വോട്ടവകാശവും അയോഗ്യതയും അവിശ്വാസ യോഗ നോട്ടീസും

പോള്‍ ലെസ്‌ലി. സി (റിട്ട. സഹകരണ ജോ. രജിസ്ട്രാര്‍, എറണാകുളം )

മില്‍മ മേഖലാ യൂണിയന്‍ തിരഞ്ഞെടുപ്പിലെ വോട്ടവകാശത്തര്‍ക്കമുള്‍പ്പെടെ
സഹകരണമേഖലയുമായി ബന്ധപ്പെട്ട നാലു കേസുകളില്‍ ഉണ്ടായ കോടതിവിധികളെപ്പറ്റി ഇവിടെ വായിക്കാം

കേരള സഹകരണ ക്ഷീരവിപണന ഫെഡറേഷന്റെ ( മില്‍മ ) മേഖലാ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ കേരള ഹൈക്കോടതിയില്‍ നിന്നുണ്ടായ തീര്‍പ്പ് സഹകരണമേഖലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ആപ്‌കോസ് സംഘങ്ങളില്‍നിന്നു തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു പുറമെ അഡ്മിനിസ്‌ട്രേറ്ററും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയും അയക്കുന്ന പ്രതിനിധികള്‍ക്കും വോട്ടവകാശമുണ്ടോ എന്നതായിരുന്നു തര്‍ക്കം. ആപ്‌കോസ് സംഘത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനു മാത്രമേ വോട്ടവകാശമുള്ളൂ എന്നു കേസില്‍ അന്തിമവാദം കേട്ട് ഹൈക്കോടതി ജസ്റ്റിസ് ടി.ആര്‍. രവി തീര്‍പ്പ് കല്‍പ്പിച്ചു.

തിരുവനന്തപുരം, എറണാകുളം, മലബാര്‍ മേഖലായൂണിയനുകളാണു മില്‍മക്കു കീഴിലുള്ളത്. യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരായി അതതു മേഖലക്കു കീഴില്‍ വരുന്ന ജില്ലകളിലെ ആനന്ദ് മാതൃകാ ക്ഷീരോല്‍പ്പാദക സംഘങ്ങളില്‍ നിന്നു (ആപ്‌കോസ് ) തിരഞ്ഞെടുക്കപ്പെടുന്നവരുണ്ട്. എന്നാല്‍, സഹകരണനിയമത്തിലെ 32, 33 വകുപ്പുകള്‍പ്രകാരം ഡെയറി ഡയറക്ടര്‍ നിയമിക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ / അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി പ്രതിനിധികള്‍ വോട്ടര്‍മാരായി എത്തിയതോടെയാണു തര്‍ക്കം തുടങ്ങിയത്. ഈ വിഷയത്തില്‍ ഒമ്പതു റിട്ട് ഹരജികളാണു കോടതിമുമ്പാകെ വന്നത്. അവയില്‍ 9793 / 2022 നമ്പര്‍ കേസ് മുഖ്യകേസായി പരിഗണിച്ചാണു കോടതി വാദം കേട്ടത.്

