വരുമോ സഹകരണ വന്‍ശക്തികളും ഐക്യദാര്‍ഢ്യസമ്പദ്ഘടനയും?

moonamvazhi

ലോക സഹകരണപ്രസ്ഥാനം പരമ്പരാഗതസഹകരണമാതൃകയില്‍നിന്നു സാമൂഹിക ഐക്യദാര്‍ഢ്യസമ്പദ്ഘടന എന്ന ലക്ഷ്യത്തിലേക്ക് ഉയര്‍ന്നു ചിന്തിക്കുകയാണെന്ന അറിവ്, സംസ്ഥാനവരുമാനത്തിന്റെ മൂന്നിലൊന്നും
സഹകരണമേഖലയില്‍നിന്നാവുംവിധം സഹകരണവന്‍ശക്തികളെ സൃഷ്ടിച്ചുകൊണ്ടു സഹകരണമേഖലയും തദ്ദേശസര്‍ക്കാരുകളും സംയുക്തമായി മുന്നേറണമെന്ന ആഹ്വാനം, ആയിരക്കണക്കിനു മൂല്യവര്‍ധിത കാര്‍ഷികദൗത്യങ്ങളും അഗ്രോബിസിനസ് കമ്പനിയുടെ രൂപവത്കരണവുംപോലുളള കാര്‍ഷിക്കുതിപ്പുനീക്കങ്ങള്‍, ഇസ്രയേലിലെന്നപോലെ
മറ്റുരാജ്യങ്ങളിലും കര്‍ഷകരെ കൊണ്ടുപോയി കൃഷിരീതികള്‍ പഠിപ്പിച്ച് ഇവിടെ നടപ്പാക്കുമെന്ന പ്രഖ്യാപനം,കെ-ഫ്‌ളൈറ്റും ബാലരാമപുരം-വിഴിഞ്ഞം ടണല്‍ ടൂറിസവും പോലുള്ള വന്‍ടൂറിസംപദ്ധതികളെക്കുറിച്ചുള്ള സ്വപ്നങ്ങളുടെ പങ്കുവയ്ക്കല്‍, ഈടു കൊടുക്കാനില്ലാത്തവര്‍ക്കും സംരംഭകവായ്പ ലഭ്യമാക്കാന്‍ വായ്പാജാമ്യനിധി വേണമെന്ന ആവശ്യം, തെങ്ങുകര്‍ഷകര്‍ക്കായി തമിഴ്‌നാട്‌സര്‍ക്കാര്‍ രൂപവത്കരിച്ച ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിനെക്കുറിച്ചുള്ള
വിവരങ്ങള്‍, കേരള ബാങ്ക് കോര്‍ ബാങ്കിങ് സജ്ജമാക്കി ഇനി ഡിജിറ്റല്‍ ബാങ്കിങ് സംവിധാനം ഒരുക്കുന്നതിലേക്കു പുരോഗമിക്കുകയാണെന്ന ശുഭവാര്‍ത്ത, ഇ-ഗവേണന്‍സും ഓണ്‍ലൈന്‍ വിപണനപ്ലാറ്റ്‌ഫോമുകളും അനിവാര്യമാണെന്ന
ബോധ്യം, പട്ടികജാതി-വര്‍ഗക്കാരുടെ വായ്പാ-നിക്ഷേപസാന്നിധ്യം വര്‍ധിപ്പിക്കാന്‍ കേരള ബാങ്കില്‍ പ്രത്യേകസെല്‍ ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത, സഹകരണഫെഡറലിസത്തിനു വിരുദ്ധമായ കേന്ദ്രനീക്കങ്ങളിലുള്ള ആശങ്ക,
ആഴക്കടല്‍ മത്സ്യബന്ധനത്തിനുപോലും വായ്പ കിട്ടുമെങ്കിലും ബാധ്യത പേടിച്ചു സംഘങ്ങള്‍ മടിക്കുന്ന അവസ്ഥ, വനിതാസംഘങ്ങളും കുടുംബശ്രീയും ഒരുമിച്ചുമുന്നേറേണ്ടതിന്റെ പ്രധാന്യം – ഇങ്ങനെ കേരളസഹകരണരംഗത്തെ
ഉഴുതുമറിക്കുന്ന ആശയങ്ങളും മഥിക്കുന്ന പ്രശ്‌നങ്ങളും പുതിയ വിവരങ്ങളും കൊണ്ടു നിറഞ്ഞതായിരുന്നു എറണാകുളം മറ്റൈന്‍ ഡ്രൈവില്‍ 2023 ഏപ്രില്‍ 22 മുതല്‍ 30 വരെ നടന്ന എക്‌സ്‌പോ -2023 എന്ന സഹകരണവിപണനമേളയുടെ ഭാഗമായി നടന്ന സെമിനാറുകള്‍. ഏപ്രില്‍ 23 നു സഹകരണമേഖലയിലെ ഘടനാപരമായ മാറ്റങ്ങളെക്കുറിച്ചും അടിസ്ഥാനസൗകര്യ-ഉല്‍പ്പാദനമേഖലകളിലെ സഹകരണഇടപെടലിനെക്കുറിച്ചും ചര്‍ച്ചചെയ്ത സെമിനാറുകള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആധുനികീകരണം, കാര്‍ഷികാനുബന്ധമേഖലയോടുള്ള ആധുനികകാഴ്ചപ്പാട്, ദളിത്-പിന്നാക്കവിഭാഗങ്ങളുടെ ജീവിതഗുണമേന്മ വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത, സ്ത്രീശാക്തീകരണം, സഹകരണ-പ്രാദേശികസര്‍ക്കാര്‍കൂട്ടായ്മ, ആധുനികകൃഷി, കേന്ദ്രഇടപെടല്‍, കയര്‍-കൈത്തറി-ഫിഷറീസ്-വ്യവസായസംഘങ്ങളുടെ പ്രശ്‌നങ്ങള്‍, ഇ-ഗവേണന്‍സ് എന്നീ കാര്യങ്ങളെക്കുറിച്ചുള്ള സംവാദങ്ങളാല്‍ സക്രിയമായി. മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഇതരസംസ്ഥാനങ്ങളിലെ ഐ.എ.എസ്. ഉദ്യോഗസ്ഥരുമടക്കം പ്രമുഖര്‍ പങ്കെടുത്തു. ( 23 നു നടന്ന സെമിനാറുകളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് മൂന്നാംവഴിയുടെ മെയ് ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു ).

ഉപഭോക്തൃ, വിപണന
സംഘങ്ങള്‍
ആധുനികീകരിക്കണം

ഏപ്രില്‍ 24 നു രാവിലെ ‘ഉപഭോക്തൃവിപണന സഹകരണസംഘങ്ങളുടെ ആധുനികീകരണവും വിവരസാങ്കേതികവിദ്യയും’ എന്ന സെമിനാറായിരുന്നു. സഹകരണ പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍ എസ്.യു. രാജീവ് അധ്യക്ഷനായിരുന്നു. സഹകരണമേഖലയില്‍ പ്രൊഫഷണലിസം കൊണ്ടുവരേണ്ടതും പ്രൊഫഷണലുകള്‍ ഭരണസമിതിയിലുണ്ടാകേണ്ടതും പ്രൊഫഷണല്‍വിദ്യാഭ്യാസം നേടിയവര്‍ തലപ്പത്തും ഉദ്യോഗസ്ഥതലത്തിലും വരേണ്ടതും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. വളരെവേഗം നവസാങ്കേതികവിദ്യ സ്വീകരിക്കുകയും പകരുകയും വേണം. ജീവനക്കാര്‍ ആധുനികവിപണനതന്ത്രങ്ങള്‍ സ്വായത്തമാക്കണം. യുവാക്കള്‍ വിദേശങ്ങളിലേക്കാണ് ആകര്‍ഷിക്കപ്പെടുന്നതെന്നു മനസ്സിലാക്കി ആധുനിക പണക്കൈമാറ്റസാധ്യതകള്‍ നടപ്പാക്കി അവരുടെ സാന്നിധ്യം ഉറപ്പാക്കണം. കേരള ബാങ്ക് ഇതു തുടങ്ങുന്നുണ്ട്. യുവാക്കളുടെ കഴിവുകള്‍ സഹകരണരംഗത്തെ പുഷ്ടിപ്പെടുത്താന്‍ ഉപയോഗപ്പെടുത്തണം – രാജീവ് പറഞ്ഞു.

പി.എസ്.സി. മുന്‍ചെയര്‍മാന്‍ എം. ഗംഗാധരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. കമ്പ്യൂട്ടര്‍സാക്ഷരതയാണ് ഇന്നത്തെ സാക്ഷരതയെന്ന് അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന തലമുറയ്ക്ക് ആധുനികസാങ്കേതികവിദ്യയില്‍ പ്രാവീണ്യം കുറവാണ്. ഉപഭോക്തൃ, സഹകരണമേഖലകള്‍ അവഗണിക്കപ്പെട്ടിരിക്കുകയാണ്. ഓരോ പതിനായിരം പേര്‍ക്കും ഒരു പൊതുവിതരണകേന്ദ്രം സഹകരണപ്രസ്ഥാനത്തിന്റെതായി ഉണ്ടാക്കണം. നല്ല പദ്ധതി തയാറാക്കി കേന്ദ്രസര്‍ക്കാരിന്റെയും എന്‍.സി.ഡി.സി.യുടെയുമൊക്കെ സഹായം ഇതിനു നേടിയെടുക്കാനാവും. സഹകരണപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു സാമൂഹികസേവനസന്നദ്ധതയും സത്യസന്ധതയും സഹകരണസ്ഥാപന അക്കൗണ്ടിങ്ങിനെക്കുറിച്ചുള്ള പ്രാഥമികജ്ഞാനവും വേണം – അദ്ദേഹം പറഞ്ഞു.

 

കെ.എസ്.എഫ്.ഇ. മാനേജിങ് ഡയറക്ടര്‍ ഡോ. എസ്.കെ. സനില്‍ പ്രബന്ധം അവതരിപ്പിച്ചു. കാര്യക്ഷമത കൂട്ടി ലാഭക്ഷമമായി മുന്നേറാന്‍ സഹകരണസ്ഥാപനങ്ങള്‍ നൂതനസാങ്കേതികവിദ്യകള്‍ സ്വായത്തമാക്കാന്‍ ഒട്ടും വൈകരുതെന്ന് അദ്ദേഹം പറഞ്ഞു. ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും രംഗത്തു കേരളത്തില്‍ സഹകരണസ്ഥാപനങ്ങള്‍ക്കു നല്ല വേരോട്ടമുണ്ട്. അന്താരാഷ്ട്ര സഹകരണസഖ്യത്തിന്റെ കണ്‍സ്യൂമര്‍ കോ-ഓപ്പറേറ്റീവ്‌സ്് വേള്‍ഡ്‌വൈഡ് എന്ന സംവിധാനത്തിന്റെ നിര്‍ദേശങ്ങളില്‍ ആദ്യത്തെത് ഉപഭോക്താക്കള്‍ക്കു നിലവാരമുള്ള പോഷകാഹാരം, വസ്ത്രം, പാര്‍പ്പിടം എന്നിവ ലഭ്യമാക്കണം എന്നതാണ്. സുരക്ഷിതവും ആരോഗ്യകരവുമായ പാരിസ്ഥിതികസാഹചര്യങ്ങളും ഒരുക്കണം. മിതമായ വിലയ്ക്ക് ഉപഭോക്താക്കളുടെ ഇച്ഛാനുസരണം സാധനസാമഗ്രികള്‍ ലഭ്യമാക്കണം. സാധനസേവനങ്ങള്‍ സംബന്ധിച്ച കൃത്യമായ വിവരങ്ങളും അനുബന്ധവിദ്യാഭ്യാസവും പരമപ്രധാനമാണ്. ഇവ ലഭ്യമാക്കാന്‍ ഉപഭോക്തൃ-വിപണനസംഘങ്ങള്‍ ഇനിയും ഏറെ മാറേണ്ടതുണ്ട്. സാങ്കേതികത്തികവ് ആര്‍ജിക്കാനും എല്ലാതലത്തിലും വ്യത്യസ്തതരത്തില്‍ ആധുനികീകരണം നടപ്പാക്കാനും സംഘങ്ങള്‍ വ്യഗ്രത കാട്ടണം. വിപണീമൂലധനവത്കരണം വര്‍ധിപ്പിക്കണം. അമുല്‍, ഇഫ്‌കോ എന്നിവ ഇക്കാര്യത്തില്‍ നല്ല ഉദാഹരണങ്ങളാണ്. ഇവ മൂലധനം ഉറപ്പാക്കുകയും വൈവിധ്യവത്കരിക്കുകയും നന്നായി ഭരിക്കുകയും ചെയ്യുന്നു. ഇൗ വിജയം വിശകലനം ചെയ്തും പുത്തന്‍രീതികള്‍ വിലയിരുത്തിയും ആധുനികീകരിക്കണം. ഇതിന് ആവശ്യവും വിതരണവും തമ്മിലുള്ള സന്തുലിതത്വം മെച്ചമാക്കണം. ആവശ്യക്കാരുള്ളപ്പോള്‍ വിതരണം തടസ്സപ്പെടരുത്. വിതരണത്തിനുവേണ്ടി ആവശ്യം സൃഷ്ടിച്ചെടുക്കയുമരുത്. വിതരണശൃംഖലയുടെ കണ്ണി മുറിയാതെ നോക്കാന്‍ ഡാറ്റാവിശകലനം, നിര്‍മിതബുദ്ധി, മെഷീന്‍ ലേണിങ് തുടങ്ങിയവയില്‍ അധിഷ്ഠിതമായ സോഫ്റ്റ്‌വെയറുകളും പാക്കേജുകളും പ്രാഥമികസംഘങ്ങള്‍ മുതല്‍ അപ്പെക്‌സ് സംഘങ്ങള്‍ വരെ നടപ്പാക്കണം. അപ്പോള്‍ ഉപഭോക്താക്കളുടെ അഭിരുചി, വിപണിയുടെ പെരുമാറ്റം തുടങ്ങിയവ കൃത്യമായി അറിയാം. അതനുസരിച്ചു നയം രൂപവത്കരിക്കുകയും വിപണനതന്ത്രം ആവിഷ്‌കരിക്കുകയും ചെയ്യാം. ഇവ സ്വായത്തമാക്കാന്‍ സഹകരണസ്ഥാപനങ്ങള്‍ വേണ്ടത്ര ശ്രമിക്കുന്നില്ല- ഡോ. സനില്‍ പറഞ്ഞു.

