സഹകരണ പ്രസ്ഥാനം പാവപ്പെട്ടവര്‍ക്കൊപ്പം: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

moonamvazhi

കള്ളപ്പണക്കാര്‍ക്കൊപ്പമല്ല കള്ളപ്പണം കൊണ്ട് പാവപ്പെട്ടവരെയും ഇടത്തരക്കാരെയും കൊള്ളയടിക്കുന്നവര്‍ക്കെതിരെയാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനം എക്കാലത്തും നിലകൊണ്ടിട്ടുള്ളതെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ആരോഗ്യ മേഖലയ്ക്ക് പ്രത്യേകം പരിഗണന നല്‍കിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സഹകരണ സംഘമായ ഹാഡ്‌കോസിന്റെ ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂപരിഷ്‌കരണത്തിന്റെ ഫലമായി രൂപീകരിക്കപ്പെട്ട ബദല്‍ സാമൂഹിക സമ്പദ്ഘടനയെ മുന്നോട്ടുകൊണ്ടു പോകാന്‍ കേരളത്തിനു കഴിഞ്ഞത് സഹകരണ പ്രസ്ഥാനങ്ങളുടെ ശക്തമായ സാന്നിധ്യം ഒന്നുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു. അംഗങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും സൗകര്യപ്രദമായ രീതിയില്‍ സ്ഥാപനത്തെ ബന്ധപ്പെടുത്തുന്നതിനായി കോഴിക്കോട് കല്ലായി റോഡിലെ യമുന ആര്‍ക്കേഡിന്റെ ഒന്നാം നിലയിലാണ് സംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. ഹാഡ്‌കോസ് പ്രസിഡന്റ് ശിവദാസന്‍ ചെമ്മനാട്ടില്‍ അധ്യക്ഷത വഹിച്ചു.

വെബ്‌സൈറ്റ് ഉദ്ഘാടനം കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. നാസര്‍, RTGS/NEFT ഉദ്ഘാടനം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പി. ഉഷാദേവി ടീച്ചര്‍, ജി.ഡി.എസ് ഉദ്ഘാടനം കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ സാജു ജെയിംസ് ലോഗോ പ്രകാശനം എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍, ലോക്കര്‍ ഉദ്ഘാടനം കോഴിക്കോട് സഹകരണ ദന്താശുപത്രി ഡയറക്ടര്‍ അഷ്‌റഫ് മണക്കടവ്, മൈക്രോ ഫിനാന്‍സ് ഉദ്ഘാടനം ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ചെയര്‍മാന്‍ അഡ്വ.ജി.സി. പ്രശാന്ത് കുമാര്‍ സ്വര്‍ണ്ണസുരക്ഷാപദ്ധതി ഉദ്ഘാടനം ഏറാമല സര്‍വീസ് സഹകരണ ബാങ്ക് ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ എന്നിവര്‍ നിര്‍വഹിച്ചു.

പെരുമുഖം നിര്‍മ്മാണ സഹകരണ സംഘം ഡയറക്ടര്‍ എന്‍.ശശിധരന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗം അബ്ദുള്ള അസീസ് എന്നിവര്‍ ആശംസയര്‍പ്പിച്ചു. ഡയറക്ടര്‍ ടി.പി ജയരാജന്‍ സ്വാഗതവും കെ. സത്യന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.