സഹകരണ സംഘത്തിലെ അംഗത്വം ഒരാളുടെ അവകാശം

പോള്‍ ലെസ്‌ലി. സി. ( റിട്ട. ജോയിന്റ് രജിസ്ട്രാര്‍, എറണാകുളം )

ഒരു സഹകരണസംഘത്തിലെ അംഗത്വം ഒരാളുടെ അവകാശമാണെന്നു
വ്യക്തമാക്കുന്നതുള്‍പ്പെടെ സഹകരണമേഖലയുമായി ബന്ധപ്പെട്ട ഏതാനും കേസുകളുടെ വിധി ഈ ലക്കത്തില്‍ വായിക്കാം

ഒരു സഹകരണസംഘത്തില്‍ ഒരാള്‍ക്കു നല്‍കുന്ന അംഗത്വം അയാളുടെ അവകാശമാണെന്നും ഒരു അഡ്മിനിസ്‌ട്രേറ്റര്‍ക്കു സംഘത്തില്‍ അംഗത്വം നല്‍കാന്‍ അവകാശമോ അധികാരമോ ഇല്ലെന്നും കേരള ഹൈക്കോടതി വിധിച്ചു. ഒരു ഏകാംഗ ബെഞ്ചിന്റെ വിധിയെത്തുടര്‍ന്ന്, ഹൈക്കോടതിനിയമത്തിലെ വകുപ്പ് 5 ( 1 ) പ്രകാരം അപ്പീല്‍ കേള്‍ക്കാന്‍ വേണ്ടി രൂപവത്കരിക്കപ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്കായി വിട്ട കേസിലാണ് ഈ വിധിയുണ്ടായത്.

ഒരു സഹകരണസംഘത്തിലെ അംഗങ്ങളാണു പരാതിക്കാര്‍. അതേ സംഘത്തില്‍ നിയമിക്കപ്പെട്ട അഡ്മിനിസ്‌ട്രേറ്റര്‍ അവരെ അംഗത്വത്തില്‍ നിന്നു പൂറത്താക്കുന്നതിനായി നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസിനെതിരെയാണ് ഏകാംഗ കോടതിയില്‍ കേസ് കൊടുത്തത്. കേസിലെ വിധിയെത്തുടര്‍ന്നു സമര്‍പ്പിച്ച അപ്പീലില്‍ ശ്രദ്ധേയമായ നിരീക്ഷണങ്ങളാണു ജസ്റ്റിസുമാരായ അലക്‌സാണ്ടര്‍ തോമസ്, ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നടത്തിയത്. ഒരു സഹകരണസംഘത്തില്‍ ഒരംഗത്തിനു നല്‍കുന്ന അംഗത്വം അയാളുടെ അവകാശമാണെന്നും ഒരു അഡ്മിനിസ്‌ട്രേറ്റര്‍ക്കു സംഘത്തില്‍ അംഗത്വം നല്‍കാന്‍ അവകാശമോ അധികാരമോ ഇല്ലെന്നും ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പട്ടു. കേസില്‍ ഡിവിഷന്‍ ബെഞ്ചിന്റെ പ്രധാന നിരീക്ഷണങ്ങള്‍ ഇവയാണ്:

എ ) ഇന്ത്യന്‍ ഭരണഘടന 1950, അനുച്ഛേദം 226, കേരള സഹകരണസംഘം നിയമം വകുപ്പ് 104, ചട്ടം 16 (3) പ്രകാരം ഒരംഗത്തിനു നല്‍കപ്പെടുന്ന അംഗത്വം അയാളുടെ അവകാശമാണ്. അതിനാല്‍ത്തന്നെ അയാളുടെ അംഗത്വം ചോദ്യം ചെയ്യപ്പെടാന്‍ മറ്റൊരംഗത്തിനു സാധ്യമല്ല. അതു ബന്ധപ്പെട്ട അധികാരികളില്‍മാത്രം നിക്ഷിപ്തമായതാണ്. ( ഖണ്ഡിക 9 ).

