സഹകരണ വിദ്യാഭ്യാസം: ഒരു പുനര്‍ വിചിന്തനം

moonamvazhi

വളരുന്ന തലമുറയെ ലാഭേച്ഛ കൂടാതെയുള്ള പ്രവര്‍ത്തനങ്ങളിലേക്കു
ആകര്‍ഷിക്കുന്ന ഒരു വിദ്യാഭ്യാസ സംസ്‌കാരം നമ്മള്‍ രൂപപ്പെടുത്തണം.
സഹകരണ മൂല്യങ്ങളുടെയും തത്വങ്ങളുടെയും പ്രാധാന്യം എന്താണെന്നും
അവയിലധിഷ്ഠിതമായ ബിസിനസ് മോഡലുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു
എന്നതിന്റെയും അടിസ്ഥാനപാഠങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു പകര്‍ന്നുനല്‍കണം.
സഹകരണം വെറുമൊരു ബിസിനസ് മോഡലല്ല എന്നും അതൊരു ജീവിതശൈലി
തന്നെയാണെന്നുമുള്ള തിരിച്ചറിവ് സഹകരണ വിദ്യാഭ്യാസത്തിലൂടെ ഉണ്ടാക്കാനാവണം.

ഡോ. ഇന്ദുലേഖ ആര്‍

( അസി. പ്രൊഫസര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി, ആലപ്പുഴ )

‘ വിദ്യാഭ്യാസമെന്നാല്‍ എഴുത്തും വായനയും പഠിക്കുക എന്നതല്ല.
അതു പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കരുത്താര്‍ജിക്കലാണ് ‘ – ഗാന്ധിജി

വിദ്യാഭ്യാസത്തെക്കുറിച്ചുള്ള നിര്‍വചനങ്ങളാലും വ്യാഖ്യാനങ്ങളാലും സമ്പഷ്ടമാണ് നമ്മുടെ ലോകം. പക്ഷേ, വ്യാഖ്യാനങ്ങളിലുപരി യഥാര്‍ഥ വിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങള്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാന്‍ നാമത്ര മുന്‍പന്തിയിലല്ല എന്നതാണു വാസ്തവം. മറ്റു വിദ്യാഭ്യാസ മേഖലകളിലെന്നതുപോലെ സഹകരണ വിദ്യാഭ്യാസവും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കരുത്താര്‍ജിക്കുകയാണ്. ആധുനികീകരണവും കമ്പോളവത്കരണവും ഒരുമിച്ചു മത്സരിച്ച് ഉപഭോക്താക്കളെ വെറും ലാഭവിഹിതം വര്‍ധിപ്പിക്കാനുള്ള കരുക്കള്‍ മാത്രമായി നിലനിര്‍ത്തിക്കൊണ്ടുപോകുന്നതില്‍ നിന്നുളവാകുന്ന പ്രതിസന്ധി, സഹകരണ സംഘങ്ങളിലെ അംഗങ്ങളെ തിരഞ്ഞെടുപ്പില്‍ ആധിപത്യം ഉറപ്പിക്കാന്‍ വേണ്ടിമാത്രം അംഗങ്ങളായി നിലനിര്‍ത്തിക്കൊണ്ടുപോകുന്നതില്‍ നിന്നു ഉടലെടുത്ത പ്രതിസന്ധി, സഹകരണ ബിസിനസ് മോഡല്‍ ഉള്‍ക്കൊള്ളാതെ സഹകരണ സ്ഥാപനങ്ങളെ വെറും ബിസിനസ് സ്ഥാപനങ്ങള്‍ മാത്രമായിക്കണ്ട് വാണിജ്യരംഗത്തു മേല്‍ക്കോയ്മ നേടാമെന്നു വൃഥാ വിചാരിക്കുന്നതിലൂടെ രൂപപ്പെടുന്ന പ്രതിസന്ധി. ഇവയില്‍നിന്നൊക്കെ കരകയറാന്‍, പ്രതിസന്ധികളെ കരുത്തോടെ നേരിടാന്‍ ശക്തമായ അടിത്തറയുള്ള, എല്ലാ ജനവിഭാഗത്തിനും പ്രാപ്യമായ സഹകരണ വിദ്യാഭ്യാസം അനിവാര്യമാണ്.

