ശുദ്ധ മത്സ്യം നല്‍കാന്‍ പാലക്കാട്ട് ആറ് സഹകരണ സംഘങ്ങള്‍

moonamvazhi
അനില്‍ വള്ളിക്കാട്

(2021 ഏപ്രില്‍ ലക്കം)

ഏറ്റവുമധികം അണക്കെട്ടുകളുള്ള പാലക്കാട് ജില്ലയില്‍ ആറിടത്ത് സഹകരണ സംഘങ്ങളാണ് മീന്‍ വളര്‍ത്തി നാട്ടുകാര്‍ക്കു വില്‍ക്കുന്നത്. ദളിത് വിഭാഗങ്ങളുടെ ജീവനോപാധിയാണ് മീന്‍വളര്‍ത്തല്‍. ചില സംഘങ്ങള്‍ മീന്‍വളര്‍ത്തലിലെ നൂതനരീതിയായ കൂടുകൃഷിയിലേക്കും മാറിക്കഴിഞ്ഞു.

ജലസംഭരണി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ മീന്‍പിടിത്തത്തിലും വില്‍പ്പനയിലും സജീവമായതോടെ നാടാകെ ശുദ്ധമത്സ്യം സുലഭം. സംസ്ഥാനത്തു ഏറ്റവുമധികം അണക്കെട്ടുകളുള്ള ജില്ലയായ പാലക്കാട്ട് ആറിടത്ത് സഹകരണ സംഘങ്ങളും ഒരിടത്ത് സ്വയം സംഘവും മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സഹകരണ സംഘങ്ങളെല്ലാം ദളിത് വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്നവയാണ്. അവരുടെ ജീവനോപാധിക്കും അതുവഴി സാമൂഹിക പുരോഗതിക്കും കരുതലും കരുത്തുമായി ഈ സംഘങ്ങള്‍ മാറുന്നുവെന്നതും ശ്രദ്ധേയമാണ്. അണക്കെട്ടിലെ മീന്‍പിടിത്തത്തിനു പുറമെ കൂടുതല്‍ ലാഭകരമെന്ന നിലയില്‍ മീന്‍വളര്‍ത്തലിലെ പുതിയ സംവിധാനമായ കൂടുകൃഷിയിലേക്കും സംഘങ്ങള്‍ ചുവടുവെച്ചു കഴിഞ്ഞു.

കാല്‍നൂറ്റാണ്ടിന്റെ പരിചയം

1984 ലാണ് ജലസംഭരണികളില്‍ നിന്നു മീന്‍ പിടിക്കാനുള്ള അവകാശം അതതു പ്രദേശങ്ങളില്‍ ആരംഭിച്ച എസ്.സി. / എസ്.ടി. റിസര്‍വോയര്‍ ഫിഷറീസ് സഹകരണ സംഘങ്ങള്‍ക്കു നല്‍കിയത്. അതുവരെ ഫിഷറീസ് വകുപ്പ് ജീവനക്കാരാണ് മീന്‍പിടിത്തവും വില്‍പ്പനയും നടത്തിയിരുന്നത്. പാലക്കാട് ജില്ലയില്‍ ചുള്ളിയാര്‍, മീങ്കര, പോത്തുണ്ടി, മംഗലം, വാളയാര്‍, കാഞ്ഞിരപ്പുഴ അണക്കെട്ടുകളുമായി ബന്ധപ്പെട്ട് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലമ്പുഴയില്‍ നേരത്തെയുണ്ടായിരുന്ന സഹകരണ സംഘം 2002 ല്‍ ലിക്വിഡേറ്റ് ചെയ്യപ്പെട്ടു. പിന്നീടിവിടെ സ്വയം സഹായ സംഘമാണ് പ്രവര്‍ത്തിക്കുന്നത്.


