സഹകരണ മേഖലയെ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല
തിരുവിതാംകൂര്‍ സഹകരണ അന്വേഷണ സമിതി റിപ്പോര്‍ട്ട് – 2
ടി. സുരേഷ് ബാബു
(2021 മെയ് ലക്കം )
1930 കളില്‍ 1786 സഹകരണ സ്ഥാപനങ്ങളാണു തിരുവിതാംകൂറില്‍ ഉണ്ടായിരുന്നത്. ഇവയിലെല്ലാംകൂടി ഉണ്ടായിരുന്ന അംഗങ്ങള്‍ 2,30,000. എന്നിട്ടും, സഹകരണ വകുപ്പിനു വേണ്ടത്ര സാമ്പത്തിക സഹായം അനുവദിക്കാന്‍ ഭരണകൂടം മടിച്ചിരുന്നു.
തിരുവിതാംകൂറിലെ സഹകരണ മേഖലയെക്കുറിച്ചു പഠിച്ചു ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ അധികാരപ്പെടുത്തിയ സഹകരണ അന്വേഷണ സമിതി രണ്ടു വര്‍ഷത്തിലധികമെടുത്തു 1935 മാര്‍ച്ച് മുപ്പതിനാണു റിപ്പോര്‍ട്ടു സമര്‍പ്പിച്ചത്. പുണെയിലെ സര്‍വന്റ്‌സ് ഓഫ് ഇന്ത്യ സൊസൈറ്റി പ്രസിഡന്റും സ്വതന്ത്ര്യ സമര സേനാനിയുമായിരുന്ന ജി.കെ ദേവധാറായിരുന്നു സമിതി അധ്യക്ഷന്‍.
തിരുവിതാംകൂറിനെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിക്കൊണ്ടാണു റിപ്പോര്‍ട്ടിന്റെ രണ്ടാം അധ്യായം തുടങ്ങുന്നത്. സംസ്ഥാനങ്ങളില്‍ പത്തൊമ്പതാം സ്ഥാനമാണു 1930 കളില്‍ തിരുവിതാംകൂറിനുണ്ടായിരുന്നത്. ജനസംഖ്യയുടെയും വരുമാനത്തിന്റെയും കാര്യത്തില്‍ അന്നു തിരുവിതാംകൂര്‍ മൂന്നാം സ്ഥാനത്തായിരുന്നു. വരുമാനത്തില്‍ ഹൈദരാബാദും മൈസൂരുമായിരുന്നു മുന്നില്‍.
തിരുവിതാംകൂറിന്റെ പ്രകൃതിഭംഗിയെപ്പറ്റി അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്. മറ്റു പ്രദേശങ്ങളില്‍ നിന്നു വ്യത്യസ്തമായി തിരുവിതാംകൂറില്‍ നിരത്തിനിരുവശത്തും കടകളും വീടുകളും സ്‌കൂളുകളും കാണാം. ഉത്തരേന്ത്യയിലും മറ്റും വീടുകള്‍ ഒരു സ്ഥലത്തായി കേന്ദ്രീകരിച്ചാണുണ്ടാവുക. ബാക്കി സ്ഥലങ്ങള്‍ വിജനമായിരിക്കും. തിരുവിതാംകൂറില്‍ അങ്ങനെയല്ല. എല്ലാം ചിതറിക്കിടക്കുന്നു. വീടുകള്‍ ഒരിടത്തായി കേന്ദ്രീകരിക്കുകയല്ല, അവ എല്ലായിടത്തും കാണപ്പെടുന്നു.
30 താലൂക്ക്, 3936 കര
ഭരണപരമായ ആവശ്യങ്ങള്‍ക്കായി തിരുവിതാംകൂറിനെ നാലു ഡിവിഷനുകളായും 30 താലൂക്കുകളായും തിരിച്ചിരുന്നു. താലൂക്കുകളെ പകുതികളായി വീണ്ടും തിരിച്ചിരുന്നു. 30 താലൂക്കുകളിലായി 433 പകുതികള്‍. ഈ പകുതിയെ വീണ്ടും വിഭജിച്ച് കരകളാക്കി. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ ഗ്രാമമാണു തിരുവിതാംകൂറിലെ കര. ആകെ 3936 കരകളാണു സംസ്ഥാനത്തുണ്ടായിരുന്നത്. ഒരു കരയുടെ ഏതാണ്ടു വലിപ്പം രണ്ടു ചതുരശ്ര മൈലാണ്.
