സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന് പലിശ കുറഞ്ഞത് തിരിച്ചടിയാകുന്നു. ട്രഷറി നിക്ഷേപത്തിലെ ഉയർന്ന പലിശ നിക്ഷേപകരെ ആകർഷിക്കുന്നു.

adminmoonam

 

സംസ്ഥാനത്തെ സഹകരണസംഘങ്ങളിൽ പണം നിക്ഷേപിക്കുന്നതിൽ ജനങ്ങൾ വിമുഖത കാണിക്കുന്നു. നിക്ഷേപങ്ങൾക്ക് പലിശ കുറഞ്ഞതാണ് പ്രധാന കാരണം. തന്നെയുമല്ല സംസ്ഥാനത്തെ ട്രഷറികളിൽ നിക്ഷേപത്തിന് സഹകരണമേഖലയിൽ ഉള്ളതിനേക്കാൾ പലിശ കൂടുതലുള്ളത് ട്രഷറിയിലേക്ക് ജനങ്ങളെ ആകർഷിക്കുന്നു. സഹകരണ സംഘങ്ങളുടെ ഒരു പ്രധാന ആകർഷണം നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ എന്നതായിരുന്നു. ഇപ്പോൾ അത് ഇല്ലാതായി. സഹകരണ ബാങ്കുകളെകാൾ ആകർഷകമായ പലിശ നൽകുന്ന നിരവധി സ്മാൾ ഫിനാൻസ് ബാങ്ക് വന്നതും ട്രഷറിയിൽ നിക്ഷേപത്തിന് കൂടുതൽ പലിശ കിട്ടുന്നതും സഹകരണ മേഖലയിൽ നിന്നും ജനങ്ങളെ ചെറിയതോതിലെങ്കിലും മാറ്റി ചിന്തിക്കാൻ കാരണമാകുന്നുണ്ട്.

റിസർവ് ബാങ്ക് റിപ്പോ നിരക്കുകൾ കുറയുന്നതിന് ആനുപാതികമായി ബാങ്കിംഗ് മേഖലയിൽ നിക്ഷേപത്തിലും വായ്പയിലും കുറവ് വരുന്നുണ്ട്. ഇതു മൂലം ജനങ്ങൾ ഭേദപ്പെട്ട പലിശ കിട്ടുന്ന സംവിധാനങ്ങൾ നോക്കുന്നതിൽ തെറ്റുപറയാനാകില്ല. കേരള ബാങ്ക് വരുമ്പോൾ അതിന്റെ പലിശ നിരക്കി നാനുപാതികമായി പ്രാഥമിക സഹകരണ സംഘങ്ങളുടെയും പലിശ കുറയുന്നത് തിരിച്ചടിയാകുമെന്ന ആശങ്കയും ഇപ്പോൾതന്നെ സഹകരണ മേഖലയിൽ ഉള്ളവർ പങ്കുവയ്ക്കുന്നു. 2 ആഴ്ച മുൻപാണ് സഹകരണ സംഘങ്ങളിലെ വായ്പയുടെയും നിക്ഷേപത്തിന്റെയും പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചത്. ഇപ്പോഴത്തെ സാഹചര്യം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്കും ന്യൂജൻ ബാങ്കുകൾക്കും ഗുണകരമാകും എന്ന് വിശ്വസിക്കുന്ന സഹകാരികളും കുറവല്ല.

20,000 രൂപയിൽ കൂടുതൽ പണമായി സ്വീകരിക്കാനും നൽകാനോ പുതിയ നിയമമനുസരിച്ച് സാധിക്കുന്നില്ല. സ്വന്തം അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാനുള്ള പരിധി രണ്ടു ലക്ഷം രൂപയുമാക്കി. ഇങ്ങനെ സഹകരണ രംഗത്തെ ആകർഷിക്കുന്ന പലതും ഇന്ന് ഇല്ലാതായി. ആകെയുള്ളത് വിശ്വാസ്യത മാത്രമാണ്.

സർക്കാരിന്റെ ആവശ്യങ്ങൾക്ക് ട്രഷറി നിക്ഷേപം പ്രയോജനപ്പെടുത്താം എന്നതാണ് ട്രഷറിയിൽ പണമുണ്ടാക്കാനുള്ള സർക്കാരിന്റെ നേട്ടം. സംസ്ഥാന സർക്കാരിന് പുറം ഏജൻസികളിൽ നിന്നും കടം എടുക്കണമെങ്കിൽ കേന്ദ്രസർക്കാർ അനുമതി ആവശ്യമാണ്. ട്രഷറിയിൽ സർക്കാരിന് നേരിട്ട് ഇടപെടാം എന്നതിനാൽ ട്രഷറി നിക്ഷേപത്തിന്റെ ഗുണഗണങ്ങൾ സംബന്ധിച്ച് സർക്കാർ പ്രചരണ പരിപാടികളും നടത്തുന്നുണ്ട്. ട്രഷറിയിലെ പലിശനിരക്ക് ധനവകുപ്പിന് തീരുമാനിക്കാമെന്നും ഗുണമാണ്. ട്രഷറിയിൽ നിന്നും നിക്ഷേപങ്ങൾ പിൻവലിക്കുന്നത് നിരുത്സാഹപ്പെടുത്താനും സർക്കാർ പ്രചരണം നടത്തുന്നുണ്ട്. പ്രത്യേകിച്ച് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയങ്ങളിൽ ട്രഷറി നിക്ഷേപം സർക്കാരുകൾക്ക് വലിയ ആശ്വാസമാണ്.

നിലവിൽ ട്രഷറിയും സഹകരണ ബാങ്കുകളും തമ്മിൽ നിക്ഷേപങ്ങൾക്കുള്ള പലിശയിൽ .25% മുതൽ1% വളരെ വ്യത്യാസമുണ്ട്. ഇത് സാധാരണ നിക്ഷേപകർക്ക് വലിയ ആകർഷണം നൽകുന്ന കാര്യമാണ്. ട്രഷറി കൾക്ക് വായ്പ നൽകേണ്ടതില്ല എന്നത് ഏറെ ഗുണകരമായ സാഹചര്യമാണ്. എന്നാൽ സഹകരണസംഘങ്ങളിൽ വായ്പകു അനുസൃതമായി മാത്രമേ നിക്ഷേപത്തിന് പലിശ നൽകാൻ സാധിക്കൂ. സഹകരണ ബാങ്കുകളുടെ നിക്ഷേപങ്ങളിലും പ്രവർത്തനങ്ങളിലും റിസർവ് ബാങ്കും ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റ് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടു വരുന്ന പുതിയ സാഹചര്യത്തിൽ ട്രഷറിയും സഹകരണ സംഘങ്ങളും തമ്മിലുള്ള നിക്ഷേപത്തിലെ പലിശ വ്യത്യാസം സംഘങ്ങളെ കാര്യമായി ബാധിക്കുമെന്ന വിലയിരുത്തലാണ് സഹകാരികൾക്കുള്ളത്. ഇത് സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!