എല്ലാ സഹകരണ സംഘങ്ങളിലും എക്‌സ് ഒഫീഷ്യോ സെക്രട്ടറിയായി ഫിഷറീസ് ഉദ്യോഗസ്ഥനുണ്ടാകും. എല്ലായിടത്തും അണക്കെട്ടില്‍ നിന്നു പിടിക്കുന്ന മീനുകള്‍ സമീപത്തുതന്നെ സംഘം നടത്തുന്ന ഫിഷ് സ്റ്റാളുകളിലൂടെയാണ് വില്‍ക്കുന്നത്. ഇവിടേക്കു പത്തു കി. മീറ്റര്‍ ചുറ്റളവില്‍ നിന്നുവരെ ആളുകളെത്തി മീന്‍ വാങ്ങാറുണ്ടെന്നു സംഘങ്ങളുടെ പ്രവര്‍ത്തനച്ചുമതലയുള്ള ഫിഷറീസ് ഡവലപ്‌മെന്റ് ഓഫീസര്‍ ശ്രീധരന്‍ കുഞ്ഞുമണി പറയുന്നു.

ദളിത് വിഭാഗത്തില്‍പ്പെട്ട ഇരുനൂറോളം പേര്‍ സംഘങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവരാണ്. ഇവരുടെ ജീവനോപാധി കൂടിയാണ് മീന്‍പിടിത്തവും വിപണനവും. സീസണ്‍ സമയങ്ങളില്‍ ഇതില്‍ക്കൂടുതല്‍ പേര്‍ മീന്‍പിടിത്തത്തില്‍ ഏര്‍പ്പെടാറുമുണ്ട്. കോവിഡ് വ്യാപനക്കാലത്തെ അടച്ചിടലിനെത്തുടര്‍ന്നുണ്ടായ സവിശേഷ സാഹചര്യത്തോടെ നാട്ടിന്‍പുറങ്ങളിലെ വിപണി കൂടുതല്‍ വൈവിധ്യപൂര്‍ണവും വിപുലവുമായി എന്നു പറയാം. ഇതു അണക്കെട്ടിനരികിലെ മത്സ്യവില്‍പ്പനക്കും അനുകൂലമായിത്തീര്‍ന്നിട്ടുണ്ട്. 700 കി. ഗ്രാം വരെ മത്സ്യം മീങ്കരയിലെ സംഘത്തില്‍ ഒറ്റ ദിവസം വിറ്റുപോയിട്ടുണ്ടെന്നു ശ്രീധരന്‍ ചൂണ്ടിക്കാട്ടുന്നു.

വൈവിധ്യമുള്ള മത്സ്യങ്ങള്‍

കൃത്രിമത്തീറ്റകളൊന്നും കൊടുക്കാതെ സ്വാഭാവികമായി വളരുന്നവയാണ് അണക്കെട്ടുകളിലെ മത്സ്യങ്ങള്‍. ഇതിന്റെ രുചിയാസ്വാദ്യത നുകരുന്ന വലിയൊരു വിഭാഗം ഭക്ഷണപ്രിയരുണ്ട്. അവരിലാണു സംഘങ്ങളുടെ വില്‍പ്പനക്കരുത്ത് കോര്‍ത്തു കിടക്കുന്നത്. തിലോപ്പിയ, മൃഗാല, രോഹു, കട്‌ല തുടങ്ങിയ വലിയ മീനുകള്‍ക്കു പുറമെ പരലുകള്‍ പോലെയുള്ള ചെറു മീനുകളും സംഭരണികളില്‍ നിന്നു ലഭിക്കും. നാല് സെന്റി മീറ്റര്‍ നീളത്തിലുള്ള കുഞ്ഞുങ്ങളെ വളര്‍ത്താനിട്ടാല്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ ഒന്നര കി. ഗ്രാം തൂക്കമുള്ള മീനാകും. അണക്കെട്ടുകളില്‍ വെള്ളം കുറയുന്ന സമയത്താണു മീന്‍ലഭ്യത കൂടുക. കൃഷിയാവശ്യങ്ങള്‍ക്കായി വെള്ളം തുറന്നുവിടുന്ന ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ മീനുകള്‍ കൂടുതല്‍ പിടിക്കാന്‍ കഴിയും. മിക്ക ഫിഷ് സ്റ്റാളുകളിലും മുഴുവന്‍ ആവശ്യക്കാര്‍ക്കും മീന്‍ നല്‍കാന്‍ കഴിയാത്ത
അവസ്ഥയാണ് മിക്കപ്പോഴും ഉണ്ടാവുക. എന്നാല്‍, ചില സന്ദര്‍ഭങ്ങളില്‍ സ്റ്റാളുകളിലെ വില്‍പ്പന കഴിഞ്ഞു ബാക്കി വരുന്നവ പൊതു വിപണിയിലേക്കു വിലയ്ക്കു നല്‍കാറുണ്ട്.