ബി ) കേരള സഹകരണസംഘംനിയമം വകുപ്പ് 104, ചട്ടം 16 (3) പ്രകാരം ഒരു അഡ്മിനിസ്‌ട്രേറ്റര്‍ക്കു സഹകരണസംഘത്തില്‍ അംഗത്വം നല്‍കുന്നതിന് അവകാശമോ അധികാരമോ ഇല്ല. അപ്രകാരമുള്ള അധികാരം തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതികള്‍ക്കാണ്. ( ഖണ്ഡിക 11 )

സി ) സഹകരണനിയമത്തിലെ വകുപ്പുകള്‍പ്രകാരമോ ചട്ടങ്ങള്‍പ്രകാരമോ സംഘത്തിന്റെ ഉപനിബന്ധനകള്‍പ്രകാരമോ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് / അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിക്ക് അംഗത്വം നല്‍കാന്‍ ആധികാരികത ഇല്ല. അതു ജനാധിപത്യപരമായ നിയന്ത്രണത്തിനു വിധേയമായി നല്‍കപ്പെടേണ്ടതാണ്. അപ്രകാരമല്ലാതെ നല്‍കപ്പെടുന്ന അംഗത്വം നടപടികള്‍ പാലിച്ചുകൊണ്ട് നീക്കം ചെയ്യാവുന്നതാണ്. ( ഖണ്ഡിക 23 )

ഡി ) കേരള സഹകരണസംഘം വകുപ്പ് 104, ചട്ടം 16 (3) പ്രകാരം ഒരു സംഘത്തില്‍ അംഗത്വം നല്‍കുന്നതിനുള്ള അപേക്ഷ പരിഗണിച്ച് അംഗത്വം നല്‍കുന്നതു ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ അധികാരത്തില്‍പ്പെടുന്നതും അഡ്മിനിസ്‌ട്രേറ്റര്‍ക്ക് / അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിക്ക് അധികാരമില്ലാത്തതുമാണ്. അങ്ങനെ അഡ്മിനിസ്‌ട്രേറ്റര്‍ / അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗത്വം നല്‍കിയിട്ടുണ്ടെങ്കില്‍ അതു ചട്ടം 16 (1) (ബി) യുടെ ലംഘനമാണ്. അതിനാല്‍ത്തന്നെ ചട്ടം 16 (3) ല്‍ പറയുന്ന നടപടിക്രമങ്ങള്‍ പാലിച്ച് അംഗത്വത്തില്‍ നിന്നു പുറത്താക്കാവുന്നതാണ്. ( ഖണ്ഡിക 25 ) ( I C O 2187 / 2022 W A 1121 / 2020, തീയതി 01-12-2022 )

മുന്‍ഭരണസമിതിക്കെതിരായ
ആരോപണത്തിന്റെ പേരില്‍
പുതിയ സമിതിയെ ശിക്ഷിക്കരുത്

ഒരു സഹകരണസംഘത്തിന്റെ മുന്‍ ഭരണസമിതിയുടെ കാലത്ത് ഉയര്‍ന്ന ആരോപണങ്ങള്‍ സംബന്ധിച്ച അന്വേഷണം അതേ സമിതിയുടെ കാലാവധിക്കുള്ളില്‍ അവസാനിപ്പിക്കാതെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സമിതിയെ സസ്‌പെന്റ് ചെയ്യുന്നത് അനുവദിക്കാവുന്നതല്ലെന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇടുക്കി ജില്ലയിലെ വെള്ളത്തൂവല്‍ സര്‍വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ 91 ഭരണസമിതി നല്‍കിയ കേസിലുണ്ടായ വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട റിട്ട് അപ്പീലില്‍ ജസ്റ്റിസുമാരായ സി.ടി. രവികുമാര്‍, കെ. ഹരിപാല്‍ എന്നിവര്‍ പുറപ്പെടുവിച്ച അന്തിമവിധിയിലാണ് ഇങ്ങനെ ചൂണ്ടിക്കാട്ടുന്നത്.

