സമസ്ത മേഖലയിലും സഹകരണ സ്പര്‍ശമേകി കൊയിലാണ്ടി മള്‍ട്ടി പര്‍പ്പസ് സംഘം
നിര്‍മാണമേഖല, ടൂറിസം, കൃഷി, സ്പോര്‍ട്സ്, ഹോം നഴ്സിംഗ്,
ഹൗസ് കീപ്പിംഗ്, സെക്യൂരിറ്റി സര്‍വീസ്, കാറ്ററിംഗ് സര്‍വീസ്, ഫെസ്റ്റ്,
വിനോദയാത്ര തുടങ്ങി സമൂഹവുമായി ബന്ധപ്പെടുന്ന സമസ്ത രംഗങ്ങളിലും സഹകരണത്തിലൂടെ പുതുചലനങ്ങള്‍ തീര്‍ക്കുകയാണു കോംപ്‌കോസിന്റെ
ലക്ഷ്യം.
കേരളത്തിലെ മുഴുവന്‍ താലൂക്കുകളിലും സി.പി.എമ്മിന്റെ നേതൃത്വത്തില്‍ വിവിധോദ്ദേശ്യ സഹകരണസംഘങ്ങള്‍ രൂപംകൊണ്ടുവരികയാണ്. കോഴിക്കോട് ജില്ലയില്‍ത്തന്നെ വടകര, കോഴിക്കോട്, താമരശ്ശേരി എന്നിവിടങ്ങളില്‍ ഇത്തരം മള്‍ട്ടി പര്‍പ്പസ് സൊസൈറ്റികള്‍ നിലവില്‍ വന്നു. സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകരോ അനുഭാവികളോ അല്ലാത്തവരെപ്പോലും ഭാരവാഹികളാക്കിയും പ്രധാന വക്താക്കളാക്കിയുമാണു സൊസൈറ്റികള്‍ രൂപം കൊള്ളുന്നത്. കോഴിക്കോടിന്റെ കായികക്കുതിപ്പിനു സഹായകമായി തിരുവമ്പാടിയില്‍ സഹകാരികളുടെ നേതൃത്വത്തില്‍ രൂപം കൊണ്ട മത്തായിചാക്കോ മെമ്മോറിയല്‍ മലബാര്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ആന്റ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ( മാസ്ഡിക്കോസ് ) ഇത്തരത്തിലുളളതാണ്. കായികപരിശീലനത്തിനുളള കേരളത്തിലെ ആദ്യത്തെ സഹകരണ സംഘമാണിത്. ഇതിനോടൊപ്പം കോഴിക്കോട് ജില്ലയില്‍ പിറവിയെടുത്ത കൊയിലാണ്ടി മള്‍ട്ടി പര്‍പ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ( കോംപ്‌കോസ് ) യും
പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ്. 2021 ജൂലായ് 12 നു പ്രവര്‍ത്തനം തുടങ്ങിയ കോംപ്‌കോസിന്റെ ഓഫീസ് കൊയിലാണ്ടി സ്റ്റേഡിയം ബില്‍ഡിങ്ങില്‍ ഇക്കഴിഞ്ഞ ജനുവരി അഞ്ചിനു കാനത്തില്‍ ജമീല എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
നിര്‍മാണമേഖല, ടൂറിസം, കൃഷി, സ്പോര്‍ട്സ്, ഹോം നഴ്സിംഗ്, ഹൗസ് കീപ്പിംഗ്, സെക്യൂരിറ്റി സര്‍വീസ്, കാറ്ററിംഗ് സര്‍വീസ്, ഫെസ്റ്റ്, വിനോദയാത്ര തുടങ്ങി സമൂഹവുമായി ബന്ധപ്പെടുന്ന സമസ്തരംഗങ്ങളിലും സഹകരണത്തിലൂടെ പുതുചലനങ്ങള്‍ തീര്‍ക്കുകയാണു കോംപ്‌കോസിന്റെ ലക്ഷ്യം.