മീന്‍ വില്‍പ്പനയിലൂടെ ലഭിക്കുന്ന തുകയില്‍ 75 ശതമാനം പിടിക്കുന്നവര്‍ക്കും 25 ശതമാനം സംഘത്തിനുമാണ്. മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതും മറ്റു അനുബന്ധ ചെലവുകള്‍ നടത്തുന്നതും സംഘമാണ്. ചിലപ്പോള്‍ തദ്ദേശ സ്ഥാപനങ്ങളോ സര്‍ക്കാരോ പ്രത്യേക പദ്ധതി പ്രകാരം മീന്‍കുഞ്ഞുങ്ങളെ സൗജന്യമായി നല്‍കിയാല്‍ ആ ചെലവ് സംഘത്തിനു ഒഴിവാകും.

പോത്തുണ്ടിയില്‍ കൂടുകൃഷി

ജലാശയത്തിലെ ആഴമുള്ള ഭാഗങ്ങളില്‍ ഫൈബര്‍ സാമഗ്രികള്‍ ഉപയോഗിച്ചു കൃത്രിമ കുളങ്ങളുണ്ടാക്കി മീന്‍വളര്‍ത്തുന്ന ആധുനിക രീതിയായ കൂടുകൃഷി പോത്തുണ്ടിയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി നടക്കുന്നുണ്ട്. മലമ്പുഴയിലും ഇതു നടപ്പാക്കിയിരുന്നു. ഫിഷറീസ് വകുപ്പിന്റെ 24 ലക്ഷം രൂപയും സംഘത്തിന്റെ ആറു ലക്ഷം രൂപയും ചെലവിട്ടാണ് പോത്തുണ്ടിയില്‍ കൂടുകൃഷി ആരംഭിച്ചതെന്നു സംഘത്തിന്റെ പ്രവര്‍ത്തനച്ചുമതലയുള്ള ഫിഷറീസ് ഇന്‍സ്പെക്ടര്‍ രാമനാരായണന്‍ പറഞ്ഞു. കഴിഞ്ഞ കൊല്ലം ഫെബ്രുവരിയില്‍ തുടങ്ങിയ കൃഷിയുടെ വിളവെടുപ്പ് സപ്റ്റംബറില്‍ ആരംഭിച്ചു. ഗിഫ്ട് തിലോപ്പിയ വിഭാഗത്തിലെ മീനാണു വളര്‍ത്തുന്നത്. 25 അടി താഴ്ചയില്‍ പത്തു കൂടുകളാണു സ്ഥാപിച്ചിട്ടുള്ളത്. ഒരു കൂട്ടില്‍ രണ്ടായിരം കുഞ്ഞുങ്ങളെ നിക്ഷേപിക്കാം. 18 പേരടങ്ങുന്ന സഹകരണ സംഘമാണു മീന്‍പിടിത്തവും വില്‍പ്പനയും ഇവിടെ നടത്തുന്നത്.