സഹകരണ വിദ്യാഭ്യാസ
മോഡല്‍- എന്ത്, എങ്ങനെ ?

സഹകരണ ബിസിനസ് മോഡലിനു ഊന്നല്‍ കൊടുക്കുന്നതുപോലെത്തന്നെ പ്രത്യേകം ശ്രദ്ധ നല്‍കി പരിപാലിച്ചുകൊണ്ടുവരേണ്ടതാണ് സഹകരണ വിദ്യാഭ്യാസ മോഡലും. സഹകരണ മേഖലയുടെ പ്രത്യേകതകള്‍ മനസ്സിലാക്കി ലാഭേച്ഛ കൂടാതെയുള്ള പ്രവര്‍ത്തനങ്ങളിലേക്കു വളര്‍ന്നുവരുന്ന തലമുറയെ ആകര്‍ഷിക്കത്തക്കവിധത്തിലുള്ള ഒരു വിദ്യാഭ്യാസ സംസ്‌കാരം രൂപപ്പെടുത്തിയെടുക്കാന്‍ നമുക്കു സാധിക്കണം. ഈ മോഡലില്‍ ഇനി സൂചിപ്പിക്കുന്ന കാര്യങ്ങള്‍ക്കു കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നത് സഹകരണ മേഖലയ്ക്കു പൊതുവേ ഗുണകരമാകും.

** സഹകരണ സംസ്‌കാരത്തിന്റെ അടിസ്ഥാന ശിലകളായ സഹകരണ മൂല്യങ്ങള്‍ വിദ്യാര്‍ഥികളില്‍ വളര്‍ത്തിയെടുക്കത്തക്ക രീതിയിലായിരിക്കണം സഹകരണ വിദ്യാഭ്യാസമേഖലയുടെ ചട്ടക്കൂട് തയാറാക്കേണ്ടത്.
** സ്വയംസഹായം, സ്വയ ഉത്തരവാദിത്തം, ജനാധിപത്യം, തുല്യത, ധാര്‍മികത, സഹാനുഭൂതി മുതലായ സഹകരണ മൂല്യങ്ങള്‍ അതിന്റെ യഥാര്‍ഥ അര്‍ഥത്തില്‍ ചെറുപ്രായത്തില്‍ത്തന്നെ വിദ്യാര്‍ഥികളുടെ അരിവിലേക്കു പകര്‍ന്നുനല്‍കി അവരുടെ മനസ്സില്‍ ഊട്ടിയുറപ്പിക്കുന്നരീതിയിലുള്ള പാഠ്യപദ്ധതികള്‍ ആവിഷ്‌കരിക്കണം.

** സഹകരണ വിദ്യാഭ്യാസം വിവിധ തലങ്ങളായി തിരിച്ച് അടിസ്ഥാനതലം, വിപുലീകരണതലം, പ്രൊഫഷണല്‍തലം എന്നിങ്ങനെ പേരു നല്‍കി ഈ തലങ്ങള്‍ ക്രമാനുഗതമായി വികാസം കൈവരിക്കത്തക്കരീതിയില്‍ സ്‌കൂള്‍, കോളേജ്, ഉന്നത പഠന ഗവേഷണം ( സര്‍വകലാശാലകളുള്‍പ്പെടെ ) എന്നീ വിദ്യാഭ്യാസതലങ്ങളെ സംയോജിപ്പിച്ച്, കൃത്യമായ ആസൂത്രണത്തിലൂടെ ഒരു പുതിയ സഹകരണ വിദ്യാഭ്യാസ സമ്പ്രദായം നടപ്പാക്കണം.

** സഹകരണ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ടുള്ള സിലബസ് പരിഷ്‌കരണം, അതിനുതകുന്ന രീതിയിലുള്ള അധ്യാപക പരിശീലനം എന്നിവയെല്ലാം അനിവാര്യ ഘടകങ്ങളാണ്.

