സഹകരണ ബദലുമായി കണ്ണമ്പ്ര ബാങ്ക്

moonamvazhi
അനില്‍ വള്ളിക്കാട്

 

ഒരു നാടിന്റെ വരുമാനം അവിടെത്തന്നെ വിനിയോഗിക്കാന്‍ അവസരമൊരുക്കുന്ന സഹകരണ ബദലാണ് 110 വര്‍ഷം പഴക്കമുള്ള കണ്ണമ്പ്ര സര്‍വീസ് സഹകരണ ബാങ്ക് ഏറ്റെടുത്തിരിക്കുന്നത്. ബാങ്കിന്റെ പ്രവര്‍ത്തന മേഖലയിലെ ജനങ്ങളുടെ മുഴുവന്‍ ജീവിതാവശ്യങ്ങളും നിറവേറ്റാന്‍ കഴിയുന്ന വിവിധ തരം പദ്ധതികള്‍ ഇവിടെ നടപ്പാക്കിവരുന്നു.

ധനസമ്പാദനവും വിനിയോഗവും മാത്രമല്ല, അതിന്റെ പരിപാലനത്തില്‍ക്കൂടി ശ്രദ്ധയൂന്നിയുള്ള പ്രവര്‍ത്തനങ്ങളുമായി പുതിയൊരു സഹകരണ ബദല്‍ നടപ്പാക്കുകയാണ് പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര സര്‍വീസ് സഹകരണ ബാങ്ക്. പാലക്കാട്-തൃശ്ശൂര്‍ ദേശീയ പാതയില്‍ വടക്കഞ്ചേരിയില്‍ നിന്നു ആറു കി. മീറ്റര്‍ അകലെയുള്ള കണ്ണമ്പ്ര ഇപ്പോഴും കാര്‍ഷിക ഗ്രാമമാണ്. ജനസംഖ്യയില്‍ എണ്‍പത് ശതമാനത്തോളം പേര്‍ നാട്ടില്‍ത്തന്നെ അധ്വാനിച്ചു ജീവിക്കുന്നവര്‍. ഒരു നാടിന്റെ വരുമാനം അവിടെത്തന്നെ വിനിയോഗിക്കപ്പെടാനുള്ള വികസിത പ്രതലം ഒരുക്കുക എന്നതാണ് കണ്ണമ്പ്ര ബാങ്ക് ഏറ്റെടുത്തിരിക്കുന്ന സഹകരണ ബദല്‍.


തുടക്കം കര്‍ഷകക്ഷേമത്തോടെ

നൂറ്റിപ്പത്തു വയസ്സായി കണ്ണമ്പ്ര സഹകരണ ബാങ്കിന്. 1909 ല്‍ ഐക്യനാണയ സംഘമായി തുടങ്ങുമ്പോള്‍ കേരളത്തിലെ ആദ്യകാല സഹകരണ സ്ഥാപനങ്ങളിലൊന്നായിരുന്നു അത്. ‘കീ ലോണ്‍’ സമ്പ്രദായത്തിലൂടെ നെല്‍ക്കര്‍ഷകര്‍ക്ക് പണം നല്‍കിക്കൊണ്ടാണ് സംഘം പ്രവര്‍ത്തനം തുടങ്ങിയത്. കൊയ്‌തെടുക്കുന്ന നെല്ല് സംഘം സംഭരിക്കും. ആദ്യം വായ്പയായി തുക അനുവദിക്കും. കൂടിയ വിലക്ക് നെല്ല് വില്‍ക്കുന്ന മുറയ്ക്ക് ആ പണം വായ്പത്തുക തട്ടിക്കിഴിച്ച് നല്‍കുന്ന രീതിയായിരുന്നു ‘ കീ ലോണ്‍ ‘.

