സഹകരണ ബാങ്കുകള്‍ക്ക് ആദായനികുതി; സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നു

User

സഹകരണ സംഘങ്ങളില്‍നിന്ന് ആദായനികുതി ഈടാക്കുന്ന നടപടിക്കെതിരെ നിയമപരമായ പരിഹാരം തേടാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായി സുപ്രീംകോടതിയെ സമീപിച്ചേക്കും. ഏതെങ്കിലും സംഘത്തിനെതിരെയുള്ള നടപടി ചൂണ്ടിക്കാട്ടി സര്‍ക്കാരിന് കോടതിയെ സമീപിക്കാനാവില്ല. ആദായ നികുതി നിയമത്തില്‍ 2006-ല്‍ കൊണ്ടുവന്ന ഭേദഗതിയില്‍ വ്യക്തത വരുത്തണമെന്നാകും സര്‍ക്കാര്‍ ആവശ്യപ്പെടാന്‍ സാധ്യത.

കെ.വി.വിജയദാസ് എം.എല്‍.എ. നല്‍കിയ ചോദ്യത്തിന് നിയമസഭയിലാണ് സുപ്രീംകോടതിയെ സമീപിക്കുന്നകാര്യം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയത്. ആദായനികുതിയുടെ കാര്യത്തില്‍ സഹകരണ സംഘങ്ങളെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനമാണ് വേണ്ടത്. അതിന് സഹകാരികള്‍ ഒറ്റെക്കെട്ടായി ശ്രമിക്കണം. രാഷ്ട്രീയത്തിനതീതമായി അത്തരം ശ്രമം നേരത്തെതന്നെ ഉണ്ടായിട്ടുണ്ട്. ഇനിയും അത് തുടരണം. അതിനൊപ്പം സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ വരാത്ത എല്ലാ സഹകരണ സംഘങ്ങള്‍ക്കും ആദായനികുതി ഇളവ് അനുവദിക്കാവുന്നതാണെന്ന് 1961-ലെ ആദായനികുതി നിയമത്തിലെ 80 (പി.) വകുപ്പില്‍ പറയുന്നുണ്ട്. ഈ നിയമത്തിന് 2006-ല്‍ ഭേദഗതി വരുത്തി. ആദായനികുതി നിയമത്തില്‍ 80-പി(4) എന്ന പുതിയ വകുപ്പ് ഉള്‍പ്പെടുത്തി. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ എന്നിവ ഒഴികെയുള്ള സഹകരണ സംഘങ്ങള്‍ക്ക് ആദായനികുതി ഇളവ് ബാധകമല്ലെന്നാണ് പുതിയ വ്യവസ്ഥ. കാര്‍ഷിക വായ്പകള്‍ നല്‍കുന്നുവെന്നതാണ് ഈ സംഘങ്ങളെ ഒഴിവാക്കാന്‍ കാരണം.

പുതിയ വ്യവസ്ഥ വന്നതോടെ സഹകരണ സംഘങ്ങള്‍ക്ക് വ്യാപകമായി ആദായനികുതി വകുപ്പ് നികുതി ചുമത്തി. പലതും കോടതി കയറി. ആര്‍.ബി.ഐ.യുടെ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്ക് മാത്രമാണ് 80 പി.(4) ബാധകമാകുകയുള്ളൂവെന്ന് പല കോടതി വിധികളിലും വ്യക്തമാക്കിയിട്ടുണ്ട്. ഒട്ടേറെ കേസുകള്‍ ഇപ്പോള്‍ കോടതിയുടെ പരിഗണനയിലുമുണ്ട്. എന്നിട്ടും പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ എന്നിവ ഒഴികെയുള്ള സഹകരണ സംഘങ്ങള്‍ക്ക് നികുതി ഇളവ് നല്‍കേണ്ടതില്ലെന്ന നിലപാടാണ് ആദായനികുതി വകുപ്പ് സ്വീകരിച്ചത്. ഇക്കാര്യം വ്യക്തമാക്കി വകുപ്പ് സര്‍ക്കുലറിക്കുകയും ചെയ്തിട്ടുണ്ട്.

കേരളത്തിലെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് പോലും ആദായനികുതി വകുപ്പ് നികുതി ഈടാക്കാന്‍ തുടങ്ങി. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ അറ്റാദായം ഭൂരിഭാഗവും കാര്‍ഷികേതര പ്രവര്‍ത്തനങ്ങളില്‍നിന്ന് നേടുന്നതാണെന്ന വാദം ഉന്നയിച്ചാണ് നികുതി ഇളവ് നിഷേധിച്ചത്. ആദായനികുതി അപ്പലറ്റ് ട്രിബ്യൂണലുകള്‍ പലതും വകുപ്പിന്റെ നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതുസംബന്ധിച്ച് 18 കേസുകള്‍ ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുമുണ്ട്. പക്ഷേ, നടപടികളില്‍നിന്ന് ആദായനികുതി വകുപ്പ് പിന്മാറുന്നില്ലെന്നതാണ് സഹകരണ സംഘങ്ങളെ അലട്ടുന്ന പ്രശ്നം.

കേന്ദ്ര നിയമമായതിനാല്‍ ഇതില്‍ സര്‍ക്കാരിന് ഇടപെടുന്നതില്‍ പരിമിതിയുണ്ട്. എന്നാല്‍, സഹകരണമേഖലയെ ബാധിക്കുന്ന വിഷയമായതിനാല്‍ നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് സഹകരണ മന്ത്രി കേന്ദ്രധനകാര്യ മന്ത്രാലയത്തിന് കത്ത് എഴുതിയിരുന്നു. ഇതിലും ഒരു നടപടിയുമുണ്ടായില്ല. അതിനാലാണ് സുപ്രീംകോടതിയെ സമീപിക്കാനുള്ള സാധ്യത സര്‍ക്കാര്‍ തേടുന്നത്.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!