സംഘങ്ങളുടെ അപേക്ഷ തള്ളുമ്പോള്‍ ഏതു ചട്ടമനുസരിച്ചെന്നു രജിസ്ട്രാര്‍ പറയണം
സഹകരണ സംഘങ്ങള്‍ നല്‍കുന്ന അപേക്ഷയില്‍ തീരുമാനമെടുക്കുമ്പോള്‍ അത് ചട്ടവും നിയമവും പാലിച്ചാകണമെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ക്ക് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. സംഘത്തിന്റെ നിയമാവലി ശുപാര്‍ശ പോലെയുള്ള അപേക്ഷകള്‍ നിരസിക്കുമ്പോള്‍ നിയമത്തിലെയും ചട്ടത്തിലെയും ഏതു വ്യവസ്ഥയനുസരിച്ചാണ് അങ്ങനെ ചെയ്യുന്നതെന്നു വ്യക്തമാക്കണം. ഇക്കാര്യം ജോയിന്റ് രജിസ്ട്രാര്‍മാര്‍ക്കും നിര്‍ദേശമായി നല്‍കണമെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
എറണാകുളം ജില്ലയിലെ ജനറല്‍ ഇന്‍ഷൂറന്‍സ് എംപ്ലോയീസ് സഹകരണ സംഘം ബൈലോ ഭേദഗതിക്കായി സമര്‍പ്പിച്ച അപേക്ഷ നിരസിച്ചതിലുള്ള അപ്പീലില്‍ തീര്‍പ്പു കല്‍പ്പിച്ചുള്ള ഉത്തരവിലാണ് എല്ലാ സംഘങ്ങള്‍ക്കും പൊതുവെ ബാധകമാകുന്ന ഈ നിര്‍ദേശമുള്ളത്.
ബൈലോ ഭേദഗതിക്കുള്ള അപേക്ഷ ചട്ടം പാലിച്ചല്ല ജനറല്‍ ഇന്‍ഷൂറന്‍സ് എംപ്ലോയീസ് സഹകരണ സംഘം നല്‍കിയത് എന്നു കാണിച്ചാണ് സഹകരണ സംഘം രജിസ്ട്രാര്‍ നിരസിച്ചത്. സഹകരണ സംഘം ചട്ടം 9 ല്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതു പ്രകാരം നിയമാവലി ഭേദഗതി നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്ന പൊതുയോഗ നോട്ടീസ് സംഘത്തിന്റെ പ്രവര്‍ത്തനപരിധിയില്‍ പ്രചാരത്തിലുള്ള രണ്ട് ദിനപത്രങ്ങളില്‍ പരസ്യം വഴി അംഗങ്ങള്‍ക്ക് നല്‍കിയിട്ടില്ലാത്തതിനാലാണ് ഭേദഗതി അപേക്ഷ നിരസിച്ചത് എന്നാണ് സഹകരണ സംഘം രജിസ്ട്രാര്‍ സംഘത്തെ അറിയിച്ചത്.
