഥാനത്തെ സഹകരണ മേഖലയ്ക്ക് ഏകീകൃത വളര്‍ച്ചയാണുണ്ടായത് എന്നു പറയാം. ചെറു ജനവിഭാഗത്തിന്റെ സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റാനുള്ള ജനകീയ സാമ്പത്തിക സ്ഥാപനം എന്ന നിലയിലാണു കേരളത്തില്‍ സഹകരണ സംഘങ്ങള്‍ പിറന്നത്. മലബാറില്‍ അതു സ്വയാര്‍ജിത ജനകീയ രൂപമായിരുന്നെങ്കില്‍ തിരുവിതാംകൂറിലും കൊച്ചിയിലും സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ രൂപപ്പെട്ടവയാണ്. പക്ഷേ, ആ ജനകീയ സാമ്പത്തിക സ്ഥാപനത്തിനുണ്ടായ വിശ്വാസ്യത മറ്റേതു സംസ്ഥാനത്തുമുള്ളതിനേക്കാള്‍ ഏറെയായിരുന്നു.

മാറ്റത്തിനു തുടക്കമിട്ട
ഉദാരീകരണ നയം

തങ്ങളുടെ സമ്പാദ്യം സഹകരണ സംഘങ്ങളെ ഏല്‍പ്പിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ ഒരു മടിയും കാണിച്ചില്ല. ഓടിയെത്തുമ്പോള്‍ അവര്‍ക്കു വായ്പ നല്‍കാന്‍ സംഘങ്ങളും വിമുഖത പ്രകടിപ്പിച്ചില്ല. ഈ ബന്ധമാണു സഹകരണ സംഘങ്ങളില്‍ ജനങ്ങളുടെ വിശ്വാസ്യതയുടെ തോതുയര്‍ത്തിയത്. 1991 നു ശേഷമുണ്ടായ നവ ഉദാരീകരണ നയം സാമ്പത്തിക ഘടനയില്‍ വലിയ മാറ്റത്തിനാണു തുടക്കമിട്ടത്. ഇതില്‍ ഗുണവും ദോഷവുമുള്ള കാര്യങ്ങളുണ്ട്. പക്ഷേ, ആഗോള സാമ്പത്തിക ശക്തിയെന്ന നിലയില്‍ രാജ്യത്തിന്റെ കാഴ്ചപ്പാട് മാറിയത് ഓരോ മേഖലയിലും വലിയ മാറ്റങ്ങളുണ്ടാക്കി. ബാങ്കിങ്, ഐ.ടി., സേവന മേഖലകള്‍ മത്സരാധിഷ്ഠിതമായി. ഈ ഘട്ടത്തിലാണു കോര്‍പ്പറേറ്റ് ശക്തികളോടു സഹകരണ സംഘങ്ങള്‍ക്കും ഏറ്റുമുട്ടേണ്ടിവരുമെന്ന ബോധ്യം സമൂഹത്തിലുണ്ടാകുന്നത്. ഇതു വിശദമായി പഠനവിധേയമാക്കിയതാണ്. ഇപ്പോഴും നവഉദാരീകരണത്തിന്റെ അനന്തര മാറ്റത്തെക്കുറിച്ച് പഠനം നടക്കുന്നുമുണ്ട്. ഈ മാറ്റങ്ങള്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ എങ്ങനെ ബാധിച്ചുവെന്നതുകൂടി വിലയിരുത്തുമ്പോഴേ ഇപ്പോള്‍ നമ്മള്‍ നേരിടുന്ന ആഘാതത്തിന്റെ ആഴം ബോധ്യപ്പെടൂ. നവ ഉദാരീകരണ ബാങ്കിങ്-സാമ്പത്തിക നയങ്ങള്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തുടക്കത്തിലൊന്നും കാര്യമായി ബാധിച്ചില്ലെന്നു പറയാം. അതേസമയം, സാങ്കേതികമായ മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ ഏറെക്കാലമായി നമ്മള്‍ ബുദ്ധിമുട്ടുന്നുണ്ട് എന്നതു വസ്തുതയാണ്.

കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളിലാണു സഹകരണ മേഖല അതിന്റെ പ്രവര്‍ത്തനത്തില്‍ പ്രതിസന്ധികള്‍ നേരിട്ടുതുടങ്ങിയത്. പക്ഷേ, ഒരിക്കല്‍പ്പോലും സഹകരണ സംഘങ്ങളിലുള്ള ജനവിശ്വാസം കുറഞ്ഞില്ലെന്നതാണ് ഈ പ്രസ്ഥാനത്തിനു കരുത്തായി നിന്നത്. എന്നാല്‍, ഈ വിശ്വാസ്യതകൊണ്ടുമാത്രം പിടിച്ചുനില്‍ക്കാനാവുന്നതല്ല ഇന്നത്തെ സ്ഥിതി. ബാങ്കിങ് പ്രവര്‍ത്തനം റിസര്‍വ് ബാങ്കിന്റെ അനുമതിയുള്ള സഹകരണ ബാങ്കുകള്‍ക്കു മാത്രമായി പരിമിതപ്പെടുത്തി. ഓരോ ദിവസവും ഇതിലുള്ള നിയന്ത്രണം റിസര്‍വ് ബാങ്ക് കൂട്ടിക്കൊണ്ടിരിക്കുകയാണ്. സഹകരണ വായ്പാ സംഘങ്ങള്‍ ഫിനാന്‍ഷ്യല്‍ സെറ്റില്‍മെന്റില്‍നിന്നു പുറത്തായി. സംസ്ഥാന-ജില്ലാ ബാങ്കുകള്‍പോലും പ്രാഥമിക ബാങ്കുകള്‍ക്ക് ഇക്കാര്യത്തില്‍ സഹായകമാകാത്ത സ്ഥിതിയായി. ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ ജനകീയമായി. സ്വകാര്യ-വാണിജ്യ ബാങ്കുകളുടെ സഹായത്തിലാണ് ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ ഒരുവിധത്തില്‍ സഹകരണ സംഘങ്ങള്‍ നിര്‍വഹിക്കുന്നത്. അതിനും ഏതു നിമിഷവും പൂട്ടുവീഴും. കേരള ബാങ്കിലല്ലാതെ സഹകരണ സംഘങ്ങള്‍ മറ്റേതു ബാങ്കിലും കറന്റ്- സേവിങ്‌സ് അക്കൗണ്ട് തുടങ്ങുന്നതു ഗുരുതരമായ കുറ്റമാണെന്നു ചൂണ്ടിക്കാട്ടി സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കുലര്‍ ഇറക്കിയത് അപകടം സംസ്ഥാനത്തിനകത്തുനിന്നും ഉണ്ടാകാന്‍ തുടങ്ങിയതിന്റെ ലക്ഷണമാണ്. അതുകൊണ്ടാണു കൂട്ടനഷ്ടത്തിന്റെ കണക്കുമായി പ്രാഥമിക സഹകരണ ബാങ്കുകള്‍ മുമ്പില്ലാത്തവിധം നിരനിരയായി നില്‍ക്കുന്നതു കാണുമ്പോള്‍ സഹകാരികള്‍ക്കു നെഞ്ചിടിക്കുന്നത്. ഈ പ്രതിസന്ധികളെ മറികടന്നു ലാഭക്ഷമതയോടെയുള്ള ഒരു തിരിച്ചുപോക്ക് സാധ്യമാകുമോയെന്ന ഭയമാണ് അതിനു കാരണം.

