വരാപ്പെട്ടി പട്ടികജാതി സംഘത്തിന് സംരംഭവുമായി മുന്നേറാന്‍ സര്‍ക്കാരിന്റെ സഹായം

moonamvazhi

പട്ടിക വിഭാഗം സംഘങ്ങള്‍ക്ക് കീഴില്‍ സംരംഭങ്ങള്‍ തുടങ്ങാനുള്ള സര്‍ക്കാര്‍ സഹായം വരാപ്പട്ടി പട്ടികജാതി സര്‍വീസ് സഹകരണ സംഘത്തിനും ലഭിച്ചു. സംഘം സമര്‍പ്പിച്ച പുതിയ സംരംഭക പദ്ധതി അംഗീകരിച്ചാണ് അനുമതി. പരമ്പരാഗത രീതിയും വിപണിയിലെ സാധ്യതയും പ്രയോജനപ്പെടുത്തി ഹെര്‍ബല്‍ സോപ്പുമുതല്‍ വിളക്കുതിരി വരെ ഉല്‍പാദിപ്പിക്കുന്ന വിവിധ യൂണിറ്റുകളാണ് വരാപ്പട്ടി ഒരുക്കുന്നത്.

സംസ്ഥാനത്തെ പട്ടികവിഭാഗം സംഘങ്ങളിലേറെയും സാമ്പത്തിക പ്രതിസന്ധി നേരിടുന്നവയാണ്. സര്‍ക്കാരിന്റെ മാനേജീരിയല്‍ സബ്‌സിഡിയും മറ്റ് സഹായങ്ങളും ഉപയോഗിച്ചാണ് ഇവയിലേറെയും പ്രവര്‍ത്തിക്കുന്നത്. ഇത്തരമൊരു സഹായത്തിലൂടെ മാത്രം പട്ടികവിഭാഗം സംഘങ്ങളെ മാറ്റിയെടുക്കാനാവില്ലെന്ന് വിലയിരുത്തിയാണ് സംരംഭകത്വത്തിലേക്ക് ഇത്തരം സംഘങ്ങളെ മാറ്റണമെന്ന തീരുമാനമുണ്ടായത്. അതിന്റെ അടിസ്ഥാനത്തിലാണ് ‘പുനര്‍ജനി’ സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വരാപ്പെട്ടിക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നത്.

കര്‍പ്പൂരം, ഹെര്‍ബല്‍ സോപ്പ്, ചന്ദനത്തിരി, മെഴുകുതിരി, വിളക്കുതിരി എന്നിവ ഉല്‍പാദിപ്പിക്കുന്നതിനുള്ള മള്‍ട്ടി പ്രൊഡക്ഷന്‍ യൂണിറ്റ് തുടങ്ങാനുള്ള പദ്ധതിരേഖയാണ് വരാപ്പെട്ടി പട്ടികജാതി സഹകരണ സംഘം സമര്‍പ്പിച്ചത്. ജുലായ് 14ന് ചേര്‍ന്ന സഹകരണ വര്‍ക്കിങ് ഗ്രൂപ്പ് യോഗം ഇത് അംഗീകരിച്ചു. പുനര്‍ജനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 21.25 ലക്ഷം രൂപ അനുവദിക്കാമെന്നാണ് വര്‍ക്കിങ് ഗ്രൂപ്പ് യോഗം നിര്‍ദ്ദേശിച്ചത്. ഇതിന് ഭരണാനുമതി നല്‍കണെന്ന് കാണിച്ച് ആഗസ്റ്റ് ഏഴിന് സഹകരണ സംഘം രജിസ്ട്രാറും സര്‍ക്കാരിന് കത്ത് നല്‍കി. 12.50 ലക്ഷം രൂപ ഓഹരിയായും 8.75 ലക്ഷം രൂപ സബ്‌സിഡിയായും ആണ് നല്‍കുക. ഇതിന് ഭരണാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.

Leave a Reply

Your email address will not be published. Required fields are marked *

Latest News