അഞ്ഞൂറില്‍ താഴെ അംഗങ്ങളുള്ള സംഘത്തില്‍ ബൈലോ ഭേദഗതി ശുപാര്‍ശ അംഗങ്ങള്‍ക്ക് നേരിട്ടോ രജിസ്റ്റേര്‍ഡ് തപാല്‍ മുഖേനയോ സ്പീഡ് പോസ്റ്റായോ ഹൈക്കോടതിയോ സര്‍ക്കാരോ അംഗീകരിച്ച കൊറിയര്‍ വഴിയോ നല്‍കാമെന്നാണ് വ്യവസ്ഥ. അഞ്ഞൂറില്‍ കൂടുതല്‍ അംഗങ്ങളുള്ള സംഘമാണെങ്കില്‍ ഭേദഗതി ശുപാര്‍ശ രണ്ട് വര്‍ത്തമാന പത്രങ്ങളില്‍ പരസ്യമായി നല്‍കണം. ജനറല്‍ ഇന്‍ഷൂറന്‍സ് എംപ്ലോയീസ് സഹകരണ സംഘത്തില്‍ 1600 അംഗങ്ങളുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാര്‍ അപേക്ഷ നിരസിച്ചത്. ഈ തീരുമാനം റദ്ദാക്കണമെന്നു കാണിച്ച് സംഘം സര്‍ക്കാരിനു അപ്പീല്‍ നല്‍കി. നേരിട്ടോ തപാലിലോ മറ്റ് നിര്‍ദേശിത മാര്‍ഗങ്ങളിലൂടെയോ നല്‍കാനാവാത്ത ഘട്ടത്തില്‍ പത്രപ്പരസ്യം നല്‍കണമെന്നാണ് ചട്ടത്തിലെ വ്യവസ്ഥയെന്നു സംഘം സര്‍ക്കാരിനു നല്‍കിയ അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതായത് 1600 അംഗങ്ങളുണ്ടെങ്കിലും പത്രത്തില്‍ പരസ്യം ചെയ്യണമെന്നത് നിര്‍ബന്ധമാണെന്ന് ചട്ടത്തില്‍ വ്യവസ്ഥയില്ലെന്നു സംഘം വാദിച്ചു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സംഘത്തിനു അംഗങ്ങളുണ്ട്. ഇവരെയെല്ലാം പത്രപ്പരസ്യത്തിലൂടെ അറിയിക്കണമെങ്കില്‍ സംസ്ഥാനത്താകെ വരുന്ന രീതിയില്‍ പരസ്യം നല്‍കണം. ഇത് സംഘത്തിനു ലക്ഷക്കണക്കിനു രൂപയുടെ സാമ്പത്തിക ബാധ്യത വരുത്തുന്നതാണ്. അതുകൊണ്ട്, എല്ലാ അംഗങ്ങള്‍ക്കും കൊറിയര്‍ വഴി ബൈലോ ഭേദഗതിയുടെ വിവരങ്ങളും പൊതുയോഗ നോട്ടീസും കൈമാറിയിട്ടുണ്ടെന്നു സംഘം പ്രതിനിധികള്‍ ഹിയറിങ്ങില്‍ സര്‍ക്കാരിനെ അറിയിച്ചു.
ഒരു സംഘത്തിന്റെ അപേക്ഷ, പ്രത്യേകിച്ച് ബൈലോ ഭേദഗതി സംബന്ധിച്ചുള്ളത് , അതിന്റെ നടപടിക്രമങ്ങളുടെ അവസാന ഘട്ടത്തിലാണ് രജിസ്ട്രാര്‍ക്ക് ലഭിക്കുന്നത്. സംഘത്തിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്താനും വളര്‍ച്ച കൈവരിക്കാനുമാണ് നിയമാവലികള്‍ ഭേദഗതി ചെയ്യുന്നത്. അതിനാല്‍, ഇത്തരം അപേക്ഷകള്‍ നിരസിക്കുമ്പോള്‍ അത് കാര്യകാരണ സഹിതം വേണ്ടതുണ്ട്. എന്നാല്‍, ജനറല്‍ ഇന്‍ഷൂറന്‍സ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ കാര്യത്തില്‍ ഇതുണ്ടായില്ലെന്നു സര്‍ക്കാരിനു വേണ്ടി ഹിയറിങ് നടത്തിയ ഉദ്യോഗസ്ഥര്‍ വിലയിരുത്തി. 1600 അംഗങ്ങള്‍ക്കും കൊറിയര്‍ അയച്ചതിന്റെ രേഖകള്‍ സംഘം ഹാജരാക്കുകയും ചെയ്തിരുന്നു. ഇതിലൊന്നും തര്‍ക്കമുന്നയിക്കാന്‍ രജിസ്ട്രാര്‍ക്കു വേണ്ടി ഹാജരായ സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസിലെ സി.പി. സെക്ഷനിലെ ഉദ്യോഗസ്ഥര്‍ക്കും കഴിഞ്ഞില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഘത്തിന്റെ വാദം അംഗീകരിച്ചും രജിസ്ട്രാറുടെ നടപടി തള്ളിയും സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇത്തരം നടപടികള്‍ മറ്റ് സഹകരണ സംഘങ്ങളുടെ കാര്യത്തില്‍ ഉണ്ടാകരുതെന്നതിനാലാണ് എല്ലാ ജില്ലാ ജോയിന്റ് രജിസ്ട്രാര്‍മാര്‍ക്കും ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയത്.