കടം കയറുന്ന
സംഘങ്ങള്‍

ലാഭ, നഷ്ടക്കണക്കിന്റെ തോതിലൂടെ മാത്രം വിലയിരുത്തേണ്ടവയല്ല സഹകരണ സംഘങ്ങള്‍ എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. പക്ഷേ, വായ്പാ സംഘങ്ങളുടെ കാര്യത്തില്‍ അതിന് ഏറെ പ്രാധാന്യമുണ്ട്. ഒരു ചെറിയ പ്രദേശത്തുമാത്രം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവയാണു വായ്പാ സഹകരണ സംഘങ്ങള്‍. ആ സംഘത്തില്‍ വായ്പയുടെ തിരിച്ചടവ് ഒരുപരിധിക്കപ്പുറം കുറയുന്നുണ്ടെങ്കില്‍ ആ പ്രദേശത്തെ ജനങ്ങളുടെ തിരിച്ചടവുശേഷി കുറയുന്നുവെന്നാണു കണക്കാക്കേണ്ടത്. അതിന്റെ കാരണങ്ങളാണു പഠിക്കേണ്ടതും. സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളുടെ സാമ്പത്തിക അടിത്തറയാണു കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ കരുത്ത്. ഇന്ത്യയിലെ മൊത്തം സഹകരണ നിക്ഷേപത്തിന്റെ 60 ശതമാനം കേരളത്തിലാണ്. കേരളത്തിലെ നിക്ഷേപത്തിന്റെ 85 ശതമാനം പ്രാഥമിക സഹകരണ ബാങ്കുകളുടേതുമാണ്. 1625 പ്രാഥമിക സഹകരണ ബാങ്കുകളില്‍ 726 എണ്ണം നഷ്ടത്തിലായി എന്നതു ഒരു നിസ്സാരകാര്യമല്ല. അതിന്റെ കാരണം പരിശോധിക്കേണ്ടത് അനിവാര്യമാണ്. സര്‍ക്കാര്‍ നയങ്ങള്‍, സാമൂഹികാവസ്ഥ എന്നിവയെല്ലാം സഹകരണ സംഘങ്ങളുടെ പിന്നാക്കാവസ്ഥയ്ക്കു കാരണമാകുന്നുണ്ടെന്നതു വസ്തുതയാണ്. ഇതു പരിശോധിച്ച് തിരുത്തിയില്ലെങ്കില്‍ വരാനിരിക്കുന്നതു വലിയ ദുരന്തമായിരിക്കുമെന്നതില്‍ സംശയമില്ല.

നോട്ട് നിരോധനത്തിനുശേഷമാണു സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ പൊതുവേയും, വായ്പാ സഹകരണ സംഘങ്ങളുടെ കാര്യത്തില്‍ വിശേഷിച്ചും, പ്രശ്‌നങ്ങള്‍ ബാധിച്ചുതുടങ്ങിയത്. പണമിടപാട് കുറയുകയും ഡിജിറ്റല്‍ ഇടപാട് കൂടുകയും ചെയ്തതു സഹകരണ സംഘങ്ങളിലെ ഇടപാടുകാരെ കുഴക്കി. ഡിജിറ്റല്‍ ട്രാന്‍സാക്ഷനായി സംഘങ്ങള്‍ സാങ്കേതിക മികവ് നേടാനുള്ള നെട്ടോട്ടമായി. ഇതില്‍ ഒരുവിധം പിടിച്ചുനിന്നു വന്നപ്പോഴാണു 2018 ലെ മഹാപ്രളയം കേരളത്തെ കീഴടക്കിയത്. ഇത് ഒട്ടേറെപ്പേറെ ബാധിച്ചു. സഹകരണ സംഘങ്ങള്‍ സേവന പ്രവര്‍ത്തനത്തിനിറങ്ങി. അവരുടെ ലാഭത്തില്‍നിന്നുള്ള വിഹിതം സാമൂഹികനന്മയ്ക്കായി സംഭാവന ചെയ്തു. വീടു നഷ്ടപ്പെട്ടവര്‍ക്കു വീടു നല്‍കി. 2019 ല്‍ പ്രളയം ആവര്‍ത്തിച്ചു. 2020 മുതല്‍ കോവിഡ് പിടിയിലായി. അതായത് അഞ്ചു വര്‍ഷമായി നല്‍കിയ വായ്പ സഹകരണ സംഘങ്ങള്‍ക്കു കാര്യമായി പിരിച്ചെടുക്കാനായിട്ടില്ല. ഒരു സമൂഹമാകെ ദുരന്തമുഖത്തു നില്‍ക്കുമ്പോള്‍ സഹകരണ സംഘത്തിനു സാമ്പത്തിക നേട്ടം കൈവരിക്കാനാകുമെന്നു ചിന്തിക്കുന്നതുപോലും തെറ്റാണ്. പക്ഷേ, സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ സഹകരണ സംഘത്തിന്റെ സാമ്പത്തികാവസ്ഥയെ മാത്രമാണു ബാധിക്കുന്നതെങ്കില്‍ അക്കാര്യം പരിശോധിക്കേണ്ടതുണ്ട്. വായ്പാ സഹകരണ സംഘങ്ങള്‍ കൂട്ടനഷ്ടത്തിലും കേരള ബാങ്ക് അടക്കമുള്ള വാണിജ്യ ബാങ്കുകള്‍ ലാഭം ഉറപ്പാക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ ചില പ്രശ്‌നങ്ങള്‍ പ്രാഥമിക സഹകരണ മേഖല മാത്രമായി നേരിടുന്നുവെന്നു വിലയിരുത്തേണ്ടിവരും.

