സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തന വിവരങ്ങള്‍ നല്‍കണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍

admin@moonamvazhi.com

സംസ്ഥാനത്തെ എല്ലാ സഹകരണ സംഘങ്ങളുടെയും വിവരങ്ങള്‍ നല്‍കണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍. ഇതിന് ഡിജിറ്റല്‍ പ്ലാറ്റ് ഫോം ഒരുക്കുമെന്നും, അതില്‍ വിവരങ്ങള്‍ അപ്പപ്പോള്‍ രേഖപ്പെടുത്തി നല്‍കണമെന്നുമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഏതൊക്കെ വിവരങ്ങളാണ് സംഘങ്ങള്‍ നല്‍കേണ്ടത് എന്നത് സംബന്ധിച്ച് സമഗ്രമായ കത്ത് കേന്ദ്രസഹകരണ മന്ത്രാലയം സംസ്ഥാനത്തിന് നല്‍കിയിട്ടുണ്ട്. എല്ലാസംസ്ഥാനങ്ങളിലെയും സഹകരണ സംഘങ്ങളുടെ വിവരം ശേഖരിച്ച് വിലയിരുത്തല്‍ നടത്തുന്നതിനായി കേന്ദ്രഡാറ്റ സെന്റര്‍ സ്ഥാപിക്കുന്നതിനാണിതെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

രണ്ടുവിഭാഗങ്ങളായാണ് സംഘങ്ങള്‍ കേന്ദ്രത്തിന് വിവരങ്ങള്‍ കൈമാറേണ്ടതെന്നാണ് സംസ്ഥാനത്തിന് ലഭിച്ച അറിയിപ്പിലുള്ളത്. സ്റ്റാറ്റിക് ബ്ലോക്ക്, ഡൈനാമിക ബ്ലോക്ക് എന്നിങ്ങനെയാണ് ഈ രണ്ടുവിഭാഗങ്ങള്‍. ഇവ ഓരോന്നിലും എന്തൊക്കെ കാര്യങ്ങളാണ് നല്‍കേണ്ടതെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. അത് ഓണ്‍ലൈനായി നല്‍കണം. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കണമെന്നും കേന്ദ്രസഹകരണ മന്ത്രാലയം നല്‍കിയ കത്തില്‍ വിശദമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഏപ്രില്‍ 22നാണ് കേന്ദ്രം കത്ത് നല്‍കിയത്. എന്നാല്‍, സംഘങ്ങളുടെ ഡാറ്റ കൈമാറുന്നത് സംബന്ധിച്ച് സംസ്ഥാനത്തിന്റെ നിലപാട് ഇതുവരെ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടില്ല.

സഹകരണ സംഘങ്ങളുടെ പൊതുവിവരങ്ങള്‍ ഇത്തരത്തില്‍ ശേഖരിക്കുന്നതിനൊപ്പം പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളുടെ വിവരങ്ങള്‍ നബാര്‍ഡ് വഴിയും കേന്ദ്രം ശേഖരിക്കുന്നുണ്ട്. നബാര്‍ഡിന് വിവരങ്ങള്‍ ഔദ്യോഗികമായി നല്‍കാന്‍ സഹകരണ വകുപ്പ് തയ്യാറായിട്ടില്ല. എന്നാല്‍, പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളെ ബന്ധിപ്പിച്ച് കേന്ദ്ര ഓണ്‍ലൈന്‍ നെറ്റ് വര്‍ക്കിനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും കേന്ദ്ര സഹകരണ മന്ത്രാലയം സംസ്ഥാനത്തിന് കൈമാറിയിട്ടുണ്ട്. ഇത് കാര്‍ഷിക വായ്പ സംഘങ്ങളുടെ വിവരങ്ങളെല്ലാം കേന്ദ്ര സെര്‍വറിലേക്ക് മാറ്റുന്ന പദ്ധതി കൂടിയാണ്. ഇതിലും സംസ്ഥാന സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുകയോ കേന്ദ്രത്തെ അറിയിക്കുകയോ ചെയ്തിട്ടില്ല.

രാജ്യത്തിന്റെ വികസനം സഹകരണ പ്രസ്ഥാനത്തിലൂടെയെന്നതാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ആശയം. ഇതിന് ഓരോ സംസ്ഥാനത്തെയും വൈവിധ്യരൂപത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളുടെ പ്രത്യേകത അറിഞ്ഞ് അവയ്ക്ക് പ്രോത്സാഹനം നല്‍കുക എന്ന സമീപനമാണ് സ്വീകരിക്കേണ്ടത് എന്നതാണ് കേന്ദ്ര സഹകരണ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തില്‍ പദ്ധതി ആസൂത്രണം ചെയ്യണമെങ്കില്‍ വിവരശേഖരണം നടത്തി അത് വിലയിരുത്തേണ്ടതുണ്ട്. ഓരോ സംസ്ഥാനത്തിനും വേണ്ടരീതിയില്‍ പദ്ധതിയും പദ്ധതിവിഹിതവും ലഭിക്കുന്നതിനാണ് ഇതെന്നാണ് വിശദീകരണം.

അതേസമയം, കേരളത്തിലെ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തര്‍ക്കം പലരീതിയിലും നിലനില്‍ക്കുന്നുണ്ട്. കേന്ദ്രത്തിന്റെ സഹകരണ പരീക്ഷണത്തില്‍ കേരളത്തിലെ സഹകാരികള്‍ ആശങ്കയുള്ളവരുമാണ്. എന്നിട്ടും കേന്ദ്രത്തിന്റെ പുതിയ നടപടികളെ സംസ്ഥാന ഗൗരവത്തോടെ കണ്ട് നിലപാട് എടുക്കാത്തതിലും വിമര്‍ശനമുണ്ട്. വിവിധ ഘട്ടങ്ങളിലായി കേരളത്തില്‍നിന്ന് അടക്കമുള്ള സഹകരണ വകുപ്പ് സെക്രട്ടറിമാര്‍, സഹകരണ സംഘം രജിസ്ട്രാര്‍മാര്‍, സംസ്ഥാന സഹകരണ ബാങ്ക് പ്രതിനിധികള്‍ എന്നിവരുടെയെല്ലാം യോഗം കേന്ദ്ര സഹകരണ മന്ത്രിലായം നടത്തിയിട്ടുണ്ട്. അതിലും കേന്ദ്ര പദ്ധതികളെല്ലാം വിശദീകരിച്ചതാണ്. എന്നിട്ടും ഈ വിഷയത്തെ ഗൗരവത്തോടെ കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നാണ് വിമര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *

Latest News