വികസന സാധ്യതയുള്ള സഹകരണ ടൂറിസം

ടി. സുരേഷ് ബാബു

2022 ല്‍ കേരളത്തിലെ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം 1.88 കോടിയാണ്. കോവിഡാനന്തരം ടൂറിസംമേഖലയിലുണ്ടായ വളര്‍ച്ച 2.63 ശതമാനം.എന്നാല്‍, കേരളത്തിലേക്കുള്ള വിദേശസഞ്ചാരികളുടെ ഒഴുക്കിനെ കോവിഡ് തടയിട്ടതായാണ് അനുഭവം. 2021 ല്‍ കോവിഡ്കാലത്തു ഇവിടെയെത്തിയ വിദേശസഞ്ചാരികളുടെ എണ്ണം 60,487 മാത്രമാണ്. മുന്‍വര്‍ഷത്തേക്കാള്‍ 82.25 ശതമാനത്തിന്റെ ഇടിവ്. 2020 ല്‍ 3,40,755 വിദേശസഞ്ചാരികള്‍ കേരളത്തിലെത്തിയിരുന്നു എന്നോര്‍ക്കണം. ആഭ്യന്തര വിനോദസഞ്ചാരികള്‍ കൂടുതലും എത്തിയതു പത്തനംതിട്ട, വയനാട്, ഇടുക്കി, ആലപ്പുഴ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ്. ഏറെ വികസനസാധ്യതയുള്ള വിനോദസഞ്ചാരമേഖലയിലേക്കു സഹകരണസംഘങ്ങളുടെ കടന്നുവരവ് ഈയിടെയായി വര്‍ധിച്ചിട്ടുണ്ട്. കുറഞ്ഞ ചെലവില്‍ കേരളത്തിന്റെ സാംസ്‌കാരികപൈതൃകം അടുത്തറിയാനുള്ള അവസരം വിനോദസഞ്ചാരികള്‍ക്കൊരുക്കാന്‍ സഹകരണസംഘങ്ങള്‍ക്കു കഴിയും. കെ.കെ. സുഗതന്റെ ‘ സഹകരണടൂറിസം കേരളത്തില്‍ ‘ എന്ന കൃതി വിരല്‍ചൂണ്ടുന്നതു കേരളത്തിലെ ടൂറിസംമേഖലയുടെ വളര്‍ച്ചയില്‍ സഹകരണസംഘങ്ങള്‍ക്കു വഹിക്കാനുള്ള പങ്കിലേക്കാണ്. കേരളത്തിലെ സഹകരണടൂറിസത്തിന്റെ ആരംഭവും പല കൈവഴികളിലൂടെയുള്ള അതിന്റെ വളര്‍ച്ചയും ഇനിയും ഏതെല്ലാം മേഖലകളില്‍ വികസനസാധ്യതകളുണ്ട് എന്നതിനെക്കുറിച്ചുള്ള നിരീക്ഷണവും വളരെ വിശദമായി, ആധികാരികവിവരങ്ങളുടെ പിന്‍ബലത്തോടെ പ്രതിപാദിക്കാന്‍ ഗ്രന്ഥകാരന്‍ മനസ്സിരുത്തിയിട്ടുണ്ട്. വിദേശ-ആഭ്യന്തര ടൂറിസ്റ്റുകളെ ഒരുപോലെ നമ്മുടെ സംസ്ഥാനത്തേക്കു പഴയതുപോലെ കൂട്ടത്തോടെ എത്തിക്കാന്‍ സഹകരണസംഘങ്ങളും ഉണര്‍ന്നുപ്രവര്‍ത്തിച്ചേ മതിയാവൂ എന്നു സുഗതന്‍ സഹകാരികളെ ഓര്‍മപ്പെടുത്തുകയാണ്.