മൊറട്ടോറിയത്തിന്റെ
കാലം

2018 ലെ പ്രളയത്തിനു ശേഷം കേരളത്തില്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. റിസര്‍വ് ബാങ്കിന്റെ അനുമതിക്കു ശേഷമായിരുന്നു ഇത്. 2019 ലും ആറു മാസം മൊറട്ടോറിയം വന്നു. പിന്നീട് ഇടുക്കി, കോട്ടയം ജില്ലകളില്‍ കടുത്ത നാശം വിതച്ച് കാലവര്‍ഷമുണ്ടായി. ഈ ഘട്ടത്തിലും മൊറട്ടോറിയത്തിനു സര്‍ക്കാര്‍ അപേക്ഷിച്ചിരുന്നെങ്കിലും ഈ രണ്ടു ജില്ലകള്‍ക്കു മാത്രമായാണു റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്. പിന്നീടാണു കോവിഡ് വ്യാപനമുണ്ടായത്. രണ്ടു ഘട്ടമായി 2021 ജൂണ്‍വരെ മൊറട്ടോറിയം വന്നു. 2021 ഡിസംബര്‍വരെ സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ച് ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും അതു റിസര്‍വ് ബാങ്ക് അംഗീകരിച്ചില്ല. അതായത് 2018 മുതല്‍ 2021 ഡിസംബര്‍ വരെ പലപ്പോഴായി കേരളത്തില്‍ വായ്പാ തിരിച്ചടവിനു മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു എന്നര്‍ഥം. കേരള ബാങ്കിനും വാണിജ്യ ബാങ്കുകള്‍ക്കും ആറു മാസത്തിലധികം തിരിച്ചടവിനു മൊറട്ടോറിയം അനുവദിക്കുന്ന രീതി റിസര്‍വ് ബാങ്ക് സ്വീകരിച്ചിട്ടില്ല. പകരം, പ്രളയമുണ്ടായ ഘട്ടത്തില്‍ വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്കു പരമാവധി ഇളവ് നല്‍കിയും ബുദ്ധിമുട്ടു നേരിടുന്നവര്‍ക്കു തിരിച്ചടവ് കാലാവധി നീട്ടിനല്‍കിയും ഉദാര സമീപനം സ്വീകരിക്കാനാണു ബാങ്കുളോടു റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടത്. കോവിഡ് വ്യാപന ഘട്ടത്തില്‍ പരമാവധി വായ്പകള്‍ ഉറപ്പുവരുത്തണമെന്നാണു നിര്‍ദേശിച്ചത്.

