വായ്പയില്‍ തിരിച്ചടവില്ല; സഹകരണ സംഘം പ്രസിഡന്റ് ഭാര്യയ്‌ക്കൊപ്പം ജീവനൊടുക്കി

moonamvazhi

സഹകരണ മേഖല നേരിടുന്ന അതി ഗൗരവമുള്ള പ്രതിസന്ധിക്ക് ഒരു സഹകാരിയുടെ രക്തസാക്ഷിത്വം. സംഘം നല്‍കിയ വായ്പകളില്‍ തിരിച്ചടവ് വരാതിരിക്കുകയും കുടിശ്ശിക കൂടുകയും ചെയ്യുന്ന സ്ഥിതി വന്നതോടെ സ്വന്തം ജീവിതം അവസാനിപ്പിച്ചിരിക്കുകയാണ് തിരുവനന്തപുരം പാലോട് സ്വദേശിയായ ഒരു സഹകാരി. തന്നില്‍കൂടി വിശ്വാസം അര്‍പ്പിച്ച് നിക്ഷേപിച്ചവര്‍ക്ക് അവര്‍ ആവശ്യപ്പെടുമ്പോള്‍ പണം തിരികെ നല്‍കാന്‍ കഴിയാത്ത സ്ഥിതി വന്നുതുടങ്ങിയതോടെയാണ്, സ്വന്തം ജീവിതം ബലിനല്‍കിയത്. .

പാലോട് തൊളിക്കോട് നാഗര കെ.കെ. ഭവനില്‍ അനില്‍കുമാര്‍ (55), ഭാര്യ ഷീബ (50) എന്നിവരെയാണ് കഴിഞ്ഞദിവസം കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്. നെടുമങ്ങാട്ടെ ജില്ലാ കാര്‍ഷിക സംയോജിത ജൈവ കര്‍ഷക സഹകരണ സംഘത്തിന്റെ പ്രസിഡന്റാണ് അനില്‍കുമാര്‍. സംഘത്തിലേക്കു പലരില്‍ നിന്നായി നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും അത് വായ്പകളായി പലര്‍ക്കും നല്‍കുകയും ചെയ്തിരുന്നു. വായ്പ ലഭിച്ച പലരും പണം തിരികെ അടയ്ക്കാതായതോടെ നിക്ഷേപകര്‍ക്ക് ഭീമമായ തുക മടക്കിക്കൊടുക്കാന്‍ കഴിയാതെ വന്നു. ഇതു മൂലം നാളുകളായി അനില്‍കുമാര്‍ വിഷമത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

വിശ്വാസമാണ് സഹകാരികളുടെ ജീവശ്വാസം. നൂറുകണക്കിന് നിക്ഷേപകര്‍ സഹകാരികളില്‍ അര്‍പ്പിക്കുന്ന വിശ്വാസമാണ് ഒരുസംഘത്തിലുയരുന്ന നിക്ഷേപത്തിന്റെ തോത്. മാസങ്ങളോളം നീളുന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ വായ്പ എടുത്തവരെ കൃത്യമായ തിരിച്ചടവില്‍നിന്ന് പിന്തിരിപ്പിക്കുന്ന സ്ഥിതിയുണ്ടാക്കുന്നുണ്ട്. കുടിശ്ശിക പിരിച്ചെടുക്കുന്നതിനായി ജപ്തി അടക്കമുള്ള കാര്യങ്ങള്‍ക്ക് സഹകരണ വകുപ്പിന്റെ നിസ്സഹകരണവും സഹകരണ സംഘങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായടക്കം കൂടുതല്‍ നിക്ഷേപം ഓരോ സഹകരണ സംഘങ്ങളിലേക്കും വന്നിട്ടുണ്ട്. എന്നാല്‍, വായ്പയ്ക്ക് തിരിച്ചടവ് വരാതിരുന്നാല്‍ ഈ നിക്ഷേപം പോലും സംഘങ്ങളെ പ്രതിസന്ധിയിലാക്കും.

സംസ്ഥാനത്ത് നാലിലൊന്ന് പ്രാഥമിക സഹകരണ സംഘങ്ങള്‍ നഷ്ടത്തിലാണ്. 140 സംഘങ്ങള്‍ അതി ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്യുന്നുവെന്നാണ് ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഒരു സംഘം പ്രതിസന്ധിയിലാകുമ്പോള്‍ അത് സഹകാരികളുടെ എന്തോ പിടിപ്പുകേടും തട്ടിപ്പും കൊണ്ടാണെന്ന പ്രചരണമാണ് നടക്കുന്നത്. ഈ ദുരന്ത അവസ്ഥയുടെ രക്തസാക്ഷിയാണ് അനില്‍കുമാറും ഭാര്യ ഷീബയും.  നല്ല സഹകാരിക്ക് ആദരാഞ്ജലികള്‍.

Leave a Reply

Your email address will not be published.