സഹകരണ ജീവനക്കാര്‍ പരിധിക്ക് പുറത്താവരുത്

[email protected]

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള സര്‍ക്കാരിന്റെ പുതിയ ആരോഗ്യ സുരക്ഷാ പദ്ധതി ഈ മാസം പ്രാബല്യത്തില്‍ വരികയാണ്. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാരെല്ലാം ഈ പദ്ധതിയില്‍ അംഗമാകുന്നുണ്ട്. നേരത്തെ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരെക്കൂടി ഈ പദ്ധതിയുടെ ഭാഗമാക്കിക്കൊണ്ടായിരുന്നു ധനവകുപ്പിന്റെ ഉത്തരവ്. എന്നാല്‍, ഇത് പാടെ അട്ടിമറിച്ചാണ് ഇപ്പോള്‍ പദ്ധതി നടപ്പാക്കുന്നത്. സഹകരണ ജീവനക്കാരെ പദ്ധതിക്ക് പുറത്തുനിര്‍ത്തുന്നത് എന്തൊക്കെ സാങ്കേതികതയുടെ പേരിലാണെങ്കിലും ധാര്‍മികമായി ശരിയല്ല. ഇടതു സര്‍ക്കാരിന്റെ എല്ലാ പ്രതിസന്ധിഘട്ടത്തിലും തുണയായതും തണലായതും സഹകരണ സ്ഥാപനങ്ങളാണ്. പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുപോലും ചെയ്യാനാവാത്ത സഹായം സഹകരണ സ്ഥാപനങ്ങളും അവിടത്തെ ജീവനക്കാരും നല്‍കിയിട്ടുണ്ട്. ഈ പരിഗണന ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുമ്പോള്‍ സര്‍ക്കാര്‍ നല്‍കിയില്ലെന്നത് പ്രതിഷേധാര്‍ഹമാണ്.

കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍, ക്ഷേമ പെന്‍ഷന്‍ എന്നിവക്കുള്ള പണം സഹകരണ സംഘങ്ങളാണ് സര്‍ക്കാരിന് നല്‍കിയത്. സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലായപ്പോള്‍ 3000 കോടി ട്രഷറിയില്‍ നിക്ഷേപിച്ച് സഹായിച്ചതും സഹകരണ സ്ഥാപനങ്ങളാണ്. ഇതു മാത്രമല്ല, പ്രളയബാധിതരായവര്‍ക്ക് 5000 വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതും സഹകരണ മേഖല തന്നെ. അംഗങ്ങള്‍ക്ക് കൊടുക്കേണ്ട ലാഭവിഹിതം സഹകരണ മേഖല സര്‍ക്കാരിനു നല്‍കി. ജീവനക്കാരും ഈ സഹായത്തില്‍ നിന്ന് മാറിനിന്നില്ല. പെന്‍ഷന്‍ വീട്ടിലെത്തിക്കാനുള്ള സര്‍ക്കാര്‍ ദൗത്യം ഏറ്റെടുത്തത് സഹകരണ മേഖലയിലെ ജീവനക്കാരാണ്. ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, സര്‍ക്കാര്‍ ജീവനക്കാര്‍പോലും മടിച്ച ഘട്ടത്തില്‍ മറുവാക്കില്ലാതെ നല്‍കിയത് സഹകരണ ജീവനക്കാരാണ്. ഇത്രയൊക്കെയായിട്ടും സര്‍ക്കാരിന്റെ ആരോഗ്യ പരിരക്ഷാ പദ്ധതിയില്‍, അതും സര്‍ക്കാരിന് സാമ്പത്തിക ബാധ്യത ഒട്ടുമില്ലാത്ത പദ്ധതിയില്‍, സഹകരണ ജീവനക്കാരെ പുറത്തുനിര്‍ത്തിയത് നീതീകരിക്കാവുന്നതല്ല. അവിടെമാത്രം സഹകരണ ജീവനക്കാര്‍ രണ്ടാം തരക്കാരാവുന്നത് കാഴ്ചപ്പാടിന്റെ പ്രശ്നമാണ്. ഇത് തിരുത്തിയില്ലെങ്കില്‍ സഹകരണ മേഖലയോടുള്ള സര്‍ക്കാരിന്റെ അടുപ്പം ആത്മാര്‍ത്ഥതയില്ലാത്തതാണെന്ന് കരുതേണ്ടിവരും. കാരണം, സഹകരണ ജീവനക്കാര്‍ പരിധിക്ക് പുറത്തു നിര്‍ത്തേണ്ടവരല്ല.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!