കാര്‍ഷികോല്‍പ്പാദനം കൂട്ടുക, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്കു സംരംഭം തുടങ്ങുക, ചെറുകിട-ഇടത്തരം സംരംഭങ്ങളെ സഹായിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണു കൂടുതല്‍ വായ്പ അനുവദിക്കാന്‍ ബാങ്കുകളോടു റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചത്. ഇതിനൊപ്പം, കാര്‍ഷിക മേഖലയിലേക്കു പണലഭ്യത ഉറപ്പാക്കാനായി സഹകരണ സംഘങ്ങള്‍ക്കു സഹായം നല്‍കാന്‍ നബാര്‍ഡിനോടും റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് 2500 കോടി രൂപയാണു നബാര്‍ഡ് കേരള ബാങ്കിനു സ്‌പെഷല്‍ ലിക്യുഡിറ്റി ഫണ്ടായി നല്‍കിയത്. ഇതു മലപ്പുറം ഒഴികെയുള്ള ജില്ലകളിലെ പ്രാഥമിക സഹകരണ ബാങ്കുകളിലൂടെയാണു കേരള ബാങ്ക് കര്‍ഷകര്‍ക്കു നല്‍കിയത്. റിസര്‍വ് ബാങ്ക് ലക്ഷ്യമിട്ട രീതിയില്‍ കേരളത്തില്‍ കേരള ബാങ്കിലും മറ്റു വാണിജ്യ ബാങ്കുകളിലും വായ്പാ തിരിച്ചടവും വായ്പയുടെ ലഭ്യതയും ക്രമീകരിക്കാന്‍ കഴിഞ്ഞുവെന്നത് അവരുടെ വര്‍ഷാന്ത്യകണക്കുകള്‍ ബോധ്യപ്പെടുത്തുന്നുണ്ട്. കാരണം, കോവിഡിന്റെ ആഘാതത്തില്‍നിന്നു കരപറ്റിയ സ്ഥിതിയിലാണു വാണിജ്യ ബാങ്കുകളുടെ സാമ്പത്തികനില. കേരള ബാങ്ക് കഴിഞ്ഞ വര്‍ഷം നേടിയതിനേക്കാള്‍ ഇരട്ടിയോളം ലാഭം 2022 മാര്‍ച്ചിന്റെ കണക്കനുസരിച്ച് നേടിയെന്നാണു വിവരം.

സംഘങ്ങള്‍ക്ക്
തിരിച്ചടി

അതേസമയം, സഹകരണ സംഘങ്ങളുടെ കാര്യത്തില്‍ വലിയ തിരിച്ചടിയാണു നേരിട്ടത്. 2018 ലെ പ്രളയത്തെത്തുടര്‍ന്നു പ്രഖ്യാപിച്ച മൊറട്ടോറിയം ഇപ്പോഴും തുടരുന്നുവെന്നതാണു യാഥാര്‍ഥ്യം. അതില്‍ റിസര്‍വ് ബാങ്കിന്റെ അനുമതിയനുസരിച്ചുള്ള മൊറട്ടോറിയം മാത്രമേ സഹകരണ സംഘങ്ങള്‍ക്കു ബാധകമാക്കിയിട്ടുള്ളൂവെങ്കിലും അപ്രഖ്യാപിതമായി അതു നാലു വര്‍ഷമായി സ്ഥിരമായി നിലനില്‍ക്കുകയാണ്. ജപ്തി സര്‍ക്കാര്‍നയമല്ലെന്നു മുഖ്യമന്ത്രിതന്നെ പ്രഖ്യാപിച്ചതോടെ വകുപ്പുദ്യോഗസ്ഥരാല്‍ നിര്‍വഹിക്കപ്പെടേണ്ട സഹകരണ സംഘങ്ങളുടെ തിരിച്ചുപിടിക്കല്‍ നടപടി പൂര്‍ണമായി നിലച്ചു. തിരിച്ചടവിനു ശേഷിയുള്ളവര്‍പോലും ബാങ്കിനു പണം നല്‍കിയില്ല. നോട്ടീസ് അയക്കുന്നതു സാമൂഹിക വിപത്തായി ചിത്രീകരിക്കപ്പെട്ടു. ഇതിലെല്ലാം വ്യക്തത വരുത്തി തിരിച്ചടവിനു പ്രോത്സാഹനം നല്‍കാന്‍ സര്‍ക്കാരോ സഹകരണ വകുപ്പോ നടപടി സ്വീകരിച്ചില്ല. അതേസമയം, സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്കു പലിശരഹിത വായ്പകള്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കു നല്‍കേണ്ടിവന്നു. ഇതാണു പ്രാഥമിക സഹകരണ മേഖലയെ സാമ്പത്തികാഘാതത്തിലേക്കു തള്ളിവിട്ടതെന്നു ലളിതമായി പറയാം.