സഹകരണരംഗത്തെ
പരിചയസമ്പന്നര്‍
സഹകരണമേഖലയില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചവരാണു കോംപ്‌കോസിന്റെ സാരഥികള്‍. സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ കൊയിലാണ്ടി ഏരിയാ സെക്രട്ടറിയുമായ കെ.കെ. മുഹമ്മദായിരുന്നു കൊയിലാണ്ടി മള്‍ട്ടി പര്‍പ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചീഫ് പ്രമോട്ടര്‍. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂനിയന്‍ ഭാരവാഹി എം. ബാലകൃഷ്ണന്‍, അഡ്വ. കെ. സത്യന്‍, പി.എ. അജനചന്ദ്രന്‍, എം. കൃഷ്ണന്‍, അനില്‍ പറമ്പത്ത്, പി.കെ. ബാബു, പി.വി. അനുഷ എന്നിവര്‍ പ്രമോട്ടര്‍മാരുമായിരുന്നു. പിന്നീട് പുതിയ ഭരണസമിതി പ്രസിഡന്റായി കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. കെ.സത്യനെയും വൈസ് പ്രസിഡന്റായി മനോജ് ചേരിക്കുന്നുമ്മലിനെയും തിരഞ്ഞെടുത്തു. എം. ബാലകൃഷ്ണനാണ് ഓണററി സെക്രട്ടറി. അഡ്വ. പി. പ്രശാന്ത്, പി. ആലിക്കോയ, അനില്‍ പറമ്പത്ത്, പി.വി. അനുഷ, പി.കെ. ബാബു, പി. ബാബുരാജ്, ബിന്ദു സോമന്‍, ജുബീഷ്, ടി. മോഹനന്‍, പി.പി. രമണി എന്നിവര്‍ ഡയറക്ടര്‍മാരാണ്.
കൊയിലാണ്ടി താലൂക്കാണ് ഈ മള്‍ട്ടി പര്‍പ്പസ് സൊസൈറ്റിയുടെ പ്രവര്‍ത്തനപരിധി. നിലവില്‍ 75 മെമ്പര്‍മാരാണുളളത്. മെമ്പര്‍മാരുടെ എണ്ണവും ഓഹരിത്തുകയും വര്‍ധിപ്പിക്കാനുളള ഊര്‍ജിതശ്രമം തുടങ്ങിയിട്ടുണ്ട്. രണ്ടു ലക്ഷം രൂപയുടെ രണ്ടു ചിട്ടികള്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. കൃഷി, ടൂറിസം, നിര്‍മാണമേഖല, വിദ്യാഭ്യാസം, ആരോഗ്യപദ്ധതികള്‍, യാത്ര തുടങ്ങി വിവിധമേഖലകളെ ലക്ഷ്യംവെച്ചാണ് ഈ വിവിധോദ്ദേശ സൊസൈറ്റി പ്രവര്‍ത്തിക്കുകയെന്ന് ഭാരവാഹികള്‍ പറഞ്ഞു.
കൊയിലാണ്ടിയിലെയും പരിസരപ്രദേശങ്ങളിലും ടൂറിസംമേഖലയ്ക്ക് അനന്തസാധ്യതകളുണ്ട്. ഇപ്പോള്‍ത്തന്നെ അകലാപ്പുഴ, നെല്യാടിക്കടവ് എന്നിവിടങ്ങളില്‍ തുടങ്ങിയ ശിക്കാര ഉല്ലാസബോട്ടുകളില്‍ കയറി തനതു ഗ്രാമീണസൗന്ദര്യം നുകരാനെത്തുന്നവര്‍ നിരവധിയാണ്. കോഴിക്കോട് ജില്ലയിലെ കുട്ടനാടാണ് അകലാപ്പുഴ. ശാന്തമായ ജലാശയവും ആകര്‍ഷകമായ ഗ്രാമീണക്കാഴ്ചകളും ഇവിടുത്തെ പ്രത്യേകതയാണ്. അകലാപ്പുഴ കണയങ്കോട്, കോരപ്പുഴവരെ നിറഞ്ഞൊഴുകുകയാണ്. ഈ ജലാശയത്തിന്റെ ടൂറിസംസാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി പുതിയ ടൂറിസംപദ്ധതികള്‍ ആവിഷ്‌കരിക്കാനുളള നടപടികള്‍ തുടങ്ങിയതായി സൊസൈറ്റി പ്രസിഡന്റ് അഡ്വ. കെ. സത്യന്‍ പറഞ്ഞു. ഇതിനു കൊയിലാണ്ടി നഗരസഭയുടെയും സമീപപഞ്ചായത്തുകളുടെയും പിന്തുണയും സഹകരണവും സൊസൈറ്റി തേടും.
