സഹകരണ സംഘങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ചേര്‍ക്കുന്ന അംഗങ്ങള്‍ക്ക് വോട്ടവകാശം ലഭിക്കില്ല

Deepthi Vipin lal

സഹകരണ സംഘങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ചേര്‍ക്കുന്ന അംഗങ്ങള്‍ക്ക് വോട്ടവകാശം നല്‍കേണ്ടെന്ന വ്യവസ്ഥ സഹകരണ നിയമത്തില്‍ ഉള്‍പ്പെടുത്തുന്നു. ഒരു സംഘത്തിന്റെ ഭരണസമിക്കുള്ള എല്ലാ അധികാരങ്ങളും ഭരണസമിതിയുടെ അഭാവത്തില്‍ ആ ചുമതല നിര്‍വഹിക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ക്കും ഉണ്ടാകുമെന്നതാണ് നിലവിലെ വ്യവസ്ഥ. ഇതിലാണ് അംഗങ്ങളെ ചേര്‍ക്കുമ്പോഴുള്ള അധികാരത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നത്.

സഹകരണ നിയമത്തിലെ 32-ാം വകുപ്പില്‍ പുതിയ വ്യവസ്ഥയായാണ് ഇത് ഉള്‍പ്പെടുത്തുന്നത്. അഡ്മിനിസ്‌ട്രേറ്റര്‍ ചേര്‍ക്കുന്ന അംഗത്തിന് വോട്ടവകാശം ലഭിക്കണമെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ആ അംഗത്വം സാധൂകരിക്കണമെന്നാണ് പുതിയ വ്യവസ്ഥ. ഈ അംഗങ്ങളെ ഭരണസമിതി അംഗീകരിച്ചില്ലെങ്കില്‍ അതിന് കൃത്യമായ കാരണം ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും കരട് ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

 

സ്റ്റേറ്റ് കോഓപ്പറേറ്റീവ് യൂണിയന്‍, സര്‍ക്കിള്‍ കോഓപ്പറേറ്റീവ് യൂണിയന്‍ എന്നിവയിലേക്ക് ഭരണസമിതി അംഗത്തെ നോമിനേറ്റ് ചെയ്യാനുള്ള ബോര്‍ഡിന്റെ അധികാരം എടുത്തുകളയുകയാണ്. ഇത്തരത്തില്‍ ഭരണസമിതിയുടെ പ്രതിനിധി ആരാണെന്നത് നേരത്തെ തന്നെ തിരഞ്ഞെടുക്കണം. ഇതിനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കി. ഈ അംഗത്തെ മാറ്റിനിര്‍ത്തേണ്ടിവരികയോ രാജിവെക്കുകയോ ചെയ്താല്‍ പുതിയ അംഗത്തെ തിരഞ്ഞെടുക്കാനും ഭരണസമിതി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കേണ്ടിവരും. കമ്മീഷനിലേക്ക് സഹകരണ വകുപ്പില്‍നിന്ന് വിരമിച്ചവരെ നിയമിക്കാമെന്ന വ്യവസ്ഥയും കൊണ്ടുവരുന്നുണ്ട്. അഡീഷ്ണല്‍ രജിസ്ട്രാര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെയാണ് ഇത്തരത്തില്‍ നിയമിക്കാനാകുന്നത്.

സംഘങ്ങള്‍ക്ക് പിഴ ചുമത്താനുള്ള അധികാരം രജിസ്ട്രാര്‍ക്ക് നല്‍കുന്ന പുതിയ വ്യവസ്ഥ കരട് നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അനുമതിയില്ലാതെയോ, നിലവിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായ രീതിയിലോ സംഘം ഏതെങ്കിലും വിധത്തില്‍ ഫണ്ട് ഉപയോഗിച്ചാലും നിക്ഷേപിച്ചാലും രജിസ്ട്രാര്‍ക്ക് സംഘത്തിന് പിഴചുമത്താനാകും. ഇത് റിസര്‍വ് ബാങ്ക് പിന്തുടരുന്ന രീതിയാണ്. അത് അതേരീതിയില്‍ സഹകരണ മേഖലയിലേക്കും ഉള്‍പ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളത്. പ്രാഥമിക സംഘങ്ങള്‍ അവയുടെ അപ്പക്‌സ് ബാങ്കില്‍ മാത്രം നിക്ഷേപം നടത്തണമെന്നാണ് സഹകരണ സംഘം രജിസ്ട്രാര്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍, പ്രാഥമിക സഹകരണ ബാങ്കുകള്‍ മറ്റ് വാണിജ്യ ബാങ്കുകളുടെ സഹായത്തോടെയാണ് ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ നടത്തുന്നത്. ഇതിന് വാണിജ്യ ബാങ്കില്‍ അക്കൗണ്ട് എടുക്കേണ്ടതുണ്ട്. പുതിയ വ്യവസ്ഥ അനുസരിച്ച് അത് അനുമതിയില്ലാത്ത ഫണ്ട് നിക്ഷേപമായി കണക്കാക്കാം. സംഘത്തിന് പിഴചുമത്താവുന്ന കുറ്റവുമാകാം.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!