കര്‍ഷകക്ഷേമം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനം നടത്തിവന്ന ബാങ്കിന് പുതിയ സേവന മേഖലകളിലേക്കുള്ള പ്രയാണത്തിന് വഴിവെട്ടിയത് ആദ്യകാല പ്രസിഡന്റായ പി.എച്ച്. നാരായണസ്വാമിയാണ്. ബ്രാഹ്മണ സമൂഹം കൂടുതലായി താമസിച്ചിരുന്ന ഗ്രാമത്തില്‍ അവര്‍ക്ക് ധാരാളം ഭൂസ്വത്തുണ്ടായിരുന്നു. ഇവരില്‍ നിന്നു ഭൂമി ആദ്യകാലത്ത് ബാങ്കിന് നേടാനായത് നാരായണസ്വാമിയുടെ ദീര്‍ഘവീക്ഷണവും അദ്ദേഹത്തില്‍ നാട്ടുകാര്‍ക്കുണ്ടായ വിശ്വാസവും കൊണ്ടായിരുന്നു. തുടക്കത്തില്‍ത്തന്നെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള സഹകരണ സ്ഥാപനമായി കണ്ണമ്പ്ര ബാങ്ക് മാറിയത് അങ്ങനെയാണ്. ഈ ആസ്തിസൗകര്യം ഉപയോഗിച്ചാണ് ബഹുമുഖ സംരംഭങ്ങള്‍ ബാങ്ക് തുടങ്ങിയതും തുടങ്ങാനിരിക്കുന്നതും. പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനും സിന്തറ്റിക് ട്രാക്കോടുകൂടിയ ഗ്രൗണ്ടിനും സ്ഥലം വിട്ടു നല്‍കിയതും ബാങ്കാണ്.

പൂവു മുതല്‍ പെട്രോള്‍ വരെ

ഒരു സ്വയംപര്യാപ്ത ഗ്രാമം – കണ്ണമ്പ്രയെ അങ്ങനെ മാറ്റിയെടുക്കലാണ് ബാങ്കിന്റെ ലക്ഷ്യം. പതിമൂന്നു വര്‍ഷം മുന്‍പ് കേരളത്തില്‍ സഹകരണ മേഖലയിലെ ആദ്യ പെട്രോള്‍ പമ്പ് കണ്ണമ്പ്രയില്‍ ബാങ്ക് തുടങ്ങി. ഇതിനു പുറമെ വളം വില്‍പ്പന, തുണിക്കട, ഫ്രീസര്‍ സൗകര്യത്തോടെയുള്ള ആംബുലന്‍സ്, നീതി സ്റ്റോര്‍, നീതി മെഡിക്കല്‍സ്, വേബ്രിഡ്ജ്, അഗ്രോ പാര്‍ക്ക് തുടങ്ങി നിരവധി സംരംഭങ്ങള്‍ ബാങ്കിന് ഇപ്പോഴുണ്ട്.
കര്‍ഷക സേവന കേന്ദ്രത്തിന്റെ ഭാഗമായാണ് ഒന്നേ മുക്കാല്‍ ഏക്കറില്‍ മാതൃകാ അഗ്രോ പാര്‍ക്ക് ആരംഭിച്ചത്. സംയോജിത കൃഷി രീതിയിലൂടെ പാല്, മുട്ട, പച്ചക്കറി, അരി, വെളിച്ചെണ്ണ, പൂക്കള്‍ എന്നിവ ഇവിടെ ഉല്‍പാദിപ്പിക്കുന്നു. കഴിഞ്ഞ ഓണക്കാലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ചെണ്ടുമല്ലി കൃഷിയും വിജയകരമായി മുന്നേറുന്നു. ഓണക്കാലത്ത് മാത്രം 178 കി.ഗ്രാം പൂക്കളാണ് വിറ്റത്. 30 ഏക്കറിലേക്ക് വ്യാപിപ്പിക്കുന്ന അഗ്രോ പാര്‍ക്കിനായി 36 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പതിയ പദ്ധതി അനുമതിക്കായി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. നെല്‍ക്കൃഷിയില്‍ ഏകീകൃത വിള സമ്പ്രദായം ഈ വര്‍ഷം നടപ്പാക്കും. വിത്തുത്പാദന കേന്ദ്രവും കൊപ്ര യൂണിറ്റും തുടങ്ങും.