ടൂറിസംകേന്ദ്രങ്ങളെ
കൂട്ടിയിണക്കും
കാപ്പാട്, അകലാപ്പുഴ, നെല്യാടിക്കടവ്, കൊല്ലം, ഉരുപുണ്യകാവ്, ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ്, കക്കയം, കരിയാത്തന്‍പാറ, വയലട, പെരുവണ്ണാമൂഴി, നരക്കോട്, പുത്തഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലെ ടൂറിസം ഡെസ്റ്റിനേഷനുകളെ കോര്‍ത്തിണക്കി ടൂറിസംപദ്ധതികള്‍ ആവിഷ്‌കരിക്കും. നെല്യാടിക്കടവ്, കണയങ്കോട്, അണേലക്കടവ് എന്നിവിടങ്ങളില്‍ ഉല്ലാസബോട്ട് സൗകര്യം ഏര്‍പ്പെടുത്തി ജല വിനോദസഞ്ചാര മേഖലകളില്‍ പുതിയ ചലനങ്ങള്‍ ഉണ്ടാക്കും. സൊസൈറ്റി മെമ്പര്‍മാരുടെയും അഭ്യുദയാകാംക്ഷികള്‍, പ്രവാസികള്‍ എന്നിവരുടെയും പങ്കാളിത്തത്തോടെ പുതിയ ഉല്ലാസബോട്ടുകള്‍ നീറ്റിലിറക്കും. അകലാപ്പുഴയില്‍ നിലവില്‍ സ്വകാര്യവ്യക്തികളുടെ ഉല്ലാസബോട്ട് സര്‍വീസുണ്ട്. ഇവരുമായും സഹകരിക്കും. സംസ്ഥാനത്തിനകത്തും പുറത്തുമുളള ടൂറിസ്റ്റ്‌കേന്ദ്രങ്ങളിലേക്കു ടൂര്‍ പാക്കേജുകള്‍ സൊസൈറ്റി സംഘടിപ്പിക്കും.
കാര്‍ഷികരംഗത്തു സഹകരണമേഖലയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി കാര്‍ഷികമുന്നേറ്റം സാധ്യമാക്കുകയാണു സൊസൈറ്റി ലക്ഷ്യമിടുന്നതെന്നു ചീഫ് പ്രമോട്ടറായിരുന്ന കെ.കെ. മുഹമ്മദ് പറഞ്ഞു. കൃഷിഭൂമി പാട്ടത്തിനെടുത്ത് ഓരോ നിലത്തിനും അനുയോജ്യമായ കൃഷി ചെയ്യും. കോഴിക്കോട് ജില്ലയിലെ വിസ്തൃതമായ നടേരി വെളിയണ്ണൂര്‍ ചല്ലിയില്‍ വലിയ സാധ്യതയാണു തെളിഞ്ഞുവരുന്നത്. കൃഷിയോടൊപ്പം ടൂറിസംസാധ്യതയും ഇവിടെയുണ്ട്. അരിക്കുളം, കീഴരിയൂര്‍, നടുവണ്ണൂര്‍, കൊയിലാണ്ടി നഗരസഭ എന്നിവ അതിരിടുന്ന വെളിയണ്ണൂര്‍ ചല്ലി കൃഷിയോഗ്യമാക്കാന്‍ 21 കോടി രൂപയുടെ പദ്ധതിയ്ക്കു സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിക്കഴിഞ്ഞു. കൃഷിയോഗ്യമല്ലാത്തതിനാല്‍ സ്വകാര്യ വ്യക്തികളുടെ കയ്യിലുള്‍പ്പടെ ഏക്കര്‍കണക്കിനു ഭൂമി ഇവിടെ ഒരു കൃഷിയും ചെയ്യാതെ തരിശായിക്കി ടക്കുകയാണ്. ഇത്തരം ഭൂമികള്‍ പാട്ടത്തിനെടുത്തു പ്രാദേശിക കര്‍ഷകസമൂഹത്തിന്റെ പിന്തുണയോടെ നെല്‍ക്കൃഷിയും കന്നുകാലി വളര്‍ത്തലും മറ്റ് അനുബന്ധ കാര്യങ്ങളുമെല്ലാം ചെയ്യാന്‍ കഴിയും. വെളിയണ്ണൂര്‍ ബ്രാന്റ് അരി സൊസൈറ്റി വിപണിയിലെത്തിക്കും. കൊയിലാണ്ടി