ബിസിനസ് മാതൃക
ഉടച്ചുവാര്‍ക്കണം

മെഷീന്‍ ലേണിങ്ങിലും നിര്‍മിതബുദ്ധിയിലുമുള്ള കാര്യങ്ങളാണു മൊബൈല്‍ ആപ്ലിക്കേഷനില്‍പ്പോലുമുള്ളത്. മൊബൈല്‍ ആപ്ലിക്കേഷനു വലിയ മുതല്‍മുടക്കോ വന്‍സാങ്കേതികവിദ്യയോ വേണ്ട. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏതാനും ലക്ഷങ്ങള്‍കൊണ്ട് ഇതുണ്ടാക്കാം. പക്ഷേ, വളരെ കുറച്ച് ഉപഭോക്തൃ, വിപണന സഹകരണസ്ഥാപനങ്ങള്‍ക്കേ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താവിന് എത്തിക്കാനും ഏതുസമയത്തും ഉപയോഗിക്കാനും പറ്റുന്ന മൊബൈല്‍ ആപ്ലിക്കേഷനുള്ളൂ. കേരളത്തില്‍ ഒരെണ്ണത്തിനുമില്ലെന്നു തോന്നുന്നു – ഡോ. സനില്‍ അഭിപ്രായപ്പെട്ടു. ആദ്യം വിപണിയില്‍ എത്തുന്നവരും പുതിയ വിപണി കണ്ടെത്തുന്നവരുമാണ് ഏറെ നേട്ടുമുണ്ടാക്കുക. വിപണിയുടെ ഗതിവിഗതികള്‍ മനസ്സിലാക്കാനും ഉപഭോക്താക്കളുടെ അഭിരുചികള്‍ പ്രവചിക്കാനും പറ്റിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കണം. ഇലക്ട്രോണിക് മാധ്യമങ്ങളും സാമൂഹികമാധ്യമങ്ങളും കൊണ്ടു സര്‍വേ നടത്തി കാര്യങ്ങള്‍ വിശകലനം ചെയ്യണം. കോള്‍സെന്ററുകളെയും ആശ്രയിക്കാം. അപ്പോഴെല്ലാം മൂലധനശേഷിയും മനുഷ്യവിഭവശേഷി പാകപ്പെടുത്തലും വെല്ലുവിളിയാകുമെങ്കിലും അവയെ തരണം ചെയ്യുകതന്നെ വേണം. പഴയ ബിസിനസ് മാതൃകകള്‍ ഉടച്ചുവാര്‍ക്കണം. വിപണനരീതികള്‍ കാലോചിതമായി മാറ്റണം. ഉദാഹരണത്തിന് അമുല്‍ ഉല്‍പ്പന്നങ്ങള്‍ ശീതീകരിച്ചുസൂക്ഷിക്കുന്നതില്‍ ധാരാളം പ്രശ്‌നമുണ്ടായപ്പോള്‍ അവര്‍ സാങ്കേതികവിദ്യ മാറ്റി. അത്യുന്നത താപനിലയില്‍ ഉല്‍പ്പാദനം നടത്തി മൂല്യവര്‍ധിതഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തു വിതരണശൃംഖലയിലെ തടസ്സങ്ങള്‍ ഒറ്റയടിക്കു നീക്കി. അതോടെ നിരവധി പ്രാദേശികവിപണികളിലും മുന്നിലെത്തി. വിറ്റുവരവു കുത്തനേ കൂടി. സാങ്കേതികവിദ്യകളും സങ്കേതങ്ങളും മെച്ചപ്പെടുത്താന്‍ തടസ്സമുണ്ടെങ്കില്‍ തന്ത്രപരമായ സഖ്യങ്ങളാവാം. മെച്ചപ്പെട്ട സാധനസേവനങ്ങള്‍ നല്‍കാന്‍ വലിയ മുതല്‍മുടക്കു വേണ്ടിവരുമ്പോള്‍ മൂലധനം സ്വയം മുടക്കുന്നതിനൊപ്പം പുറമെനിന്നു കണ്ടെത്തുകയും ഉപസ്ഥാപനങ്ങളും തന്ത്രപരമായ സഖ്യങ്ങളും ഉണ്ടാക്കുകയും ചെയ്യാം. യു.എല്‍.സി.സി.എസ്. സാങ്കേതികവിദ്യാമേഖലയിലേക്കു കടക്കണമെന്നു കണ്ടപ്പോള്‍ അതിനായി ഉപസ്ഥാപനം ഉണ്ടാക്കിയത് ഉദാഹരണം. സഹകരണതത്വങ്ങളില്‍ അധിഷ്ഠിതമായ ഇത്തരം നീക്കങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യരുത്. ഇഫ്‌കോയുടെ ഇത്തരം ഉപസ്ഥാപനങ്ങളും വിജയമാണ്. കേരളത്തില്‍ കണ്‍സ്യൂമര്‍ഫെഡ്, മാര്‍ക്കറ്റ്‌ഫെഡ്, റെയ്ഡ്‌കോ, എന്‍.എം.ഡി.സി, മില്‍മ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കിടയില്‍ ഏതാനും സഖ്യങ്ങള്‍ താത്കാലികമായെങ്കിലും രൂപപ്പെടാറുണ്ട്. പക്ഷേ, സഖ്യം സ്ഥായിയാവുകയോ ഗണ്യമായ ബിസിനസ് കൈയാളുകയോ ചെയ്യുന്നതിലേക്കു വളരുന്നില്ല. ഉപഭോക്തൃവിപണനസംഘങ്ങള്‍ക്കിടയിലും അവ തമ്മില്‍ത്തമ്മിലും സഹവര്‍ത്തിത്വം വര്‍ധിപ്പിക്കണം. ഇതിനു സഹകരണവകുപ്പും നാഫെഡ് പോലുള്ള കേന്ദ്രഏജന്‍സികളും പറ്റിയ മേഖലകള്‍ കണ്ടെത്തുകയും സഖ്യത്തിനു കെട്ടുറപ്പേകുകയും വേണം. ഇക്കാര്യത്തിലും വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്താം. വ്യത്യസ്തസ്ഥാപനങ്ങളില്‍ വ്യത്യസ്തരീതികളിലായിരിക്കും സാങ്കേതികവിദ്യ നടപ്പാക്കിയിട്ടുണ്ടാവുക. ഈ സാങ്കേതികവിദ്യകളെ കോര്‍ത്തിണക്കുന്ന സോഫ്റ്റ്‌വെയര്‍ നടപ്പാക്കുന്നതു വ്യാപാരം മെച്ചപ്പെടുത്തും – ഡോ. സനില്‍ അഭിപ്രായപ്പെട്ടു.

വേറിട്ട മാതൃക

അടിസ്ഥാനസൗകര്യവികസനം കാലോചിതവും സാങ്കേതികവിദ്യ കൈമാറുന്നതിനനുസരിച്ചു മെച്ചപ്പെടുത്തുന്നതിന് അനുപൂരകവുമായിരുന്നാല്‍ പരാജയങ്ങള്‍ കുറയും. ശീതീകരണികളും സംഭരണശാലകളും തേടുമ്പോള്‍ സാങ്കേതികത്തികവ് ഉറപ്പാക്കാന്‍ എന്‍.സി.ഡി.സി. പോലുള്ള കേന്ദ്രഏജന്‍സികളുടെ വിദഗ്‌ധോപദേശം സ്വീകരിക്കാം. ഗോഡൗണുകള്‍, ശീതീകരണികള്‍, ഗതാഗതം എന്നിവയില്‍ നൂതനസാങ്കേതികവിദ്യ ഉപയോഗിച്ച് കാര്യക്ഷമത വര്‍ധിപ്പിക്കുന്നതില്‍ കേരളം പിന്നാക്കമാണ്. കാര്യങ്ങള്‍ ആദ്യന്തം കൃത്യതയോടെ നിരീക്ഷിക്കുന്ന ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സ് പോലുള്ള ഏറ്റവും ഉയര്‍ന്ന സാങ്കേതികവിദ്യ സ്വീകരിക്കേണ്ട ഘട്ടം അതിക്രമിച്ചു. ചില്ലറവില്‍പ്പനരംഗത്തു സഹകരണസ്ഥാപനങ്ങളെ ഇല്ലാതാക്കാന്‍ നിക്ഷിപ്തതാല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നുണ്ട്. ഉപഭോക്തൃസംസ്ഥാനമായ കേരളത്തില്‍ ഇതു പ്രകടമാണ്. അതുകൊണ്ടു സഹകരണസ്ഥാപനങ്ങള്‍ സ്വന്തമായ ഇടം വിപണികളിലും തനതുശൈലീപ്രവര്‍ത്തനങ്ങളിലും രൂപപ്പെടുത്തണം. വന്‍കിടക്കാര്‍ ഉപഭോക്താക്കളെ വശീകരിക്കാന്‍ നൂതനബ്രാന്റിങ്ങും മാസ്മരികവിപണനരീതികളും പ്രയോഗിക്കുന്നുണ്ട്. അതുകൊണ്ട് ഏവരുടെയും മനസ്സില്‍ ആഴ്ന്നിറങ്ങുന്ന വ്യത്യസ്തങ്ങളും നൂതനങ്ങളുമായ ബ്രാണ്ടിങ് രീതികള്‍ സ്വീകരിക്കണം. ബ്രാണ്ടിങ് തന്ത്രത്തിന്റെ ഭാഗമായി ദൃശ്യ, ശ്രാവ്യമാധ്യമങ്ങളും ഡിജിറ്റല്‍ വിപണനമാര്‍ഗങ്ങളും യോജിപ്പിച്ചുള്ള പ്രചാരണം നടത്തണം. ഹ്രസ്വകാലപദ്ധതികളും ദീര്‍ഘകാലപദ്ധതികളും തയാറാക്കി നടപ്പാക്കണം. കോ-ഓപ്മാര്‍ട്ട് ബ്രാണ്ടിങ്ങിലെ വേറിട്ട മാതൃകയാണ്. എന്നാല്‍, പ്രചാരണത്തിലും മാധ്യമങ്ങളെ ഉപയോഗിക്കുന്നതിലും കോ-ഓപ്മാര്‍ട്ടും സഹകരണഉല്‍പ്പന്നങ്ങളും പുരോഗതി ഉണ്ടാക്കിയിട്ടില്ല. ഇ-കൊമേഴ്‌സിന്റെ സാധ്യതകള്‍ ഉപയോഗിക്കാനും വിദേശവിപണികളില്‍ കടന്നുകയറാനും കോ-ഓപ്മാര്‍ട്ട് സഹായകമാണ്. ഓണ്‍ലൈന്‍ വ്യാപാരത്തിനു സ്വന്തം സംവിധാനം ഉണ്ടാക്കുകയോ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയവയെ ഉപയോഗിക്കുകയോ വേണം. രണ്ടും ചെയ്യുകയുമാവാം. ഗൂഗിള്‍, ഫേസ്ബുക്ക്, വാട്‌സാപ്, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ ശക്തി സ്വാംശീകരിച്ചു ഡിജിറ്റല്‍ വിപണനം ഒരുക്കിയാല്‍ യുവാക്കളെ ആകര്‍ഷിക്കാം. സര്‍ച്ച് എന്‍ജിന്‍ ഓപ്റ്റിമൈസേഷന്‍ വഴി ബിസിനസ് മെച്ചപ്പെടുത്താം. സാങ്കേതികവിദ്യ മെച്ചമാക്കി ഉപഭോക്തൃവിപണനസംഘങ്ങളെ നവീകരിക്കേണ്ടത് നിരന്തരപ്രക്രിയകളിലൂടെയാണ്. ഇതിനായി സഹകരണമേഖലയില്‍ വിദഗ്ധസമിതിയെ വാര്‍ത്തെടുക്കണം. ആധുനികീകരണത്തിനു മൂലധനച്ചെലവു കൂടുതലാണ്. അതാകാം പ്രാഥമികസംഘങ്ങള്‍ മുതല്‍ അപ്പെക്‌സ് സംഘങ്ങള്‍ വരെ പലതും മടിക്കുന്നത്. വിവിധവശങ്ങള്‍ കണക്കിലെടുത്തു സാങ്കേതികമേന്മ വര്‍ധിപ്പിച്ച് സഹകരണപ്രസ്ഥാനങ്ങളെ നവീകരിക്കാന്‍ സ്പഷ്ടമായ നയം രൂപപ്പെടുത്തണം. തുടര്‍ന്നു ധനസഹായവും മറ്റും ഉറപ്പാക്കണം. നാഫെഡ്, എന്‍.സി.ഡി.സി. തുടങ്ങിയ കേന്ദ്രഏജന്‍സികള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ആര്‍ജവത്തോടെ ഇടപെടേണ്ടതാണ്- ഡോ. സനില്‍ പറഞ്ഞു.

 

മാര്‍ക്കറ്റ്‌ഫെഡ് ചെയര്‍മാന്‍ അഡ്വ. സോണി സെബാസ്റ്റിയന്‍ ആധുനികസാങ്കേതികവിദ്യ ചൂഷണത്തില്‍നിന്നു കര്‍ഷകരെ രക്ഷിക്കുമെന്ന് ചൂണ്ടിക്കാട്ടി. കൃഷിക്കാര്‍ക്കു കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയെക്കുറിച്ച് അവബോധമുണ്ടാകാനും വാങ്ങുന്നവരുമായി സംസാരിച്ചു വില നിശ്ചയിക്കാനും ആധുനികസാങ്കേതികവിദ്യ സഹായിക്കുന്നു. ഒരു കിലോ റബ്ബര്‍പോലും ഉല്‍പാദിപ്പിക്കപ്പെടുന്നില്ലെങ്കിലും റബ്ബറിന്റെ ലോകത്തിലെ ഏറ്റവും വലിയ വിപണി ടോക്കിയോ ആണ്. ഇവിടെ രാവിലെ ആറു മണിയാവുമ്പോള്‍ അവിടെ പത്തു മണിയാവും. ഇവിടെ രാവിലെ ആറിനു ഓണ്‍ലൈനില്‍ നോക്കിയാല്‍ സാധാരണകൃഷിക്കാര്‍ക്കു പോലും ടോക്കിയോയിലെ വിപണീനില അറിയാം. രണ്ടു മണിക്കൂര്‍ കഴിഞ്ഞാല്‍ സിംഗപ്പൂര്‍ മാര്‍ക്കറ്റ് തുറക്കും. അതും ഇവിടത്തെ കര്‍ഷകര്‍ നിരീക്ഷിക്കും. ലോകവിപണിയെക്കുറിച്ചുപോലും സാധാരണകൃഷിക്കാര്‍ക്ക് ഒരു പരിധി വരെയെങ്കിലും മനസ്സിലാക്കാന്‍ ആധുനികസാങ്കേതികവിദ്യകള്‍ മൂലം കഴിയുന്നു. സഹകരണസംഘങ്ങള്‍ക്കു കാര്‍ഷികോല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ വാങ്ങാന്‍ കഴിയുന്നില്ലെങ്കിലും അവരുടെ സാന്നിധ്യം ഇടനിലക്കാരുടെ ചൂഷണത്തില്‍നിന്നു കര്‍ഷകരെ രക്ഷിക്കുന്നു. പക്ഷേ, അത്തരം സംഘങ്ങള്‍ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടുകയാണിപ്പോള്‍. പ്രൊഫഷണലിസമുള്ള ചെറുപ്പക്കാരെ ഈ രംഗത്തേക്കു കൊണ്ടുവരാന്‍ കഴിയുന്നില്ല. കേരളത്തിലെ അര്‍ബന്‍ സഹകരണബാങ്കുകളുടെ ഭരണസമിതിയില്‍ പകുതിപ്പേര്‍ പ്രൊഫഷണല്‍ ആയവരായിരിക്കണമെന്ന് അധികൃതര്‍ നിഷ്‌കര്‍ഷിച്ചിരിക്കുകയാണ്. ഇഫ്‌കോയും കാംപ്‌കോയും പോലുള്ള വന്‍സ്ഥാപനങ്ങളായി വളരാന്‍ സഹകരണസ്ഥാപനങ്ങള്‍ക്കു കൂടുതല്‍ വഴക്കത്തോടെ പ്രവര്‍ത്തിക്കാനും പുറമെനിന്നു കഴിവും സാമര്‍ഥ്യവുമുള്ള ചെറുപ്പക്കാരെ ആകര്‍ഷിക്കാനും കഴിയണം. പുതിയ വിപണനതന്ത്രങ്ങളുടെ സഹായത്തോടെ ഗുണനിലവാരമില്ലാത്തതും മായംകലര്‍ന്നതുമായ സാധനങ്ങള്‍ ഉയര്‍ന്നഗുണനിലവാരമുള്ളവയാണെന്ന പ്രതീതി ജനിപ്പിച്ചു കേരളവിപണിയിലെത്തുന്നുണ്ട്. ക്ഷീരകര്‍ഷകര്‍ക്കു ന്യായവില കിട്ടുന്നില്ല. പാല്‍ക്ഷാമം ഉണ്ടാകുമ്പോള്‍ തമിഴ്‌നാട്ടില്‍നിന്നു കൃത്രിമമായ പാല്‍ ഇവിടത്തെ വിപണിയിലെത്തുന്നു. മില്‍മയ്ക്കു പാല്‍ ഉല്‍പ്പാദിപ്പിച്ചുകൊടുക്കുന്ന കൃഷിക്കാര്‍ ഇല്ലാതായാലുള്ള ദുരന്തം വലുതായിരിക്കും. ഇതുപോലെയാണു വെളിച്ചെണ്ണയുടെ കാര്യവും. നിരവധി സഹകരണസംഘങ്ങളില്‍നിന്നാണു മാര്‍ക്കറ്റ്‌ഫെഡ് വെളിച്ചെണ്ണ ശേഖരിക്കുന്നത്. 150 രൂപയ്ക്കു മാര്‍ക്കറ്റ്‌ഫെഡ് വെളിച്ചെണ്ണ വില്‍ക്കുമ്പോള്‍ 50 പൈസ മാത്രമാണു മാര്‍ക്കറ്റ്‌ഫെഡിനു ലാഭം കിട്ടുന്നത്. അതിലും കുറഞ്ഞവിലയ്ക്കു മായം കലര്‍ന്ന ഉല്‍പ്പന്നങ്ങള്‍ പലരും ഇറക്കുന്നുണ്ട്. മായം കലരാത്ത ഉല്‍പ്പന്നങ്ങള്‍ എത്താന്‍ കര്‍ശനനടപടികള്‍ എടുത്താലേ സഹകരണമേഖലയെ പിടിച്ചുനിര്‍ത്താനാവൂ. തകര്‍ന്നതും തകരുന്നതുമായ കാര്‍ഷികസംഘങ്ങള്‍ക്കായി സര്‍ക്കാര്‍ ഉടന്‍ പുനരുദ്ധാരണപാക്കേജ് കൊണ്ടുവന്ന് ആധുനികീകരിക്കാനും വൈവിധ്യവത്കരിക്കാനും സഹായിക്കണം. എല്ലാ ജില്ലയിലും സഹകരണമേഖലയില്‍ വ്യവസായപാര്‍ക്ക് തുടങ്ങുന്നത് ആധുനികീകരണവും നവസാങ്കേതികവിദ്യയും നടപ്പാക്കാന്‍ ഏറെ സഹായകമാവും. സഹകരണസ്ഥാപനങ്ങളുടെ വിവിധഅപേക്ഷകളില്‍ ഉടന്‍ നടപടിയുണ്ടാകാന്‍ ഗ്രീന്‍ ചാനല്‍ ഏര്‍പ്പെടുത്തണം. സഹകരണസ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ആവശ്യമാണ്. കോ-ഓപ്മാര്‍ട്ട് പോലുളള സംവിധാനത്തിനു വേണ്ടത്ര മുന്നോട്ടുപോകാനായിട്ടില്ല. അത്തരമൊരു സംവിധാനമുണ്ടെങ്കില്‍ ലാഭേച്ഛയില്ലാതെ അതുമായി പ്രവര്‍ത്തിക്കാന്‍ മാര്‍ക്കറ്റ്‌ഫെഡ് തയാറാണ്. കാര്‍ഷികാടിസ്ഥാനസൗകര്യനിധിയില്‍ പദ്ധതി സമര്‍പ്പിക്കുമ്പോള്‍ അപ്പെക്‌സ് സംഘങ്ങള്‍ ആറു ശതമാനം പലിശ നല്‍കേണ്ട സ്ഥിതിയുണ്ട്. പ്രാഥമിക സഹകരണകാര്‍ഷികസംഘങ്ങള്‍ക്കു കിട്ടുന്ന കുറഞ്ഞ പലിശയ്ക്കുതന്നെ അപ്പെക്‌സ് സംഘങ്ങള്‍ക്കും സഹായം കിട്ടാന്‍ സംസ്ഥാനസര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണം- സോണി സെബാസ്റ്റിയന്‍ ആവശ്യപ്പെട്ടു.