നെടുംതൂണായ ബാങ്ക്

നോട്ടു നിരോധന കാലത്ത് ജില്ലയിലെ പല സഹകരണ സ്ഥാപനങ്ങള്‍ക്കും ആശ്വാസത്തിന്റെ നെടുംതൂണായി മാറിയിരുന്നു കണ്ണമ്പ്ര ബാങ്ക്. പണലഭ്യത കുറഞ്ഞ് വീര്‍പ്പുമുട്ടിയിരുന്ന സഹകരണ ബാങ്കുകള്‍ കണ്ണമ്പ്രയില്‍ നിന്ന് പണം കൊണ്ടുപോയാണ് ഇടപാടുകള്‍ നടത്തിയത്. വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള വരുമാനത്തിലൂടെ ധനശേഷി നിലനിര്‍ത്താനായ കണ്ണമ്പ്ര ബാങ്ക് മറ്റു ബാങ്കുകളെ സഹായിച്ചതോടൊപ്പം നാട്ടിലെ വ്യാപാരികള്‍ക്കെല്ലാം നാലു ശതമാനം പലിശ നിരക്കില്‍ വായ്പയും അനുവദിച്ചു. എല്ലാ ധനകാര്യ സ്ഥാപനങ്ങളും വായ്പ നല്‍കാന്‍ മടിച്ച സമയത്താണ് ഇങ്ങനെ ധീരമായ നടപടി എടുത്ത് നോട്ടു നിരോധന കാലത്തെ ധന പ്രതിസന്ധിയെ കണ്ണപ്ര ബാങ്ക് മറികടന്നത്. അതോടെ പണത്തിന്റെ ഒഴുക്ക് കണ്ണമ്പ്രയില്‍ നിലച്ചതേയില്ല. അന്ന് സഹായം കൈപ്പറ്റിയ വ്യാപാരികളെല്ലാം ഇന്ന് ബാങ്കിന്റെ വലിയ നിക്ഷേപകരും സജീവ ഇടപാടുകാരുമാണ്.

രണ്ട് പ്രളയകാലത്തും കണ്ണമ്പ്രയുടെ ക്ഷീരമേഖലക്കു വലിയ ക്ഷീണംതട്ടി. പശുക്കളെ വാങ്ങാന്‍ ഒരു ജാമ്യവുമില്ലാതെ വായ്പ നല്‍കിക്കൊണ്ടാണ് ബാങ്ക് അപ്പോള്‍ സഹായത്തിനെത്തിയത്. ഉല്‍പാദനം കുറഞ്ഞ് പ്രതിസന്ധിയിലായ അഞ്ചു ക്ഷീര സംഘങ്ങള്‍ക്ക് നാലു ശതമാനം പലിശ നിരക്കില്‍ ‘ക്ഷീര ധാര’ എന്ന പേരില്‍ പുതിയ വായ്പ നടപ്പാക്കി. ആറു മാസം കൂടുമ്പോള്‍ പുതിയ പശുക്കളെ വാങ്ങാന്‍ വായ്പ നല്‍കും. കേരളത്തിലാദ്യമായി തൊഴുത്ത് നിര്‍മാണത്തിന് പലിശ രഹിത വായ്പ നല്‍കിയതും കണ്ണമ്പ്ര ബാങ്കാണ്. അതോടെ പാലുല്‍പാദനത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായി. സ്‌കൂളുകളിലേക്ക് പാല്‍ വിതരണം തുടങ്ങി. മില്‍മയുടെ സംഭരണ പരിധിയേയും അധികരിച്ചുകൊണ്ടാണ് ഇപ്പോള്‍ കണ്ണമ്പ്രയില്‍ ക്ഷീരോല്‍പാദനം. ക്ഷീരമേഖലയുടെ ഈ വളര്‍ച്ച നിലനിര്‍ത്താനും ഉയര്‍ത്താനും ഒരു ഐസ്‌ക്രീം പ്ലാന്റ് ഉടന്‍ തുടങ്ങാനാണ് ബാങ്കിന്റെ പുതിയ പദ്ധതി.