രണ്ടിടത്ത് മീന്‍ നഴ്സറി

മീന്‍പിടിത്തത്തിനു പുറമെ മലമ്പുഴ, മംഗലം ഡാമുകളില്‍ മീന്‍ നഴ്സറികള്‍ നടത്തുന്നുണ്ട്. നാലു ദിവസം പ്രായമുള്ള കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഒരു മാസം കഴിഞ്ഞ് കര്‍ഷകര്‍ക്കു വളര്‍ത്താനായി നല്‍കും. കഴിഞ്ഞ വര്‍ഷം മംഗലം ഡാമില്‍ നിന്നു 24 ലക്ഷം കുഞ്ഞുങ്ങളെ വളര്‍ത്താനായി നല്‍കി. ഈ വര്‍ഷം 26 ലക്ഷം കുഞ്ഞുങ്ങളെ കൊടുക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നു ഫിഷറീസ് ഇന്‍സ്പെക്ടര്‍ രാജേഷ് പറഞ്ഞു. മലമ്പുഴയില്‍ മീന്‍കുഞ്ഞുങ്ങളെ വളര്‍ത്തുന്നതു 40 സെന്റ് വിസ്തൃതിയില്‍ ഒരുക്കിയ കോണ്‍ക്രീറ്റ് കുളങ്ങളിലാണ്. 10 സെന്റ് വീതമുള്ള മൂന്നു വലിയ കുളങ്ങളും രണ്ട് സെന്റ് വീതമുള്ള അഞ്ചു ചെറിയ കുളങ്ങളും ഇതിനായി ഒരുക്കിയിട്ടുണ്ട്.

മംഗലം ഡാമില്‍ നീര്‍നായകള്‍ മീന്‍പിടിത്തത്തിനു വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നു രാജേഷ് പറയുന്നു. കട്‌ല, രോഹു, വരാല്‍, കരിമീന്‍, തിലോപ്പിയ തുടങ്ങിയ ഇനത്തിലെ എട്ടു ലക്ഷം കുഞ്ഞുങ്ങളെയാണ്് അണക്കെട്ടില്‍ നിക്ഷേപിച്ചിട്ടള്ളത്. മീന്‍പിടിത്തത്തിനായി സ്ഥാപിക്കുന്ന വലകള്‍ പൊട്ടിച്ച് അതിലെ മീനുകളെ നീര്‍നായകള്‍ തിന്നും. വിഭവശേഷിയുടെ പത്തു ശതമാനം പോലും വിളവില്‍ കിട്ടാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. 23 പേര്‍ അംഗങ്ങളായുള്ള സംഘത്തിനു ഇതു സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ട്. താരതമ്യേന ആഴക്കൂടുതലുള്ള സ്ഥലത്തു നടത്തുന്ന കൂടുകൃഷിയാണ് ഈ സാഹചര്യത്തില്‍ മംഗലം ഡാമില്‍ അനുയോജ്യമെന്നു രാജേഷ് ചൂണ്ടിക്കാട്ടുന്നു. നീര്‍നായകളുടെ
ഉപദ്രവം ആഴമുള്ള ഭാഗത്ത് ഉണ്ടാവില്ല. കൂടുകൃഷി ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും രാജേഷ് പറഞ്ഞു.


വാളയാര്‍ അണക്കെട്ടില്‍ ഈ വര്‍ഷം അഞ്ചു ലക്ഷം കുഞ്ഞുങ്ങളെ വളര്‍ത്താനായി നിക്ഷേപിച്ചിട്ടുണ്ട്. പ്രതിദിനം നൂറു കി. ഗ്രാം വരെ മീന്‍ വില്‍പ്പനയുണ്ട്. സീസണില്‍ അതു 250 കി. ഗ്രാം വരെയാകുമെന്നു വാളയാറിലെ ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് പറഞ്ഞു. 25 അംഗങ്ങളാണ് ഇവിടത്തെ സംഘത്തിലുള്ളത്. കാഞ്ഞിരപ്പുഴയില്‍ 25 പേരടങ്ങുന്ന സംഘത്തിനാണു മീന്‍പിടിത്തച്ചുമതല. നാലര ലക്ഷം മീന്‍കുഞ്ഞുങ്ങളെ അണക്കെട്ടില്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കിലും സമൃദ്ധമായ വിളവെടുപ്പ് എന്തുകൊണ്ടോ ഇല്ലാത്തതില്‍ പ്രയാസമുണ്ടെന്നാണ് അംഗങ്ങളുടെ അഭിപ്രായം.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!