ശമ്പളസര്‍ട്ടിഫിക്കറ്റും ബാധ്യതാപത്രവും: സര്‍ക്കാര്‍ നിലപാട് കര്‍ശനമാക്കി

moonamvazhi

പണം പിന്‍വലിക്കാനും വിതരണം ചെയ്യാനും അധികാരമുള്ള ഡി.ഡി.ഒ. ( Drawing and Disbursing Officer ) മാര്‍ ശമ്പള സര്‍ട്ടിഫിക്കറ്റും ബാധ്യതാപത്രവും നല്‍കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ചുള്ള സര്‍ക്കാര്‍ഉത്തരവിന്മേല്‍ ഏതാനും അധികമാര്‍ഗനിര്‍ദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തി പുതിയ ഉത്തരവിറക്കി. സഹകരണസംഘങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ധനകാര്യസ്ഥാപനങ്ങള്‍ക്കും ആദ്യത്തെ ഉത്തരവിലെ അനുബന്ധം രണ്ടിലെ ശമ്പളസര്‍ട്ടിഫിക്കറ്റ് ( തിരിച്ചുപിടിക്കുന്നതിനുള്ള സമ്മതം ഉള്‍പ്പെടെ ) മാത്രമേ ഡി.ഡി.ഒ.മാര്‍ നല്‍കാന്‍ പാടുള്ളൂ എന്നു ആദ്യത്തെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, വായ്പക്കും ചിട്ടി ആവശ്യത്തിനുമായി ശമ്പളസര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ Agreement / Undertaking for Recovery from Salary  എന്ന ഭാഗവും Conformation നല്‍കുന്ന രീതിയും മേല്‍ഉത്തരവുകളിലെ വ്യവസ്ഥകള്‍പ്രകാരമല്ലാതെ അതതു സ്ഥാപനം തയാറാക്കിയിട്ടുള്ള മാതൃകയില്‍ നല്‍കണമെന്നു ചില ധനകാര്യസ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണു അധികമാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. അവ ഇനി പറയുന്നു:

1.  ഒരു ജീവനക്കാരന്റെ പ്രതിമാസ വായ്പ /  ചിട്ടി തിരിച്ചടവുതുക ( വായ്പ / ചിട്ടി എടുക്കുന്നവേളയില്‍ ജീവനക്കാരന്‍ അപേക്ഷയില്‍ സൂചിപ്പിച്ചിരിക്കുന്ന തുക – പ്രതിമാസ അടവ് ) അയാളുടെ കിഴിവു കഴിഞ്ഞുള്ള ശമ്പളത്തേക്കാള്‍ ( Net Salary ) അധികരിക്കുന്നപക്ഷം ജീവനക്കാരനു തുടര്‍ന്നും വായ്പയെടുക്കാന്‍ / ചിട്ടി പിടിക്കാന്‍ ശമ്പളസര്‍ട്ടിഫിക്കറ്റും ബാധ്യതാരഹിതപത്രവും അനുവദിക്കരുത്.

2.  ഒരു ജീവനക്കാരന്‍ സ്ഥിരമായി കടക്കാരനാകുന്ന സാഹചര്യത്തില്‍ അയാള്‍ക്കെതിരെ സര്‍ക്കാര്‍ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ 51 മുതല്‍ 55 വരെയുള്ള ചട്ടങ്ങള്‍പ്രകാരം നടപടിയെടുക്കണം.

3.  ശമ്പളത്തില്‍നിന്നു റിക്കവറിയുള്ള ജീവനക്കാര്‍ക്കു റിക്കവറി നിര്‍ത്തിവെക്കാന്‍ സ്റ്റോപ്പ് മെമ്മോ കിട്ടുന്നതു നിശ്ചിത കാലത്തേക്കാണ്. സ്റ്റോപ്പ് മെമ്മോ കിട്ടുന്ന കേസുകളില്‍ റിക്കവറി / ലോണ്‍ തിരിച്ചടവ് സ്ഥിരമായി ഇല്ലാതാകുന്നില്ല. അതിനാല്‍, റിക്കവറി നിര്‍ത്തിവെക്കാനുള്ള സ്റ്റോപ്പ് മെമ്മോ കിട്ടുകയോ ശമ്പളത്തില്‍നിന്നു റിക്കവറി നടന്നുവരികയോ ചെയ്യുമ്പോള്‍ അത്തരം ജീവനക്കാര്‍ക്കു പുതിയ ശമ്പളസര്‍ട്ടിഫിക്കറ്റും ബാധ്യതാരഹിതപത്രവും നല്‍കേണ്ടതില്ല. എന്നാല്‍, വായ്‌പേതര ആവശ്യങ്ങള്‍ക്കു ശമ്പളസര്‍ട്ടിഫിക്കറ്റ് അനുവദിക്കാം.