പദ്ധതികളുടെ പെരുമഴ

നൂറു കോടിയോളം രൂപയുടെ നിക്ഷേപക്കരുത്ത്. 92 കോടിയോളം രൂപയുടെ വായ്പാ വളര്‍ച്ച. ബാങ്കിതര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ കാല്‍ക്കോടിയോളം രൂപയുടെ പ്രതിവര്‍ഷ ലാഭം. മെയിന്‍ ബ്രാഞ്ച് ഉള്‍പ്പടെ ബാങ്കിന് നാലു ശാഖകള്‍. സ്ഥിരം-താല്‍ക്കാലിക ജീവനക്കാരായ അറുപതു പേരുടെ സേവനം. കണ്ണമ്പ്ര പഞ്ചായത്ത് പൂര്‍ണമായും പുതുക്കോട്, വടക്കഞ്ചേരി പഞ്ചായത്തുകളിലെ ഏതാനും ഭാഗങ്ങളും ചേര്‍ന്നതാണ് പ്രവര്‍ത്തന മേഖല. ഏതാണ്ട് 45,000 വരുന്ന ജനസംഖ്യ. ഇവരുടെ മുഴുവന്‍ ജീവിതാവശ്യങ്ങളും നിറവേറ്റാന്‍ കഴിയുന്ന രീതിയിലുള്ള പദ്ധതി വിഭാവനമാണ് ബാങ്ക് നടത്തിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയിലാണ് കണ്ണഞ്ചിക്കുന്ന രീതിയില്‍ ബാങ്കിന്റെ വളര്‍ച്ചാദിശ മാറിയത്. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ജനകീയടിത്തറയുള്ള ആര്‍.സുരേന്ദ്രന്‍ സെക്രട്ടറിയായതോടെ പദ്ധതികളുടെ പെരുമഴ തുടങ്ങി. കാല്‍ നൂറ്റാണ്ടായി മത്സരമില്ലാതെ തിരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിയുടെ പൂര്‍ണ പിന്തുണ സെക്രട്ടറി മുന്നോട്ടുവെക്കുന്ന ഓരോ പദ്ധതിക്കുമുണ്ട്. ജീവനക്കാരാകട്ടെ തങ്ങളുടെ നവനാടിനായി സദാ കര്‍മനിരതരും. കഴിഞ്ഞ ഭരണ സമിതിയില്‍ അംഗമായിരുന്ന സി.കെ. ചാമുണ്ണി പദ്ധതികള്‍ക്ക് ആക്കവും ആഴവും കൂട്ടുന്നതില്‍ വിദഗ്ദനായി നിന്ന് പ്രവര്‍ത്തിച്ചു. സംസ്ഥാന സഹകരണ ബാങ്ക് ഡയരക്ടര്‍ കൂടിയായിരുന്ന അദ്ദേഹം ഇപ്പോള്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിരുന്നു കൊണ്ട് ബാങ്കിന് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി വരുന്നു.