തിരുവിതാംകൂറിലെ ജനസംഖ്യയെക്കുറിച്ചും വിശദമായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 1931 ലെ കാനേഷുമാരിയനുസരിച്ച് ഏതാണ്ടു 51 ലക്ഷമാണു തിരുവിതാംകൂറിലെ ജനസംഖ്യ. കൃത്യമായി പറഞ്ഞാല്‍ 50,95,973. അമ്പതു വര്‍ഷത്തിനുള്ളില്‍ ജനസംഖ്യ ഇരട്ടിച്ചതാണ്. ഹിന്ദുക്കള്‍ 31,34,888 ആണ്. ഇതില്‍ ഒമ്പതു ലക്ഷം പേര്‍ അധ:സ്ഥിത വിഭാഗക്കാരാണ്. രണ്ടാമത്തെ വിഭാഗം ക്രിസ്ത്യാനികളാണ്. 16,04,475 പേര്‍. ഇതില്‍ അവശ ക്രൈസ്തവര്‍ എട്ടു ലക്ഷം വരും. മുഹമ്മദന്മാര്‍ ( മുസ്ലീംകള്‍ ) 3,53,274 ആണ്. ഇന്ത്യയിലാകെയുള്ള ക്രൈസ്തവരില്‍ നാലിലൊന്നും തിരുവിതാംകൂറിലാണെന്നു കാണാം. സംസ്ഥാനത്തെ ജനസംഖ്യയുടെ 35 ശതമാനം ( ഏതാണ്ട് 17 ലക്ഷം പേര്‍ ) ഹിന്ദു, ക്രിസ്ത്യന്‍ പിന്നോക്കക്കാരാണ്.
സാക്ഷരതയില്‍ മുന്നില്‍
ബര്‍മയും കൊച്ചിയുമൊഴികെയുള്ള ഇന്ത്യന്‍ പ്രവിശ്യകളുടെയും സംസ്ഥാനങ്ങളുടെയും കണക്കെടുത്താല്‍ സാക്ഷരതയില്‍ അന്നു തിരുവിതാംകൂര്‍ ബഹുദൂരം മുന്നിലാണ്. പുരുഷന്മാരില്‍ 41 ശതമാനവും സ്ത്രീകളില്‍ 17 ശതമാനവും സാക്ഷരരാണ്. മൊത്തം വരുമാനത്തിന്റെ 20 ശതമാനം ( പ്രതിവര്‍ഷം ശരാശരി 45 ലക്ഷം മുതല്‍ 50 ലക്ഷം വരെ രൂപ ) വിദ്യാഭ്യാസത്തിനാണു ചെലവഴിച്ചിരുന്നത്. അന്നത്തെ ഇന്ത്യയില്‍ ഇതു ഏറ്റവും ഉയര്‍ന്ന തുകയായിരുന്നു. നാലായിരത്തിലധികം വിദ്യാലയങ്ങളുണ്ടായിരുന്നു അക്കാലത്ത് തിരുവിതാംകൂറില്‍. ഓരോ കരയിലും ഒന്നുവീതം.
വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ചു പരാമര്‍ശിച്ച ശേഷം സംസ്ഥാനത്തിന്റെ പൊതുവായ സാമ്പത്തിക നിലയും അന്വേഷണ സമിതി പരിശോധിക്കുന്നു. തിരുവിതാംകൂറില്‍ സമ്പത്തിന്റെ അടിസ്ഥാനം ഭൂമിയാണെന്നു സമിതി ചൂണ്ടിക്കാട്ടുന്നു. കൃഷിയാണു ജനങ്ങളുടെ പ്രധാന വരുമാന മാര്‍ഗം. ഭൂമി തുണ്ടുകളായി കിടക്കുന്ന പ്രശ്‌നം സംസ്ഥാനത്തെങ്ങുമുണ്ട്. നായര്‍, ഈഴവ, നഞ്ചിനാട് വെള്ളാള സമുദായങ്ങളുടെ തറവാടു ഭാഗം വെക്കലുമായി ബന്ധപ്പെട്ട് തിരുവിതാംകൂറിലുണ്ടായ നിയന്ത്രണങ്ങള്‍ ഭൂമി തുണ്ടുകളായി മാറിയതിനു ആക്കം കൂട്ടിയതായി സമിതി വിലയിരുത്തുന്നു. അതോടെ കൃഷി തീരെ ലാഭകരമല്ലാതായി. സഹകരണക്കൃഷിയുടെ ആവശ്യകതയിലേക്കാണു ഇതു വിരല്‍ ചൂണ്ടുന്നത്. സംസ്ഥാനത്തെ 95 ശതമാനം കൃഷിഭൂമിയുടെയും അവസ്ഥ ഇതാണ്. അക്കാലത്തു ഒരു കര്‍ഷകന്റെ ശരാശരി കടം 32 രൂപയായിരുന്നു. കാര്‍ഷിക വരുമാനത്തിലുണ്ടായ ഇടിവില്‍ നിന്നു രക്ഷപ്പെടാനുള്ള മാര്‍ഗം വാണിജ്യ, വ്യവസായ മേഖലകളിലേക്കു തിരിയുകയാണു എന്നു സമിതി വിലയിരുത്തുന്നു. വിളകള്‍ക്കുണ്ടായ വിലയിടിവു ഭൂമിയുടെ വില താഴാനും കാരണമായിട്ടുണ്ട്.
സംസ്ഥാനത്തു വിപുലമായി നടക്കുന്ന ഒരേയൊരു വ്യവസായം കയറാണ്. ഇതാവട്ടെ തീരപ്രദേശത്തു മാത്രമായി ഒതുങ്ങിയിരിക്കുന്നു. കയര്‍ മേഖലയും അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്നുണ്ട്. ധാരാളം സ്ത്രീകള്‍ കയര്‍ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട് എന്നതാണു സമിതി കാണുന്ന ഏക ഗുണം. വ്യവസായവത്കരണം കൊണ്ടേ സംസ്ഥാനം രക്ഷപ്പെടൂ എന്നു 1931 ലെ കാനേഷുമാരി റിപ്പോര്‍ട്ടില്‍ ഡോ. കുഞ്ഞന്‍പിള്ള ചൂണ്ടിക്കാട്ടിയ കാര്യം സമിതി എടുത്തു പറയുന്നു. അഞ്ചു വര്‍ഷം കൊണ്ട് നടപ്പാക്കേണ്ട ശുപാര്‍ശകളാണു തങ്ങള്‍ ഈ റിപ്പോര്‍ട്ടിലൂടെ നല്‍കുന്നതെന്നു സഹകരണാന്വേഷണ സമിതി പറയുന്നു.
സഹകരണം പോലുള്ള പ്രസ്ഥാനത്തിന്റെ പ്രധാന ഘടകങ്ങള്‍ സ്വയം സഹായവും സ്വാശ്രയത്വവുമാണെന്നു സമിതി ചൂണ്ടിക്കാട്ടുന്നു. തിരുവിതാംകൂറില്‍ സഹകരണ മേഖല വളരാതെ പോയതിനു സമിതി കുറ്റപ്പെടുത്തുന്നതു സര്‍ക്കാരിനെയാണ്. സര്‍ക്കാര്‍ ഇതുവരെ നല്‍കിയ സഹായം അപര്യാപ്തമാണ്. വളരെ മുമ്പുതന്നെ സര്‍ക്കാര്‍ വേണ്ടത്ര ആളും അര്‍ഥവും സഹകരണ മേഖലയ്ക്കു നല്‍കേണ്ടതായിരുന്നു. ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിച്ചും ഉദാരമായ വായ്പാനയം നടപ്പാക്കിയുമാണു സര്‍ക്കാര്‍ ഇതു ചെയ്യേണ്ടിയിരുന്നത്. സഹകരണ വിദ്യാഭ്യാസത്തിന്റെ അഭാവവും സമിതി എടുത്തുപറയുന്നു. ‘ മറ്റെവിടെയുമില്ലാത്ത നല്ല വളക്കൂറുള്ള മണ്ണാണു തിരുവിതാംകൂറിലേത്. പക്ഷേ, അതു വേണ്ട രീതിയില്‍ ഉഴുത്, വളമിട്ട് , നനച്ചു പരിപാലിക്കാന്‍ നമുക്കു കഴിയാതെ പോയി ‘ – സമിതി അഭിപ്രായപ്പെടുന്നു. ബ്രിട്ടീഷിന്ത്യയിലും മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളിലും സഹകരണ മേഖലയില്‍ തിരുവിതാംകൂറിലേക്കാള്‍ കൂടുതല്‍ പണം അതതു സര്‍ക്കാരുകള്‍ ചെലവഴിച്ചിട്ടുണ്ടെന്നു സമിതി പറയുന്നു. ലോകമെങ്ങുമുണ്ടായ സാമ്പത്തിക മാന്ദ്യത്തെ കുറ്റപ്പെടുത്തി രക്ഷപ്പെടുന്നതില്‍ അര്‍ഥമില്ലെന്നാണു സമിതിയുടെ അഭിപ്രായം. അന്താരാഷ്ട്ര തൊഴില്‍ സംഘടന 1932 ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ സാമ്പത്തിക മാന്ദ്യമുണ്ടായിട്ടും പാശ്ചാത്യ രാജ്യങ്ങള്‍ സഹകരണ മേഖലയിലുണ്ടാക്കിയ വളര്‍ച്ച എടുത്തുകാട്ടുന്നുണ്ടെന്നു സമിതി ചൂണ്ടിക്കാട്ടുന്നു. തിരുവിതാംകൂറില്‍ സഹകരണാശയങ്ങളെയും അതിന്റെ നേട്ടങ്ങളെയും കുറിച്ച് കൃത്യമായ പരിശീലനം ജനങ്ങള്‍ക്കു കിട്ടിയിട്ടില്ല. അതു കിട്ടിയിരുന്നെങ്കില്‍ അവരുടെ മനോഭാവത്തില്‍ മാറ്റം വരുമായിരുന്നു എന്നു സഹകരണാന്വേഷണ സമിതി അഭിപ്രായപ്പെടുന്നു.
2,30,000 പേരടങ്ങിയ സഹകരണ സേന
തിരുവിതാംകൂറില്‍ സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ അന്വേഷണ സമിതി മതിപ്പു പ്രകടിപ്പിക്കുന്നുണ്ട്. 2,30,000 പേരാണു അക്കാലത്തു സഹകരണ സംഘങ്ങളില്‍ അംഗമായിരുന്നത്. ഇതില്‍ വലിയൊരു വിഭാഗം സ്ത്രീകളായിരുന്നു. ദാരിദ്ര്യത്തിനും കഷ്ടപ്പാടുകള്‍ക്കുമെതിരെ പോരാടാനുള്ള വലിയൊരു കരുത്തു ഈ സഹകരണ സേനയ്ക്കുണ്ടെന്നു അന്വേഷണ സമിതി ചൂണ്ടിക്കാട്ടുന്നു. സഹകരണ സേന എന്നാണു സമിതി ഇവരെ വിശേഷിപ്പിക്കുന്നത്. ഈ ശക്തി പ്രയോജനപ്പെടുത്താന്‍ മതിയായ പരിശീലനവും അച്ചടക്കവുമുള്ള ഉദ്യോഗസ്ഥരുടെ അഭാവമുണ്ടെന്നു സമിതി പറയുന്നു. സഹകരണാശയങ്ങളിലും തത്വങ്ങളിലും കേന്ദ്രീകരിച്ചു മുന്നോട്ടു പോകാനാഗ്രഹിക്കുന്ന ജനങ്ങള്‍ക്കു കരുത്തു പകരേണ്ടതു സര്‍ക്കാരാണ്. സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കു വേണ്ട വിഭവങ്ങള്‍ പ്രദാനം ചെയ്യാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരുമെന്നു സമിതി പ്രത്യാശിക്കുന്നു.
ഭൂപണയ ബാങ്കിങ് പ്രോത്സാഹിപ്പിക്കണം
സംസ്ഥാനത്തു ഭൂപണയ ബാങ്കിങ് വ്യവസ്ഥ ക്രമാനുഗതമായി കൊണ്ടുവരണമെന്നു സഹകരണാന്വേഷണ സമിതി ശുപാര്‍ശ ചെയ്യുന്നു. ഗ്രാമീണ, കാര്‍ഷിക കടങ്ങളില്‍ നിന്നു ജനങ്ങളെ മുക്തരാക്കാന്‍ ഈ വ്യവസ്ഥയ്ക്കാവും.