വിഷരഹിതമായ നിത്യോപയോഗസാധനങ്ങള്‍ കുറഞ്ഞവിലയ്ക്കു വിതരണം ചെയ്യാന്‍ അതിദാരിദ്ര്യനിര്‍മാര്‍ജനപദ്ധതിയുടെ മാതൃകയില്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രാദേശികസര്‍ക്കാരുകളും സഹകരണസംഘങ്ങളും ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സംവിധാനം കേരളത്തില്‍ നൂറു പഞ്ചായത്തിലെങ്കിലും നടപ്പാക്കണമെന്ന് ഒക്കല്‍ സര്‍വീസ് സഹകരണബാങ്ക് മുന്‍പ്രസിഡന്റ് കെ.ഡി. ഷാജി പറഞ്ഞു. ആധുനികീകരണവും ഉല്‍പ്പാദനവൈവിധ്യവത്കരണവും സഹകരണപ്രസ്ഥാനത്തിനു നന്നായി ചെയ്യാനാവും. വിഷരഹിതഭക്ഷണം ലോകത്ത് എവിടെയും എത്തിക്കാന്‍ കേരളത്തിലെ സഹകരണപ്രസ്ഥാനത്തിനു കഴിയും. ആധുനികീകരണവും വൈവിധ്യവത്കരണവും നടക്കുംമുമ്പേ ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും കൂടുതല്‍ മേഖലകളില്‍ ഇടപെടുകയും വേണം. സഹകരണപ്രസ്ഥാനത്തിന് അതിനുള്ള കരുത്തുണ്ട്. പക്ഷേ, ചെയ്യുന്നില്ല. സഹകരണപ്രസ്ഥാനങ്ങള്‍ ഇതു ചെയ്തില്ലെങ്കില്‍ വന്‍കിടക്കാര്‍ അവിടേക്കു കടന്നുകയറും. നല്ലനിലയില്‍ ബാങ്കിങ് നടത്തുമ്പോഴും തങ്ങള്‍ കാര്‍ഷികസഹകരണസംഘങ്ങളാണെന്ന കാര്യം അത്തരം സംഘങ്ങള്‍ മറക്കരുത് – ഷാജി പറഞ്ഞു. ജി.എസ്. ഷണ്‍മുഖദാസ് സ്വാഗതവും കണയന്നൂര്‍ സഹകരണ അസി.രജിസ്ട്രാര്‍ കെ. ശ്രീലേഖ നന്ദിയും പറഞ്ഞു.

മൂല്യവര്‍ധിത
കൃഷി വേണം

ഇസ്രയേലിനു പുറമെ മറ്റു രാജ്യങ്ങളിലെയും കൃഷിരീതികള്‍ പഠിക്കാന്‍ കര്‍ഷകരെ അയക്കുമെന്നും അതില്‍ സഹകരണപ്രസ്ഥാനങ്ങളെയും ഉള്‍പ്പെടുത്തുന്നകാര്യം പരിഗണിക്കുമെന്നും 24 ന് ഉച്ചക്ക് ‘കാര്‍ഷികാനുബന്ധമേഖലയും സഹകരണസ്ഥാപനങ്ങളും – ആധുനികകാഴ്ചപ്പാടുകള്‍’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. കൃഷികൊണ്ട് അന്തസ്സായി ജീവിക്കാനുള്ള അവസ്ഥയുണ്ടെങ്കിലേ കര്‍ഷകര്‍ കൃഷിയില്‍ ഉറച്ചുനില്‍ക്കൂ. കാര്‍ഷികോല്‍പ്പന്നങ്ങളില്‍നിന്ന് ഉയര്‍ന്നവരുമാനം ലഭിക്കാനുള്ള മാര്‍ഗം മൂല്യവര്‍ധനയാണ്. പക്ഷേ, മൂല്യവര്‍ധനയുടെ ഗുണം പോകുന്നതു പലപ്പോഴും ആ മൂല്യവര്‍ധിതോല്‍പ്പന്നം ഉണ്ടാക്കുന്ന കമ്പനിക്കായിരിക്കും. അതിനു പരിഹാരം കര്‍ഷകര്‍തന്നെ ഇത്തരം സ്ഥാപനങ്ങള്‍ തുടങ്ങുക എന്നതാണ്. മൂല്യവര്‍ധിതോല്‍പ്പന്നങ്ങളിലെത്താന്‍ മൂല്യവര്‍ധിതകൃഷിയും വേണം. നല്ല വിളവുണ്ടായാല്‍ അതു മുഴുവന്‍ വിറ്റുപോകാത്തപ്രശ്‌നം പരിഹരിക്കാനും മൂല്യവര്‍ധനയ്ക്കു കഴിയും. ഒരു വകുപ്പിന്റെ സഹായംകൊണ്ടുമാത്രം മൂല്യവര്‍ധനയും തുടര്‍പ്രക്രിയകളും നടത്താനാവില്ല. സംഭരിക്കുക, സംസ്‌കരിക്കുക, മൂല്യവര്‍ധിതോല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുക, വില്‍ക്കുക എന്നീ പ്രക്രിയകളിലൂടെയേ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനാവൂ. ഇവിടെ സര്‍ക്കാര്‍ഇടപെടല്‍ അത്യന്താപേക്ഷിതമാണ്. ഇതിനാണു രണ്ടാം പിണറായിസര്‍ക്കാര്‍ മൂല്യവര്‍ധിതകാര്‍ഷികദൗത്യം (വാം) രൂപവത്കരിച്ചത്. കൃഷിവകുപ്പുമാത്രം കര്‍ഷകരെ സഹായിച്ചാല്‍ പോരാ. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ് എന്നിവ കൃഷിയുമായി ബന്ധപ്പെട്ടതാണ്. ഒപ്പം സഹകരണ, ധന, വ്യവസായ, സിവില്‍സപ്ലൈസ്, വൈദ്യുതി, ജലസേചനവകുപ്പുകള്‍ക്കും പങ്കുണ്ട്. ഇങ്ങനെ 11 വകുപ്പും 10 മന്ത്രിമാരും ദൗത്യത്തിന്റെ ഭാഗമാണ്- മന്ത്രി പ്രസാദ് പറഞ്ഞു.

ഒരു ജില്ലയുടെ വിവിധപ്രദേശങ്ങളില്‍പ്പോലും മണ്ണും ഭൂപ്രകൃതിയും വ്യത്യസ്തമായിരിക്കും. ഒരേരീതിയിലുള്ള കൃഷി കേരളത്തില്‍ എല്ലായിടത്തും ഒരുപോലെ നടക്കില്ല. അതുകൊണ്ട് ആസൂത്രണം നടക്കേണ്ടതു കൃഷിയിടത്തില്‍നിന്നുതന്നെയായിരിക്കണം – മന്ത്രി പറഞ്ഞു. മണ്ണും ഭൂമിയുടെ പ്രത്യേകതയും കാലാവസ്ഥയും മനസ്സിലാക്കിയാവണം ഈ ആസൂത്രണം. അതിനായി 1076 കൃഷിഭവനുകളുമായി ബന്ധപ്പെട്ട് 10760 വാം പ്ലാനുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതനുസരിച്ചാണു കൃഷിയിടങ്ങളിലേക്കു പോകുന്നത്. ഇതിനെ വിപണിയുമായിക്കൂടി ബന്ധപ്പെടുത്തേണ്ടതുണ്ട്. എല്ലാവരും ഒരേ കൃഷിചെയ്ത് അമിതവിളവും വാങ്ങാനാളില്ലാത്ത അവസ്ഥയും വരാറുണ്ട്. അതിനാല്‍ കേരളത്തിലെ 22,000 കൃഷിക്കൂട്ടങ്ങളെ തരംതരിച്ച് 1000 എണ്ണം വിപണനവുമായും 200 എണ്ണം സേവനവുമായും നൂറെണ്ണം ഫാംപ്ലാനിനെ അടിസ്ഥാനപ്പെടുത്തിയുള്ളതുമാകണമെന്നു നിശ്ചയിച്ചിട്ടുണ്ട്. ഇങ്ങനെ മൂല്യവര്‍ധിതക്കൃഷി, സംഭരണം, സംസ്‌കരണം, കേടുകൂടാതെ സൂക്ഷിക്കാനുള്ള സംവിധാനം, ഗതാഗതം തുടങ്ങിയവയുടെ ശൃംഖലയുണ്ടാവും. ഇവിടെ സഹകരണമേഖലയുടെ സേവനം അത്യന്താപേക്ഷിതമാണ്്. സഹകരണസ്ഥാപനങ്ങളുടെ മുന്‍കൈയില്‍ അഗ്രോഫെസിലിറ്റേഷന്‍ കേന്ദ്രങ്ങള്‍, അഗ്രോ സ്‌റ്റോറേജ് കേന്ദ്രങ്ങള്‍, അഗ്രോ സര്‍വീസ് കേന്ദ്രങ്ങള്‍, അഗ്രോ പ്രോസസിങ് കേന്ദ്രങ്ങള്‍ എന്നിവ നടത്തുന്നുണ്ട്. സഹകരണസ്ഥാപനങ്ങളുടെ മുന്‍കൈയില്‍ അഗ്രിക്കള്‍ച്ചര്‍ ഫെസിലിറ്റി സെന്ററുകള്‍, മിനി ഫുഡ്പാര്‍ക്കുകള്‍, അഗ്രോപാര്‍ക്കുകള്‍ എന്നിവ വ്യാപകമാക്കിയാല്‍ കര്‍ഷകര്‍ക്കു വലിയ പ്രയോജനമാകും. വിപണനത്തില്‍ സഹായിക്കാന്‍ കേരള അഗ്രോബിസിനസ് കമ്പനി (കാബ്‌കോ) വരികയാണ്. ഉല്‍പ്പന്നങ്ങള്‍ക്കു പാക്കിങ് പ്രധാനമാണ്. ഇതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി (ഐ.ഐ.പി) ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. അതിന്റെ പ്രയോജനം ലഭ്യമാക്കാന്‍ കേരളത്തിലെ എല്ലാ സഹകരണസ്ഥാപനങ്ങളും സഹായിക്കണം. കൃഷിവകുപ്പിന്റെ 100 ഉല്‍പ്പന്നങ്ങള്‍ ആമസോണും ഫ്‌ളിപ്കാര്‍ട്ടും അടക്കമുള്ള മുന്‍നിരപ്ലാറ്റ്‌ഫോമുകളില്‍ എത്തിക്കാന്‍ ആരംഭിച്ചു. എല്ലാ ഉല്‍പ്പന്നവും അങ്ങനെ എത്തിക്കാന്‍ കഴിയണം. ഇത്തരം ഓണ്‍ലൈന്‍വ്യാപാരസാധ്യതകളില്‍ സഹകരണമേഖലയ്ക്കു സഹായിക്കാനാവും. 35 മുതല്‍ 40 ശതമാനം വരെ കാന്‍സറിനു കാരണം ഭക്ഷണത്തിലെയും ജീവിതശൈലിയിലെയും അപാകമാണ്. വിഷരഹിത ഭക്ഷണപദാര്‍ഥങ്ങള്‍ ഉല്‍പ്പാദിപ്പിച്ചു വിപണനം ചെയ്യാന്‍ സഹകരണപ്രസ്ഥാനം ഇന്നത്തെക്കാള്‍ വലിയ ഇടപെടല്‍ നടത്തണം. ഭക്ഷണത്തിന്റെ ഈ വശം വേണ്ടത്ര ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുന്നില്ല. വിഷരഹിത ഭക്ഷണശീലം വളര്‍ത്താന്‍ ഏറ്റവും പറ്റുക സഹകരണസ്ഥാപനങ്ങള്‍പോലുള്ള ജനകീയസ്ഥാപനങ്ങള്‍ക്കാണ്. കൃഷി ആദായകരവും ആരോഗ്യകരവും ആനന്ദകരവുമാക്കുന്ന കാര്‍ഷികടൂറിസം പോലുള്ള അനുബന്ധമേഖലകളെ പ്രോത്സാഹിപ്പിക്കാനും സഹകരണസ്ഥാപനങ്ങള്‍ക്കു കഴിയും. ഇവിടെയൊക്കെ മുതല്‍മുടക്കു പ്രധാനമാണ്. അതുചെയ്യാനും സഹായിക്കാനും സഹകരണപ്രസ്ഥാനങ്ങള്‍ക്കു കഴിയണം. ഇന്ത്യക്കുതന്നെ മാതൃകയായ സഹകരണപ്രസ്ഥാനം കേരളത്തിലെ കര്‍ഷകരുടെ ബലമാണ്. കൃഷിയുമായി ബന്ധപ്പെട്ട ലാഭകരമായ നിരവധിമേഖലകളില്‍ പരിശീലനവും പ്രധാനമാണ്. അതുകൊണ്ടാണ് ഇസ്രയേല്‍ അടക്കമുള്ള രാജ്യങ്ങളിലേക്കു കേരളത്തിലെ കര്‍ഷകരെ അയക്കാനും കാര്യങ്ങള്‍ മനസ്സിലാക്കിക്കാനും നടപടി എടുത്തത്. വിയറ്റ്‌നാമും തായ്‌ലന്റും അടക്കമുള്ളിടങ്ങളില്‍ പഴവര്‍ഗക്കൃഷിയുണ്ട്. അതൊക്കെ പഠിക്കാനും കര്‍ഷകരെ അയക്കും. അതില്‍ സഹകരണസ്ഥാപനങ്ങള്‍ക്കു കൂടി പങ്കുണ്ടായിരിക്കണമെന്ന അഭിപ്രായം ഉരുത്തിരിഞ്ഞിട്ടുണ്ട്- മന്ത്രി പറഞ്ഞു.