സിനിമാ പ്രദര്‍ശന ശാലകളും ഷോപ്പിംഗ് മാളും അടങ്ങുന്ന വിനോദ വാണിജ്യ സമുച്ചയം നിര്‍മിക്കുക എന്നതാണ് ബാങ്കിന്റെ അടുത്ത പദ്ധതിയെന്ന് സെക്രട്ടറി ആര്‍.സുരേന്ദ്രന്‍ പറഞ്ഞു. നബാര്‍ഡിന്റെ സഹായത്തോടെ 10.80 കോടി രൂപ ചെലവില്‍ മൂന്നു നിലകളിലായി 45,000 ചതുരശ്ര അടി വിസ്തൃതിയിലായിരിക്കും ഈ ഗോഡൗണ്‍ കം തിയറ്റര്‍ കോംപ്ലക്‌സ്. താഴെ ഭൂഗര്‍ഭ തലത്തില്‍ ഗോഡൗണ്‍. തൊട്ടു മുകളില്‍ രണ്ട് മള്‍ട്ടിപ്ലക്‌സ് തിയറ്ററുകളും ഷോപ്പിംഗ് മാളും ഫുഡ് കോര്‍ട്ടും. ഏറ്റവും മുകളില്‍ വിശാലമായ ഹാള്‍. ആദ്യ ഘട്ടത്തില്‍ രണ്ട് നില പണിയും. ഇതിന്റെ തറക്കല്ലിടല്‍ അടുത്തു തന്നെ നടക്കും. ബാങ്ക് കെട്ടിടത്തോട് ചേര്‍ന്നുള്ള സ്ഥലത്തു ചെറിയൊരു ഫ്‌ളാറ്റ് സമുച്ചയം പണിയും. ഇതിനു ചുറ്റുമുള്ള അമ്പത് മീറ്ററില്‍ എല്ലാ തരത്തിലുമുള്ള ആധുനിക ജീവിത സൗകര്യങ്ങളും ലഭ്യമാക്കിക്കൊണ്ട് പുതിയ കണ്ണമ്പ്രയെ സൃഷ്ടിക്കാനാണ് ബാങ്കിന്റെ പദ്ധതി.

ബാങ്ക് ഈ വര്‍ഷം തന്നെ സിവില്‍ സര്‍വീസ് അക്കാദമി തുടങ്ങും. ഇതിനായി ആധുനിക സംവിധാനത്തോടെ ശീതീകരിച്ച ഹാള്‍ ഒരുക്കിക്കഴിഞ്ഞു. തിയേറ്റര്‍, എല്‍.ഇ.ഡി. വോള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഇതിലുണ്ടാകും. യു.പി. മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള കുട്ടികള്‍ക്ക് മൂന്നു ബാച്ചുകളിലായാണ് പരിശീലനം. ഇവര്‍ക്ക് ഭക്ഷണവും സൗജന്യമായി നല്‍കും. വിപുലമായ ഗ്രന്ഥശാലയും ഏര്‍പ്പെടുത്തും. ഇപ്പോള്‍ ത്തന്നെ രോഗികളുള്ള കുടുംബങ്ങളിലെ കുട്ടികളെ ബാങ്ക് മുന്‍കൈയെടുത്തു പഠിപ്പിക്കുകയും ഉന്നത വിദ്യാഭ്യാസത്തിന് സഹായം നല്‍കുകയും ചെയ്യുന്നുണ്ട്. വയോജനങ്ങള്‍ക്കായി ജീവിതാസ്വാദന കേന്ദ്രം കണ്ണമ്പ്രയില്‍ തുടങ്ങാന്‍ ബാങ്കിന് പരിപാടിയുണ്ട്. പ്രായമായ എല്ലാവര്‍ക്കും പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാനും ആലോചിക്കുന്നുണ്ട്.