സ്ത്രീകള്‍ സഹകരണ പ്രസ്ഥാനത്തിലേക്കു കൂടുതലായി കടന്നുവരണമെന്നാണു സമിതിയുടെ അഭിപ്രായം. അനാവശ്യച്ചെലവുകള്‍ ഒഴിവാക്കി മിച്ചം പിടിക്കാനും സംഘങ്ങളില്‍ നിന്നു കടമെടുക്കുന്ന പണം ഉല്‍പ്പാദനപരമായ കാര്യങ്ങള്‍ക്കുപയോഗിക്കാനും സ്ത്രീകളെക്കൊണ്ടാവും.
സഹകരണ വകുപ്പിനു വേണ്ടത്ര പ്രാധാന്യം നല്‍കി ഒരു പ്രധാന വകുപ്പാക്കണമെന്നു സമിതി ശുപാര്‍ശ ചെയ്യുന്നു. രജിസ്ട്രാറുടെയും സ്റ്റാഫിന്റെയും അന്തസ്സും ശമ്പളവും ഉയര്‍ത്തണം. രജിസ്ട്രാര്‍ക്കു ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ സഹകരണ വകുപ്പില്‍ ആവശ്യമായ സമയം കിട്ടണം. പോരാത്തതിനു സഹകാരികളുടെ സര്‍വാത്മനായുള്ള പിന്തുണയും രജിസ്ട്രാര്‍ക്കു ലഭിക്കണം. രജിസ്ട്രാറെ സഹായിക്കാന്‍ ഒരു ഉപദേശക സമിതിയും കൂടിയാലോചനാ സമിതിയും രൂപവത്കരിക്കണം – ഇങ്ങനെ പോകുന്നു സമിതിയുടെ ശപാര്‍ശ.
തിരുവിതാംകൂറിലെ കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിക്കായി ഇന്ത്യാ ഗവണ്‍മെന്റിന്റെ കാര്‍ഷിക ഗവേഷണ കൗണ്‍സിലിലും വ്യാവസായിക ഗവേഷണ കൗണ്‍സിലിലും അംഗമായിച്ചേരണമെന്നു സമിതി നിര്‍ദേശിക്കുന്നു. ഇവയില്‍ അംഗങ്ങളായിച്ചേര്‍ന്ന ഹൈദരാബാദ്, മൈസൂര്‍, ബറോഡ, ഭോപ്പാല്‍, കൊച്ചി സംസ്ഥാനങ്ങള്‍ക്കു അതിന്റെ ഗുണം കിട്ടിയിട്ടുണ്ടെന്നു സമിതി ചൂണ്ടിക്കാട്ടുന്നു. ഇവയിലെ അംഗത്വം തിരുവിതാംകൂറിലെ തെങ്ങു കൃഷിക്കു ഏറെ ഗുണം ചെയ്യുമെന്നാണു സമിതിയുടെ അഭിപ്രായം.
റിസര്‍വ് ബാങ്ക് അംഗത്വം
ബ്രിട്ടീഷിന്ത്യയില്‍ ഉടനെ രൂപവത്കരിക്കാന്‍ പോകുന്ന റിസര്‍വ് ബാങ്കില്‍ ഓഹരിയെടുക്കണമെന്നു സഹകരണാന്വേഷണ സമിതി തിരുവിതാംകൂര്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കുന്നു. സംസ്ഥാന ബാങ്കിനോ കേന്ദ്ര സഹകരണ ബാങ്കിനോ സാമ്പത്തിക സഹായം ലഭിക്കാന്‍ ഇതു വഴിയൊരുക്കുമെന്നു സമിതി കരുതുന്നു.
മലബാറില്‍ 1930 കളില്‍ ശക്തി പ്രാപിച്ചുവന്ന സ്വാതന്ത്ര്യ സമരത്തെപ്പറ്റി സഹകരണാന്വേഷണ സമിതി ചെറിയൊരു പരാമര്‍ശം നടത്തുന്നുണ്ട്. വിശാലമായ സഹകരണ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ മലബാറില്‍ നടക്കുന്ന നീക്കത്തെ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന അവ്യക്തമായ ഒരു അഭിപ്രായപ്രകടനമാണു സമിതി നടത്തുന്നത്. ദേശീയ പ്രസ്ഥാനത്തില്‍ പങ്കാളിയായ സമിതിയുടെ പ്രസിഡന്റ് ജി.കെ. ദേവധാറിന്റെ സ്വാധീനത്താലാവാം ഇത്തരമൊരു പരാമര്‍ശം സമിതിയുടെ ഭാഗത്തു നിന്നുണ്ടായതു എന്നു നമുക്ക് ഊഹിക്കാം. മലബാറില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ പ്രൊവിന്‍ഷ്യല്‍ പാട്രിയോട്ടിസം എന്നാണു റിപ്പോര്‍ട്ടില്‍ വിശേഷിപ്പിക്കുന്നത്.
