റോബര്‍ട്ട് ഓവന്റെ സഹകരണ തത്വങ്ങള്‍ ഇന്നും പ്രസക്തം

അഡ്വ. ജോസ് ഫിലിപ്പ്

ലോകം മറ്റൊരു സാമ്പത്തികമാന്ദ്യത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്ന ഇന്നത്തെ കാലത്തും സഹകരണപ്രസ്ഥാനത്തിന്റെ പിതാവും ഉട്ടോപ്യന്‍ സോഷ്യലിസത്തിന്റെ പ്രയോക്താവുമായ റോബര്‍ട്ട് ഓവന്റെ സഹകരണ ചിന്തകള്‍ക്ക് പ്രസക്തിയുണ്ട്. സാമൂഹിക ക്ഷേമത്തിലും മനുഷ്യനന്മയിലും അധിഷ്ഠിതമായ തത്വസംഹിതകളാണു ആ മനുഷ്യസ്‌നേഹി ഉയര്‍ത്തിപ്പിടിച്ചത്.

ലോകം മറ്റൊരു സാമ്പത്തികമാന്ദ്യത്തിന്റെ പടിവാതില്‍ക്കലാണ്. ലോക സാമ്പത്തികശക്തികളൊക്കെത്തന്നെ സാമ്പത്തികമാന്ദ്യം നേരിടുന്നതെങ്ങനെയെന്ന ഗാഢമായ ആലോചനയിലും തയാറെടുപ്പിലുമാണ്. അമേരിക്കയും ഇംഗ്ലണ്ടും ജപ്പാനും ജര്‍മനിയുമൊന്നും ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ പിടിയില്‍ നിന്നു ഒഴിവാക്കപ്പെടുമെന്നു കരുതുന്നില്ല. സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ തകര്‍ച്ചയോടെ മുതലാളിത്തവിപണിവ്യവസ്ഥ ആഗോളതലത്തില്‍ പിടിമുറുക്കുകയും ഒട്ടുമിക്ക രാജ്യങ്ങളും വിപണിസമ്പദ്‌വ്യവസ്ഥയുടെ തത്വസംഹിതകള്‍ക്കനുസൃതമായി തങ്ങളുടെ സമ്പദ്ക്രമത്തെയും ഘടനയെയും രൂപപ്പെടുത്തുകയും ചെയ്തു. ലോകവിപണി ആഗോളവത്കരിക്കപ്പെട്ടു. വിപണിയുടെ അടഞ്ഞ വാതിലുകള്‍ എന്തും എവിടെയും വില്‍ക്കുകയും വാങ്ങുകയും ചെയ്യാവുന്ന നിലയിലേക്കു തുറക്കപ്പെട്ടു. വ്യാപാര, വ്യവസായരംഗത്തെ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യപ്പെട്ടു. കയറ്റുമതിക്കും ഇറക്കുമതിക്കും ഉദാരവല്‍കൃത സമീപനങ്ങള്‍ അടിസ്ഥാനമേകി. ഉപഭോക്താക്കള്‍ക്കു തങ്ങള്‍ക്കിഷ്ടപ്പെട്ട ബ്രാന്‍ഡുല്‍പ്പന്നങ്ങള്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായ രീതിയില്‍, അനുയോജ്യമായ വിലയില്‍, സമയവ്യയം കൂടാതെ വാങ്ങാനും വില്‍ക്കാനും കഴിയുന്നതരത്തില്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് സംവിധാനങ്ങള്‍ വികസിച്ചുകഴിഞ്ഞു. ഭൗമ, സമയപരിമിതികളെ അതിലംഘിച്ച് വാങ്ങലും വില്‍ക്കലും വിതരണവുമൊക്കെ സുഗമമായി നടക്കുന്ന കാലഘട്ടത്തിലാണു നാം ജീവിക്കുന്നത്. ശാസ്ത്ര-സാങ്കേതിക വികാസത്തിന്റെ ഉല്‍പ്പന്നങ്ങളായി ഈ സങ്കേതങ്ങള്‍ മാറുമ്പോള്‍ അതു മനുഷ്യജീവിതത്തിന്റെ പുരോഗതിക്കും ക്ഷേമത്തിനുമായാണ് ഉപയോഗിക്കപ്പെടുന്നത് എന്നുറപ്പു വരുത്തുന്നതിനുള്ള ബാധ്യത സാമൂഹിക പ്രസ്ഥാനങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കുമുണ്ട്. എന്നാല്‍, അത്തരത്തില്‍ ശാസ്ത്ര-സാങ്കേതിക വികാസനേട്ടങ്ങള്‍ പൂര്‍ണമായും സാമൂഹികക്ഷേമത്തിനും മനുഷ്യനന്മയ്ക്കുമാണ് ഉപേയോഗിക്കപ്പെടുന്നത് എന്നുറപ്പു വരുത്തുന്നതില്‍ നാം പരാജയപ്പെടുന്നതായാണു സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. സ്വാര്‍ഥതാല്‍പ്പര്യവും ധനമോഹവും മനുഷ്യനെ അധമനാക്കിമാറ്റുന്നത് അതിരുകടന്ന വിപണിവല്‍ക്കരണത്തിന്റെ തിക്തഫലങ്ങളാണെന്ന് അനുമാനിക്കാം. എന്നിരുന്നാലും, ലോകത്തെ മുന്നോട്ടു നയിക്കുന്നതു വിപണിയാണെന്ന യാഥാര്‍ഥ്യം സജീവമായി നിലനില്‍ക്കുന്നു. വിപണിശക്തിക്കതീതമായി സാമൂഹികക്ഷേമവും മനുഷ്യനന്മയും പരിഗണിക്കപ്പെടുന്ന സാഹചര്യത്തിലാണു മാനുഷിക സര്‍ഗാത്മകത പൂര്‍ണതയിലെത്തുക.