** സഹകരണ മേഖലയെ നയിക്കാനും സ്ഥാപനങ്ങളെ അതിലെ അംഗങ്ങളുടെ വികസനത്തിലൂന്നിയുള്ള സംരംഭങ്ങളായി വളര്‍ത്തിയെടുക്കാനും കഴിവുള്ള യഥാര്‍ഥ സഹകരണ പ്രൊഫഷണലുകളെ സൃഷ്ടിക്കത്തക്കവിധത്തില്‍ പുതിയ സഹകരണ ബിരുദാനന്തര ബിരുദ, ഗവേഷണ കോഴ്‌സുകള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ആവിഷ്‌കരിച്ചു നടപ്പാക്കണം. കേരള കാര്‍ഷിക സര്‍വകലാശാലയുടെ എം.എസ്‌സി. കോ-ഓപ്പറേഷന്‍ ഒരു മാതൃകയായി സ്വീകരിക്കാവുന്നതാണ്.

** പുതിയ സഹകരണ ബിസിനസ് മോഡലുകള്‍ പരീക്ഷിക്കാനും വളര്‍ത്തിയെടുക്കാനും ആവശ്യമായ ഭരണപരവും ധനപരവുമായ പിന്തുണ വിവിധ കാലഘട്ടങ്ങളിലെ കേരള സര്‍ക്കാരുകള്‍ അകമഴിഞ്ഞുനല്‍കി വിദ്യാര്‍ഥികളെ ഇത്തരം മേഖലകളിലേക്കു ആകര്‍ഷിക്കണം.

** ഈ മേഖലയില്‍ കൂടുതല്‍ ഗവേഷണത്തിനും ഉന്നതപഠനത്തിനും വഴിയൊരുക്കുന്ന വിധത്തില്‍ സഹകരണ സര്‍വകലാശാലയുടെ പ്രവര്‍ത്തനം എത്രയും വേഗം ആരംഭിക്കണം.

** സഹകരണ വിദ്യാഭ്യാസം ഏതു തലത്തിലായാലും സഹകരണ തത്വങ്ങളുടെയും മൂല്യങ്ങളുടെയും ധാര്‍മികതയും പ്രായോഗികതയും ഉയര്‍ത്തിപ്പിടിക്കുന്ന രീതിയില്‍ വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കുകയും നടപ്പാക്കുകയും ചെയ്യണം. സഹകരണ തിയറികളല്ല പ്രാവര്‍ത്തികമാക്കപ്പെടുന്ന സഹകരണ മോഡലുകളാണു നമുക്കാവശ്യം.

സഹകരണ വിദ്യാഭ്യാസം-
സ്‌കൂള്‍തലം

പൂര്‍ണമായും കമ്പോളവത്കൃതമായ ഒരു യുഗത്തിലേക്കു പിറന്നുവീണവരാണ് ഇന്നത്തെ നമ്മുടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍. നൂതന സാങ്കേതിക വിദ്യകളുടെ അതിപ്രസരത്തിനും മത്സരാധിഷ്ഠിതമായ വിപണികൈയേറ്റങ്ങള്‍ക്കും സാംസ്‌കാരിക മൂല്യച്യുതിക്കും മാനുഷിക മൂല്യങ്ങളുടെ അപചയത്തിനും സാക്ഷ്യം വഹിച്ചുകൊണ്ടാണു നമ്മുടെ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിലേക്കു കാലെടുത്തുവെക്കുന്നത്. സഹകരണ മൂല്യങ്ങളുടെയും തത്വങ്ങളുടെയും പ്രാധാന്യം എന്താണെന്നും അവയിലധിഷ്ഠിതമായ ബിസിനസ് മോഡലുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നുമുള്ള അടിസ്ഥാനപാഠങ്ങള്‍ പകര്‍ന്നുനല്‍കുന്നതിലൂടെ വിദ്യാര്‍ഥികള്‍ക്കു ഒരു പുതിയ ദിശാബോധം കൊടുക്കാന്‍ തീര്‍ച്ചയായും സഹകരണ വിദ്യാഭ്യാസത്തിലൂടെ സാധിക്കും. സ്‌കൂള്‍തല സഹകരണ വിദ്യാഭ്യാസത്തിന്റെ മേന്മകള്‍ ഇങ്ങനെ ക്രോഡീകരിക്കാം :

** സഹകരണ ബിസിനസ് മോഡലിന്റെ അടിസ്ഥാനപാഠങ്ങളിലൂടെ ബിസിനസ് എന്നത് ഏതുവിധേനയും കൊള്ളലാഭമുണ്ടാക്കേണ്ട സംരംഭമല്ലെന്നും ബിസിനസ് സംരംഭകര്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്കതീതരായി സാമൂഹികജീവികളായി മാറേണ്ടവരാണെന്നുമുള്ള അറിവ് വിദ്യാര്‍ഥികളുടെ ബോധമണ്ഡലങ്ങളിലേക്കു പകര്‍ന്നുനല്‍കാനാവുന്നു.