പുതിയൊരു
കാര്‍ഷികസംസ്‌കാരം
വരണം

കൊല്ലം ജില്ലയിലെ ലൈവ്‌സ്റ്റോക്ക് ആന്റ് ഹോര്‍ട്ടികള്‍ച്ചര്‍ പ്രൊഡ്യൂസേഴ്‌സ് സഹകരണസംഘം പ്രസിഡന്റ് എസ്. രാജേന്ദ്രന്‍ പ്രബന്ധം അവതരിപ്പിച്ചു. 2018 ല്‍ രജിസ്റ്റര്‍ ചെയ്തു 2019 ല്‍ പ്രവര്‍ത്തനം ആരംഭിച്ച സംഘമാണിത്. ആദ്യഘട്ടംതന്നെ മുന്നൂറോളം കൃഷിക്കാരെ അംഗങ്ങളാക്കാനായി. ജില്ലയിലെ പ്രധാന പ്രാഥമിക കാര്‍ഷികസഹകരണബാങ്കുകള്‍ അഞ്ചു ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെ ഓഹരിയായി മൂലധനം തന്നു. അങ്ങനെ മൂന്നു കോടി രൂപ സ്വരൂപിച്ചു. അതുകൊണ്ടു പത്തേക്കര്‍ ഭൂമി ലഭ്യമാക്കി 200 മേല്‍ത്തരം ആടുകളെ വാങ്ങി ആടുഫാമും തുടര്‍ന്നു നല്ല മാംസം ലഭിക്കുന്ന 100 പോത്തുകുട്ടികളെ ഹരിയാണയില്‍നിന്നു വാങ്ങി പോത്തുഫാമും ആരംഭിച്ചു. മൂന്നു വലിയ കുളമുണ്ടാക്കി ഫിഷറീസ് വകുപ്പില്‍നിന്നു പതിനായിരം മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങി നിക്ഷേപിച്ചു വളര്‍ത്തി. പുല്‍ക്കൃഷി, പച്ചക്കറിക്കൃഷി, പഴവര്‍ഗക്കൃഷി എന്നിവയെല്ലാം തുടങ്ങി. വിപണനത്തിനു പ്രാഥമിക സഹകരണ കാര്‍ഷികബാങ്കുകളുമായി സഹകരിച്ച് ചിതറയിലും അഞ്ചലിലും രണ്ടു കോ-ഓപ്മാര്‍ട്ടുകള്‍ ആരംഭിച്ചു. നാട്ടിലെ കൃഷിക്കാരുടെ എല്ലാ ഉല്‍പ്പന്നവും ആദായവില നല്‍കി വാങ്ങി ചെറിയലാഭം മാത്രമെടുത്തുവിറ്റു. അതോടെ കൃഷിക്കാര്‍ വന്‍തോതില്‍ ഉല്‍പ്പന്നങ്ങള്‍ സ്വയം കോ-ഓപ്മാര്‍ട്ടില്‍ കൊണ്ടുവന്നുതരുന്ന നിലയായി. അവ അതതുദിവസം വിറ്റുതീരുന്നുമുണ്ട്. സഹകരണസ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങളും മാര്‍ട്ടില്‍ വില്‍ക്കുന്നു. മത്സ്യവിളവെടുപ്പും നല്ല ലാഭമായി. ഉല്‍പ്പന്നസംഭരണത്തിനു 10 ലക്ഷം രൂപയുടെ താപനിയന്ത്രിത വാന്‍ കൃഷിവകുപ്പു സബ്‌സിഡിയായി നല്‍കി . ജില്ലാപഞ്ചായത്ത് വിപണിയില്‍ ഇടപെടാന്‍ ഒാരോ വര്‍ഷവും ഒരു ലക്ഷം രൂപ സബ്‌സിഡി തരുന്നു. സംസ്ഥാനസര്‍ക്കാര്‍ ഈ വര്‍ഷം 50 ലക്ഷം രൂപ ഓഹരിമൂലധനമായി തന്നു. ഇതെല്ലാം ഉപയോഗിച്ചു കൂടുതല്‍ ഫാമുകള്‍ ഏറ്റെടുത്തു നടത്താനും കൂടുതല്‍ കൃഷിക്കാരെ ആകര്‍ഷിക്കാനും 20-25 കൃഷിക്കാരടങ്ങുന്ന മുപ്പതോളം കര്‍ഷകക്ലസ്റ്ററുകള്‍ രൂപവത്കരിച്ചു. അവരെ ചേര്‍ത്തു നാലു ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികളും ഉണ്ടാക്കി. പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ മുഖ്യമായി ആശ്രയിച്ചതു സഹകരണസ്ഥാപനങ്ങളെയാണ്. ഇതു സഹകാരികളിലും കൃഷിക്കാരിലും ആത്മവിശ്വാസം വളര്‍ത്തി. ഉല്‍പ്പാദനവും വര്‍ധിച്ചു. കഴിഞ്ഞവര്‍ഷം മാത്രം പത്തു ലക്ഷം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ നേരിട്ടു വില്‍ക്കാനായി. വരുംവര്‍ഷങ്ങളില്‍ ഇതു പല ഇരട്ടിയാക്കാന്‍ കഴിയുമെന്നു വിശ്വാസമുണ്ട്. അംഗങ്ങളായ കൃഷിക്കാരെ പ്രോത്സാഹിപ്പിക്കാനും സഹായിക്കാനും കേന്ദ്രസര്‍ക്കാരിന്റെയും മറ്റും ഏജന്‍സികള്‍ വഴിയുള്ള സബ്‌സിഡികള്‍ക്കായി എന്‍.സി.ഡി.സി.യുടെയും നബാര്‍ഡിന്റെയുമൊക്കെ വിപുലങ്ങളായ പ്രോജക്ടുകള്‍ തയാറാക്കി അനുമതിക്കു സമര്‍പ്പിച്ചിട്ടുണ്ട്. നിരവധി സ്ഥാപനങ്ങള്‍ക്ക് ഇത്തരം അനുഭവങ്ങളുണ്ടാകും. അവ ക്രോഡീകരിച്ച് ആദായകരമായ കൃഷിയുടെതായ പുതിയൊരു കാര്‍ഷികസംസ്‌കാരം സാധ്യമാക്കാം. മികച്ചവില കിട്ടാന്‍ ഉല്‍പ്പന്നങ്ങള്‍ പരമാവധി മൂല്യവര്‍ധിതമാക്കി വിപണി കണ്ടെത്തണം. ഇക്കാര്യത്തില്‍ കേരളം ഏറെ മുന്നേറേണ്ടതുണ്ട്. ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ ആധുനികവിത്തും തൈകളും ഗ്രാഫ്റ്റിങ്ങും പോളിഹൗസുകളും ഉള്‍പ്പെടെയുള്ള നവീനരീതികള്‍ നടപ്പാക്കണം. കാര്‍ഷികവകുപ്പും ബന്ധപ്പെട്ട മറ്റുവകുപ്പുകളും സംയോജിച്ചു പ്രവര്‍ത്തിച്ചാലേ കൃഷി ആദായകരമാവൂ. ശരാശരി ആരോഗ്യമുള്ളയാള്‍ക്കു ദിവസം 400 ഗ്രാം പഴവര്‍ഗങ്ങളും പച്ചക്കറികളും വേണം. അതിനു കേരളത്തില്‍ വര്‍ഷം 50 ലക്ഷം ടണ്‍ ഭക്ഷ്യേല്‍പ്പാദനം നടക്കണം. ഇപ്പോഴിതു 15 ലക്ഷം ടണ്‍ മാത്രമാണ്. 35 ലക്ഷം ടണ്‍ പുറത്തുനിന്നു വരികയാണ്. ഇവയില്‍ പലതിലും മാരകവിഷാംശമുണ്ട്. ഇതു പരിഹരിക്കാന്‍ ഇവിടെ ഉല്‍പ്പാദനം ഗണ്യമായി കൂട്ടണം. പുതിയകൃഷിരീതികള്‍ കൊണ്ട് ഇതു സാധിക്കും. അതിന് അധികൃതര്‍ ശക്തമായി ഇടപടണം. പക്ഷേ, അതിനു കാര്യമായ ശ്രമമില്ല. ചെറുപ്പക്കാര്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നില്ലെന്നു മാത്രമല്ല, അവരെ കൃഷിയില്‍നിന്ന് അകറ്റുന്ന സമീപനമാണു കുടുംബങ്ങളില്‍ മുതിര്‍ന്നവര്‍ എടുക്കുന്നത്. അതിന്റെ ദുരന്തമാണു കാര്‍ഷികമേഖലയുടെ പ്രശ്‌നങ്ങളില്‍ നല്ലൊരു ഭാഗവും. കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ വകുപ്പിന്റെയും ഏകോപനത്തിനു സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. അങ്ങനെ ഏകോപനത്തോടെ ആവിഷ്‌കരിക്കുന്ന കാര്യങ്ങള്‍ പ്രയോഗത്തില്‍ വരുത്താന്‍ ഏറ്റവും പ്രധാനപങ്കു വഹിക്കാന്‍ കഴിയുന്നതു സഹകരണപ്രസ്ഥാനത്തിനാണ്- രാജേന്ദ്രന്‍ പറഞ്ഞു.

മുന്തിയ മൂല്യം
കൃഷിഭൂമിക്ക്

മുന്‍കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായിരുന്നു. കൃഷി പിന്നാക്കംപോകാതെ എങ്ങനെ നാഗരികവികസനം സാധ്യമാക്കാമെന്ന് ഏവരും ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മൂല്യവും വിലയും രണ്ടാണ്. മൂല്യമുള്ള കൃഷിഭൂമിക്കു വില കുറവും മൂല്യമില്ലാത്ത പാറപ്രദേശത്തിനു വില കൂടുതലും കിട്ടുന്ന കാലമാണിത്. ഇതു മാറണം. വയല്‍ഭൂമിക്കു ഉയര്‍ന്ന മൂല്യം നിശ്ചയിക്കുകയും ആ മൂല്യം ആ ഭൂമി പണയം വച്ചാല്‍ ലഭിക്കുന്ന അവസ്ഥ വരികയും അതിനു സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കുകയും വേണം. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാണു മാതൃനിയമം കൊണ്ടുവരേണ്ടത്. അതിനു കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണം. കേരളത്തില്‍ ഏറ്റവും വിലപ്പെട്ട ഭൂമിയും പണയം വച്ചാല്‍ ഏറ്റവും വില നല്‍കേണ്ട ഭൂമിയും വയലാണെന്നു പ്രഖ്യാപിക്കണം. അപ്പോള്‍ അവധിദിവസങ്ങളില്‍ വയല്‍ നികത്തുന്നതു നില്‍ക്കും. കര്‍ഷകര്‍ക്കു സമൂഹത്തില്‍ അന്തസ്സു കിട്ടുന്നില്ല. കര്‍ഷകര്‍ക്കാര്‍ക്കും പദ്മ അവാര്‍ഡ് കൊടുത്തിട്ടില്ല. കൊടുത്തുതുടങ്ങണം. ചില രാജ്യങ്ങളിലെ നിര്‍ബന്ധിത പട്ടാളസേവനമാതൃകയില്‍, ഇന്ത്യയില്‍ രണ്ടു വര്‍ഷമെങ്കിലും കാര്‍ഷികസേവനം നടത്തുന്നവര്‍ക്കേ ജോലിക്ക് അപേക്ഷിക്കാനും പെന്‍ഷന്‍ ലഭിക്കാനും അര്‍ഹതയുണ്ടാവൂ എന്നു വ്യവസ്ഥ ചെയ്യണം. കൃഷി ഒരു സംസ്‌കാരമാണു സംഭാവന ചെയ്യുന്നത്. അമുല്‍ മുംബൈ നഗരത്തെ വികസനത്തിനുള്ള ലക്ഷ്യനഗരമാക്കിയതുപോലെ കേരളത്തിലെ കര്‍ഷകര്‍ എറണാകുളത്തെ ലക്ഷ്യനഗരമാക്കണം. കര്‍ഷകരുടെ ഉല്‍പ്പന്നത്തിന്റെ ഏറ്റവും ഒടുവിലത്തെ പോയിന്റിലെ വിലയുടെ ഒരു പങ്കിനു കര്‍ഷകരെ അവകാശികളാക്കിയാല്‍ എല്ലാവരും കാര്‍ഷികവൃത്തിയില്‍ നില്‍ക്കും. കേരളത്തില്‍ കര്‍ഷകര്‍ക്കു പെന്‍ഷന്‍ കൊടുക്കാന്‍ സെസ് ഏര്‍പ്പെടുത്തണമെന്ന കാര്യം നിയമസഭ അംഗീകരിച്ചത് ഈ പങ്ക് നല്‍കുന്നതിന്റെ ഭാഗമാണ്. ഇതു നടപ്പാക്കണം. ഇത് ഏറ്റെടുക്കാന്‍ കഴിയുന്നതു സഹകരണവകുപ്പിനാണ്. അതിനവര്‍ക്കു പരിശീലനം നല്‍കണം. കൃഷിക്കനുകൂലമായി കലാസാംസ്‌കാരികരംഗങ്ങളെല്ലാം ഉണരണം. കേരളം ഇത്ര മതേതരമായിരിക്കാന്‍ കാരണം കേരളത്തിന്റെ ബഹുവിളക്കൃഷിയാണ് – അദ്ദേഹം പറഞ്ഞു.

മില്‍മ വിറ്റുവരവ്
10,000 കോടിയാക്കും

കാലാവസ്ഥാവ്യതിയാനം ക്ഷീരമേഖലയെ ബാധിക്കുന്നുണ്ടെന്നു മില്‍മ ചെയര്‍മാര്‍ കെ.എസ്. മണി പറഞ്ഞു. ഇന്ത്യയില്‍ ചര്‍മമുഴ 34 ലക്ഷം പശുക്കളെ ബാധിച്ചു. 1,89,000 പശുക്കള്‍ ചത്തു. അതുകൊണ്ടു പാലുല്‍പ്പാദനം കുറഞ്ഞു. 2022 ല്‍ കേരളത്തില്‍ പാല്‍സംഭരണം പന്ത്രണ്ടര ശതമാനം വര്‍ധിച്ചു. പക്ഷേ, ഈ വര്‍ഷം മാര്‍ച്ച് കഴിഞ്ഞപ്പോള്‍ അഞ്ചു ശതമാനം കുറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെയത്ര കുറഞ്ഞിട്ടില്ല. എങ്കിലും പാലുല്‍പ്പാദനം വര്‍ധിപ്പിക്കണം. മില്‍മയുടെ വിറ്റുവരവ് 4300 കോടി രൂപയില്‍നിന്നു രണ്ടുമൂന്നു വര്‍ഷത്തിനകം 10,000 കോടിയാക്കുകയാണു ലക്ഷ്യം. അതിനാവശ്യമായത്ര പാല്‍ ഇവിടെത്തന്നെ ഉല്‍പ്പാദിപ്പിക്കാനുള്ള മാര്‍ഗങ്ങളാണ് ആരായുന്നത്. ഏറ്റവും കൂടുതല്‍ ഉല്‍പ്പാദനച്ചെലവ് കേരളത്തിലാണ്. പാലുല്‍പ്പാദനത്തില്‍ ഏറ്റവും ചെലവു വരുന്നതു കാലിത്തീറ്റയ്ക്കാണ്. 65 മുതല്‍ 70 വരെ ശതമാനമാണു കാലിത്തീറ്റയുടെ ചെലവ്. കാലിത്തീറ്റയുടെ ചെലവു കുറയ്ക്കാനുള്ള പദ്ധതികളാണു മില്‍മ ഇപ്പോള്‍ നടപ്പാക്കുന്നത്. സൈലേജും ചോളത്തണ്ടും മറ്റും കൊടുത്തു കാലിത്തീറ്റയുടെ ഉപയോഗം കുറക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുകയാണ്. കന്നുകാലികളുടെ രോഗബാധയ്ക്കുള്ള ചികിത്സച്ചെലവു കുറയ്ക്കാന്‍ മലബാര്‍മേഖലായൂണിയന്‍ രാജ്യത്താദ്യമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ െൈലസന്‍സോടെ എട്ടു മരുന്നുകള്‍ പുറത്തിറക്കിയിട്ടുണ്ട്. കൂടുതല്‍ അസുഖങ്ങള്‍ക്കു കുറഞ്ഞ ചെലവില്‍ നല്‍കാവുന്ന മരുന്നുകള്‍ പരീക്ഷണത്തിലാണ്. കേരളത്തില്‍ ഇന്ത്യയിലാദ്യമായി പശുക്കള്‍ക്കു വേനലില്‍ ഒരു ഇന്‍ഷുറന്‍സും നടപ്പാക്കി. വിജയിച്ചാല്‍ അടുത്ത വര്‍ഷം തുടരും. പാശ്ചാത്യരാജ്യങ്ങളില്‍ കര്‍ഷകര്‍ക്കു പാല്‍വിലയുടെ 35 ശതമാനംമാത്രം കിട്ടുമ്പോള്‍ ഇവിടെ 83 ശതമാനവും കൊടുക്കുന്നു. പുതുതലമുറയെ ക്ഷീരമേഖലയിലേക്ക് ആകര്‍ഷിക്കണം. കര്‍ഷകരെ സംരക്ഷിക്കാന്‍ ആധുനികീകരണവും വേണം. ഒരു വര്‍ഷത്തേക്കു തീറ്റ സബ്‌സിഡി കൊടുക്കാന്‍ കഴിയുമോ എന്നും ആലോചിക്കുന്നു. പാല്‍സംഭരണം മൂന്നു വര്‍ഷത്തിനകം 16 ലക്ഷത്തില്‍നിന്ന് 25 ലക്ഷമാക്കാനുള്ള പദ്ധതികളാണു നടപ്പാക്കുന്നത്. അതിനു സംഭരണം വര്‍ഷം 15 ശതമാനം കൂട്ടണം. ഗുണം അന്താരാഷ്ട്രനിലവാരത്തിലാക്കാനുള്ള പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. എല്ലാ ഉല്‍പ്പന്നവും വിദേശവിപണിയിലെത്തിക്കാനും ശ്രമിച്ചുവരികയാണ് – മണി പറഞ്ഞു.

മൂലധനനിക്ഷേപം
ഇടിയുന്നു

കാര്‍ഷിക സഹകരണമേഖലയിലെ മൂലധനനിക്ഷേപം ഇടിയുകയാണെന്നു ബാലരാമപുരം സര്‍വീസ് സഹകരണബാങ്ക് ചെയര്‍മാന്‍ അഡ്വ. പ്രതാപചന്ദ്രന്‍ പറഞ്ഞു. കേന്ദ്രനീക്കങ്ങളും ആദായനികുതിവകുപ്പിന്റെ നീക്കങ്ങളും വാണിജ്യബാങ്കുകളുടെ കടന്നുവരവും കാര്‍ഷികവായ്പാസഹകരണസംഘങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. കേരള ബാങ്ക് കാര്‍ഷികമേഖലയെ സുതാര്യമായി സമീപിക്കണം. പ്രാഥമിക കാര്‍ഷികസംഘങ്ങള്‍ ഈടാക്കുന്നതിലും കുറഞ്ഞ പലിശയ്ക്കു നബാര്‍ഡ് വഴി വായ്പ കിട്ടുന്നു. നഷ്ടം ഭയന്നാണു പ്രാഥമിക കാര്‍ഷികസഹകരണസംഘങ്ങള്‍ കാര്‍ഷികമേഖലയില്‍ ഇടപെടാന്‍ മടിക്കുന്നത്. ഇത്തരം വെല്ലുവിളികളെ അതിജീവിക്കാമെന്നാണു ബാലരാമപുരം സര്‍വീസ് സഹകരണബാങ്കിന്റെ അനുഭവം. തിരുവനന്തപുരം സ്പിന്നിങ്മില്‍ സൗജന്യമായി ബാങ്കിനു നാലേക്കര്‍ വിട്ടുതന്നു. അവിടെ ബാങ്ക് സംയോജിത ജൈവപച്ചക്കറിക്കൃഷി തുടങ്ങി. ബാങ്കിന്റെ ഫണ്ട് ഇതിനായി മാറ്റാന്‍ രജിസ്ട്രാറുടെ അനുമതി വേണ്ടിവന്നു. കൈപ്പറ്റാതിരുന്ന ലാഭവിഹിതം, പൊതുനന്മാഫണ്ടില്‍ ചെലവഴിക്കാതെയുണ്ടായിരുന്ന തുക, തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെ ധനസഹായം, സഹകരണവകുപ്പിന്റെ ധനസഹായം, ബാങ്കിന്റെ ലാഭത്തിന്റെ അഞ്ചു ശതമാനം എന്നിവ ചേര്‍ത്തു കൃഷിക്കു സഞ്ചിതനിധിയുണ്ടാക്കി. കൃഷിവരുമാനം നിധിയില്‍ത്തന്നെ നിക്ഷേപിക്കുന്നു. ഇതു സൂക്ഷിക്കുന്നതു ട്രഷറിയിലാണ്. നിധിയില്‍ ഇന്ന് അഞ്ചു കോടി രൂപയുണ്ട്. ഇതില്‍നിന്നു പലിശ മാത്രമേ എടുക്കാവൂ, മൂലധനം എടുക്കരുത് എന്നും വ്യവസ്ഥയുണ്ട്. പഴം, പച്ചക്കറി, മുട്ട, പാല്‍, മാംസം ഇവയൊക്കെ ഉല്‍പ്പാദിപ്പിച്ചു ബാങ്കിന്റെ രണ്ടു കോ-ഓപ്മാര്‍ട്ടുവഴി വില്‍ക്കുന്നു. പൂര്‍ണമായി വിറ്റുപോകുന്നു. ദിവസം 400 മുതല്‍ 500 വരെ ലിറ്റര്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. നല്ല നിലവാരമുള്ള പശുക്കളെ കേരളത്തില്‍ ലഭിക്കുന്നില്ല. 75 ആടുകളുണ്ട്. ആട്ടിന്‍കുട്ടികളെ കര്‍ഷകര്‍ക്കു കൊടുക്കുന്നു. രണ്ടായിരത്തോളം ഗ്രാമശ്രീ കോഴികളെ വളര്‍ത്തി മുട്ട ഉല്‍പ്പാദിപ്പിക്കുന്നു. അങ്ങനെ പദ്ധതി വിജയമായി. ഏതു സംഘത്തിനും ഇത്തരം കാര്യങ്ങള്‍ ചെയ്യാം. വന്‍തുക കാര്‍ഷികനിക്ഷേപമായി ഉണ്ടാവുകയും ചെയ്യും. അതുപയോഗിച്ചു ട്രഷറിയില്‍ കാര്‍ഷികനിധി ഉണ്ടാക്കാം. അതിന്റെ പലിശ കാര്‍ഷികമേഖലയിലെ മൂലധനനിക്ഷേപമാക്കി മാറ്റാന്‍ കഴിയും -അദ്ദേഹം പറഞ്ഞു.