സഹകരണത്തിന്റെ
പ്രസക്തി

അമിതമായ ലാഭനേട്ടത്തിനായി സമൂഹത്തിലെ വിഭവങ്ങളെ പൂര്‍ണമായും വിനിയോഗിക്കുന്ന മുതലാളിത്തവ്യവസ്ഥക്കു പകരം മാനുഷികവിഭവശേഷിയെ അവയുടെ സര്‍ഗാത്മകവികാസത്തിനുപകരിക്കുംവിധം പ്രയോജനപ്പെടുത്തുന്ന സാഹചര്യമാണു സഹകരണപ്രസ്ഥാനം പ്രദാനം ചെയ്യുന്നത്. ലാഭേച്ഛയിലധിഷ്ഠിതമായ കിടമത്സരങ്ങളും വിപണനതന്ത്രങ്ങളും സഹകരണവ്യവസ്ഥയില്‍ അന്യമാകുന്നു. പരസ്പര സഹവര്‍ത്തിത്വത്തിന്റെയും പങ്കുവെക്കലിന്റെയും സംയമനത്തിന്റെയും അന്തരീക്ഷത്തിലാണു സഹകരണസ്ഥാപനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. ഉന്നതമായ ജനാധിപത്യമൂല്യങ്ങളുടെ മൗലികതയും നമുക്കിവിടെ കാണാന്‍ സാധിക്കുന്നുണ്ട്. മൂലധനവിഭവങ്ങളെ പൊതുനന്മയ്ക്കായി ഉപയോഗപ്പെടുത്തുമ്പോള്‍ അത് ഓരോ അംഗത്തിന്റെയും പ്രയോജനത്തിനുവേണ്ടിയും ഉപയോഗപ്പെടുന്നു എന്നുള്ളതു സഹകരണപ്രസ്ഥാനത്തിനുമാത്രം അവകാശപ്പെടാവുന്ന വ്യതിരിക്ത സവിശേഷതയാണ്.

മുതലാളിത്തവ്യവസ്ഥയുടെ രൗദ്രഭാവങ്ങളെ നേരിടാന്‍ തീര്‍ച്ചയായും സഹകരണതത്വങ്ങളുടെ സൗമ്യഭാവങ്ങള്‍ക്കാവും എന്നുള്ളതാണു നാം സഹകരണപ്രസ്ഥാനത്തില്‍നിന്ന് ഉള്‍ക്കൊള്ളേണ്ട പാഠം. ചെറുന്യൂനപക്ഷമായ വ്യവസായികളുടെ വരുമാനവും ബഹുഭൂരിപക്ഷത്തിന്റെ വരുമാനവും തമ്മിലുള്ള ഭീമമായ അന്തരം വര്‍ധിച്ചുവരുന്ന സാഹചര്യം അവര്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഇടനല്‍കുമ്പോള്‍ സഹകരണവ്യവസ്ഥിതിയില്‍ അത്തരമൊരു സാഹചര്യം കാണാനാവില്ല. അതുകൊണ്ടുതന്നെ സഹകരണവ്യവസ്ഥിതിയില്‍ സാമൂഹിക സംഘര്‍ഷങ്ങള്‍ താരതമ്യേന കുറഞ്ഞിരിക്കും. അതിനാല്‍, ആധുനിക കാലഘട്ടത്തില്‍ സഹകരണപ്രസ്ഥാനത്തിന്റെ പ്രസക്തി വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