** സ്‌കൂള്‍ വിദ്യാഭ്യാസത്തിിന്റെ വിവിധ തലങ്ങളിലൂടെ വിദ്യാര്‍ഥികള്‍ ആര്‍ജിക്കേണ്ട മൂല്യങ്ങളായ സഹാനുഭൂതി, സഹവര്‍ത്തിത്വം, സമഭാവന, ജാതിമത ചിന്തകള്‍ക്കതീതമായ സൗഹൃദം എന്നിവയെല്ലാം പ്രവൃത്തിപഥങ്ങളില്‍ എങ്ങനെ കൊണ്ടുവരാം എന്നതു വിജയകരമായ സഹകരണ മോഡലുകളുടെ വളര്‍ച്ചാകാലഘട്ട വിശദീകരണത്തിലൂടെ വളര്‍ന്നുവരുന്ന കുട്ടികളെ പറഞ്ഞു മനസ്സിലാക്കാന്‍ സാധിക്കുന്നു.

** ജനാധിപത്യമൂല്യങ്ങള്‍ നടപ്പാക്കേണ്ട വിധം, രാഷ്ട്രീയ അതിപ്രസരം എങ്ങനെ ഓരോ മേഖലയിലും ഒഴിവാക്കാം, അംഗങ്ങളുടെ വികസനം, അതിലൂടെയുള്ള പ്രാദേശിക വികസനം, വിപണി കണ്ടെത്തലുകള്‍, മാനേജ്‌മെന്റിന്റെ പ്രാഥമിക പാഠങ്ങള്‍ എന്നിവയൊക്കെ വിദ്യാര്‍ഥികളുടെ പഠനവിഷയങ്ങളില്‍ ഉള്‍പ്പെടണം. ഇത്തരം പഠനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയെ സൃഷ്ടിച്ചെടുക്കാം.

** പണം, മൂല്യം, വില മുതലായ ധനാധിഷ്ഠിത പദങ്ങളുടെ യഥാര്‍ഥ വ്യാഖ്യാനവും വിവിധ ധനകാര്യസ്ഥാപനങ്ങളുടെ പ്രവര്‍ത്തനരീതികളും മനസ്സിലാക്കുന്നതു വളര്‍ന്നുവരുന്ന തലമുറ ആര്‍ജിക്കേണ്ട അടിസ്ഥാന വിഷയങ്ങളില്‍ പരമപ്രധാനമാണ്. സ്‌കൂള്‍തലത്തിലുള്ള സഹകരണ വിദ്യാഭ്യാസം അതിനു നിദാനമാകുമെന്നു നമുക്കു പ്രത്യാശിക്കാം.

സഹകരണ വിദ്യാഭ്യാസം –
കോളേജ്തലം

സഹകരണ മേഖലയുടെ വളര്‍ച്ചയെ സഹായിക്കുന്ന ഘട്ടംഘട്ടമായ വിപുലീകൃത സിലബസ്സുകളും അവയുടെ പ്രാവര്‍ത്തികതയും പകര്‍ന്നു നല്‍കാവുന്ന ഒരു വിദ്യാഭ്യാസ സംവിധാനമാണു നമ്മള്‍ ആവിഷ്‌കരിച്ചു നടപ്പാക്കേണ്ടത്. പ്രാഥമികതലം കടന്നു കോളേജ്തലത്തിലെത്തുമ്പോള്‍ വിവിധതരം സഹകരണ സംരംഭങ്ങളെക്കുറിച്ചും ഗുണഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സ്വീകരിക്കേണ്ട പ്രായോഗിക നയങ്ങളെക്കുറിച്ചുമുള്ള പഠനങ്ങളാണു സിലബസിലുള്‍പ്പെടുത്തേണ്ടത്.