 

നേതൃത്വപരമായ മികവ്

ബാങ്കിന്റെ ധനവര്‍ധനക്കപ്പുറത്ത് ഒരു നാടിന്റെയും നാട്ടുകാരുടെയും ജീവിതാവസ്ഥയെ എത്രകണ്ട് വളര്‍ത്താം എന്ന പ്രയത്‌നമാണ് കണ്ണമ്പ്രയില്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇതിന്റെ നേതൃത്വപരമായ ചുമതല കണ്ണമ്പ്ര ബാങ്ക് ഏറ്റെടുക്കുന്ന രീതി സഹകരണ സ്ഥാപനങ്ങള്‍ക്കെല്ലാം മാതൃകയാകേണ്ടതാണ്. കണ്ണമ്പ്രയുടെ വരുമാനം കണ്ണമ്പ്രയില്‍ത്തന്നെ വിനിയോഗിക്കപ്പെടുക എന്നതാണ് ആത്യന്തികമായ ലക്ഷ്യം.  38,000 അംഗങ്ങളാണ് ബാങ്കിനുള്ളത്. ഇവരെയെല്ലാം ബാങ്കിന്റെ ഇതര സ്ഥാപനങ്ങളില്‍ സ്ഥിരം ഇടപാടുകാരാക്കാന്‍ ചെറിയ ഇളവുകളോടെ പര്‍ച്ചേയ്‌സ് കാര്‍ഡുകള്‍ വിതരണം ചെയ്യും. ബാങ്കിന്റെ ലാഭ വിഹിതം ലഭിക്കുന്ന അംഗങ്ങള്‍ക്ക് അതൊഴിവാക്കി ആ തുകക്ക് പര്‍ച്ചേയ്‌സ് കാര്‍ഡുകള്‍ വാങ്ങാനും സാധിക്കും. ഇതോടെ, എല്ലാ സംരംഭങ്ങള്‍ക്കും ഉപഭോക്താക്കളെ മുന്‍കൂട്ടി ഉറപ്പിക്കാനാകും. മൊബൈല്‍ ഫോണ്‍ വഴി ഇവരെ ഒരുമിച്ചു ചേര്‍ക്കും.

പാലക്കാട്ടെ 30 സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമായ പാലക്കാട് നെല്ല് സംഭരണ-സംസ്‌കരണ-വിപണന സഹകരണ സംഘം (പാപ്‌കോസ്) വന്‍കിട അരിമില്ലും ഗോഡൗണുകളും തുടങ്ങുന്നത് കണ്ണമ്പ്രയിലാണ്. കണ്ണമ്പ്ര ബാങ്ക് സെക്രട്ടറിയാണ് സംഘത്തിന്റെയും സെക്രട്ടറി. സംഘത്തിന്റെ ഓഫീസ് സ്വന്തം കെട്ടിടത്തില്‍ തുടങ്ങിക്കൊണ്ട് കാര്‍ഷിക-സഹകരണ മേഖലയിലെ വന്‍ പദ്ധതിക്ക് നേതൃത്വപരമായ ചുമതല കൂടി കണ്ണമ്പ്ര ബാങ്ക് വഹിക്കുന്നുണ്ട്.

ബാങ്കിന്റെ കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇപ്പോള്‍ ലേബര്‍ ബാങ്കുണ്ട്. ഇതേ മാതൃകയില്‍ ജീവനക്കാരടങ്ങുന്ന ഒരു എക്‌സിക്യൂട്ടീവ് ബാങ്ക് രൂപവത്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ധനപ്രതിസന്ധിയിലായ സഹകരണ സ്ഥാപനങ്ങള്‍ക്ക് അവര്‍ ആവശ്യപ്പെട്ടാല്‍ ഈ എക്‌സിക്യൂട്ടീവ് ബാങ്കിന്റെ സേവനം നല്‍കും. സ്ഥാപനം ലാഭത്തിലാക്കിക്കഴിഞ്ഞാല്‍ മാത്രം സേവനത്തിനുള്ള പ്രതിഫലം നല്‍കിയാല്‍ മതിയാകും.