നഗര മധ്യത്തില്‍ ഇത്തരം ഉല്‍പ്പന്നങ്ങളും ജൈവോല്‍പ്പന്നങ്ങളും ലഭിക്കുന്ന വിപണനകേന്ദ്രം ആരംഭിക്കും. കൃഷിയോടോപ്പം പശു, ആട്, പോത്ത്, എരുമ എന്നിവയെ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വളര്‍ത്തും. ചുറ്റിലും ജലാശയങ്ങളും കടല്‍ത്തീരവുമുളള കൊയിലാണ്ടിയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു മല്‍സ്യക്കൃഷിക്കും വലിയ പ്രാധാന്യം നല്‍കും. കരിമീന്‍ കൃഷി ചെയ്യാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ സൊസൈറ്റി മുന്‍കൈയെടുത്തു കര്‍ഷകക്കൂട്ടായ്മകള്‍ ഉണ്ടാക്കും. നിര്‍മാണമേഖലയിലും പുതുചലനങ്ങള്‍ തീര്‍ക്കും. കോംപ്‌കോസിന്റെ നേതൃത്വത്തില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചുനല്‍കും. കൂടാതെ, സ്ഥലം വാങ്ങി വീടുകളും വില്ലകളും നിര്‍മിച്ച് കൈമാറാനും ആലോചനയുണ്ട്. ഫുട്ബാള്‍ കളിക്കാരുടെ നാടായ കൊയിലാണ്ടിയുടെ കായികസ്വപ്നങ്ങള്‍ക്കു ചിറകേകാന്‍ സഹായകമാകുന്ന പദ്ധതികളുമുണ്ടാവും. സ്പോര്‍ട്സ് ഉപകരണങ്ങള്‍ മിതമായ നിരക്കില്‍ ലഭിക്കുന്ന സ്ഥാപനം സൊസൈറ്റി തുടങ്ങും.
സേവനമേഖല
വിപുലമാക്കും
ബാങ്കിങ് പ്രവര്‍ത്തനവും ഇതോടൊപ്പം നടത്തും. ബാങ്കിങ് സേവനങ്ങളുടെ ഭാഗമായി ചിട്ടി തുടങ്ങിക്കഴിഞ്ഞു.നിത്യനിധി, യാത്രാനിധി എന്നിവയും ആരംഭിക്കും. ആഭ്യന്തര-വിദേശ വിമാന യാത്രാടിക്കറ്റുകളും റെയില്‍വേ, ബസ് ടിക്കറ്റുകളും ആവശ്യക്കാര്‍ക്കു ലഭിക്കാന്‍ സൗകര്യമൊരുക്കിക്കഴിഞ്ഞു. വിവിധ ടൂര്‍പാക്കേജുകള്‍ സംഘടിപ്പിക്കും. കോളേജ് – സ്‌കൂള്‍ ടൂറുകള്‍, റസിഡന്‍സ് അസോസിയേഷന്‍ ടൂറുകള്‍, വിസിറ്റിംഗ് വിസ, വിസ സ്റ്റാമ്പിംഗ്, സര്‍ട്ടിഫിക്കറ്റ്, എംബസി അറ്റസ്റ്റേഷന്‍, പാസ്പോര്‍ട്ട് എടുക്കല്‍, പുതുക്കല്‍, ഹോട്ടല്‍ ബുക്കിംഗ് എന്നിവയെല്ലാം ചെയ്തു കൊടുക്കും. ഇവന്റ് മാനേജ്മെന്റും തുടങ്ങും. ഹെല്‍ത്ത് ഇന്‍ഷൂറന്‍സ്, വെഹിക്കിള്‍ ഇന്‍ഷൂറന്‍സ്, ട്രാവല്‍ ഇന്‍ഷൂറന്‍സ് എന്നിവ ഏര്‍പ്പെടുത്തിക്കൊടുക്കും. ബാങ്കിങ്, ട്രാവല്‍ ആന്റ് ടൂറിസം, ലേബര്‍ കോണ്‍ട്രാക്ട്, ഏജന്‍സി സര്‍വീസ്, മാര്‍ക്കറ്റിങ്, കണ്‍സ്യൂമര്‍ സ്റ്റോര്‍സ്, പാന്‍കാര്‍ഡ് സര്‍വീസ് എന്നിവയെല്ലാം സൊസൈറ്റിയുടെ പരിഗണനപ്പട്ടികയിലുണ്ട്.