സഹകരണ മേഖലയെക്കുറിച്ച് അടിസ്ഥാന അറിവു മാത്രമുള്ള ഒരു വിദ്യാര്‍ഥിയില്‍ നിന്നു ഒരു സഹകരണ പ്രൊഫഷണലിലേക്കുള്ള വളര്‍ച്ചയുടെ ഇടയിലുള്ള കാലഘട്ടമാണു കോളേജ് കാലഘട്ടം. തങ്ങളുടെ കരിയര്‍രംഗമായി സഹകരണ മേഖലയെ തിരഞ്ഞെടുക്കത്തക്കവിധത്തില്‍ ആ മേഖലയെ ആകര്‍ഷണീയമായി വിദ്യാര്‍ഥികളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസരീതിക്കാവണം. അതിനായി ഇനി പറയുന്ന മാറ്റങ്ങള്‍ അനിവാര്യമാണ് :

: 1. കോളേജ്തല ബിരുദ പാഠ്യപദ്ധതിയില്‍ സഹകരണം ഒരു പ്രധാന വിഷയമായി പഠിക്കാനുള്ള അവസരം സൃഷ്ടിക്കാന്‍ അടിസ്ഥാന വിവരങ്ങള്‍ ആദ്യ സെമസ്റ്ററുകളിലും പ്രായോഗിക വിവരങ്ങള്‍ തുടര്‍ന്നുള്ള സെമസ്റ്ററുകളിലും കൈകാര്യം ചെയ്യുന്ന രീതിയില്‍ ഒരു സമഗ്ര പഠന സംവിധാനം കൊണ്ടുവരിക. സഹകരണപഠനമായിരിക്കണം പ്രധാനം. മറ്റൊരു ബിരുദത്തിന്റെകൂടെ ഒരു രണ്ടാം വിഷയമെന്ന രീതിയില്‍ സഹകരണ മേഖല തിരഞ്ഞെടുക്കുന്നതാവരുത്.

2. സഹകരണ ചരിത്രം, നിയമങ്ങള്‍, സഹകരണ ബാങ്കിങ്ങും അക്കൗണ്ടിങ്ങും, വിവിധതരം സഹകരണ സംഘങ്ങള്‍, ദീര്‍ഘകാല സാമ്പത്തികാസൂത്രണം, വന്‍കിട സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനരീതി മുതലായവ സിലബസ്സില്‍ ഒഴിച്ചുകൂടാനാവാത്ത മേഖലകളാണ്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ ബി.എസ്‌സി കോ-ഓപ്പറേഷന്‍ ആന്റ് ബാങ്കിങ് എന്ന കോഴ്‌സിന്റെ മാതൃക പിന്തുടരാവുന്നതാണ്. ഇപ്പോള്‍ പരിമിതമായ സീറ്റുകളിലേക്കു മാത്രം പ്രവേശനം നല്‍കുന്ന ഇത്തരം പ്രൊഫഷണല്‍ ബിരുദങ്ങള്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്കു പ്രാപ്യമായ രീതിയില്‍ മറ്റു സര്‍വകലാശാലകളിലും ആരംഭിക്കുന്നതു നന്നായിരിക്കും.

3. കോളേജ്തലത്തില്‍ സഹകരണ ധാര്‍മികതയ്ക്കു കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ ശ്രദ്ധിക്കേണ്ടതാണ്. തൊഴിലിടങ്ങളിലേക്കു കടന്നുചെല്ലുന്ന വിദ്യാര്‍ഥികളില്‍ ധാര്‍മികതയെക്കുറിച്ചുള്ള അവബോധം അനിവാര്യമാണ്. ഇത്തരം വിഷയങ്ങള്‍ പഠിക്കുക മാത്രമല്ല അര്‍ഥവത്തായി പ്രവര്‍ത്തിക്കാനും വിദ്യാര്‍ഥികള്‍ക്കാവണം.

4. സഹകരണ ബിരുദധാരികള്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം. പൂര്‍ണസമയ സമഗ്രപഠനത്തിലൂടെ ബിരുദം നേടിയവരായിരിക്കണം വിവിധതരം സഹകരണ സ്ഥാപനങ്ങളെ മുന്നോട്ടു നയിക്കേണ്ടത്.