സഹകരണ ബാങ്കിങ്‌രംഗത്തും സഹകരണടൂറിസത്തിലും മൂന്നു പതിറ്റാണ്ടിന്റെ പരിചയമുള്ള സുഗതന്‍ കണ്ണൂര്‍ പെരളശ്ശേരി സ്വദേശിയാണ്. ഇപ്പോള്‍ പെരളശ്ശേരി ഗ്രാമപ്പഞ്ചായത്തില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ അദ്ദേഹം ‘ കേരളത്തിന്റെ സഹകരണസമ്പത്ത് ‘ എന്ന ഗ്രന്ഥത്തിന്റെ രചയിതാവു കൂടിയാണ്. ടൂറിസംരംഗത്തു പ്രവര്‍ത്തിക്കുന്ന സഹകരണസ്ഥാപനങ്ങളെക്കുറിച്ചുള്ള സമഗ്രവിവരങ്ങള്‍ ‘ സഹകരണടൂറിസം കേരളത്തില്‍ ‘ എന്ന പുസ്തകത്തില്‍നിന്നു കിട്ടും. ടൂറിസംകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ക്കു ഇതൊരു ടൂറിസ്റ്റ് ഗൈഡാണ്. ടൂറിസംമേഖലയില്‍ പുതിയ പ്രൊജക്ടുകള്‍ക്കു തുടക്കം കുറിക്കുന്നവര്‍ക്കു ഒരു വഴികാട്ടിയും റഫറന്‍സ് ഗ്രന്ഥവുമാണിത്.

സഹകരണസംഘങ്ങള്‍
ടൂറിസത്തിലേക്ക്

ടൂറിസം സഹകരണസംഘങ്ങള്‍ക്കു അന്താരാഷ്ട്ര സഹകരണ സഖ്യം ( ഐ.സി.എ ) പ്രത്യേക നിര്‍വചനംതന്നെ നല്‍കിയിട്ടുള്ള കാര്യം ഗ്രന്ഥകാരന്‍ എടുത്തുപറയുന്നുണ്ട്. ‘ ജനാധിപത്യപരമായ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ടൂറിസംവ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെ സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ പൊതുവായ ആവശ്യങ്ങളും ആഗ്രഹങ്ങളും സാധ്യമാക്കുന്ന സംയുക്ത ഉടമസ്ഥതയിലുള്ള സംരംഭങ്ങളാണു ടൂറിസം സഹകരണസംഘങ്ങള്‍ ‘ എന്നതാണ് ഈ നിര്‍വചനം. ടൂറിസംരംഗത്തു സഹകരണസംഘങ്ങള്‍ രൂപവത്കരിച്ചു പ്രവര്‍ത്തനം നടത്തുമ്പോള്‍ ഈ മേഖലയില്‍ സ്വകാര്യ കുത്തകമുതലാളിമാരും ഇടത്തരക്കാരും നടത്തുന്ന ചൂഷണം അവസാനിപ്പിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കേരളത്തില്‍ വിനോദസഞ്ചാരമേഖലകളിലേക്കു കൂടുതല്‍ സഹകരണസംഘങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നു എന്നതു പ്രതീക്ഷയ്ക്കു വകനല്‍കുന്നുണ്ട്.

ടൂറിസം റിസോര്‍ട്ട്, ഷോപ്പിങ് മാള്‍, തിയേറ്റര്‍ കോംപ്ലക്‌സ്, റിവര്‍ ക്രൂയിസ് ടൂറിസം, യാത്രാപാക്കേജ് തുടങ്ങിയ മേഖലകളില്‍ സഹകരണസംഘങ്ങള്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കാലമാണിത്. സഹകരണമേഖലയില്‍ ലോകത്ത് ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടല്‍ സ്ഥാപിച്ചുകൊണ്ട് ( വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ലാഡര്‍ പണിത സപ്ത റിസോര്‍ട്ട് ആന്റ് സ്പാ ) കേരളത്തിലെ സഹകരണമേഖല വിനോദസഞ്ചാരരംഗത്തു വലിയൊരു കുതിപ്പിനു തുടക്കമിട്ടിരിക്കുകയാണ്. എങ്കിലും, സഹകരണടൂറിസം മേഖലയെക്കുറിച്ചുള്ള ആധികാരികവിവരങ്ങള്‍ കിട്ടുക എളുപ്പമല്ല. ഈയൊരു പ്രശ്‌നത്തിനു വലിയൊരളവോളം പരിഹാരം കണ്ടെത്തിയിരിക്കുകയാണു ‘ സഹകരണടൂറിസം കേരളത്തില്‍ ‘ എന്ന പുസ്തകം. മുഴപ്പിലങ്ങാട് ബീച്ചിന്റെ ടൂറിസംസാധ്യതകള്‍ കണ്ടറിഞ്ഞു മുഴപ്പിലങ്ങാട് സര്‍വീസ് സഹകരണബാങ്ക് നടപ്പാക്കിയ സ്വപ്‌നതീരം പദ്ധതിയുടെ ആസൂത്രകനാണു സുഗതന്‍. കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള ആഭ്യന്തര-വിദേശ യാത്രാപാക്കേജുകള്‍ക്കു പേരുകേട്ടതാണു സ്വപ്‌നതീരം.