4.  ഒരു ജീവനക്കാരന്‍ തന്റെ ശമ്പളസര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ വായ്പയെടുക്കാനോ ചിട്ടി പിടിക്കാനോ പുതിയ ശമ്പളസര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോള്‍ ജീവനക്കാരനു മുമ്പു നല്‍കിയിട്ടുള്ള ശമ്പളസര്‍ട്ടിഫിക്കറ്റുകളിലെ വായ്പ / ചിട്ടിയുടെ പ്രതിമാസ തിരിച്ചടവുതുക ( ഒന്നിലധികമുണ്ടെങ്കില്‍ ആകെ പ്രതിമാസ തിരിച്ചടവുതുക ) കിഴിവു കഴിഞ്ഞുള്ള ശമ്പളത്തേക്കാള്‍ അധികരിക്കുന്നുണ്ടോ എന്നു പരിശോധിക്കേണ്ടതാണ്. അധികരിക്കുന്നപക്ഷം അവര്‍ക്കു പുതിയ ബാധ്യത തിരിച്ചടയ്ക്കാന്‍ സാധ്യമല്ലാത്തതിനാല്‍ ശമ്പളസര്‍ട്ടിഫിക്കറ്റും ബാധ്യതാരഹിത സാക്ഷ്യപത്രവും അനുവദിക്കേണ്ടതില്ല.

5.  വായ്പ / ചിട്ടി തിരിച്ചടവിന്റെ കാലാവധി ജീവനക്കാരന്റെ ശേഷിക്കുന്ന സര്‍വീസ് കാലയളവിനേക്കാള്‍ കൂടുകയാണെങ്കില്‍ ശമ്പളസര്‍ട്ടിഫിക്കറ്റും ബാധ്യതാരഹിത സാക്ഷ്യപത്രവും അനുവദിക്കേണ്ടതില്ല.

6.  ശമ്പളസര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തില്‍ സഹകരണസംഘങ്ങളുള്‍പ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങളില്‍നിന്നു വായ്പയെടുക്കുകയോ ചിട്ടി പിടിക്കുകയോ ചെയ്യുന്ന ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു ആവശ്യമെങ്കില്‍ കോ-ഓപ്പറേറ്റ് റിക്കവറി നടത്താന്‍ കെ.എഫ്.സി. ആര്‍ട്ടിക്കിള്‍ 89 ( 3 ) പ്രകാരം ബന്ധപ്പെട്ട ഡി.ഡി.ഒ.യ്ക്കു നിയമപരമായ ബാധ്യതയുണ്ട്. അതിനാല്‍, പ്രസ്തുത സ്ഥാപനങ്ങളില്‍നിന്നു ശമ്പളസര്‍ട്ടിഫിക്കറ്റ് നല്‍കി എടുക്കുന്ന വായ്പ / ചിട്ടി തിരിച്ചടവില്‍ വീഴ്ച വരുത്തി ശമ്പളറിക്കവറി നേരിടുന്നവര്‍ക്കു കെ.എസ്.ആര്‍. ഭാഗം I അനുബന്ധം XII-A, XII- B, XII- C പ്രകാരമുള്ള അവധി അനുവദിക്കുന്നതിനു നിരാക്ഷേപ സാക്ഷ്യപത്രം ( N O C ) അനുവദിക്കേണ്ടതില്ല.

7.  കരാര്‍ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു റിക്കവറി സാധ്യമല്ലാത്തതിനാല്‍ അവര്‍ക്കു വായ്പയോ ചിട്ടിയോ കിട്ടാന്‍ ജാമ്യത്തിനായി ശമ്പളസര്‍ട്ടിഫിക്കറ്റ് അനുവദിക്കേണ്ടതില്ല. എന്നാല്‍, ശമ്പളസര്‍ട്ടിഫിക്കറ്റ് ജാമ്യത്തിന്മേല്‍ അല്ലാതെയുള്ള വായ്പകള്‍ അനുവദിക്കുന്നതിനായി തൊഴില്‍സര്‍ട്ടിഫിക്കറ്റ് അനുവദിക്കാം. ഇങ്ങനെ അനുവദിക്കുമ്പോള്‍ ജീവനക്കാരന്‍ കരാറടിസ്ഥാനത്തില്‍ നിയമിതനായ തസ്തിക, തീയതി, കരാര്‍കാലാവധി എന്നിവ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തണം. കരാര്‍ജീവനക്കാരനായതിനാല്‍ അയാളുടെ ശമ്പളത്തില്‍നിന്നു ഒരു ബാധ്യതാതുകയും വസൂലാക്കി ബന്ധപ്പെട്ട ഓഫീസിനു നല്‍കാന്‍ ഡി.ഡി.ഒ.യ്ക്കു ബാധ്യതയുണ്ടാവില്ലെന്നും തൊഴില്‍സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തണം.

Leave a Reply

Your email address will not be published.