പ്രൊഫഷണല്‍ /
സര്‍വകലാശാലാ തലം

മറ്റേതൊരു മേഖലയുടെയും വികസനത്തിനു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍വകലാശാലകളും അവയുടെതായ സംഭാവനകള്‍ നല്‍കുന്നതുപോലെത്തന്നെ സഹകരണ മേഖലയുടെ വികസനത്തിനും ഇത്തരം സ്ഥാപനങ്ങളുടെ ഗവേഷണ, വൈജ്ഞാനിക സംഭാവനകള്‍ ആവശ്യമാണ്. സഹകരണ വിദ്യാഭ്യാസത്തിനു പ്രത്യേക ദിശാബോധം നല്‍കാനും ഓരോ സംസ്ഥാനത്തേയും സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കൂട്ടിയോജിപ്പിക്കുന്ന, നിയന്ത്രിക്കുന്ന, അധികാര കേന്ദ്രമായി പ്രവര്‍ത്തിക്കാനും ഒരു സര്‍വകലാശാലാ സംവിധാനം പ്രയോജനപ്പെടും. കോളേജ് കാലഘട്ടത്തില്‍ നേടുന്ന സഹകരണ വിദ്യാഭ്യാസം കൂടുതല്‍ ഫലവത്തായി പ്രായോഗിക തലത്തില്‍ കൊണ്ടുവരാനുതകുന്ന സംവിധാനമാവണം പ്രൊഫഷണല്‍, സര്‍വകലാശാലാ തലങ്ങളിലുണ്ടാവേണ്ടത്. ഈ ഘട്ടത്തിലെത്തിച്ചേരാനായി വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്. 1. സഹകരണ സ്ഥാപനങ്ങളെ മുന്നില്‍ നിന്നു നയിക്കാന്‍ കെല്‍പ്പുള്ള ധിഷണാശാലികളെ വാര്‍ത്തെടുക്കുകയാവണം ഇത്തരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന്. 2. സഹകരണ മേഖലയില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ വ്യാപകമായി ആരംഭിക്കുന്നതിലൂടെ ഈ മേഖലയിലേക്കാവശ്യമായ മുന്‍നിര മാനേജര്‍മാരെയും നേതൃത്വപാടവമുള്ള പ്രൊഫഷണലുകളെയും സൃഷ്ടിച്ചെടുക്കാനാവും. 3. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ സ്‌പെഷലൈസ്ഡ് കോഴ്‌സുകള്‍ തുടങ്ങുന്നതു സഹകരണ മേഖലയെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങള്‍ക്കു വഴിയൊരുക്കും. ഇത്തരം പഠനങ്ങളിലൂടെ അറിവു സമ്പാദിക്കുന്ന പുതുതലമുറ മാനേജര്‍മാര്‍ എന്നും സഹകരണ മേഖലയ്ക്കു മുതല്‍ക്കൂട്ടായിരിക്കും. 4. സഹകരണ സര്‍വകലാശാലകള്‍ക്കു സഹകരണ വിദ്യാഭ്യാസത്തിന്റെ നാഴികക്കല്ലായി പ്രവര്‍ത്തിക്കാന്‍ കഴിയണം. വിവിധ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ തുടങ്ങുന്നതിലുപരി ജീവനക്കാരുടെ പരിശീലനത്തിനുവേണ്ടിയുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, സഹകരണ ഗവേഷണത്തിനു പ്രാധാന്യം നല്‍കുന്ന റിസര്‍ച്ച് സെന്ററുകള്‍ മുതലായവ സര്‍വകലാശാലയുടെ വിവിധ ഘടകങ്ങളായി പ്രവര്‍ത്തിക്കാവുന്നതാണ്.

യുവതയ്ക്കുവേണ്ടി
വിവിധ പദ്ധതികള്‍

യുവജനങ്ങളെ സഹകരണ വിദ്യാഭ്യാസത്തിലേക്ക് ആകര്‍ഷിക്കാനും അവര്‍ ആ മേഖലതന്നെ ഒരു പ്രൊഫഷനായി സ്വീകരിച്ച് ആത്മാര്‍ഥമായി പ്രയത്‌നിക്കാനും ഇടവരുത്തത്തക്കരീതിയില്‍ ആകര്‍ഷണീയമായ പദ്ധതികള്‍ സഹകരണ രംഗത്തുണ്ടാവണം. യുവജനങ്ങളുടെ താല്‍പ്പര്യങ്ങളും ആവശ്യങ്ങളും കണക്കിലെടുത്താവണം ഇത്തരം പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടത്. അതിനുള്ള ചില മാര്‍ഗ നിര്‍ദേശങ്ങള്‍ ഇനി പറയുന്നു :

