സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപ വായ്പാ കളക്ഷൻ ഏജന്റ്മാർക്ക് പിരിവുകൾ പുനരാരംഭിക്കാമെന്ന് സഹകരണ സംഘം രജിസ്ട്രാർ.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപ വായ്പാ കളക്ഷൻ ഏജന്റ്മാരുടെ പിരിവുകൾ പുനരാരംഭിക്കാമെന്ന് സഹകരണ സംഘം രജിസ്ട്രാർ അറിയിച്ചു. നിക്ഷേപ വായ്പാ കളക്ഷൻ ഏജന്റ്മാർ മുഖേനയുള്ള ജോലികൾ നിർത്തി വെയ്ക്കുന്നതിന് നേരത്തെ സഹകരണസംഘം രജിസ്ട്രാർ ഉത്തരവിട്ടിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ അടച്ചിടൽ കാലയളവിലെ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പിരിവുകൾ പുനരാരംഭിക്കാൻ രജിസ്ട്രാർ അനുമതി നൽകിയത്.
സർക്കാരും ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും കർശനമായി പാലിച്ചുകൊണ്ട് വേണം പിരിവുകൾ പുനരാരംഭിക്കേണ്ടതെന്ന് സർക്കുലറിൽ പറയുന്നു. ഇവർക്ക് വേതനം / കമ്മീഷൻ കണക്കാക്കുമ്പോൾ 10,000 രൂപയിൽ താഴെയാണെങ്കിൽ പരമാവധി 10,000 രൂപയും യഥാർത്ഥ കമ്മീഷൻ പതിനായിരം രൂപയിൽ കൂടുതൽ ആണെങ്കിൽ ആയതും പ്രതിമാസ വേതനമായി നൽകുന്നതിന് രജിസ്ട്രാർ നിർദ്ദേശിച്ചു. ഇപ്രകാരം കലക്ഷൻ ഏജന്റ്മാർക് ലോക് ഡൗൺ കാലയളവിൽ അവരുടെ പ്രതിമാസ മിനിമം വേതനവും യഥാർത്ഥ കളക്ഷൻ കമ്മീഷനും കഴിച് അധികമായി തുക നൽകിയിട്ടുണ്ടെങ്കിൽ അധികമായി നൽകിയ തുക തുടർന്നുവരുന്ന 10 മാസങ്ങളിലെ കളക്ഷൻ കമ്മീഷനിൽ നിന്നും പ്രതിമാസ തവണകളായി തിരികെ ഈടാക്കണമെന്നും രജിസ്ട്രാറുടെ സർക്കുലറിൽ പറയുന്നു.