സഹകരണവിദഗ്ധനായ ചാള്‍സ് ഗിദെ ( 1847-1932 ) യുടെ സഹകരണ റിപ്പബ്ലിക് എന്ന ആശയം ഇവിടെ നമുക്ക് ഓര്‍ക്കാം. കോ-ഓപ്പറേറ്റീവ് കോമണ്‍വെല്‍ത്ത് എന്ന ആശയവും വളരെയേറെ സ്വീകാര്യത ലഭിച്ചിട്ടുള്ളതാണ്. ‘ പരസ്പരസ്വയംസഹായ തത്വങ്ങളുടെ അടിസ്ഥാനത്തിലുള്ള സഹകരണവ്യവസ്ഥിതി ഇന്നു കാണുന്ന മത്സരാധിഷ്ഠിതമായ സ്വകാര്യസംരംഭങ്ങള്‍ക്കു പകരം നില്‍ക്കുമെന്നു ‘ അന്താരാഷ്ട്ര സഹകരണ സഖ്യം ( ഐ.സി.എ ) അഭിപ്രായപ്പെടുകയുണ്ടായി.

റോബര്‍ട്ട് ഓവന്റെ
തത്വങ്ങള്‍

റോബര്‍ട്ട് ഓവന്റെ ( 1771-1858 ) വിവിധ പദ്ധതികള്‍ പരാജയപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ തത്വങ്ങള്‍ സഹകരണപ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകസ്വാധീനം ചെലുത്തുകയുണ്ടായി. അദ്ദേഹത്തിന്റെ തത്വങ്ങള്‍ ഇവയാണ്: 1. സ്വകാര്യലാഭം ഉന്മൂലനം ചെയ്യല്‍. 2. സ്വമേധയായുള്ള സംഘം ചേരല്‍. 3. ഉല്‍പ്പാദനോപാധികളുടെ പൊതു ഉടമസ്ഥത. 4. സമൂഹസമ്പത്ത് മനുഷ്യരാശിയുടെ സന്തോഷവര്‍ധനവിനായി ഉപയോഗപ്പെടുത്തല്‍.

തൊഴില്‍സമയം കുറയ്ക്കുക, തൊഴില്‍സാഹചര്യം മെച്ചപ്പെടുത്തുക, തൊഴിലാളികളുടെ കുട്ടികള്‍ക്കാവശ്യമായ വിദ്യാഭ്യാസസൗകര്യം ഒരുക്കുക, തൊഴിലാളികളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്നീ ഓവന്റെ നടപടികള്‍ മൂലം ഉല്‍പ്പാദനക്ഷമത വര്‍ധിക്കുകയും കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന മില്‍ത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയരുകയും ചെയ്തു. പത്തു വയസ്സില്‍ കുറഞ്ഞ കുട്ടികളെക്കൊണ്ട് തൊഴിലെടുപ്പിക്കുന്നതു ഓവന്‍ നിരോധിക്കുകയുണ്ടായി. വിദ്യാഭ്യാസസമ്പ്രദായത്തെ അദ്ദേഹം വിമര്‍ശിച്ചു. ഓവന്റെ അഭിപ്രായത്തില്‍ യഥാര്‍ഥപഠനം സന്തോഷം പ്രദാനം ചെയ്യുന്നതാകണം. അധ്യാപനം ആകര്‍ഷകമാവണം. ക്രിയാത്മകരീതിയില്‍ പഠനപ്രക്രിയ കൂടുതല്‍ ആകര്‍ഷകവും പഠിതാക്കളില്‍ താല്‍പ്പര്യമുണര്‍ത്തുന്നതുമായിരിക്കണം. ഇത്തരത്തില്‍ പരിസ്ഥിതി പരിവര്‍ത്തനം സാധ്യമാകുന്നതിന്റെ മുന്നോടിയായിരിക്കണം പഠനസമ്പ്രദായത്തിലെ പരിഷ്‌കരണം.