സഹകരണപ്രസ്ഥാനത്തിനു മാത്രമേ കാര്‍ഷികമേഖലയുടെ പ്രതാപം വീണ്ടെടുക്കാനാവൂ എന്നു പള്ളിയാക്കല്‍ സര്‍വീസ് സഹകരണബാങ്ക് ഭരണസമിതിയംഗം എം.പി. വിജയന്‍ പറഞ്ഞു. ഇതിനാണു കാര്‍ഷികാനുബന്ധമേഖലകളില്‍ പ്രവേശിക്കേണ്ടത്. കൃഷിയോടു താല്‍പ്പര്യമുള്ള എല്ലാവരെയും ഇതിന്റെ ഭാഗമാക്കുകയും ഓരോ പ്രദേശത്തെയും മുഴുവന്‍ കാര്‍ഷികസാധ്യതയും ഉപയോഗിക്കുകയും വേണം. ഭൂമിയും മികച്ച വിത്തുകളും സാങ്കേതികവിദ്യയും യന്ത്രങ്ങളും തൊഴിലാളികളെയും ലഭ്യമാക്കണം. ഇതിനു പ്രാദേശികമായി വിത്തുല്‍പ്പാദനകേന്ദ്രങ്ങളും ജൈവവളനിര്‍മാണകേന്ദ്രങ്ങളും സംഭരണവിപണനകേന്ദ്രങ്ങളും മൂല്യവര്‍ധിതോല്‍പ്പന്നകേന്ദ്രങ്ങളും ശീതീകരണസംവിധാനവും പോലുള്ള അനുബന്ധയൂണിറ്റുകള്‍ തുടങ്ങാം. അഗ്രിടെക്‌നീഷ്യന്‍മാര്‍ എന്ന നിലയില്‍ കൃഷിത്തൊഴില്‍ മാന്യമായ തൊഴില്‍മേഖലയാക്കി മാറ്റാം. ഇത്തരം പ്രാദേശികനീക്കങ്ങള്‍ നടത്തിയശേഷം കാര്‍ഷികാടിസ്ഥാനസൗകര്യനിധി (എ.ഐ.എഫ്് )പ്രയോജനപ്പെടുത്തുന്നതു കൂടുതല്‍ മികച്ച ഫലത്തിനു സഹായകമാവും. ഇപ്പോള്‍ എ.ഐ.എഫിന്റെ പേരില്‍ സംഘങ്ങള്‍ക്കുമേല്‍ സഹകരണവകുപ്പിന്റെയും സര്‍ക്കാരിന്റെയും സമ്മര്‍ദമുണ്ട്. ഒരു ശതമാനം പലിശയേയുള്ളൂവെങ്കിലും എ.ഐ.എഫിനു മുന്നില്‍ പല സംഘവും അന്ധാളിച്ചുനില്‍ക്കുകയാണ്. എന്നാല്‍, പ്രാദേശിക കാര്‍ഷികാനുബന്ധമേഖലയില്‍ ഇടപെട്ടുകൊണ്ടു എ.ഐ.എഫ്. ആനുകൂല്യം ഉപയോഗിക്കുന്നതിലേക്കു നീങ്ങിയാല്‍ കേരളത്തിലെ ആയിരത്തില്‍പ്പരം പ്രാഥമിക കാര്‍ഷികസഹകരണസംഘങ്ങള്‍ക്കു 10,000 രൂപയുടെ എ.ഐ.എഫ.് ആനുകൂല്യം ലഭിച്ചാല്‍പോലും തികയാത്ത സ്ഥിതി വരും. സഹകരണവകുപ്പ് അതിനാവശ്യമായ പ്രവര്‍ത്തനം ഉടന്‍ തുടങ്ങണം – അദ്ദേഹം പറഞ്ഞു. മൂവാറ്റുപുഴ സര്‍ക്കിള്‍ സഹകരണയൂണിയന്‍ ചെയര്‍മാന്‍ വി.കെ. ഉമ്മര്‍ സ്വാഗതവും സഹകരണഡെപ്യൂട്ടി രജിസ്ട്രാര്‍ ആന്റണി ജോസഫ് നന്ദിയും പറഞ്ഞു.

പട്ടികജാതി-വര്‍ഗ
സംഘങ്ങളെ ഉയര്‍ത്തണം

‘പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കവിഭാഗങ്ങളുടെ ജീവിതഗുണമേന്മ വര്‍ധിപ്പിക്കുന്നതില്‍ സഹകരണസ്ഥാപനങ്ങളുടെ പങ്ക്’ എന്ന സെമിനാര്‍ 25 നു രാവിലെ കെ.ശാന്തകുമാരി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പട്ടികജാതി-വര്‍ഗങ്ങളെയും പിന്നാക്കക്കാരെയും അവഗണിച്ചു വികസനം അസാധ്യമായ തരത്തില്‍ ഈ സമൂഹം ഇന്നു കേരളത്തില്‍ നിര്‍ണായകമാണ്. പക്ഷേ, എണ്ണൂറോളം പട്ടികജാതി-വര്‍ഗസംഘങ്ങള്‍ മാത്രമാണു കുറച്ചെങ്കിലും ഭേദപ്പെട്ടനിലയില്‍ നടക്കുന്നത്. ബാക്കിയുള്ളവയില്‍ പലതും ലിക്വിഡേഷനിലേക്കു നീങ്ങുകയാണ്. ഈ മുരടിപ്പു ഗൗരവമായി ചര്‍ച്ച ചെയ്യണം. പുനരുജ്ജീവനകാര്യത്തില്‍ അനുഭാവനടപടി സഹകരണമന്ത്രി നിയമസഭയില്‍ തനിക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. ബിസിനസ് അധിഷ്ഠിതവും ക്ഷേമാധിഷ്ഠിതവുമായ കാര്യങ്ങളില്‍ ഈ വിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സഹകരണവകുപ്പു തയാറാകുന്നുണ്ട്. നൈപുണ്യവികസനവും നവീകരണവും അനിവാര്യമാണ്. അതിനു പരിശീലനം നല്‍കണം. ഓരോ പഞ്ചായത്തിലും ജനസംഖ്യയില്‍ ഒരു ചെറുവിഭാഗം മാത്രമായിരിക്കും പട്ടികജാതി-വര്‍ഗക്കാര്‍. അവരുടെ സംഘങ്ങളുടെ പ്രവര്‍ത്തനപരിധി ഗ്രാമപ്പഞ്ചായത്തുതലം മാത്രമായി ഒതുങ്ങുന്നതു കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പരിമിതിയാണ്. താലൂക്കുതലമോ ജില്ലാതലമോ ഒക്കെയായി പ്രവര്‍ത്തനപരിധി വിപുലമാക്കണം -ശാന്തകുമാരി പറഞ്ഞു.

പട്ടികജാതി-വര്‍ഗ സഹകരണഫെഡറേഷന്‍ ചെയര്‍മാന്‍ സി. രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ആയിരക്കണക്കിനു വര്‍ഷങ്ങളോളം ഭൂമിയും സ്വത്തും കൈവശംവയ്ക്കാനും സമ്പത്ത് ആര്‍ജിക്കാനും പട്ടികജാതി-വര്‍ഗ, പിന്നാക്കവിഭാഗങ്ങള്‍ക്ക് അവകാശമില്ലായിരുന്നു. അധ്വാനമായിരുന്നു അവരുടെ സമ്പത്ത്. അന്നന്നത്തെ അന്നത്തിനുള്ള വക മാത്രമാണു കിട്ടിയിരുന്നത്. എല്ലാ മേഖലയിലും പിന്നിലേക്കു തള്ളപ്പെട്ട ഇവരെ മുന്നോട്ടുകൊണ്ടുവരുന്നതില്‍ കേരളത്തിലെ സഹകരണപ്രസ്ഥാനം വലിയ പങ്കു വഹിച്ചിട്ടുണ്ട്. കേരളത്തില്‍ ആയിരത്തിലധികം പട്ടികജാതി-വര്‍ഗസഹകരണസംഘങ്ങളുണ്ട്. ഇവയില്‍ 916 എണ്ണം ഫെഡറേഷനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവയാണ്. പട്ടികജാതി-വര്‍ഗക്കാര്‍ ബിസിനസ് അടക്കം പ്രമുഖമായ ഒരു മേഖലയിലും സ്വയംപര്യാപ്ത കൈവരിച്ചിട്ടില്ല. ഇവര്‍ വലിയ തുക കാണാന്‍ തുടങ്ങിയതുതന്നെ സഹകരണപ്രസ്ഥാനത്തിന്റെ വളര്‍ച്ചയോടെയാണ്. ദേശസാത്കൃതബാങ്കുകളും പുതുതലമുറബാങ്കുകളും പട്ടികജാതി-വര്‍ഗസമൂഹത്തെ അവഗണിക്കുമ്പോള്‍ ആശ്രയം സഹകരണപ്രസ്ഥാനങ്ങളാണ്. പട്ടികജാതി-വര്‍ഗവിദ്യാര്‍ഥികള്‍ക്കു കേരളത്തിനു പുറത്തോ വിദേശത്തോ ഉപരിപഠനത്തിനു ദേശസാത്കൃതബാങ്കുകളില്‍നിന്നു വായ്പ കിട്ടാറില്ല. ഈ സാഹചര്യത്തില്‍ സഹകരണപ്രസ്ഥാനം ഇല്ലാത്ത അവസ്ഥയെപ്പറ്റി ചിന്തിക്കാന്‍പോലും കഴിയില്ല. പദ്ധതികളോടൊപ്പം വിദഗ്ധസമിതികളെക്കൂടി സംഘടിപ്പിച്ചു പ്രവര്‍ത്തിച്ചു പട്ടികജാതി-വര്‍ഗസംഘങ്ങള്‍ ബിസിനസ്പ്രവര്‍ത്തനങ്ങളിലുള്ള പരിചയക്കുറവുമൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണം. സര്‍ക്കാര്‍ തരുന്ന മാനേജീരിയല്‍ സബ്‌സിഡി കഴിഞ്ഞാല്‍ സ്വന്തമായി നിലനില്‍ക്കാന്‍ ഈ വിഭാഗം സംഘങ്ങളില്‍ പലതിനും കഴിയാതെ അടച്ചിടേണ്ടിവരുന്നുണ്ട്. വിവിധ ധനസഹായങ്ങള്‍ പ്രയോജനപ്പെടുത്തി മറ്റു സംഘങ്ങള്‍ക്കൊപ്പം ഉയരാന്‍ ഈ സംഘങ്ങളിലെ ഭരണസമിതിയംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും നിരന്തരം പരിശീലനം നല്‍കണം -അദ്ദേഹം പറഞ്ഞു.

പുനര്‍ജനി
പദ്ധതി വീണ്ടും

സഹകരണവകുപ്പു സെക്രട്ടറി മിനി ആന്റണി പ്രബന്ധം അവതരിപ്പിച്ചു. എസ്.സി.-എസ്.ടി.സംഘങ്ങളുടെ പുനരുദ്ധാരണത്തിനു തുടക്കമിട്ടെങ്കിലും കോവിഡ് മൂലം മുടങ്ങിയ പുനര്‍ജനി പദ്ധതി വീണ്ടും നടപ്പാക്കാന്‍ തുടങ്ങുകയാണെന്ന് അവര്‍ അറിയിച്ചു.യുവാക്കള്‍ ഈ സംഘങ്ങളില്‍ കുറവാണ്. പുതിയ കാര്യങ്ങള്‍ സ്വായത്തമാക്കിയ യുവാക്കള്‍ നിശ്ചിതശതമാനമെങ്കിലും ഈ സംഘങ്ങളില്‍ ഉണ്ടാകാന്‍ വ്യവസ്ഥ ചെയ്യുന്ന കാര്യം പരിഗണിക്കേണ്ടതാണ്. വനിതകളുടെ പങ്കും വര്‍ധിപ്പിക്കണം. ബാങ്കുകളും സഹകരണസ്ഥാപനങ്ങളും പട്ടികജാതി-വര്‍ഗവിഭാഗങ്ങള്‍ക്കു നിശ്ചിതശതമാനം കാര്‍ഷിക, സംരംഭകവായ്പകള്‍ നീക്കിവയ്ക്കണം. കേരള ബാങ്ക്, കാര്‍ഷികസെല്‍പോലെ, ഒരു സി.ജി.എമ്മിനുകീഴില്‍ എസ്.സി.-എസ്.ടി.സെല്‍ ഉണ്ടാക്കി നിക്ഷേപത്തിലും വായ്പകളിലുമൊക്കെ ഈ വിഭാഗത്തെ ഉള്‍ക്കൊള്ളുന്നുവെന്ന് ഉറപ്പാക്കുന്നതു നന്നായിരിക്കും. ചെറു സഹകരണസ്ഥാപനങ്ങളിലും ഇതു വേണം. അവയും എസ്.സി-എസ്.ടി.സംഘങ്ങളും തമ്മില്‍ നല്ല ബന്ധവും ഉണ്ടാക്കണം. എസ്.സി-എസ്.ടി.സംഘങ്ങളെ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും മൂലധനം കണ്ടെത്താനുമൊക്കെ സഹായിക്കാനുള്ള കേരള ബാങ്കിന്റെയും സഹകരണസ്ഥാപനങ്ങളുടെയും ബാധ്യത നിയമംമൂലം വ്യവസ്ഥചെയ്യുന്നതു പരിഗണിക്കണം. അസംസ്‌കൃതവസ്തു ലഭിക്കാനും അനുകൂല തൊഴിലന്തരീക്ഷം ഉണ്ടാക്കാനും മിടുക്കരായ തൊഴിലാളികളെ കിട്ടാനും ഇവരെ കൂട്ടിയോജിപ്പിച്ച് സംരംഭം നടത്താനും ഉതകുന്ന പ്രവര്‍ത്തനപരിധി ലഭ്യമാക്കാന്‍ നിയമഭേദഗതി പരിഗണിക്കേണ്ടതാണ്. ഇത്തരം വികസനങ്ങളുടെ കാര്യത്തില്‍ സഹകരണവകുപ്പും ജീവനക്കാരും സാങ്കേതികത്വത്തിലുപരി ആ വികസനസ്വപ്‌നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനം എടുക്കണം. അംഗങ്ങളുമായി നിരന്തരബന്ധവും സംവാദവും അപ്പെക്‌സ് ഫെഡറേഷനുകള്‍ പുലര്‍ത്തണം. ഭരണസമിതിയംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും പരിശീലനത്തിനും നൈപുണ്യവികാസത്തിനും ഏകോപിതശ്രമം വേണം. ഈ ഏകോപനത്തിന് എം.എസ്.ഡബ്ലിയു. യോഗ്യതയുള്ള ചെറുപ്പക്കാരായ ആളുകള്‍ എല്ലാ ജില്ലയിലും ഉണ്ടാകേണ്ടതാണ്. ഔദ്യോഗികവിലയിരുത്തലുകളില്‍ ഈ സംഘങ്ങളെ പ്രത്യേകം വിശകലനം ചെയ്യണം. ത്രൈമാസ സാമ്പത്തികറിപ്പോര്‍ട്ട് വച്ച് ഈ സംഘങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തണം. സ്റ്റാഫിനെ അത്യാവശ്യസാഹചര്യങ്ങളിലെങ്കിലും പുനര്‍വിന്യസിക്കാന്‍ അനുവദിക്കണം. ഈ സംഘങ്ങളെ മുന്നോട്ടുകൊണ്ടുപോകാനാവശ്യമായ സ്ഥാപനസംവിധാനം മുകള്‍ത്തട്ടുമുതല്‍ താഴെത്തട്ടുവരെ വേണം. എസ്.സി-എസ്.ടി.സംഘങ്ങളുടെ മേഖലയില്‍ പുനര്‍ജനി മാത്രമല്ല പുത്തന്‍സംഘങ്ങളുടെ നവോദയവും ഉണ്ടാകണം. ഇതൊക്കെ ദൗത്യമായിത്തന്നെ ഏറ്റെടുക്കേണ്ടതാണ് – മിനി ആന്റണി പറഞ്ഞു.

