വിദേശബാങ്ക് ഏജന്റുമാരുടെ ഗുണ്ടായിസം ഇവിടെ വേണ്ട

Deepthi Vipin lal

 

വിദേശബാങ്കുകളുടെ ഏജന്റുമാരുടെ ഗുണ്ടായിസം ഇന്ത്യയില്‍ വേണ്ടെന്ന് കേരള ഹൈക്കോടതി കര്‍ശനമായി താക്കീത് ചെയ്തു. കോടതി ഉത്തരവിനെത്തുടര്‍ന്ന്, ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കാമെന്ന് പോലീസ് മേധാവി ഉറപ്പു നല്‍കി. കൊല്ലം സ്വദേശിയായ ഒരു വനിതയാണ് പരാതിക്കാരി. അവര്‍ സൗദി അറേബ്യയില്‍ നഴ്‌സായിരുന്നു. അവിടത്തെ ഒരു പ്രമുഖ ബാങ്കില്‍ നിന്ന് അവര്‍ ലോണെടുത്തിരുന്നു. വായ്പത്തുക മുഴുവന്‍ തിരിച്ചടച്ചുവെന്നാണ് അവര്‍ പറയുന്നത്. നാട്ടില്‍ തിരിച്ചെത്തിയ തന്നെ ബാങ്കിന്റെ മുംബൈയിലുള്ള ചില ഏജന്റുമാര്‍ സ്ഥിരമായി വിളിച്ച് ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു വനിതയുടെ പരാതി. തുകയൊന്നും നല്‍കാന്‍ ബാക്കിയില്ലെങ്കിലും താന്‍ വീഴ്ച വരുത്തിയെന്നാണ് ഏജന്റുമാര്‍ പറയുന്നതെന്ന് അവര്‍ പരാതിപ്പെട്ടു.

വനിത പ്രശ്‌നം ഹൈക്കോടതിയില്‍ ഉന്നയിച്ചു. ഇത്തരം അനധികൃത പ്രവര്‍ത്തനങ്ങള്‍ വിദേശബാങ്കിന്റെ ഏജന്റുമാര്‍ ഇന്ത്യയില്‍ നടത്തരുതെന്ന് കോടതി ഉത്തരവിട്ടു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗരേഖകള്‍ അനുസരിച്ചു മാത്രമേ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാവൂ. അല്ലാതെ, ഭീഷണിയോ ഗുണ്ടായിസമോ ഇവിടെ പാടില്ലെന്ന് കോടതി പറഞ്ഞു. ആരെങ്കിലും വായ്പയെടുത്ത് തുക തിരിച്ചടയ്ക്കാതെ വീഴ്ച വരുത്തിയാല്‍ അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ നടപടിക്രമങ്ങളുണ്ട്. അതിനാണ് റിസര്‍വ് ബാങ്ക് വ്യവസ്ഥകളുള്ളത്. അതിനാല്‍ വിദേശബാങ്ക് ഏജന്റുമാര്‍ നിയമവിരുദ്ധ നടപടികള്‍ സ്വീകരിക്കരുത് – ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രനും വി.ജി. അരുണും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഇത്തരം നിയമവിരുദ്ധ നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഡി.ജി.പി. ഹൈക്കോടതിയെ അറിയിച്ചു. ( Case No. WP ( C ) 4715 / 17 )

Leave a Reply

Your email address will not be published.

Latest News
error: Content is protected !!