1. സഹകരണ സ്റ്റാര്‍ട്ടപ്പുകള്‍ : നൂതനവും പ്രായോഗികവുമായ ബിസിനസ് ആശയങ്ങള്‍ സഹകരണ മേഖലയില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി സഹകരണ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാവുന്നതാണ്. ആരംഭഘട്ടത്തില്‍ വേണ്ടിവരുന്ന അംഗങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയും ആവശ്യമായ സാമ്പത്തിക സഹായങ്ങളും സബ്‌സിഡിയും നല്‍കിയും വിപണി കയ്യടക്കത്തക്കവിധത്തില്‍ മാര്‍ക്കറ്റിങ് പിന്തുണയിലൂടെ സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചും സ്റ്റാര്‍ട്ടപ്പുകളെ കൂടുതല്‍ ആകര്‍ഷണീയമാക്കാം. യുവജനങ്ങളുടെ ഇഷ്ടമേഖലയായ സ്‌പോര്‍ട്‌സ് കേന്ദ്രീകരിച്ച് സ്‌പോര്‍ട്‌സ് ലീഗുകള്‍, സ്‌പോര്‍ട്‌സ് ബിസിനസ് അനുബന്ധ സേവനങ്ങള്‍ എന്നിവ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന സ്‌പോര്‍ട്‌സ് സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാവുന്നതാണ്.

2. യുവ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തല്‍ : സഹകരണ മേഖലയിലെ നൂതന സംരംഭമായ യുവ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതുവഴി കൂടുതല്‍ യുവജനങ്ങള്‍ക്ക് ഈ രംഗത്തേക്കു കടന്നുവരാനാവും. യുവ സംഘങ്ങളെ പ്രോത്സാഹിപ്പിക്കാനായി ഭരണതലത്തില്‍ത്തന്നെ പ്രത്യേക സ്റ്റാര്‍ട്ടപ്പുകള്‍ രൂപവത്കരിച്ചും സഹകരണ ജീവനക്കാര്‍ക്ക് ഈ മേഖലയില്‍ പ്രത്യേക പരിശീലനം നല്‍കിയും ഇത്തരം പദ്ധതികളെ കൂടുതല്‍ ജനകീയമാക്കാം. നൂതന ആശയങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായിരിക്കണം ഇത്തരം സംഘങ്ങളുടെ രൂപവത്കരണത്തില്‍ പ്രഥമസ്ഥാനം നല്‍കേണ്ടത്.

3. ഇന്റേണ്‍ഷിപ്പും സന്നദ്ധ സേവനവും : വിദ്യാര്‍ഥികളെയും യുവജനങ്ങളെയും ഇന്റേണ്‍ഷിപ്പിലൂടെയും സന്നദ്ധ സേവനത്തിലൂടെയും സഹകരണ സ്ഥാപനങ്ങളുടെ ഭാഗമാക്കാം. ഇത്തരം പദ്ധതികളിലൂടെ സ്ഥാപനവുമായി ഇണങ്ങുന്ന വിദ്യാര്‍ഥികള്‍ ഭാവിയില്‍ ഈ മേഖലയുടെ പ്രവര്‍ത്തന പുരോഗതിക്കായി ജോലി ചെയ്യാന്‍ തയാറാവും. അതു സഹകരണ മേഖലയുടെ വളര്‍ച്ചയ്ക്കു മുതല്‍ക്കൂട്ടാവുമെന്നു നമുക്കു നിസ്സംശയം പറയാം.

സഹകരണ വിദ്യാഭ്യാസം ഏതു രൂപത്തിലും ഭാവത്തിലുമായിക്കൊള്ളട്ടെ അതു സഹകരണ മൂല്യങ്ങളുടെ അന്ത:സത്തയെ ഉയര്‍ത്തിക്കാട്ടുന്നതാവണം. സഹകരണം എന്നതു വെറുമൊരു ബിസിനസ് മോഡലല്ല എന്നും അതൊരു ജീവിതശൈലിതന്നെയാണെന്നുമുള്ള തിരിച്ചറിവായിരിക്കണം സഹകരണ വിദ്യാഭ്യാസത്തിലൂടെ നേടിയെടുക്കേണ്ടത്. തിരിച്ചറിവുകളാണു യഥാര്‍ഥ വിദ്യാഭ്യാസം.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!