ബിസിനസ്‌രംഗത്തേക്കു പട്ടികജാതി-വര്‍ഗക്കാരെ കൊണ്ടുവരാന്‍ എസ്.സി-എസ്.ടി.സംഘങ്ങള്‍ മുന്‍കൈയെടുക്കണമെന്നു പട്ടികജാതി-വര്‍ഗഫെഡറേഷന്‍ ബോര്‍ഡംഗം വി. ഉഷ പറഞ്ഞു. ഇതിനു പരിശീലനം കൊടുക്കുകയും ബിസിനസ് അവബോധം വളര്‍ത്തുകയും വേണം. ഓരോ കുടുംബത്തില്‍നിന്നും ഓരോ ഉല്‍പ്പന്നം ഉണ്ടാക്കപ്പെടണം. ഇതൊക്കെ നടത്താന്‍ സംഘങ്ങള്‍ക്കു ഗ്രാന്റ് അടക്കമുള്ള സഹായങ്ങള്‍ നല്‍കണം. ചെറിയ പലിശയ്ക്കു വായ്പ നല്‍കി പട്ടികജാതി-വര്‍ഗവിഭാഗങ്ങളില്‍നിന്നു സംരംഭകരെ വാര്‍ത്തെടുക്കണം. ഒരു പ്രദേശത്തെ നിരവധി വീട്ടുകാരെ ഉള്‍ക്കൊള്ളിച്ചുള്ള വലിയ ഡെയറിയൂണിറ്റുകള്‍ പോലുള്ള സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിയണം. അവയ്ക്കായി വിപണനകേന്ദ്രങ്ങള്‍ ഉണ്ടാക്കിയെടുക്കണം. പദ്ധതികള്‍ നിലനിര്‍ത്തിക്കൊണ്ടുപോകലാണു ശ്രമകരം. പദ്ധതികള്‍ പരസ്പരം ബന്ധിതമായിരിക്കുന്നതും നല്ലതാണ്. ഭരണസമിതിയില്‍ ചെറുപ്പക്കാരുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കണം. ചെറുപ്പക്കാരെ ആകര്‍ഷിച്ച് അവര്‍ക്കു തൊഴില്‍പരിശീലനങ്ങള്‍ കൊടുക്കണം -ഉഷ പറഞ്ഞു. നിക്ഷേപഗ്യാരണ്ടി പദ്ധതിയുടെ സംരക്ഷണം എസ്.സി-എസ്.ടി.സംഘങ്ങളിലെ അംഗങ്ങള്‍ക്കും നല്‍കണമെന്നു എളങ്കുന്നപ്പുഴ എസ്.സി-എസ്.ടി.സഹകരണസംഘം പ്രസിഡന്റ് ടി.സി. ചന്ദ്രന്‍ ആവശ്യപ്പെട്ടു. ഈ സംഘങ്ങളുടെ പശ്ചാത്തലസൗകര്യവികസനത്തിനു സര്‍ക്കാര്‍ ധനസഹായം നല്‍കണം. സഹകരണ നിയമഭേദഗതികാര്യങ്ങളില്‍ ഈ സംഘങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ആരായാന്‍ പ്രത്യേകം ചര്‍ച്ച നടത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ എന്‍. വിജയകുമാര്‍ സ്വാഗതവും കുന്നത്തുനാട് സഹകരണ ജനറല്‍വിഭാഗം അസി. രജിസ്ട്രാര്‍ കെ.ഹേമ നന്ദിയും പറഞ്ഞു.

മികച്ച മാതൃക
കുടുംബശ്രീ

വനിതാഫെഡ് രൂപവത്കരിച്ചപ്പോള്‍ വനിതാ സഹകരണസംഘങ്ങളെയാകെ ഏകോപിപ്പിച്ച് സ്ത്രീശാക്തീകരണത്തിന് ഒട്ടേറെ പ്രവര്‍ത്തിക്കാവുന്ന അന്തരീക്ഷം ഉണ്ടാകുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്നു ‘സഹകരണപ്രസ്ഥാനത്തിലെ സ്ത്രീശാക്തീകരണം – കാഴ്ചപ്പാടും പ്രായോഗികതയും’ എന്ന സെമിനാര്‍ 25 ന് ഉച്ചക്ക് ഉദ്ഘാടനം ചെയ്ത വനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി. സതീദേവി പറഞ്ഞു. സ്ത്രീശാക്തീകരണത്തിന് ഏതെല്ലാം തലങ്ങളില്‍ എങ്ങനെയൊക്കെ ഇടപെടാന്‍ കഴിയുമെന്ന വിശദമായ പരിശോധനയും അവ പ്രായോഗികമാക്കാനുള്ള ഇടപെടലുകളും അനിവാര്യമാണ്. സ്ത്രീശാക്തീകരണത്തിന് ഏറ്റവും മഹനീയമാതൃകയായി ചൂണ്ടിക്കാട്ടുന്നതു കുടുംബശ്രീയെയാണ്. വനിതാസഹകരണസംഘങ്ങളെ കുടുംബശ്രീയുമായി ബന്ധിപ്പിച്ച് എങ്ങനെ ഏറ്റവും താഴെത്തട്ടിലുള്ള സ്ത്രീകള്‍ക്ക് ഉപജീവനമാര്‍ഗം ഒരുക്കാം എന്നു സഹകരണവകുപ്പു പരിശോധിക്കുകയും പ്രായോഗികനടപടികള്‍ എടുക്കുകയും വേണം. താല്‍പ്പര്യമുള്ള സംഘങ്ങളെ ഉള്‍പ്പെടുത്തി സ്വന്തം ട്രേഡ്മാര്‍ക്കോടെ നല്ല പ്രോജക്ടുകള്‍ തയാറാക്കി സ്വന്തം സംരംഭങ്ങള്‍ തുടങ്ങുകയും അവയ്ക്കു മാര്‍ഗനിര്‍ദേശങ്ങളും പ്രചാരണങ്ങളും നല്‍കുകയും ചെയ്താല്‍ കുടുംബശ്രീക്കു തുല്യമായതും കുടുംബശ്രീയുമായി ബന്ധിച്ചുകൊണ്ടുള്ളതുമായ ഏറ്റവും ബൃഹത്തായ സ്ത്രീശാക്തീകരണ സംവിധാനമായി വനിതാഫെഡിനെ മാറ്റാനാവും. വനിതാസംഘങ്ങളുടെ പ്രവര്‍ത്തനമൂലധനം വ്യത്യസ്തതലങ്ങളിലായതുകൊണ്ടു കൃത്യമായി ഗ്രേഡ് ചെയ്യാന്‍ പ്രയാസമുണ്ട്. ഇതു പരിഹരിച്ച് അവയ്ക്കു ഗ്രേഡുകള്‍ അനുവദിക്കണം. നബാര്‍ഡിന്റെയും കേരള ബാങ്കിന്റെയും ധനസഹായം ലഭ്യമാക്കി സംഘങ്ങളെ സ്വയംപര്യാപ്തമാക്കണം. ദിശാബോധം പകരുന്ന ഇടപെടലാണ് ഇക്കാര്യത്തില്‍ ആവശ്യം – സതീദേവി പറഞ്ഞു.

വനിതാഫെഡ് ചെയര്‍പേഴ്‌സണ്‍ കെ.ആര്‍. വിജയ അധ്യക്ഷത വഹിച്ചു. വനിതാഫെഡിന് ഏറെ സാമ്പത്തികഞെരുക്കമുണ്ട്. വനിതാസംഘങ്ങള്‍ക്കു നൈപുണ്യവും മറ്റു സാഹചര്യങ്ങളും സഹകരണമേഖല ഒരുക്കിക്കൊടുത്തിട്ടില്ല. 1600 വനിതാസഹകരണസംഘങ്ങളില്‍ ചലനാത്മകമായവ കുറവാണ്. മിക്കവയും വായ്പാമേഖലയിലാണ്. സംരംഭങ്ങളിലേക്കു കടന്നവ കുറവാണ്. ക്ലാസിഫിക്കേഷന്റെ പ്രശ്‌നം പരിഹരിച്ചിട്ടില്ല. കുടുംബശ്രീക്കു ലഭിച്ച പ്രോത്സാഹനം സ്ത്രീശാക്തീകരണത്തില്‍ വനിതാസംഘങ്ങള്‍ക്കു ലഭിച്ചില്ല- അവര്‍ പറഞ്ഞു.

വനിതാപ്രാതിനിധ്യം
ഉയര്‍ത്തണം

മുന്‍ എം.എല്‍.എ. കെ.കെ. ലതിക പ്രബന്ധം അവതരിപ്പിച്ചു. സഹകരണവകുപ്പ് വനിതാസംഘങ്ങളുടെ പ്രശ്‌നങ്ങള്‍ ഗൗരവമായി പഠിച്ച് പരിഹരിക്കണമെന്ന് അവര്‍ പറഞ്ഞു. നാടിന്റെ വളര്‍ച്ചയുടെ സൂചികയാണ് ആ നാട്ടിലെ സ്ത്രീജീവിതങ്ങള്‍. ലിംഗസമത്വം കൈവരിക്കുന്നതിനു സ്ത്രീശാക്തീകരണം പ്രധാനമാണ്. മൂന്നു ലക്ഷത്തിലധികം അയല്‍ക്കൂട്ടങ്ങളിലായി 45 ലക്ഷത്തില്‍പ്പരം അംഗങ്ങളുണ്ട്. 1070 സി.ഡി.എസുകളുണ്ട്. 47,000 സൂക്ഷ്മസംരംഭങ്ങളുണ്ട്. ഒന്നര ലക്ഷം സംരംഭകരുണ്ട്. ഇന്നു സമൂഹത്തിലെ ഏറ്റവും വലിയ സാമൂഹികപ്രവര്‍ത്തകര്‍ സ്ത്രീകളാണ്. ഏറ്റവും അശരണര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതു സ്ത്രീകളാണ്. ഇതിനെയൊക്കെ എങ്ങനെ സഹകരണപ്രസ്ഥാനവുമായി ബന്ധിപ്പിക്കാമെന്നു ചിന്തിക്കണം. സ്ത്രീശാക്തീകരണം ലക്ഷ്യംവച്ചുള്ള ഈ സംവിധാനത്തെ ഏറ്റവും സഹായിക്കാന്‍ കഴിയുക വനിതാ സഹകരണസംഘങ്ങള്‍ക്കാണ്. സഹകരണസ്ഥാപന ഭരണസമിതികളിലെ വനിതാപ്രാതിനിധ്യം ഉയര്‍ത്തണം. വനിതകള്‍ക്കായുള്ള പദ്ധതികള്‍ നിശ്ചിതതോതില്‍ ഉള്‍പ്പെടുത്താനും വ്യവസ്ഥ വേണം. വായ്പ എടുത്താല്‍ തിരിച്ചടക്കുന്ന പ്രീമിയം വിഭാഗത്തിലാണു സ്ത്രീകള്‍. സ്ത്രീകളുടെ പ്രീമിയം സ്‌കോറും ഉയര്‍ന്നതാണ്. അംഗസംഖ്യയിലെ വര്‍ധനവില്‍നിന്നു ക്രിയാത്മകമായ തൊഴില്‍വര്‍ധനവിലേക്കു നീങ്ങാന്‍ വനിതാസഹകരണസംഘങ്ങള്‍ക്കു കഴിയണം. ഈ വളര്‍ച്ചയുടെ ഘട്ടത്തില്‍ കുടുംബശ്രീക്കു നല്‍കിയതുപോലുള്ള പ്രോത്സാഹനം വനിതാസഹകരണസംഘങ്ങള്‍ക്കും നല്‍കണം. വനിതാസംഘങ്ങളും സഹകരണസംഘങ്ങളിലെ വനിതാപ്രതിനിധികളും കുടംബശ്രീയും പൊതുസമൂഹവും യോജിച്ചു പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം -ലതിക പറഞ്ഞു.

മത്സ്യമേഖലയിലെ സ്ത്രീകളുടെ ശാക്തീകരണത്തിനായുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമന്‍ (സാഫ്) എന്ന സ്ഥാപനത്തിന്റെ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സത്യവതി സാഫിന്റെ സ്ത്രീശാക്തീകരണപ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. മത്സ്യത്തൊഴിലാളിമേഖലയിലെ 85 ശതമാനം സ്ത്രീകളും അസംഘടിതരാണെന്നു സുനാമിക്കുമുമ്പ് സാഫ് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയതായി സത്യവതി പറഞ്ഞു. അതേസമയം, 90 ശതമാനം സ്ത്രീകളായിരുന്നു അവിടങ്ങളിലെ കുടുംബങ്ങളുടെ പ്രധാന വരുമാനസ്രോതസ്സെന്നും അവര്‍ പറഞ്ഞു.

വലിയ മാറ്റത്തിലൂടെ
കടന്നുപോകുന്നു

സഹകരണസമ്പദ്ഘടന എന്ന സങ്കല്‍പനത്തില്‍നിന്നു സാമൂഹിക ഐക്യദാര്‍ഢ്യസമ്പദ്ഘടന എന്നതിലേക്ക് അന്താരാഷ്ട്ര തൊഴില്‍സംഘടനയും മറ്റും ഉയര്‍ന്നുചിന്തിച്ചുകൊണ്ടു ലോകസഹകരണപ്രസ്ഥാനം വലിയ മാറ്റത്തിലൂടെ കടന്നുപോകുന്ന കാലമാണിതെന്നു സെല്‍ഫ് എംപ്ലോയ്ഡ് വിമെന്‍ അസോസിയേഷന്‍ (സേവ) പ്രസിഡന്റ് സോണിയ ജോര്‍ജ് പറഞ്ഞു. സാമൂഹിക ഐക്യദാര്‍ഢ്യസമ്പദ്ഘടന സഹകരണപ്രസ്ഥാനത്തിന്റെ മൂലക്കല്ലാണ്്. ഇതിന്റെ അടിസ്ഥാനത്തിലാണു സ്ത്രീസഹകരണപ്രസ്ഥാനങ്ങളെ നോക്കിക്കാണേണ്ടത്. ഇന്ത്യയില്‍ സ്ത്രീകളുടെ സാമ്പത്തികപങ്കാളിത്തവും തൊഴില്‍പങ്കാളിത്തവും 20 ശതമാനത്തിനടുത്തു മാത്രമാണ്. കേരളത്തില്‍പോലും സ്ത്രീപുരുഷവേതനത്തിലെ അന്തരം 50 ശതമാനത്തിലേറെയാണ്. സ്ത്രീയുടെ വൈദഗ്ധ്യത്തെ വൈദഗ്ധ്യമായി അംഗീകരിച്ച് എല്ലാ മേഖലയിലും തുല്യവരുമാനവും തുല്യനീതിയും തുല്യഅന്തസ്സും കൊടുക്കാനായി പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഇന്ത്യയിലെ ഏകപ്രസ്ഥാനമാണു സഹകരണപ്രസ്ഥാനം. ‘സേവ’യില്‍ 225 തൊഴില്‍മേഖലകളിലായി സ്ത്രീകളുടെ പതിനായിരക്കണക്കിനു ചെറു സഹകരണപ്രസ്ഥാനങ്ങളുണ്ട്. 50 വര്‍ഷംമുമ്പ് ‘സേവ’ തെരുവുകച്ചവടക്കാരികളുടെ സഹകരണസംഘം ഉണ്ടാക്കിയപ്പോള്‍ അവര്‍ ചോദിച്ചത് അപ്പോള്‍ ‘ഞങ്ങളുടെ കുട്ടികളെ ആരു നോക്കും’ എന്നായിരുന്നു. അതില്‍നിന്നാണു ചൈല്‍ഡ് കെയര്‍ സഹകരണസംഘങ്ങള്‍ ഉണ്ടായത്. ഒരുകൂട്ടം സ്ത്രീകള്‍ക്ക് ആ സംഘത്തിലൂടെ ജോലി കിട്ടും, വരുമാനമാകും. മറ്റു സ്ത്രീകള്‍ക്കു മുഴുവന്‍ സമയവും അവരുടെ തൊഴില്‍ ചെയ്യാനും മാന്യമായ വരുമാനം നേടാനും കഴിയും. ഇത്തരം കാര്യങ്ങളിലൊക്കെ വളരെ സാധ്യതയുള്ള സഹകരണപ്രസ്ഥാനം എന്നൊന്നു നമുക്കു മുന്നിലുണ്ട്. അതിനെ തളര്‍ത്താന്‍ ഒരുപാട് ശ്രമങ്ങളുണ്ട്. ദേശീയനിയമങ്ങളും പുതിയവകുപ്പും രൂപവത്കരിച്ച് ഇന്ത്യയുടെ ആഭ്യന്തരമന്ത്രിതന്നെ തലപ്പത്തിരുന്നു സഹകരണപ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, ഐക്യദാര്‍ഢ്യത്തിന്റെ സമ്പദ്ഘടനയ്ക്കുള്ള ശ്രമങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നു തെളിയിച്ച നാടാണിത്. അതുകൊണ്ട് അന്താരാഷ്ട്ര തൊഴില്‍സംഘടനയില്‍ സാമൂഹിക ഐക്യദാര്‍ഢ്യസമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഇന്ത്യയെക്കുറിച്ചു വലിയ പരാമര്‍ശങ്ങളുണ്ടായിരുന്നു. ഇന്ത്യയില്‍നിന്നുള്ള പല ഉദാഹരണങ്ങളും അവിടെ അവതരിപ്പിച്ചു. കോര്‍പറേറ്റുവത്കരണത്തിനും ബഹുരാഷ്ട്രക്കുത്തകകളുടെ ചൂഷണത്തിനും ഏറ്റവും ഫലപ്രദമായ ബദല്‍ സഹകരണമാണ്. സ്ത്രീകള്‍ ഒരുമിച്ചു കേരളത്തിന്റെ തനത് ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചതിന്റെ മാത്രമല്ല, ഒരുമിച്ചു സിനിമ ചെയ്തതിന്റെയും നാടകം ചെയ്തതിന്റെയുമൊക്കെ അനുഭവങ്ങള്‍ കേരളത്തിലുണ്ട്. വിശാലചട്ടക്കൂടില്‍നിന്നു നമ്മുടെ സൂക്ഷ്മസംരംഭങ്ങളെ കാണുകയും അതിനായി പുതിയൊരുതരം ഉള്‍പ്പെടലിന്റെ രീതിശാസ്ത്രം മുന്നോട്ടുവയ്ക്കുകയും ചെയ്യുമ്പോള്‍ മാത്രമേ സ്ത്രീശാക്തീകരണത്തിന്റെ സാധ്യതകള്‍ നമുക്കു ദൃശ്യമാക്കാന്‍ കഴിയൂ. അതിനുള്ള ശേഷിയും സംവിധാനവും അതിനെ സഹായിക്കുന്ന ഭരണകൂടവും കേരളത്തിലുണ്ട്. അതു പരമാവധി ഉപയോഗിച്ച് ഇന്നുകാണുന്ന ന്യൂനതകളെ അതിജീവിക്കണം – സോണിയ ജോര്‍ജ് പറഞ്ഞു.