വോട്ടവകാശം
ചോദ്യം ചെയ്യപ്പെടുന്നു

2021 ഫെബ്രുവരി പന്ത്രണ്ടിനു പ്രാബല്യത്തില്‍ വന്ന സഹകരണനിയമം 28 (8) ഭേദഗതിപ്രകാരം ആപ്‌കോസ് സംഘങ്ങളിലെ പ്രസിഡന്റുമാര്‍ക്കു മാത്രമേ മേഖലാ ക്ഷീരാല്‍പ്പാദകയൂണിയന്‍ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളൂ. ചില ക്ഷീരസംഘങ്ങളുടെ ഭരണസമിതിയുടെ കാലാവധി 2021 ഫെബ്രുവരി പതിനാറിന് അവസാനിച്ചപ്പോള്‍ അവിടെ അഡ്മിനിസ്‌ട്രേറ്ററെ / അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ നിയമിക്കുകയുണ്ടായി. ഇവര്‍ നിര്‍ദേശിച്ചവര്‍ക്കുകൂടി വോട്ടവകാശം നല്‍കിക്കൊണ്ടാണു 2022 മാര്‍ച്ച് പതിനാറിനു യൂണിയന്‍ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ചത്. 966 പേരുള്ള പട്ടികയില്‍ 58 പേര്‍ അഡ്മിനിസ്‌ട്രേറ്റര്‍ / അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി നിയോഗിച്ചവരായിരുന്നു. മാത്രമല്ല ഇവയില്‍ 23 ആപ്‌കോസ് സംഘങ്ങളെ കേന്ദ്രസംഘത്തില്‍ അഫിലിയേറ്റ് ചെയ്തതും അഡ്മിനിസ്‌ട്രേറ്ററായിരുന്നു. ഇവരുടെ വോട്ടവകാശമാണു ചോദ്യം ചെയ്യപ്പെട്ടത്. 2022 മാര്‍ച്ച് 23 ന് ഇടക്കാല ഉത്തരവില്‍ അഡ്മിനിസ്‌ട്രേറ്റര്‍ / അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി പ്രതിനിധികളുടെ വോട്ട് പ്രത്യേക പെട്ടിയില്‍ സൂക്ഷിക്കാനും അതുകൂടി ചേര്‍ത്തു ഫലപ്രഖ്യാപനം നടത്താനും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്നാണ് ഇടക്കാല ഉത്തരവില്‍ ഭേദഗതി വരുത്താനും തിരഞ്ഞെടുപ്പുഫലം കേസിലെ അന്തിമവിധിക്കുശേഷം പ്രസിദ്ധീകരിക്കാനും കേസ് പ്രത്യേക പരിഗണന നല്‍കി പെട്ടെന്നു തീര്‍പ്പാക്കാനും ഉത്തരവുണ്ടായത്.

നിയമത്തിലോ അതിനുകീഴിലുള്ള ചട്ടങ്ങളിലോ ഉപനിബന്ധനകളിലോ എന്തൊക്കെ പറഞ്ഞിരുന്നാലും പൊതുയോഗത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് അംഗസംഘമായ ആപ്‌കോസിന്റെ പ്രസിഡന്റിനു മാത്രമേ അവകാശമുള്ളൂ എന്നു വ്യക്തമാക്കിയതായി കോടതി നിരീക്ഷിച്ചു. അപ്രകാരം വ്യക്തത വരുത്തപ്പെട്ട വാക്കുകളില്‍ മറ്റു വ്യവസ്ഥകളോ ചട്ടങ്ങളോ ഉള്‍പ്പെടുത്തുന്നതില്‍ അര്‍ഥമില്ല. നിയമം വ്യാഖ്യാനിക്കുമ്പോള്‍ ഒരു സാധാരണ വായനയില്‍ അതില്‍ കടന്നുകയറാവുന്ന രീതിയിലുള്ള വ്യാഖ്യാനം നിയമസഭയുടെ ഉദ്ദേശ്യം മറികടക്കുന്നതിനായി അംഗീകരിക്കാവുന്നതല്ല. സഹകരണനിയമത്തിലെ 20, 21 വകുപ്പുകളും ചട്ടങ്ങളിലെ ചട്ടം 44 (എ) എന്നിവയും ഈ വിഷയത്തെ സ്വാധീനിക്കുന്നവയല്ലെന്നും കോടതി നിരീക്ഷിച്ചു (ഐ.സി.ഒ. 777 /20 23 ).

അവിശ്വാസപ്രമേയ
നോട്ടീസ് സമയം

കേരള സഹകരണസംഘം ചട്ടങ്ങളിലെ ചട്ടം 43 (എ) യില്‍ വിവരിക്കുന്നപ്രകാരമുള്ളതും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, അംഗങ്ങള്‍ തുടങ്ങിയവരെ അവിശ്വാസപ്രമേയത്തിലൂടെ നീക്കം ചെയ്യുന്നതിനുളളതുമായ നടപടികളിലെ ചട്ടം 43 (എ) (ശശ) ല്‍ പറയുന്ന നോട്ടീസ്‌വിതരണം സംബന്ധിച്ച വിഷയത്തിലെ തര്‍ക്കം ജസ്റ്റിസ് മുരളി പുരുഷോത്തമന്‍ തീര്‍പ്പാക്കി (ഐ.സി. ഒ 786 /2023, ണജ(ഇ ) ചീ.20935/2022 / 13.06.2023 ).