അന്താരാഷ്ട്ര സഹകാരി ദിനം
അന്താരാഷ്ട്ര തലത്തില്‍ സഹകാരിദിനം ആചരിക്കണമെന്ന ആവശ്യത്തോട് സഹകരണാന്വേഷണ സമിതി യോജിപ്പു പ്രകടിപ്പിക്കുന്നു. എല്ലാ കൊല്ലവും നവംബറിലെ ആദ്യത്തെ ശനിയാഴ്ച സഹകാരിദിനമാക്കണമെന്നും അന്നു പൊതു അവധി നല്‍കണമെന്നും തിരുവിതാംകൂറിലെ സഹകാരികള്‍ പല വേദികളിലും ആവശ്യപ്പെടുന്ന കാര്യം സമിതി ചൂണ്ടിക്കാട്ടുന്നു. അമരാവതിയില്‍ നടന്ന അഖിലേന്ത്യാ കോണ്‍ഫറന്‍സിലും ഈയാവശ്യം ഉയര്‍ന്നുവന്നിട്ടുണ്ടെന്നു സമിതി പറയുന്നു. ഇങ്ങനെ അവധി കിട്ടിയാല്‍ തിരുവനന്തപുരം സഹകരണ ഇന്‍സ്റ്റിറ്റ്യൂട്ട് അതു പ്രയോജനപ്പെടുത്തണമെന്നു സമിതി അഭിപ്രായപ്പെടുന്നു. അന്നു പ്രാദേശിക സഹകരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വന്‍തോതില്‍ പ്രചരണ പരിപാടികള്‍ നടത്തണമെന്നാണു സമിതി നിര്‍ദേശിക്കുന്നത്.
തങ്ങള്‍ റിപ്പോര്‍ട്ടില്‍ നല്‍കുന്ന ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തണമെന്നു നിര്‍ദേശിച്ചുകൊണ്ടാണു സമിതി മൂന്നാം അധ്യായം അവസാനിപ്പിക്കുന്നത്. എല്ലാ ശുപാര്‍ശകള്‍ക്കും പ്രായോഗിക രൂപം നല്‍കാന്‍ പുനസ്സംഘടനാ ഓഫീസര്‍ എന്ന പേരില്‍ ഒരു താത്കാലിക ഓഫീസറെ നിയമിക്കണം. രജിസ്ട്രാറുടെ കീഴിലാണു ഈ ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തിക്കേണ്ടത്. തുടക്കത്തില്‍ കുറച്ചു പണം ഇതിനുവേണ്ടി അധികം ചെലവാക്കേണ്ടിവരും. 63,000 രൂപയാണു തിരുവിതാംകൂര്‍ സഹകരണ വകുപ്പിനുവേണ്ടി ചെലവാക്കുന്നത്. അതുപോരാ. ഇപ്പോഴത്തേതിന്റെ മൂന്നിരട്ടിയെങ്കിലും ചെലവാക്കണം – സമിതി അഭിപ്രായപ്പെടുന്നു.
കുറഞ്ഞ സഹായം തിരുവിതാംകൂറില്‍
സമിതിയുടെ ശുപാര്‍ശകളുടെ അനുബന്ധമായി കൊടുത്തിട്ടുള്ള പട്ടിക നോക്കിയാല്‍ സഹകരണ മേഖലയ്ക്കു ഏറ്റവും കുറഞ്ഞ ധനസഹായം നല്‍കുന്നതു തിരുവിതാംകൂര്‍, കൊച്ചി സര്‍ക്കാരുകളാണെന്നു നമുക്കു മനസ്സിലാവും. മദ്രാസ്, പഞ്ചാബ്, ബോംബെ, മൈസൂര്‍ സംസ്ഥാനങ്ങളിലെല്ലാം സഹായധനം നന്നായി കൊടുക്കുന്നുണ്ട്. 51 ലക്ഷം ജനങ്ങളുള്ള തിരുവിതാംകൂറില്‍ 1,786 സഹകരണ സ്ഥാപനങ്ങളാണുണ്ടായിരുന്നത്. അംഗങ്ങള്‍ 2,30,000. പക്ഷേ, സര്‍ക്കാര്‍ നല്‍കുന്ന സഹായം 63,000 രൂപ മാത്രം.