പണത്തിന്റെ ഉപയോഗമാണ് എല്ലാ ദുഷ്പ്രവണതകളുടെയും അടിസ്ഥാനമെന്നു റോബര്‍ട്ട് ഓവന്‍ ഉറച്ചു വിശ്വസിച്ചു. പണസമ്പാദനത്തിനുള്ള മനുഷ്യരുടെ ആഗ്രഹമാണ് എല്ലാ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നതെന്നു കരുതിയ അദ്ദേഹം പണത്തിന്റെ ഉപയോഗം തടയണമെന്ന് ആവശ്യപ്പെട്ടു. 1883 ല്‍ ഓവന്‍ ലണ്ടനില്‍ ആരംഭിച്ച നാഷണല്‍ ഇക്വിറ്റബിള്‍ ലേബര്‍ എക്‌സ്‌ചേഞ്ച് ഉല്‍പ്പാദകരുടെയും ഉപഭോക്താക്കളുടെയും ഉല്‍പ്പന്നങ്ങള്‍ കൈമാറ്റം ചെയ്യുന്ന വേദിയായി. ഓരോ തൊഴിലാളിക്കും ലേബര്‍നോട്ടുകള്‍ നല്‍കി. അതില്‍ ഉല്‍പ്പന്നങ്ങളുടെ വില, ഉല്‍പ്പാദനത്തിനായി ചെലവഴിച്ച സമയം എന്നിവ രേഖപ്പെടുത്തിയിരുന്നു. മത്സരവും മധ്യവര്‍ത്തിയും ഒഴിവാക്കപ്പെട്ടു. ഉല്‍പ്പാദനച്ചെലവില്‍ ഉല്‍പ്പാദനം കൈമാറ്റം ചെയ്യപ്പെട്ടു. എന്നാല്‍, സത്യസന്ധരല്ലാത്ത ആളുകളുടെ പ്രവര്‍ത്തനം ലേബര്‍നോട്ടുകളുടെ പരാജയത്തിനിടയാക്കി.

ഓവന്‍ ആവിഷ്‌കരിച്ച സഹകരണതത്വങ്ങള്‍ പ്രാദേശിക ഭേദഗതികളോടെ ആധുനിക സഹകരണപ്രസ്ഥാനം നടപ്പാക്കുകയുണ്ടായി. ഓവന്‍ ആവിഷ്‌കരിച്ച പദ്ധതികളും പരിഷ്‌കാരങ്ങളും ആധുനിക കാലഘട്ടത്തില്‍ ( 250 വര്‍ഷം മുമ്പു ഓവന്റെ കാലഘട്ടത്തില്‍പ്പോലും ) പ്രായോഗികമായിരുന്നില്ല. എന്നാല്‍, അദ്ദേഹം ആവിഷ്‌കരിച്ച തത്വങ്ങള്‍, പ്രത്യേകിച്ചും സ്വമേധയായുള്ള കൂട്ടായ്മയും ഉല്‍പ്പാദനോപാധികളുടെ പൊതുഉടമസ്ഥതയും മനുഷ്യരാശിയുടെ നന്മയ്ക്കായുള്ള സമൂഹസമ്പത്തിന്റെ വിനിയോഗവും സഹകരണപ്രസ്ഥാനത്തിന്റെ ചരിത്രഗതിയില്‍ നിര്‍ണായക തത്വസംഹിതകളായി മാര്‍ഗദീപം തെളിയിച്ചു എന്ന കാര്യത്തില്‍ സംശയമില്ല.

ഇന്നത്തെ മത്സരാധിഷ്ഠിത കാലത്തു മൂലധനത്തിനു മനുഷ്യനേക്കാള്‍ പ്രസക്തിയും പ്രാധാന്യവും കല്‍പ്പിക്കപ്പെടുമ്പോള്‍ റോബര്‍ട്ട് ഓവന്‍ ഉയര്‍ത്തിക്കാണിച്ച സാമൂഹികക്ഷേമത്തിലും മനുഷ്യനന്മയിലും അധിഷ്ഠിതമായ തത്വസംഹിതകള്‍ക്കു ഏറെ പ്രസക്തിയും പ്രാധാന്യവുമുണ്ട്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിച്ചുവരുമ്പോള്‍, പണവും മൂലധനവും എല്ലാറ്റിനും മേലെയായി പ്രതിഷ്ഠിക്കപ്പെടുമ്പോള്‍, നഷ്ടപ്പെട്ടുപോകുന്ന മാനുഷികമൂല്യങ്ങളാണു റോബര്‍ട്ട് ഓവന്‍ ഉയര്‍ത്തിപ്പിടിച്ചത്. ഇന്നു കാണുന്ന സാമൂഹിക തിന്മകളും അനീതിയും മത്സരാധിഷ്ഠിത കമ്പോളവ്യവസ്ഥയുടെ ഉപോല്‍പ്പന്നങ്ങളാണെന്നതില്‍ തര്‍ക്കമില്ല. മാനവരാശിയുടെ ക്ഷേമവും ഉത്കര്‍ഷവും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു തത്വസംഹിതയ്ക്ക് ഇന്നത്തെ കമ്പോളവ്യവസ്ഥയുമായി സമരസപ്പെടാനാവില്ല. ഈ പശ്ചാത്തലത്തിലാണു സഹകരണതത്വങ്ങള്‍, പ്രത്യേകിച്ച് റോബര്‍ട്ട് ഓവന്‍ ലോകജനതയ്ക്കു സംഭാവന ചെയ്ത തത്വങ്ങള്‍, കാലികവും പ്രസക്തവുമാകുന്നത്.

Leave a Reply

Your email address will not be published.