സ്ത്രീകള്‍ക്ക് സാമ്പത്തിക
സ്വാതന്ത്ര്യം വേണം

വനിതാ സഹകരണസംഘങ്ങളിലൂടെ ഒട്ടനവധി വനിതാ ഭരണമേധാവികളെ സൃഷ്ടിച്ചു സ്ത്രീകള്‍ക്കു നല്ല ഭരണാധികാരികളാകാനാവും എന്നു തെളിയിക്കപ്പെട്ടതായി കാസര്‍കോട് ഉദുമ വനിതാ സഹകരണസംഘം സെക്രട്ടറി കൈരളി പറഞ്ഞു. നമ്മുടെ കൈയിലെ മൂലധനവും ആള്‍ബലവും ഉപയോഗിച്ചു സ്ത്രീകളെ മുഖ്യധാരയില്‍ കൊണ്ടുവന്നു സാമ്പത്തികസ്വാതന്ത്ര്യം ഉണ്ടാക്കിക്കൊടുക്കുമ്പോഴാണു സ്ത്രീശാക്തീകരണം നടപ്പാകുന്നത്. അതിന് ഇത്തരം സഹകരണസംഘങ്ങള്‍ക്കു സാധിക്കും. ഇതിനു വഴികാട്ടേണ്ടതു വനിതാഫെഡാണ്. ഫണ്ടും മറ്റും നല്‍കി സര്‍ക്കാര്‍ അതിനു വനിതാഫെഡിനെ പ്രാപ്തമാക്കണം. വനിതാ സഹകരണസംഘങ്ങളെ ഏകോപിപ്പിച്ചു സ്ത്രീകള്‍ക്കു തൊഴില്‍ നല്‍കാനുള്ള പദ്ധതികള്‍ നടപ്പാക്കണം. ഒമ്പത് അനുബന്ധസ്ഥാപനങ്ങളിലൂടെ 35 വനിതകള്‍ക്കു നേരിട്ടും നൂറോളം വനിതകള്‍ക്കു പരോക്ഷമായും തൊഴില്‍ നല്‍കാന്‍ ഉദുമ വനിതാസഹകരണസംഘത്തിനു കഴിഞ്ഞു. 350 സ്ത്രീകള്‍ക്ക് സംഘം ഇരുചക്രാഹനവായ്പ നല്‍കി. വാഹനം ലഭിച്ചതോടെ ആ സ്ത്രീകളുടെ ജീവിതം ഏറെ മാറി. നീതി മെഡിക്കല്‍ സ്‌റ്റോര്‍, നീതിക്ലിനിക്, ബുക്സ്റ്റാള്‍, കേക്ക് ആന്റ് ബേക്ക് യൂണിറ്റ്, ഹോട്ടല്‍, വനിതാകാറ്ററിങ്, ചപ്പാത്തി മേക്കിങ് യൂണിറ്റ് തുടങ്ങിയവ നടത്തുകയും സ്വന്തം വയലില്‍ പച്ചക്കറിക്കൃഷിയും നെല്‍ക്കൃഷിയും നടത്തുകയും സ്വന്തം ബ്രാന്റില്‍ അരി വിപണിയിലിറക്കുകയും ചെയ്തിട്ടുണ്ടു സംഘം. കുടുംബശ്രീയുമായി ചേര്‍ന്നും ധാരാളം സംരംഭങ്ങള്‍ തുടങ്ങി. സംഘം 30 സ്ത്രീകള്‍ക്കു പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ പരിശീലനം നല്‍കിയിരുന്നു. അവരോട് പഠിച്ചപ്രകാരമുള്ള ഗുണമേന്‍മയുള്ള ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കിത്തന്നാല്‍ എറണാകുളത്ത് എക്‌സ്‌പോയില്‍ വില്‍ക്കാമെന്നു പറഞ്ഞു. അവര്‍ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കിത്തരികയും സംഘം അവ എക്‌സ്‌പോയിലെ സ്റ്റാളില്‍ വില്‍ക്കുകയും ചെയ്തു. ഇതു തുടരും. എല്ലാ വനിതാസംഘങ്ങളും ഇത്തരം പ്രവര്‍ത്തനം നടത്തിയാല്‍ സ്ത്രീശാക്തീകരണലക്ഷ്യം നേടാനാവും. നിയമഭേദഗതിചര്‍ച്ചകളിലൊന്നും സ്ത്രീകളുടെ സാന്നിധ്യം കാര്യമായി ഉണ്ടായിരുന്നില്ല. വനിതാസംഘങ്ങള്‍ക്കു നിയമത്തില്‍ പറയുന്ന പ്രകാരമുള്ള ശമ്പളഘടനയോ സ്റ്റാഫ് പാറ്റേണോ നിലവിലില്ല. വനിതാസംഘങ്ങളുടെ ഓഹരി കേരള ബാങ്കിലുണ്ടെങ്കിലും ലാഭവിഹിതം ലഭിക്കുന്നില്ല. കേരളബാങ്കില്‍നിന്നു കിട്ടേണ്ട പരിഗണന കിട്ടുന്നുണ്ടോ എന്നു ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കുടുംബശ്രീയും വനിതാ സഹകരണസംഘങ്ങളും കൈകോര്‍ത്തു പ്രവര്‍ത്തിച്ചാല്‍ വലിയ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനാവും. കുടംബശ്രീക്ക് ആവശ്യമായ വായ്പകളും സര്‍ക്കാര്‍ആനുകൂല്യങ്ങളും വനിതാസംഘങ്ങളിലൂടെ ലഭ്യമാക്കുകയും അവരുടെ മിച്ചസമ്പാദ്യം വനിതാസംഘങ്ങളില്‍ നിക്ഷേപിക്കപ്പെടുകയും വേണം -കൈരളി പറഞ്ഞു.

വലിയ കടക്കെണിയിലേക്ക് ഓരോ കുടുംബവും പോകുകയാണെന്നും അതിന്റെ ഭാരം അധികം ഏല്‍ക്കേണ്ടിവരുന്നതു സ്ത്രീകള്‍ക്കാണെന്നും കേരള ബാങ്ക് ഡയറക്ടര്‍ അഡ്വ. പുഷ്പാദാസ് പറഞ്ഞു. പലരും ചെന്നുപെടുന്നതു വട്ടിപ്പലിശക്കാരിലാണ്. ആ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാനും സ്വയംപര്യാപ്തമാക്കാനും കഴിയുന്ന നിരവധി പദ്ധതികള്‍ക്കു രൂപം നല്‍കണം. സാര്‍വദേശീയമഹിളാദിനത്തില്‍ കേരള ബാങ്ക് സ്ത്രീകളുടെ സാമ്പത്തികശാക്തീകരണത്തിന് ഉതകുന്ന നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും പുഷ്പാദാസ് പറഞ്ഞു. ആലുവ സര്‍ക്കിള്‍ സഹകരണയൂണിയന്‍ ചെയര്‍മാന്‍ കെ.എം. ചാക്കോച്ചന്‍ സ്വാഗതവും വനിതാഫെഡ് എം.ഡി. കെ.എല്‍ പാര്‍വതി നായര്‍ നന്ദിയും പറഞ്ഞു.

 

സാമ്പത്തികവളര്‍ച്ച
അനിവാര്യം

‘പ്രാദേശികവികസനത്തിനു സഹകരണ-തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ കൂട്ടായ്മ’ എന്ന സെമിനാര്‍ ഏപ്രില്‍ 26 നു ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി.കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 15 ര്‍ഷംകൊണ്ടു സംസ്ഥാനവരുമാനത്തിന്റെ മൂന്നിലൊന്നു സഹകരണപ്രസ്ഥാനത്തില്‍നിന്നു ലഭിക്കുന്നവിധം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും സഹകരണസ്ഥാപനങ്ങളും കൂട്ടായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജനകീയസര്‍ക്കാരെന്ന നിലയില്‍ കേരളസര്‍ക്കാരിനു നികുതികള്‍ വര്‍ധിപ്പിക്കാനാവില്ല. കടമെടുപ്പും കമ്മിബജറ്റിങ്ങുംവഴിയുള്ള വരുമാനം കേന്ദ്രസര്‍ക്കാര്‍ തടസ്സപ്പെടുത്തുന്നു. ഏകമാര്‍ഗം സാമ്പത്തികവളര്‍ച്ചയാണ്. ജനപങ്കാളിത്തത്തോടെയുള്ള സാമ്പത്തികവളര്‍ച്ചയുടെ പ്രധാനസംവിധാനങ്ങളാണു തദ്ദേശസര്‍ക്കാരുകളും സഹകരണപ്രസ്ഥാനവും. ഇവ ഒന്നിച്ചാലുള്ള വികസനം തടയാന്‍ ആര്‍ക്കുമാവില്ല. ഇന്ത്യയുടെ ജനസംഖ്യയുടെ 2.8 ശതമാനം മാത്രമാണു കേരളത്തിലെതെങ്കിലും പ്രാഥമിക ഹകരണസംഘങ്ങള്‍വഴിയുള്ള സമ്പാദ്യത്തിന്റെ 68 തമാനവും കേരളത്തില്‍നിന്നാണെന്നതു കേരളത്തിലെ സഹകരണപ്രസ്ഥാനത്തിന്റെ വിശ്വാസ്യത വ്യക്തമാക്കുന്നു. കേരള ബാങ്കും സഹകരണബാങ്കുകളും വാണിജ്യബാങ്കിങ്ങിലെതിനെക്കാള്‍ കാര്യക്ഷമവും ബിസിനസ്‌ക്ഷമവും വിപുലവുമായ ഉല്‍പ്പന്ന-സേവന നിരയും 10 ര്‍ഷത്തേക്കുള്ള വികസനവായ്പാപരിപാടിയുമായി രംഗത്തിറങ്ങണം. ഈ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കില്‍ കേരളത്തെ ഉയര്‍ന്ന ഇടത്തരം സമ്പദ്‌വ്യവസ്ഥയാക്കുക എന്ന ലക്ഷ്യം നേടാനാവില്ല. ഇതിനു സഹകരണത്തിന്റെ പുതിയ സ്ഥാപനരൂപങ്ങള്‍ വരണം. ഇറ്റലിയിലെ എമിലിയ റൊമാനിയ എന്ന സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ മൂന്നിലൊന്നും സഹകരണപ്രസ്ഥാനത്തില്‍നിന്നാണ്. ഗവേഷണവികസനങ്ങളിലടക്കം സര്‍വമേഖലയിലും ഒന്നാന്തരമായി മാനേജ്‌ചെയ്യപ്പെടുന്ന സഹകരണപ്രസ്ഥാനങ്ങളാണ് അവിടെയുള്ളത്. അതു കേരളത്തിലും സാധിക്കില്ലേ? സംസ്ഥാനത്തെ ഏറ്റവും വലിയ നിര്‍മാണക്കമ്പനി സഹകരണമേഖലയിലാണെന്ന പ്രത്യേകതയുള്ള ഏക സംസ്ഥാനമാണു കേരളം. മത്സ്യസംഘങ്ങളിലെ അംഗത്വം നോക്കിയാല്‍ ഫിഷറീസ് സൂപ്പര്‍പവറാകാന്‍ സ്‌കോപ്പുണ്ട്. കൃഷിയും സാങ്കേതികവിദ്യയുമടക്കം എല്ലാ മേഖലയിലും സഹകരണസ്ഥാപനങ്ങളുണ്ടാക്കി കൂട്ടായിപ്രവര്‍ത്തിച്ചു വിപണിയില്‍ നേട്ടമുണ്ടാക്കിത്തന്നെ ജനക്ഷേമം നടപ്പാക്കാം. എന്തുകൊണ്ടു സംസ്ഥാനത്തിന്റെ മുഴുവന്‍ ഭക്ഷ്യാവശ്യങ്ങളും നിറവേറ്റുന്ന വമ്പന്‍ മാംസസംസ്‌കരണസഹകരണസ്ഥാപനങ്ങള്‍ ഉണ്ടാക്കിക്കൂടാ? വന്‍ ഫിഷറീസ് സഹകരണസംരംഭങ്ങളും സാധ്യമാണ്. വിവരസാങ്കേതികവിദ്യയുടെതടക്കമുള്ള കാര്യത്തില്‍ യുവാക്കള്‍ക്കു വലിയ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കാനാവും. സഹകരണസ്ഥാപനങ്ങള്‍ സ്വതന്ത്രവും വാണിജ്യപരമായി വിജയകരവുമാവുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കണം. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ വികസനത്തിനു സര്‍ക്കാര്‍വരുമാനത്തെ ആശ്രയിക്കാതെ, സഹകരണസ്ഥാപനങ്ങളുടെ വായ്പകളെയും മാനേജീരിയില്‍സേവനങ്ങളെയും ഉപയോഗിച്ചു നടപ്പാക്കാവുന്ന ബിസിനസ്പ്ലാനുകളും ധനകാര്യപ്ലാനുകളും എല്ലാ മേഖലയിലും തയാറാക്കി സ്വതന്തവികസനത്തിന്റെ ചാലകശക്തികളാകണം. തദ്ദേശസര്‍ക്കാരുകളുടെയും സഹകരണപ്രസ്ഥാനത്തിന്റെയും ഊര്‍ജവും വിഭവവും ഉപയോഗിച്ചുള്ള അതിവേഗസാമ്പത്തികവളര്‍ച്ച പങ്കാളിത്തപൂര്‍ണമായ ഉയര്‍ന്ന ഇടത്തരം വരുമാനമുള്ള സമ്പദ്‌വ്യവസ്ഥയെന്ന ദീര്‍ഘകാലലക്ഷ്യം നേടാന്‍ ആവശ്യമാണ്- അദ്ദേഹം പറഞ്ഞു.

താഴേത്തട്ടിലും
വികസനം വേണം

സംസ്ഥാനവരുമാനത്തിന്റെ മൂന്നിലൊന്നും സഹകരണസംരംഭങ്ങളിലൂടെയാകണമെന്നു ലക്ഷ്യം വയ്ക്കുമ്പോള്‍ വരുമാനത്തിന്റെ മൂന്നിലൊന്നും താഴെത്തട്ടിലുള്ള വികസനത്തിനു ചെലവാക്കുകകൂടി ചെയ്യേണ്ടതാണെന്നു കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ പറഞ്ഞു. ഉല്‍പ്പാദനോപകരണവിതരണത്തിലും ഉല്‍പ്പന്നസംഭരണത്തിലും വിപണനത്തിലുമൊക്കെ തദ്ദേശസര്‍ക്കാരുകളും സഹകരണസ്ഥാപനങ്ങളും നിലവില്‍ സഹകരിക്കുന്നുണ്ട്. ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികളുടെതുപോലുള്ള പ്രവര്‍ത്തനമേഖലകളില്‍ ഇരുകൂട്ടര്‍ക്കും സഹകരണത്തിനു സ്‌കോപ്പുണ്ട്. സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മറ്റിയുള്ളതുപോലെ പ്രാദേശികതലത്തില്‍ തദ്ദേശസര്‍ക്കാരുകളും സഹകരണസ്ഥാപനങ്ങളും യോജിച്ചുള്ള കമ്മറ്റി ആകാം. ജില്ലാആസൂത്രണസമിതിയ്ക്കും സഹകരണപ്രസ്ഥാനത്തിനും യോജിച്ചുപ്രവര്‍ത്തിക്കാനാവും. നിലവില്‍ കാര്‍ഷികമേഖലയിലാണു സഹകരണസ്ഥാപനങ്ങളും തദ്ദേശസര്‍ക്കാരുകളും അടുത്തു പ്രവര്‍ത്തിക്കുന്നത്. വിവരസാങ്കേതികവിദ്യ, ടൂറിസം, ആശുപത്രി തുടങ്ങിയ മേഖലകളില്‍ പ്രാദേശികാസൂത്രണത്തില്‍ തുടക്കംമുതലേ സഹകരണപ്രസ്ഥാനവും തദ്ദേശസര്‍ക്കാരുകളും സഹകരിക്കണം. വിവിധ വര്‍ക്കിങ് ഗ്രൂപ്പുകളിലും ഒരുമിച്ചുപ്രവര്‍ത്തിക്കാം. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികള്‍ സഹകരണ ബാങ്കുകളും മറ്റുമായി യോജിച്ചു ചെയ്യാനുതകുംവിധം വായ്പാആസൂത്രണം നടത്തുന്ന കാര്യം ആലോചിക്കണം. ഇതിനായി ഒന്നിച്ചു പദ്ധതിരേഖ തയാറാക്കണം. സഹകരണബാങ്ക് വായ്പ നല്‍കിയാല്‍ അവയ്ക്കു നഷ്ടം വരാത്ത പ്രോജക്ടുകള്‍ തയാറാക്കണം. പദ്ധതികളുടെ മേല്‍നോട്ടത്തിലടക്കം എല്ലാ കാര്യത്തിലും സഹകരണസ്ഥാപനങ്ങള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും പങ്കാളിത്തം ഉണ്ടാകണം – അദ്ദേഹം പറഞ്ഞു.