ബാധ്യതയായ
കുടിശ്ശിക നിവാരണം

2021 ലെ ഓഡിറ്റ് റിപ്പോര്‍ട്ടനുസരിച്ച് 726 പ്രാഥമിക സഹകരണ ബാങ്കുകള്‍ നഷ്ടത്തിലെങ്കില്‍ 2022 ലെ ഓഡിറ്റ് കണക്ക് പുറത്തുവരുമ്പോഴേക്കും നഷ്ട സംഘങ്ങളുടെ കണക്ക് ആയിരം കടക്കുമെന്നാണു സഹകാരികള്‍ ആശങ്കപ്പെടുന്നത്. തിരിച്ചടവില്ലാത്ത വായ്പകള്‍ പലിശസഹിതം പുതുക്കി കുടിശ്ശികക്കണക്ക് ഒഴിവാക്കിയാണു പല സഹകരണ സംഘങ്ങളും നഷ്ടക്കണക്കില്‍നിന്നു രക്ഷപ്പെട്ടിട്ടുള്ളത്. കൊടുത്ത പണം തിരിച്ചുകിട്ടാതെ കണക്കിലെ ഈ അഡ്ജസ്റ്റുമെന്റുകൊണ്ട് പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത നിലയിലാണു സംഘങ്ങള്‍. ഈ ഘട്ടത്തിലാണ് ആശ്വാസ നടപടിയായി സഹകരണ വകുപ്പ് നവകേരളം കുടിശ്ശിക നിവാരണ പദ്ധതി പ്രഖ്യാപിച്ചത്. എല്ലാ വര്‍ഷവും സഹകരണ വകുപ്പ് കുടിശ്ശിക നിവാരണ പദ്ധതി നടത്താറുണ്ട്. ഇതു സംഘങ്ങള്‍ക്കും ജനങ്ങള്‍ക്കും ഒരേപോലെ സഹായകമായിരുന്നു. കുടിശ്ശികയായ വായ്പകള്‍ക്കു പരമാവധി ഇളവു നല്‍കി തിരിച്ചടവിനു പ്രേരിപ്പിക്കാന്‍ സഹകരണ സംഘങ്ങള്‍ക്കു കഴിയും. കടബാധ്യതയില്‍ നിന്നു തലയൂരാന്‍ ഈ അവസരം ഇടപാടുകാര്‍ക്കും ഉപയോഗപ്പെടുത്താം.

ഒരു നാട്ടില്‍ പരസ്പരം കണ്ടുമുട്ടുന്നവര്‍ തമ്മിലുള്ള ഒത്തുതീര്‍പ്പാണു സഹകരണ സംഘവും ഇടപാടുകാരും തമ്മിലുള്ള കുടിശ്ശിക നിവാരണ തീര്‍പ്പുകള്‍. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ കുടിശ്ശിക നിവാരണപദ്ധതി ഒരു ജനകീയ പദ്ധതിയായി മാറുന്നതാണ് അതിന്റെ ഒരു പൊതു സ്വഭാവം. എന്നാല്‍, ഈ വര്‍ഷത്തെ കുടിശ്ശിക നിവാരണ പദ്ധതി തെറ്റായ സന്ദേശമാണു പൊതുജനങ്ങള്‍ക്കു നല്‍കിയത്. ഒരു സഹകരണ സംഘത്തിലെ ഒരു വായ്പയുടെ കാലയളവ് മുഴുവന്‍ കുടിശ്ശിക നിവാരണ പദ്ധതി നടപ്പാക്കിയതു ചരിത്രത്തില്‍ ആദ്യമാണ്. 2021 മാര്‍ച്ച് 31 വരെ പൂര്‍ണമായോ ഭാഗികമായോ കുടിശ്ശികയായ വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കലിനു പരിഗണിക്കാമെന്നാണു കുടിശ്ശിക നിവാരണം പ്രഖ്യാപിച്ച ആദ്യ സര്‍ക്കുലറില്‍ പറയുന്നത്. 2021 ആഗസ്റ്റ് 13 നാണ് ഈ സര്‍ക്കുലര്‍ ഇറങ്ങിയത്. ഇത് ഏഴുതവണ നീട്ടി. 2022 ജൂണ്‍ 30 വരെയാണ് ഒടുവിലിറങ്ങിയ സര്‍ക്കുലറനുസരിച്ച് കുടിശ്ശിക നിവാരണത്തിന്റെ സമയം. 2022 മാര്‍ച്ച് 31 വരെ പൂര്‍ണമായോ ഭാഗികമായോ കുടിശ്ശികയായ വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കലിനു പരിഗണിക്കാമെന്നാണ് ഒടുവിലത്തെ സര്‍ക്കുലറില്‍ പറയുന്നത്. പ്രാഥമിക സഹകരണ ബാങ്കുകളുടെ ഭൂരിഭാഗം വായ്പകളുടെയും കാലാവധി ഒരു വര്‍ഷമാണ്. ആ കാലയളവ് മുഴുവനാണു കുടിശ്ശിക നിവാരണത്തിന്റെയും കാലയളവ് എന്നതാണ് ഇത്തവണത്തെ പദ്ധതിപ്രഖ്യാപനത്തിന്റെ പ്രത്യേകത. സഹകാരികളുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ നീട്ടുന്നതെന്നാണ് എല്ലാ സര്‍ക്കുലറിലും പറയുന്നത്. എന്നാല്‍, ഇത്തരമൊരു ആവശ്യം പ്രാഥമിക വായ്പാ സഹകരണ സംഘങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഒരു സഹകാരിപോലും ഇപ്പോള്‍ ഉന്നയിക്കില്ലെന്നതാണു വസ്തുത.