പുതിയ സാമ്പത്തിക വര്‍ഷം പിറക്കുമ്പോള്‍ സഹകാരികളും ജീവനക്കാരും ചേര്‍ന്ന് ഒരു ശില്‍്പശാലയിലിരിക്കും. പദ്ധതി നടത്തിപ്പുകളുടെ ക്രിയാത്മക വിമര്‍ശം അപ്പോള്‍ നടക്കും. പുതിയ പദ്ധതികളെക്കുറിച്ച് ആലോചിക്കും. ഇതു തന്നെയാണ് ബാങ്കിന്റെ പ്രവര്‍ത്തന മികവിന് അടിസ്ഥാനം. നിക്ഷേപ സമാഹരണത്തില്‍ അഞ്ചു വര്‍ഷമായി ജില്ലയില്‍ കണ്ണമ്പ്ര ബാങ്ക് ഒന്നാമതാണ്. 2016 -17 ല്‍ ആകെ പ്രവര്‍ത്തന മികവില്‍ സംസ്ഥാന സഹകരണ ബാങ്കിന്റെ പുരസ്‌കാരം ഉള്‍പ്പടെ നിരവധി ബഹുമതികള്‍ കണ്ണമ്പ്ര ബാങ്കിനെ തേടിയെത്തി. പൊതുമേഖലാ ബാങ്കുകളെ കിടപിടിക്കുന്ന എല്ലാ ആധുനിക പണമിടപാട് സൗകര്യങ്ങളും കണ്ണമ്പ്ര ബാങ്കില്‍ ലഭ്യമാണ്.

പി.കെ.ഹരിദാസന്‍ പ്രസിഡന്റായുള്ള ഭരണസമിതിക്കാണ് ഇപ്പോള്‍ ബാങ്കിന്റെ പ്രവര്‍ത്തനച്ചുമതല. വി.ആര്‍. സാലിന്‍ വൈസ് പ്രസിഡന്റായുള്ള സമിതിയില്‍ ആര്‍. ചാമുണ്ണി, കെ.വി. ദേവദാസ്, പി. സോമസുന്ദരന്‍, പി.എം. മോഹനന്‍, എം. ചെന്താമരാക്ഷന്‍, കെ.കെ. കൃഷ്ണന്‍കുട്ടി, എസ്. ശിവദാസന്‍, യു. ചന്ദ്രന്‍, ആര്‍. പ്രശാന്ത് മാസ്റ്റര്‍, കെ. അനൂപ്, പി. വിജയകുമാരി, സുഭദ്ര, ജോഷി ഗംഗാധരന്‍ എന്നിവര്‍ അംഗങ്ങളാണ്.

സ്‌നേഹച്ചായ

ബാങ്കിലേക്ക് കയറി വരുന്ന ആര്‍ക്കും ആദ്യം ഒരു കട്ടന്‍ ചായ നല്‍കിയാണ് സ്‌നേഹ സ്വാഗതം. ഇടപാടുകാരെ അത്രമേല്‍ ഇഴ ചേര്‍ക്കുകയാണ് ബാങ്കിന്റെ ഓരോ നടപടിയും. അംഗങ്ങള്‍ക്ക് അപകടം മൂലം മരണം സംഭവിക്കുമ്പോഴും ഭാഗികമായി ചലനശേഷി നഷ്ടപ്പെടുമ്പോഴും ഒരു ലക്ഷം രൂപ വരെ തുക ലഭിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ ബാങ്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാങ്കില്‍ ഏതെങ്കിലും തരത്തില്‍ ഇടപാടുകള്‍ നടത്തിയവര്‍ക്ക് അംഗമാവുന്ന തരത്തിലാണ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ രൂപകല്പന. ഭരണ സമിതി അംഗങ്ങളുടെ നാട്ടിലെ ഇടപെടലുകളാണ് ബാങ്കിന് എപ്പോഴും പ്രവര്‍ത്തന മികവ് പകരുന്നത്. അതിവേഗ വികസിത കണ്ണമ്പ്രയുടെ കരുത്തും കരുതലും എന്ന നിലയിലായിരിക്കും ചരിത്രം ഇനി ഈ സഹകരണ ബാങ്കിനെ എഴുതിയിടുക.

Leave a Reply

Your email address will not be published.