വി.കെ. പ്രശാന്ത് എം.എല്‍.എ. അധ്യക്ഷനായിരുന്നു. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിവിഹിതം എങ്ങനെ സഹകരണസ്ഥാപനങ്ങളുമായി യോജിച്ചു വിനിയോഗിക്കാം എന്നു ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് ഏകോപനസമിതി ഉണ്ടാക്കുന്നതു നന്നായിരിക്കും. സംയോജിതപ്രോജക്ടുകളും ആവാം. തദ്ദേശസ്ഥാപനങ്ങളുടെ പ്ലാന്‍ഫണ്ടിന്റെ ഒരു നിശ്ചിതവിഹിതം സഹകരണസ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള പദ്ധതികള്‍ക്കു ചെലവഴിച്ചാല്‍ത്തന്നെ വലിയമാറ്റങ്ങള്‍ ഉണ്ടാക്കാം. കുടുംബശ്രീകളെയും ഇതില്‍ പ്രയോജനപ്പെടുത്താം. തദ്ദേശസ്ഥാപനങ്ങളും സഹകരണസ്ഥാപനങ്ങളും യോജിച്ചു പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ പല സാങ്കേതികതടസ്സങ്ങളുമുണ്ട്. സഹകരണസ്ഥാപനങ്ങളുടെ സംരംഭകത്വപ്രവര്‍ത്തനങ്ങള്‍ക്ക് ഓഡിറ്റ് ഒബ്ജക്ഷന്‍ പോലുള്ള സാങ്കേതികതടസ്സങ്ങള്‍ പതിവാണ്. ഇതിനു സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം നല്‍കുകയും നിയമങ്ങള്‍ പരിഷ്‌കരിക്കുകയും ചെയ്യണം – പ്രശാന്ത് പറഞ്ഞു.

യുവാക്കളുടെ
കൊഴിഞ്ഞുപോക്ക്
തടയണം

സഹകരണബാങ്കില്‍നിന്നു വായ്പ ലഭിക്കുമെങ്കിലും പല തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും നിക്ഷേപിക്കുന്നതും വായ്പയെടുക്കുന്നതും വന്‍ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍നിന്നാണെന്ന് എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ പറഞ്ഞു. യുവാക്കള്‍ പഠനത്തിനും ജോലിക്കുമായി വിദേശത്തുപോകുന്നതു വ്യാപകമായി. പല പ്രൊഫഷണല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലും വിദ്യാര്‍ഥികളെ കിട്ടാതായി. യുവാക്കളുടെ കൊഴിഞ്ഞുപോക്ക് വലിയ നഷ്ടമാണ്. അവരെ ആകര്‍ഷിച്ച് ചെറുപ്പകാലത്തുതന്നെ സംരംഭകപ്രവര്‍ത്തനങ്ങള്‍ നടത്തിയാലേ കാര്യമുള്ളൂ. താന്‍ നേതൃത്വം വഹിക്കുന്ന ലാഡര്‍, എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍, സപ്ത, കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണബാങ്ക് തുടങ്ങിയ സഹകരണസ്ഥാപനങ്ങളൊക്കെ തന്റെ യൗവനകാലത്തേ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഫലമായാണു സ്ഥാപിക്കാനായത്. യൗവനം പിന്നിട്ടശേഷം നടപ്പാക്കാവുന്ന കാര്യങ്ങള്‍ക്കു പരിമിതിയുണ്ട്. ഏതോ ചില ബാങ്കിലെ കള്ളത്തരത്തിന്റെ പേരില്‍ സഹകരണമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം കള്ളന്‍മാരായി മുദ്ര കുത്തപ്പെടുന്നു. ഏതാനും സഹകരണബാങ്കുകളിലുണ്ടായ പ്രതിസന്ധി കേരള ബാങ്ക് വിചാരിച്ചാല്‍ തീര്‍ക്കാവുന്നതേയുള്ളൂ. സഹകരണമേഖലയുടെ വിശ്വാസ്യത തിരിച്ചുകൊണ്ടുവരണം. ടൂറിസം രംഗത്തു സഹകരണപ്രസ്ഥാനം കൂടുതല്‍ ഇടപെടണം. സഹകരണപ്രസ്ഥാനവും ടൂറിസം മേഖലയും ഒരുമിച്ചുപ്രവര്‍ത്തിക്കണം. രാജസ്ഥാനില്‍ കായല്‍ കൃത്രിമമായി നിര്‍മിച്ചു ടൂറിസം വികസിപ്പിക്കുകയാണ്. പ്രകൃത്യാതന്നെ വിശാലമായ കായല്‍പ്പരപ്പുള്ള നമ്മള്‍ ആ സാധ്യത വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ല. വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ബാലരാമപുരം-വിഴിഞ്ഞം ടണല്‍ ടൂറിസംപദ്ധതിക്കു വലിയ സാധ്യതയുണ്ട്. കെ-റെയിലും വന്ദേഭാരതും ഒക്കെ വരട്ടെ. ഒപ്പം 200 കോടി മുടക്കിയാല്‍ സാധിക്കുന്ന കെ-ഫ്‌ളൈറ്റ് പോലുള്ള കാര്യങ്ങളും പരിഗണിക്കണം. സഹകരണസ്ഥാപനങ്ങളും തദ്ദേശസര്‍ക്കാരുകളും യോജിച്ചുള്ള പദ്ധതികള്‍ക്കു ചട്ടങ്ങള്‍ മാറ്റാന്‍ വലിയ പ്രയാസമൊന്നുമില്ല. ഇച്ഛാശക്തി വേണമെന്നു മാത്രം. നിയമം മാറ്റാനല്ലേ നിയമസഭയെ ആശ്രയിക്കേണ്ടതുളളൂ. എല്ലാ മേഖലയിലും പ്രവേശിച്ചു പ്രവര്‍ത്തിക്കാന്‍ സഹകരണമേഖലയ്ക്കു കഴിയും. തിയേറ്റര്‍ ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ പറ്റിയ നല്ലൊരു മേഖലയാണ്. ഇതിനു തെളിവായി ലാഡര്‍ നിര്‍മിച്ച മള്‍ട്ടിപ്ലക്‌സുകളുടെ പട്ടികയും സൗകര്യങ്ങളും അദ്ദേഹം വിശദീകരിച്ചു. ജനങ്ങളുടെ വിശ്വാസംകൊണ്ടാണ് അവര്‍ ഇതിലൊക്കെ നിക്ഷേപിക്കുന്നതും സഹകരണസ്ഥാപനം നിര്‍മിച്ച ഇവ വളരുന്നതും. കണ്ണൂരില്‍ ഒരു വനിതാ സഹകരണസംഘം നിരവധി സംരംഭങ്ങള്‍ നടത്തുന്നു. ഇതൊന്നും ചെയ്യാതെ പല സഹകരണസ്ഥാപനവും കേരള ബാങ്കില്‍ പണം നിക്ഷേപിച്ചു വെറുതേയിരിക്കുകയാണ്. നോട്ടുനിരോധനകാലത്തു തനിക്കു 400 കോടി രൂപയുടെ ആസ്തിയുണ്ടെന്നു പലരും കള്ളപ്രചാരണം നടത്തി. തന്റെ നേതൃത്വത്തിലുള്ള സഹകരണസ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയ സംരംഭങ്ങളുടെ മൂല്യം കണക്കാക്കിയാല്‍ 400 കോടിയല്ല 7000 കോടിയുടെ ആസ്തിയുണ്ട്. അത് ആ സഹകരണസ്ഥാപനങ്ങളുടെതാണ്. നല്ല കാഴ്ചപ്പാടോടെയുള്ള നയപരിപാടികള്‍ സഹകരണരംഗത്തുണ്ടാവണം. നിര്‍ദിഷ്ടസഹകരണനിയമപരിഷ്‌കരണത്തില്‍ ഭാരവാഹികളായി തുടരാവുന്നതിനു കാലപരിധി നിശ്ചയിക്കുന്നതു ന്യായമല്ല. മറ്റൊരു മേഖലയിലെയും ജനപ്രതിനിധികള്‍ക്കു ബാധകമാക്കാത്ത ഈ വ്യവസ്ഥ സഹകരണമേഖലയില്‍ കൊണ്ടുവരുന്നതു ശരിയല്ല- അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും സഹകരണസ്ഥാപനങ്ങളും ചേര്‍ന്നു പ്രോജക്ട് അടിസ്ഥാനത്തില്‍ ഇരുഭാഗത്തിന്റെയും പങ്കു കൃത്യമായി നിര്‍വചിച്ചുള്ള സംയുക്തസംരംഭങ്ങളാണു നടപ്പാക്കേണ്ടതെന്നു പത്തനംതിട്ട ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. അത്തരം പ്രോജക്ടിനു ചട്ടങ്ങള്‍ രൂപവത്കരിക്കണം. സംഭരണം, വിതരണം, വൈവിധ്യവത്കരണം, സാങ്കേതികവിദ്യ തുടങ്ങിയ കാര്യങ്ങളില്‍ സംയുക്തപദ്ധതികള്‍ ആകാവുന്നതാണ്. ഇത്തരം വികസനങ്ങള്‍ നടപ്പാക്കുമ്പോള്‍ ഓഡിറ്റ് ഒബ്ജക്ഷനുകള്‍ ഉണ്ടാകാനുള്ള പഴുതടച്ചുള്ള നിയമഭേദഗതികളും മാര്‍ഗനിര്‍ദേശങ്ങളും ഉണ്ടാകണം – അദ്ദേഹം പറഞ്ഞു.

വായ്പാ ജാമ്യനിധി
ഉണ്ടാക്കണം

താഴേക്കിടയിലുള്ളവര്‍ക്ക് ഈടുവയ്ക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ടു വായ്പ കിട്ടാത്ത അവസ്ഥ ഒഴിവാക്കാന്‍ ‘മുദ്ര’ വായ്പക്കുള്ളതുപോലെ വായ്പാജാമ്യനിധി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും സഹകരണസ്ഥാപനങ്ങളും ചേര്‍ന്നു രൂപവത്കരിക്കണമെന്നു ജനകീയാസൂത്രണസെല്ലിലെ വിദഗ്ധന്‍ എസ്. കമാല്‍ പറഞ്ഞു. തദ്ദേശസര്‍ക്കാരുകളും സഹകരണസ്ഥാപനങ്ങളും സഹകരിച്ചുള്ള പദ്ധതികള്‍ക്കു സഹകരണഅക്കാദമിയിലെ (കേപ്) കോളേജുകളില്‍നിന്നു കണ്‍സള്‍റ്റന്‍സിയും ട്രേഡ് സ്‌പെസിഫിക് ആയ വൈദഗ്ധ്യപരിശീലനവും ലഭ്യമാക്കണം. ഇൗ പരിശീലനങ്ങള്‍ക്കു സര്‍ട്ടിഫിക്കറ്റു നല്‍കണം. പഞ്ചായത്തുകള്‍ പദ്ധതി രൂപവത്കരിക്കുമ്പോള്‍ വ്യക്തികളെക്കാള്‍ സംഘങ്ങള്‍ക്കു സഹായം നല്‍കിയാല്‍ സമൂഹത്തിനു മൊത്തം പ്രയോജനപ്പെടും. അങ്ങനെ ആ പദ്ധതികള്‍ക്കുള്ള സബ്‌സിഡി കൂട്ടായി ലഭ്യമാക്കുമ്പോള്‍ കൂടുതല്‍ ഗുണകരമായി ഉപയോഗിക്കാനാവും. ഓരോ പ്രദേശത്തിനും പറ്റിയ പദ്ധതികള്‍ തയാറാക്കണം. സഹകരണസംഘങ്ങളും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും സംയുക്തമായി പ്രവര്‍ത്തിക്കണമെന്നു നിലവില്‍ത്തന്നെ മാര്‍ഗരേഖയുണ്ട്. തദ്ദേശസര്‍ക്കാരുകള്‍ക്കു സഹകരണസ്ഥാപനങ്ങളില്‍ അംഗത്വം എടുക്കാം എന്ന് 20 വര്‍ഷംമുമ്പേ നിയമമുണ്ടെങ്കിലും കാര്യമായി നടപ്പായിട്ടില്ല. സഹകരണസ്ഥാപനങ്ങളുടെ നിക്ഷേപസമാഹരണത്തില്‍, അതതുപ്രദേശങ്ങളുടെകൂടി ആവശ്യമാണതെന്നു മനസ്സിലാക്കി, തദ്ദേശസര്‍ക്കാരുകള്‍ സഹകരിക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. ജനകീയാസൂത്രണത്തില്‍ സഹകരണസംഘം പ്രതിനിധികള്‍ക്ക് ഔദ്യോഗികമായിത്തന്നെ പങ്കാളിത്തം നല്‍കണം. സഹകരണസംഘത്തിന്റെ വായ്പ കാര്യക്ഷമമായി ഉപയോഗിക്കുന്നു എന്നുറപ്പാക്കാന്‍ സാമൂഹികസമ്മര്‍ദം വേണം. പ്രകൃതിദുരന്തങ്ങളിലും മറ്റും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കും സഹകരണസ്ഥാപനങ്ങള്‍ക്കും സഹകരിച്ച് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനാവും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും സഹകരണസ്ഥാപനങ്ങളും തമ്മിലുള്ള സഹകരണത്തിലേക്കു കേപ് പോലുള്ള സഹകരണ വിദ്യാഭ്യാസസംരംഭങ്ങളെയും സാമൂഹികസംഘടനകളെയും കൊണ്ടുവരണം – അദ്ദേഹം പറഞ്ഞു.

തദ്ദേശസര്‍ക്കാരുകളുടെ അധികാരവും സഹകരണസ്ഥാപനങ്ങളുടെ ധനവും വിവിധ വകുപ്പുകളുടെ സാങ്കേതികവിദ്യയും യോജിപ്പിച്ച് ടൂറിസം അടക്കമുള്ള മേഖലകളില്‍ ഇടപെട്ടാല്‍ പ്രാദേശികവികസനത്തിനു വലിയ മുതല്‍ക്കൂട്ടാകുമെന്നു ദിനേശ് ഫുഡ്‌സ് ചെയര്‍മാന്‍ ദിനേശ്ബാബു പറഞ്ഞു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പ്രാദേശികവികസനത്തിനുള്ള വര്‍ക്കിങ്ഗ്രൂപ്പില്‍ സഹകരണമേഖലയ്ക്കു പ്രാതിനിധ്യമില്ല. സഹകരണസ്ഥാപനങ്ങളുടെ ഫണ്ട് എങ്ങനെ മാനേജ് ചെയ്യണമെന്നു തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളോട് ആരായുകയും അവയ്ക്കു സഹകരണസ്ഥാപനങ്ങളില്‍നിന്നു ലഭിക്കുന്ന ഫണ്ടിന്റെ തിരിച്ചടവ് എങ്ങനെ ഉറപ്പാക്കാമെന്നു നിശ്ചയിച്ചു പ്രവര്‍ത്തിക്കുകയും ചെയ്താല്‍ കേരളത്തെ പൂങ്കാവനമാക്കാം. ഇതിനു തെളിവാണു ‘സുഭിക്ഷകേരളം’ പദ്ധതി. പക്ഷേ, പിന്നീടുള്ള വിപണനം പ്രശ്‌നമായി. മലപ്പുറത്തും പാലക്കാട്ടും മാത്രമാണു കോള്‍ഡ് സ്‌റ്റോറേജുള്ളത്. മറ്റിടങ്ങളിലും ഇവ സ്ഥാപിച്ചാല്‍ ഫ്രീസ് ചെയ്തു സൂക്ഷിക്കാം. ഇങ്ങനെ ഓരോ മേഖലയിലും പലതും നടപ്പാക്കാം. അതു ചെയ്യുമ്പോള്‍ സാമ്പത്തികശേഷിയുള്ള സഹകരണസ്ഥാപനങ്ങളില്‍നിന്നു പണം കിട്ടാനും അത് ഉറപ്പായി തിരിച്ചടക്കാനും തദ്ദേശസര്‍ക്കാരുകള്‍ ഇടപെടണം. ഓരോ പഞ്ചായത്തിലെയും സഹകരണസ്ഥാപനങ്ങളുടെ മിച്ചഫണ്ട് എങ്ങനെ വിനിയോഗിക്കാം എന്നാലോചിക്കണം. വ്യാവസായികവികസനത്തില്‍ വലിയ പങ്കു വഹിക്കാന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കും സഹായിക്കാന്‍ സഹകരണസ്ഥാപനങ്ങള്‍ക്കും കഴിയണം. ഓരോ പഞ്ചായത്തിലെയും വിവിധ സംഘങ്ങളെ കൂട്ടിയോജിപ്പിച്ചാല്‍ കൂടുതല്‍ പ്രാദേശികവികസനവും ഉല്‍പ്പാദനവും സൃഷ്ടിക്കാം. തദ്ദേശസര്‍ക്കാരുകളും സഹകരണപ്രസ്ഥാനവും പരസ്പരപൂരകമായി പ്രവര്‍ത്തിക്കണം – അദ്ദഹം പറഞ്ഞു. സഹകരണവകുപ്പ് അഡീഷണല്‍ രജിസ്ട്രാര്‍ (വായ്പ) ആര്‍. ജ്യോതിപ്രസാദ് സ്വാഗതവും ഇടുക്കി സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ ജോസ് ഫ്രാന്‍സിസ് നന്ദിയും പറഞ്ഞു. ( തുടരും ).

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!