വികസനസാധ്യത
ഏറെ

സഹകരണടൂറിസം, സഹകരണടൂറിസം കേരളത്തില്‍ എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി തിരിച്ചു 34 അധ്യായങ്ങളിലാണു പുസ്തകം ക്രമീകരിച്ചിരിക്കുന്നത്. ‘ ഉത്തരവാദിത്തടൂറിസം വികസനത്തിനു സഹകരണപ്രസ്ഥാനം ‘ എന്ന ആദ്യ അധ്യായത്തില്‍നിന്നു തുടങ്ങി ‘ സഹകരണടൂറിസം വളര്‍ച്ചയുടെ പുതിയ പാതകളിലൂടെ ‘ എന്ന അധ്യായത്തില്‍ തന്റെ നിരീക്ഷണങ്ങളും കണ്ടെത്തലുകളും നിര്‍ദേശങ്ങളും സുഗതന്‍ വളരെ വിശദമായിത്തന്നെ അവതരിപ്പിക്കുന്നുണ്ട്. ജില്ല തിരിച്ച് കേരളത്തിലെ ടൂറിസം സഹകരണസംഘങ്ങളുടെ പട്ടികയും ( ആകെ 89 സംഘങ്ങള്‍ ) അവസാനഭാഗത്തു കൊടുത്തിട്ടുണ്ട്. ടൂറിസംരംഗത്ത് ഇത്രയധികം സഹകരണസംഘങ്ങളോ എന്നു ചിലര്‍ അദ്ഭുതപ്പെട്ടേക്കാം. പക്ഷേ, പുതുകാലത്തിന്റെ സവിശേഷത തിരിച്ചറിയുന്നവര്‍ക്ക് ഇതൊരു അദ്ഭുതസംഖ്യയല്ല. ഈ പട്ടികയില്‍ ഇനിയും രേഖപ്പെടുത്താത്ത സംഘങ്ങളുണ്ടാവാം. എങ്കിലും, ഒരു കാര്യം പറയാതെ വയ്യ. പതിനാറായിരത്തിലധികം സഹകരണസംഘങ്ങളുള്ള കേരളത്തില്‍ ഈ 89 നിസ്സാരസംഖ്യയാണ്. പട്ടികയനുസരിച്ച് തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം ടൂറിസം സഹകരണസംഘങ്ങളുള്ളത്- 22 എണ്ണം. പത്തു സംഘങ്ങളുള്ള കണ്ണൂരാണു രണ്ടാം സ്ഥാനത്ത്. ടൂറിസം വികസനത്തിന് ഏറെ സാധ്യതകളുള്ള ആലപ്പുഴ ജില്ല പിറകിലാണ്. ഇവിടെ അഞ്ചു സംഘങ്ങളേയുള്ളു. സഹകരണടൂറിസം മേഖലയില്‍ ഇനിയും വികസനത്തിനു സാധ്യതകളുണ്ടെന്നാണ് അപൂര്‍ണമായ ഈ പട്ടിക നമ്മളോട് പറയുന്നത്.