ചട്ടം 43 (എ) (ശശ) പ്രകാരം അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യുന്ന മീറ്റിങ്ങിനുമുമ്പു പതിനഞ്ചു ദിവസങ്ങള്‍ക്കകം അറിയിപ്പു നല്‍കണമെന്നാണു നിബന്ധന. നോട്ടീസ് കൈപ്പറ്റുന്നതു മീറ്റിങ് നിശ്ചയിക്കപ്പെട്ട ദിവസത്തിനു പതിനഞ്ചു ദിവസം മുമ്പായിരിക്കണമെന്ന വാദം അംഗീകരിക്കാനാവില്ല. നോട്ടീസ്തീയതി നിശ്ചയിക്കപ്പെട്ട യോഗത്തിന്റെ പതിനഞ്ചു ദിവസം മുമ്പായിരിക്കേണ്ടതാണ്. എന്നാല്‍, കൈപ്പറ്റിയ തീയതി പതിനഞ്ചു ദിവസം മുമ്പായിരിക്കണമെന്നില്ല (ഖണ്ഡിക 6 ). ഇത്തരം യോഗം ഒരു കോടതിവിധിപ്രകാരം നിര്‍ത്തിവച്ചാല്‍ തുടര്‍ന്നു മാറ്റിവെക്കുന്ന ദിവസം നടത്തുന്നതിനു മുമ്പായി വീണ്ടും നോട്ടീസ് നല്‍കേണ്ടതില്ല. മാറ്റിവെച്ച് വീണ്ടും നടത്തുന്നതു മുന്‍നിശ്ചയിക്കപ്പെട്ട യോഗത്തിന്റെ തുടര്‍ച്ചയായി കണക്കാക്കും (ഖണ്ഡിക 8 ).

സര്‍ച്ചാര്‍ജും
അയോഗ്യതയും

കേരള സഹകരണസംഘംനിയമത്തിലെ വകുപ്പ് 68 ( 2 ) , ചട്ടങ്ങളിലെ ചട്ടം 44 എന്നിവപ്രകാരം ഒരു സംഘത്തിലെ ഒരംഗത്തിനെതിരെ വകുപ്പ് 68 പ്രകാരമുള്ള സര്‍ച്ചാര്‍ജ്‌നടപടിയാണെങ്കില്‍ അയാള്‍ക്കു മറ്റൊരു സംഘത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ അയോഗ്യത ഉണ്ടായിരിക്കും (ഖണ്ഡിക 5) (ഐ.സി. ഒ. 426/2023 ണജ(ഇ) 5593/2023/20.03.2023 – ജസ്റ്റിസ് പി. ഗോപിനാഥ്).

ഒരേ സമയം
തിരഞ്ഞെടുപ്പ്

കേരള സഹകരണസംഘം ചട്ടങ്ങളിലെ ചട്ടം 34, 34 (4), 35 എ എന്നിവ പ്രകാരം സംഘത്തിലെ ഉപനിബന്ധനകളില്‍പ്പെട്ട 20 ( 3 ) പ്രകാരം ആ സംഘത്തിലെ ഭരണസമിതിയിലേക്കും പ്രാതിനിധ്യപൊതുയോഗത്തിലേക്കുമുള്ള തിരഞ്ഞെടുപ്പ് ഒരേ സമയത്തുതന്നെ നടത്തണമെന്നു പറയുന്നുണ്ട്. എന്നാല്‍, അതില്‍ വന്ന വീഴ്ചയാല്‍ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കാന്‍ സാധ്യമല്ല (ഖണ്ഡിക 6 ). വോട്ടര്‍പ്പട്ടിക സംബന്ധിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ചട്ടപ്രകാരം തിരഞ്ഞെടുപ്പുപരാതിയായി ഉന്നയിക്കാം (ഖണ്ഡിക 7 )(ഐ.സി.ഒ 686/ 2023 ണജ (ര) 8555/2023 / 10.4.20 23 – ജസ്റ്റിസ് പി. ഗോപിനാഥ് ).

                                                               (മൂന്നാംവഴി സഹകരണമാസിക ഒക്ടോബര്‍ ലക്കം – 2023)

Leave a Reply

Your email address will not be published.