സഹകരണ പുനര്‍ജനി പദ്ധതിയില്‍ പ്രതീക്ഷ അര്‍പ്പിച്ച് പട്ടിക വിഭാഗം സഹകരണ സംഘങ്ങള്‍  

moonamvazhi

പുനര്‍ജനി പദ്ധതിയില്‍ കുടുതല്‍ തുക അനുവദിച്ചതും പട്ടിക വിഭാഗം സഹകരണ സംഘങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളും സംരംഭങ്ങളും തുടങ്ങാന്‍ സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചതും സംഘങ്ങള്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു. പട്ടികജാതി- പട്ടിക വര്‍ഗ സഹകരണ സംഘങ്ങളിലേറെയും പ്രവര്‍ത്തന പ്രതിസന്ധി നേരിടുന്നവയാണ്. ഇവയ്ക്ക് സര്‍ക്കാര്‍ സഹായം ഉറപ്പാക്കി പുതിയ പദ്ധതി ആവിഷ്‌കരിക്കണമെന്നത് ഏറെ നാളത്തെ ആവശ്യമാണ്.

‘പുനര്‍ജനി’ പദ്ധതിക്ക് അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് 3.60 കോടിരൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. പാലക്കാട് ജില്ലയില്‍ ാത്രം എട്ട് സഹകരണസംഘങ്ങളെ ഈ പദ്ധതിയുടെ കീഴില്‍ ഇതിനകം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അട്ടപ്പാടിമേഖലയിലെ കുറുമ്പ പട്ടികവര്‍ഗസംഘം, കോട്ടത്തറ പട്ടികവര്‍ഗസംഘം, അട്ടപ്പാടി പട്ടികജാതിസംഘം, പെരുമാട്ടി പഞ്ചായത്ത് പട്ടികജാതിസംഘം, കൊടുവായൂര്‍ പട്ടികജാതിസംഘം, പുതുനഗരം പട്ടികജാതിസംഘം, നെന്മാറ ചാത്തമംഗലം പട്ടികജാതിസംഘം, കഞ്ചിക്കോട് രാജീവ്ഗാന്ധി പട്ടികജാതിസംഘം എന്നിവയാണ് പദ്ധതിയുടെകീഴില്‍ വരുന്നത്.

വീണ്ടും തുക വകയിരുത്തിയതിലൂടെ അടുത്തവര്‍ഷവും ഈ സംഘങ്ങള്‍ക്ക് സഹായം നല്‍കാനാവും. ഇതിനുപുറമേ വിവിധ ജില്ലകളില്‍ ഒട്ടേറെ സഹകരണ സംഘങ്ങള്‍ പുനര്‍ജനി പദ്ധതി അനുസരിച്ച് സഹായം കാത്തിരിക്കുന്നുണ്ട്. ഫണ്ടിന്റെ കുറവാണ് ഇവയെ ഉള്‍പ്പെടുത്തുന്നതിന് തടസ്സമാകുന്നത്.പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലുള്ള പട്ടികജാതിവര്‍ഗ സഹകരണസംഘങ്ങളെയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. സ്ഥിരംസെക്രട്ടറിയും ഭരണസമിതിയുമുണ്ടെങ്കില്‍ സഹായം ലഭ്യമാകും.

ഉത്പാദനവും വിപണനവും വഴിമുട്ടിയ എസ്.സി., എസ്.ടി. സംഘങ്ങള്‍ പ്രവര്‍ത്തനം നിലച്ച നിലയിലുണ്ട്. ഇവയ്ക്ക് പുതിയ ഉത്പാദന യൂണിറ്റുകള്‍ ഏറ്റെടുക്കാന്‍ പുനര്‍ജനി പദ്ധതിക്കുപുറമേ ബജറ്റില്‍ പ്രഖ്യാപിച്ച എട്ടുകോടിരൂപയുടെ സഹായപദ്ധതിയും ഗുണകരമാകും. പുതുതായി സര്‍ക്കാര്‍ അംഗീകൃത കോഴ്‌സുകള്‍ തുടങ്ങാനും ഈ പദ്ധതിത്തുക വിനിയോഗിക്കാനാവും.

Leave a Reply

Your email address will not be published.