പഞ്ചാബും മദ്രാസുമാണു സഹകരണ പ്രസ്ഥാനത്തിനു കാര്യമായ പ്രോത്സാഹനം നല്‍കിയിരുന്നത്. ഏതാണ്ടു 2.36 കോടി ജനസംഖ്യയുണ്ടായിരുന്ന പഞ്ചാബിലാണു അന്നു സഹകരണ സംഘങ്ങള്‍ കൂടുതലുണ്ടായിരുന്നത്. 21,128 സംഘങ്ങള്‍. ഇവയിലെല്ലാംകൂടി 7,30,924 അംഗങ്ങളുണ്ടായിരുന്നു. ഒരു വര്‍ഷം സഹകരണ വകുപ്പിനു സര്‍ക്കാര്‍ നല്‍കിയിരുന്നതു 10,14,000 രൂപയാണ്. മദ്രാസില്‍ ജനസംഖ്യ 4.67 കോടിയുണ്ടായിരുന്നെങ്കിലും സംഘങ്ങളുടെ എണ്ണം താരതമ്യേന കുറവായിരുന്നു. 13,956 സംഘങ്ങളേ ഉണ്ടായിരുന്നുള്ളു. എന്നാല്‍, ഇവയിലെ അംഗങ്ങളുടെ എണ്ണം മറ്റെല്ലാ സംസ്ഥാനങ്ങളെയും കടത്തിവെട്ടിയിരുന്നു. 8,96,478 അംഗങ്ങളാണു സംഘങ്ങളിലുണ്ടായിരുന്നത്. 9,86,000 രൂപ സഹകരണ വകുപ്പിനായി സര്‍ക്കാര്‍ കൊടുക്കുകയും ചെയ്തിരുന്നു.
2.19 കോടി ജനങ്ങളുണ്ടായിരുന്ന ബോംബെയില്‍ 5,880 സഹകരണ സംഘങ്ങളേ ഉണ്ടായിരുന്നുള്ളു. ഇവയിലെല്ലാംകൂടിയുണ്ടായിരുന്ന അംഗങ്ങളുടെ എണ്ണം 5,95,655 ആയിരുന്നു. 5,67,259 രൂപയാണു ബോംബെ സര്‍ക്കാര്‍ സഹകരണ വകുപ്പിനു കൊടുത്തിരുന്നത്. 66 ലക്ഷം ജനങ്ങളുണ്ടായിരുന്ന മൈസൂരില്‍ 2,180 സംഘങ്ങളും 1,44,481 അംഗങ്ങളുമാണുണ്ടായിരുന്നത്. വര്‍ഷത്തില്‍ വകുപ്പിനു നല്‍കിയിരുന്നത് 1,32,000 രൂപയായിരുന്നു. ആറു സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ സഹകരണ മേഖല ഏറ്റവും പിറകില്‍ നിന്നിരുന്ന സംസ്ഥാനം കൊച്ചിയായിരുന്നു എന്നു പട്ടിക ശ്രദ്ധിച്ചാല്‍ നമുക്കു മനസ്സിലാകും. ഒരുപക്ഷേ, ഇവിടത്തെ കുറഞ്ഞ ജനസംഖ്യയാവാം ഇതിനു കാരണം. 12 ലക്ഷമാണു കൊച്ചിയിലെ അന്നത്തെ ജനസംഖ്യ. 256 സംഘങ്ങള്‍ മാത്രമേ അക്കാലത്തു കൊച്ചിയിലുണ്ടായിരുന്നുള്ളു. ഇവയിലെല്ലാംകൂടി 25,346 അംഗങ്ങള്‍. സര്‍ക്കാര്‍ സഹകരണ വകുപ്പിനനുവദിച്ച തുക 20,000 രൂപ മാത്രം.
( തുടരും )