സഹകരണ മേഖലയിലെ ആദായനികുതി ഇടപെടൽ അവസാനിപ്പിക്കണമെന്ന് തപൻസെൻ. സഹകരണമേഖലയ്ക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം നൽകണമെന്ന് സി.ഐ.ടി.യു.

adminmoonam

രാജ്യത്തെ സഹകരണമേഖലയിൽ ആദായനികുതിവകുപ്പ് നടത്തിക്കൊണ്ടിരിക്കുന്ന അനാവശ്യമായ ഇടപെടലുകൾ അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻസെൻ ആവശ്യപ്പെട്ടു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സഹകരണസബ് കമ്മിറ്റി നടത്തിയ പാർലമെന്റ് ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണമേഖലയ്ക്ക് നെഹ്റുവിന്റെ കാലം മുതൽക്കേ പ്രത്യേക സംരക്ഷണവും ആനുകൂല്യവും നൽകിയിരുന്നു. എന്നാൽ 1991 മുതൽ ഇതെല്ലാം ഇല്ലാതാക്കി കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ജനകീയ പ്രസ്ഥാനം എന്ന നിലയിലാണ് ഇത്തരം പരിരക്ഷകൾ നൽകിയിരുന്നത്. രാജ്യത്തെ കർഷകരെയും താഴെതട്ടിലുള്ള വിഭാഗത്തെയും സഹായിക്കുന്ന സഹകരണ പ്രസ്ഥാനത്തെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സഹകരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ മൂലധന പര്യാപ്തത ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണം. സഹകരണ മേഖലയാണ് രാജ്യത്തിന്റെ പുരോഗതിക്ക് കൈത്താങ്ങായി നിൽക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

സഹകരണ മേഖലയോട് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നയങ്ങൾ തിരുത്തുക, മേഖല നേരിടുന്ന വിവിധ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സഹകരണ സെക്രട്ടറിയുടെ നേതൃത്വത്തിൽ പാർലമെന്റ് മുന്നിൽ ധർണ നടത്തിയത്. ബെഫി അഖിലേന്ത്യാ പ്രസിഡന്റ് സി ജെ നന്ദകുമാർ, ജനറൽസെക്രട്ടറി ദേബാശിസ് ബാസു, കൺവീനർ തമിഴരശ് എന്നിവർ സംസാരിച്ചു. സഹകരണ മേഖല നേരിടുന്ന വിഷയങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധന സെക്രട്ടറിക്ക് നേതാക്കൾ മെമ്മോറാണ്ടവും നൽകി.

Leave a Reply

Your email address will not be published.

Latest News