വെള്ളത്തൂവല്‍ സഹകരണ ബാങ്കിന്റെ ഭരണസമിതിയെ 2020 ജൂലായ് മൂന്നിലെ ഉത്തരവിനാല്‍ ജോയിന്റ് രജിസ്ട്രാര്‍ സസ്‌പെന്‍ഡ് ചെയ്തതാണു കേസിനാസ്പദമായ സംഭവം. 2018 ഡിസംബര്‍ 30 നു തിരഞ്ഞെടുക്കപ്പെട്ട ഈ ഭരണസമിതി ചുമതല ഏറ്റെടുത്തത് 2019 ജനുവരി ഒന്നിനാണ്. ( ഭരണസമിതിയുടെ കാലാവധി 2024 ഡിസംബര്‍ 31 വരെയാണ് ). മുന്‍ ഭരണസമിതിയുടെ കാലത്തു ലഭിച്ച ധാരാളം പരാതികളുടെ അടിസ്ഥാനത്തില്‍ 65-ാം വകുപ്പു പ്രകാരമുള്ള അന്വേഷണനടപടികള്‍ അപ്പോള്‍ നടക്കുന്നുണ്ടായിരുന്നു. എന്നാല്‍, മുന്‍ഭരണസമിതിക്കെതിരെ നടപടികള്‍ എടുക്കുന്നതിനു മുമ്പായി ആ കമ്മറ്റിയുടെ കാലാവധി അവസാനിക്കുകയും പുതിയ ഭരണസമിതി ചുമതല ഏറ്റെടുക്കുകയും ചെയ്തു.

2019 നവംബര്‍ പതിനൊന്നിനു 36 പേര്‍ നല്‍കിയ ഒരു പരാതിയില്‍ ജോയിന്റ് രജിസ്ട്രാര്‍ അസി. രജിസ്ട്രാര്‍ മുഖാന്തിരം അന്വേഷണം നടത്തി. നിലവിലുള്ള കമ്മറ്റി തുടര്‍ന്നാല്‍ അന്വേഷണം സുഗമമായി നടത്തി പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരുമെന്നായിരുന്നു അസി. രജിസ്ട്രാറുടെ റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്നു നിലവിലെ ഭരണസമിതിയെ സസ്‌പെന്റ് ചെയ്യാന്‍ വകുപ്പ് 32 ( 1 ) പ്രകാരം നോട്ടീസ് നല്‍കുകയും സസ്‌പെന്റ് ചെയ്ത് അസി. രജിസ്ട്രാറെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഈ ഉത്തരവിനെതിരെയാണ് W P ( C ) 13602 / 2020 കേസ് ഫയല്‍ ചെയ്യപ്പെട്ടത്. ഈ കേസിന്റെ വിധിയില്‍ കമ്മറ്റിയെ സസ്‌പെന്റ് ചെയ്ത ഉത്തരവ് സിംഗിള്‍ ബെഞ്ച് റദ്ദാക്കി. പരാതിക്കാരുടെ വാദങ്ങള്‍ രണ്ടാഴ്ചക്കകം എഴുതി നല്‍കണമെന്നും വകുപ്പ് 32 പ്രകാരമുള്ള നിയമാനുസൃത നടപടികളില്‍ പൂര്‍ണമായി സഹകരിക്കണമെന്നും സംഘത്തിന്റെ ദൈനംദിനകാര്യങ്ങളിലൊഴികെ പ്രധാനപ്പെട്ട നയപരമായ കാര്യങ്ങളില്‍ തീരുമാനമൊന്നും എടുക്കരുതെന്നും വകുപ്പ് 65 പ്രകാരമുള്ള അന്വേഷണനടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഈ ഉത്തരവിനെതിരെയാണു റിട്ട് അപ്പീല്‍ ഫയല്‍ ചെയ്തത്. ജസ്റ്റിസുമാരായ സി.ടി. രവികുമാറും കെ. ഹരിപാലും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ അനുവദിച്ചു. ഭരണസമിതിയെ സസ്‌പെന്റ് ചെയ്തുകൊണ്ട് ജോയിന്റ് രജിസ്ട്രാര്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ചിന്റെ നടപടി ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയും അപ്പീല്‍ക്കോടതിയുടെ ഉത്തരവ് കൈപ്പറ്റി ഉടന്‍ ഭരണസമിതിക്കു ചുമതല കൈമാറാന്‍ നിര്‍ദേശിക്കുകയും ചെയ്തു. വകുപ്പ് 32 പ്രകാരമുള്ള നടപടികള്‍ തുടരാനും ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ് ഒരു നോട്ടീസായി കണക്കാക്കി അതിനുള്ള ഭരണസമിതിയുടെ വിശദീകരണം നല്‍കാനും നിര്‍ദേശിച്ചു. അന്വേഷണനടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹകരിക്കാനും സംഘത്തിന്റെ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോകാനും ഡിവിഷന്‍ ബെഞ്ച് അനുവദിച്ചു.