ടൂറിസത്തിന്റെ വികസനസാധ്യതകള്‍ മനസ്സിലാക്കി ഇടപെടുന്ന നിരവധി സഹകരണസംഘങ്ങളുണ്ടെങ്കിലും കേരളത്തിലെ ടൂറിസംസംഘങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ചു വേണ്ടത്ര വിവരങ്ങള്‍ കിട്ടാനില്ലെന്നു ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നു. ഈയൊരു പരിമിതി മനസ്സിലാക്കിയാണ് താനീ പുസ്തകരചനയ്‌ക്കൊരുങ്ങിയതെന്നു അദ്ദേഹം പറയുന്നു. ഗ്രാമീണടൂറിസത്തില്‍ കേരളത്തിനു അനന്തസാധ്യതകളുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പക്ഷേ, നമ്മളതൊന്നും പ്രയോജനപ്പെടുത്തുന്നില്ല എന്നതാണു സത്യം. കാര്‍ഷിക-ആരോഗ്യ-യാത്രാടൂറിസം മേഖലകളില്‍ കേരളത്തിനു നല്ല നേട്ടങ്ങളുണ്ടാക്കാനാവും. സാഹസികടൂറിസം, പൈതൃകടൂറിസം, സാംസ്‌കാരികടൂറിസം, ഇക്കോടൂറിസം മേഖലകളിലും സാധ്യത ഏറെയാണ്. സ്ഥിരം ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കു മാത്രമല്ല ഇപ്പോള്‍ സഞ്ചാരികള്‍ എത്തുന്നത്. പുതുതായി വികസിച്ചുവരുന്ന ടൂറിസറ്റ്‌കേന്ദ്രങ്ങളിലേക്കും സഞ്ചാരികള്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട്.

മുന്നേറ്റമില്ലാത്ത
ഉത്തരവാദിത്തടൂറിസം

സമൂഹത്തോട് പ്രതിബദ്ധതയുള്ള പ്രസ്ഥാനം എന്ന നിലയില്‍ സഹകരണമേഖലയുടെ സജീവമായ ഇടപെടല്‍ ടൂറിസംരംഗത്ത് അനിവാര്യമായിരിക്കുകയാണെന്നു ഗ്രന്ഥകാരന്‍ പറയുന്നു. ലോകമെങ്ങും വളര്‍ന്നു വികസിച്ചുവരുന്ന ഉത്തരവാദിത്തടൂറിസം കേരളത്തില്‍ വേണ്ടത്ര മുന്നേറാത്തതിനു കാരണം സ്വകാര്യമേഖലയുടെ താല്‍പ്പര്യക്കുറവാണ്. ടൂറിസ്റ്റുകളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനൊപ്പം ടൂറിസംസംരംഭങ്ങളില്‍ ഇടപെടുന്ന മുഴുവനാളുകള്‍ക്കും നിശ്ചിതവരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യമാണു ഉത്തരവാദിത്തടൂറിസത്തിനുള്ളത്. സഹകരണമേഖലയ്ക്കു ഉത്തരവാദിത്തടൂറിസത്തില്‍ ഇടപെടാനുള്ള നല്ലൊരവസരമാണിപ്പോള്‍ തുറന്നുകിട്ടിയിരിക്കുന്നതെന്നു ഗ്രന്ഥകാരന്‍ തുടക്കത്തില്‍ അടിവരയിട്ടുപറയുന്നു. പക്ഷേ, ഈ രംഗത്തു വിജയിക്കാന്‍ ഒരു കാര്യം ശ്രദ്ധിച്ചേതീരൂ. മറ്റു സംഘങ്ങള്‍ മുന്നിട്ടിറങ്ങി വിജയം കൈവരിച്ച സമാനസ്വഭാവമുള്ള മേഖലയില്‍ കണ്ണുമടച്ച് ഇറങ്ങരുത്. നമ്മുടെ മണ്ണും വെള്ളവും വായുവും കൊള്ളയടിക്കുന്ന കമ്പോളാധിഷ്ഠിത വികസനത്തിനുപകരം ജനകീയവികസന പദ്ധതികള്‍ ആസൂത്രണം ചെയ്തു സഹകരണമേഖലയിലൂടെ വിനോദസഞ്ചാരം നടപ്പാക്കിയാല്‍ കേരളത്തിന്റെ വികസനപ്രതിസന്ധിയെ മറികടക്കാന്‍ കഴിയുമെന്ന ശുഭാപ്തിവിശ്വാസക്കാരനാണു കെ.കെ. സുഗതന്‍.