പ്രാധാന്യം രാഷ്ട്രീയ
വിഷയങ്ങള്‍ക്ക്

സഹകരണ വായ്പാ മേഖല നേരിടുന്ന രോഗത്തിന്റെ അടയാളങ്ങളാണ് ഇപ്പോള്‍ പ്രകടമായിരിക്കുന്ന കാര്യങ്ങളെല്ലാം. ഇതു സൂക്ഷ്മതയോടെ പഠിക്കുകയും ജാഗ്രതയോടെ ഇടപെടുകയും വേണമെന്നതില്‍ ആര്‍ക്കും സംശമുണ്ടാകാനിടയില്ല. അമാന്തിച്ചാല്‍ അപകടം കൂടുന്ന സ്ഥിതിയുണ്ടാകും. സഹകരണ മേഖലയിലെ രാഷ്ട്രീയ വിഷയങ്ങള്‍ക്കു പ്രാധാന്യം കൈവരികയും സാമ്പത്തിക വിഷയങ്ങള്‍ പരിഗണിക്കപ്പെടാതെ പോകുകയും ചെയ്യുന്നതു വലിയ പ്രത്യാഘാതത്തിനു വഴിവെക്കും. അതിന്റെ സൂചനയാണു നഷ്ടക്കണക്കുമായി നില്‍ക്കുന്ന പ്രാഥമിക സഹകരണ ബാങ്കുകളുടെ എണ്ണം 726 ല്‍ എത്തിനില്‍ക്കുന്നത്. സഹകരണ സംഘങ്ങളുടെ വായ്പാരീതിയിലും അടിയന്തരമാറ്റം വേണ്ടതുണ്ട്. ഉല്‍പ്പാദനക്ഷമതയുള്ള വായ്പകളുടെ എണ്ണം കുറഞ്ഞുവരികയാണ്. പ്രാദേശിക സംരംഭങ്ങള്‍ക്കു സഹകരണ സംഘങ്ങളിലൂടെ വായ്പ എന്ന രീതിയാണു സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. ഇതിനു സര്‍ക്കാര്‍ സബ്‌സിഡി ലഭ്യമാക്കിയാല്‍ പ്രാദേശിക വികസനമാണ് ഉണ്ടാകുന്നത്. സൗരോര്‍ജ പദ്ധതികള്‍ക്കു സഹകരണ ബാങ്കുകള്‍ വായ്പ നല്‍കിയാല്‍ സബ്‌സിഡിക്കു പരിഗണിക്കാത്ത സ്ഥിതിയുണ്ട്. ഇത്തരത്തില്‍ വായ്പയുടെ വിതരണത്തിലും വിന്യാസത്തിലും പൊളിച്ചെഴുത്തു വേണ്ടതുണ്ട്. ഇതിനാണു സര്‍ക്കാര്‍ സഹായിക്കേണ്ടത്. അല്ലാതെ വായ്പാ തിരിച്ചടവിനു വിഘാതമാകുന്ന സര്‍ക്കാര്‍പരിഷ്‌കാരം ഗുണപരമായ മാറ്റമല്ല സഹകരണ മേഖലയിലുണ്ടാക്കുക.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!