അപ്പീല്‍ അനുവദിച്ചുകൊണ്ട് ഡിവിഷന്‍ ബെഞ്ച് നടത്തിയ പ്രധാന നിരീക്ഷണങ്ങള്‍:

എ ) വകുപ്പ് 32, 65 പ്രകാരമുള്ള കമ്മറ്റിയെ നീക്കംചെയ്യല്‍ നടപടി സ്ഥിരസ്വഭാവത്തോടെയുള്ളതാണ്. അതിനുശേഷം അഡ്മിനിസ്‌ട്രേറ്ററെ / അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയെ നിയമിക്കുന്നതു പുതിയ ഭരണസമിതിയെ ചുമതലപ്പെടുത്തുന്നതിനുവേണ്ടിയാണ്. എന്നാല്‍, മേല്‍പ്രകാരമുള്ള അധികാരവിനിയോഗത്തില്‍ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടുന്നില്ലെങ്കിലോ കമ്മറ്റിയെ പിരിച്ചുവിടുന്നില്ലെങ്കിലോ അധികാരം തിരികെ നല്‍കാതിരിക്കുന്നതു ശരിയായ നടപടിയല്ല.

ബി ) അന്വേഷണം പൂര്‍ത്തീകരിക്കാതെ നീക്കം ചെയ്യല്‍ അനുവദിക്കപ്പെടുന്നില്ല എന്നാണ് ‘ അന്വേഷണനടപടികള്‍ പൂര്‍ത്തിയാക്കുമ്പോള്‍’ എന്ന വകുപ്പ് 65 ( 6 ) ലെ വാക്കുകള്‍ തെളിയിക്കുന്നത്

സി ) മുന്‍ ഭരണസമിതിയുടെ കാലത്തെ ആരോപണങ്ങള്‍ സംബന്ധിച്ച അന്വേഷണം അതേ സമിതിയുടെ കാലാവധിക്കുള്ളില്‍ അവസാനിപ്പിക്കാതെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സമിതിയെ സസ്‌പെന്റ് ചെയ്യുന്നത് അനുവദിക്കാവുന്നതല്ല.

ഡി ) വകുപ്പ് 32, 65 പ്രകാരം കമ്മറ്റിയെ നീക്കം ചെയ്യല്‍, സസ്‌പെന്റ് ചെയ്യല്‍ തുടങ്ങിയ നടപടികള്‍ വളരെ കഠിനമായ ശിക്ഷയാണ്. ഒഴിച്ചുകൂടാനാ വാത്ത അത്യാവശ്യ സന്ദര്‍ഭങ്ങളിലേ അവ വിനിയോഗിക്കാവൂ. അത്തരം സന്ദര്‍ഭങ്ങളില്‍ നടപടിക്രമങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടേ നടപടിയെടുക്കാന്‍ പാടുള്ളു.

ഇ ) ഭരണസമിതിയെ സസ്‌പെന്റ് ചെയ്യല്‍, നീക്കം ചെയ്യല്‍ പോലുള്ള നടപടികളെപ്പറ്റി സഹകരണസംഘം നിയമത്തില്‍ പ്രത്യേകമായി പരാമര്‍ശിക്കുന്നില്ല. അങ്ങനെ നിര്‍വചിക്കപ്പെടാത്ത സാഹചര്യത്തില്‍ ഒരു സംഘത്തിന്റെ ഭരണസമിതിയെ സസ്‌പെന്റ്് ചെയ്യുന്നതു തര്‍ക്കവിഷയവും കാരണമില്ലാത്ത ഒരു നടപടിയുമായിരിക്കും. ( I C O 754 / 2021, W A No. 1031 / 2020 തീയതി : 31-05-2021 )

                                                     (മൂന്നാംവഴി സഹകരണ മാസിക ജനുവരി ലക്കം 2024)

Leave a Reply

Your email address will not be published.