വിവിധരാജ്യങ്ങളിലെയും ഇന്ത്യയിലെയും സഹകരണടൂറിസത്തെപ്പറ്റി ചെറിയൊരു വിവരണം മാത്രം നല്‍കുന്ന ഗ്രന്ഥകാരന്‍ പുസ്തകത്തിന്റെ രണ്ടാംഭാഗത്തില്‍ നൂറിലധികം പേജുകളും മാറ്റിവെച്ചിരിക്കുന്നതു കേരളത്തിന്റെ ടൂറിസംസാധ്യതകളെപ്പറ്റി പറയാനാണ്. അത് അടുക്കും ചിട്ടയോടും അവതരിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. ടൂറിസംമേഖലയിലെ നവീന മാതൃകയായ എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസത്തെക്കുറിച്ചും ഈ പുസ്തകം പ്രതിപാദിക്കുന്നുണ്ട്. സഞ്ചാരികള്‍ വെറും കാഴ്ചകള്‍ കാണാന്‍ മാത്രമല്ല ഇപ്പോള്‍ ലോകം ചുറ്റുന്നത്. അനുഭവാത്മക പഠനത്തിലൂടെ കിട്ടുന്ന പുതിയ അറിവുകള്‍ സ്വായത്തമാക്കിയാണു പലരും തിരിച്ചുപോകുന്നത്. അത്തരം അനുഭവങ്ങള്‍ ആസ്വദിക്കാനാണവര്‍ എത്തുന്നത്. ടൂറിസംകേന്ദ്രങ്ങളില്‍ അവിടുത്തെ പ്രത്യേകതകള്‍ അനുഭവിച്ചറിയാനുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസത്തിലേക്കും നമ്മള്‍ കൂടുതലായി കടന്നുചെല്ലണമെന്നു ഗ്രന്ഥകാരന്‍ നിര്‍ദേശിക്കുന്നു. കായല്‍ ടൂറിസം, അക്വാ ടൂറിസം, കാര്‍ഷിക ടൂറിസം, റിവര്‍ ടൂറിസം, ഇക്കോ ടൂറിസം, ആരോഗ്യ ടൂറിസം, പില്‍ഗ്രിമേജ് ടൂറിസം, അഡ്വഞ്ചര്‍ ടൂറിസം, വാട്ടര്‍ഫാള്‍ ടൂറിസം എന്നിങ്ങനെ ഏതു മേഖലയിലും സഹകരണസ്ഥാപനങ്ങള്‍ക്കു അനായാസം കടന്നുചെല്ലാനുള്ള അവസരങ്ങളിവിടെയുണ്ട്.

എല്ലാ മേഖലയിലുംപെട്ട സഹകരണസംഘങ്ങള്‍ക്ക്, ടൂറിസം സഹകരണസംഘമല്ലെങ്കില്‍പ്പോലും, ടൂറിസംരംഗത്തു പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നു സുഗതന്‍ വിശദീകരിക്കുന്നു. അദ്ദേഹം എഴുതുന്നു: ‘ കണ്‍സ്യൂമര്‍രംഗത്തു പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്കു ടൂറിസ്റ്റുകള്‍ക്കാവശ്യമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചുകൊണ്ട് പ്രവര്‍ത്തിക്കാം. മറ്റു സഹകരണസംഘങ്ങള്‍ക്കു ടൂറിസ്റ്റുകള്‍ക്കു വിവിധങ്ങളായ സേവനം നല്‍കി പ്രവര്‍ത്തിക്കാം. കാര്‍ഷിക സഹകരണസംഘങ്ങള്‍ക്കു കാര്‍ഷികടൂറിസം വ്യാപകമാക്കിക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ കഴിയും. സഹകരണഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും ടൂറിസ്റ്റുകള്‍ക്കാവശ്യമായ നല്ല ഭക്ഷണം നല്‍കിക്കൊണ്ട് ഇടപെടാന്‍ കഴിയും. മോട്ടോര്‍ സഹകരണസംഘങ്ങള്‍ക്കു ടൂറിസ്റ്റുവാഹനങ്ങള്‍ ഒരുക്കിക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ കഴിയും. ‘ ഈ വീക്ഷണം വെച്ചുനോക്കുമ്പോള്‍ ടൂറിസവികസനത്തിന്റെ ഓരോ ഘട്ടത്തിലും സഹകരണസ്ഥാപനങ്ങള്‍ക്കു തങ്ങളുടേതായ പങ്ക് നിര്‍വഹിക്കാന്‍ അവസരങ്ങളുണ്ട്. പക്ഷേ, അതു പ്രയോജനപ്പെടുത്താനുള്ള മനസ്സ് സഹകാരികള്‍ക്കുണ്ടാവണമെന്നു മാത്രം.

Leave a Reply

Your email address will not be published.