സഹകരണമേഖലയ്ക്കായി പോരാട്ടം ശക്തമാക്കും ; സഹകരണ കോണ്‍ഗ്രസിന് സമാപനം

moonamvazhi

സഹകരണമേഖലയുടെ മുന്നേറ്റത്തിന് നിരവധി ക്രിയാത്മക നിര്‍ദേശങ്ങളുമായി തിരുവനന്തപുരത്തു നടന്ന ഒമ്പതാം സഹകരണ കോണ്‍ഗ്രസ് സമാപിച്ചു. സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ പോരാട്ടം ശക്തമാക്കുമെന്ന് ആഹ്വാനം ചെയ്താണ് ചരിത്ര സമ്മേളനം സമാപിച്ചത്.

സഹകരണ വൈജ്ഞാനിക മേഖലയില്‍ മുന്നേറ്റമുണ്ടാകണമെന്നും ഇതിനായി സംസ്ഥാനത്ത് സഹകരണ സര്‍വകലാശാല സ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വിദേശ സര്‍വകലാശാലകളുമായി സഹകരിച്ച് ഈ സര്‍വകലാശാല പ്രവര്‍ത്തിക്കണം. കേരളത്തിലെ സര്‍വകലാശാലകളുടെ പട്ടികയില്‍ 23 സ്ഥാപനങ്ങള്‍ ഇടം പിടിച്ചപ്പോഴും സഹകരണ സര്‍വകലാശാല സ്വപ്നമായി തുടരുകയാണ്. പ്രാഥമിക സഹകരണ സംഘങ്ങളും കേരള ബാങ്കും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കണം. പ്രാഥമിക സഹകരണ സംഘങ്ങളെ ആധുനികവല്‍ക്കരിക്കണം. വനിതാ സംരംഭങ്ങളെയും യുവാക്കളുടെ സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

സഹകരണ കോണ്‍ഗ്രസിന്റെ സമാപന സമ്മേളനം മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. വി കെ പ്രശാന്ത് എംഎല്‍എ അധ്യക്ഷനായി. മന്ത്രി പി പ്രസാദ്, സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍ കൃഷ്ണന്‍നായര്‍, കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, പ്രമുഖ സഹകാരി കരകുളം കൃഷ്ണപിള്ള, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ ടി വി സുഭാഷ്, സഹകരണ ഓഡിറ്റ് ഡയറക്ടര്‍ എം എസ് ഷെറിന്‍, കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്‍ കെ രാമചന്ദ്രന്‍, കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജനറല്‍ സെക്രട്ടറി ഇ ഡി സാബു, ഇ നിസാമുദ്ദീന്‍, ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

സഹകരണ വാരാഘോഷ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പ്രസംഗ മത്സരത്തിലെ വിജയികള്‍ക്ക് മന്ത്രി വി എന്‍ വാസവന്‍ പുരസ്‌കാരങ്ങള്‍ നല്‍കി. സമാപനത്തിന് മുന്നോടിയായി ഘോഷയാത്രയും സംഘടിപ്പിച്ചു. സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍ ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!