മില്‍മ മുന്‍ ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു
മില്‍മ മുന്‍ ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ ( 72 ) ശനിയാഴ്ച അന്തരിച്ചു. തിരുവനന്തപുരത്തുനിന്ന് കടയ്ക്കലിലേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. മുന്‍ എം.എല്‍.എ.യായിരുന്ന ഗോപാലകൃഷ്ണന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2001 ല്‍ ചടയമംഗലത്തുനിന്നാണു നിയമസഭയിലേക്കു ജയിച്ചത്.
കോണ്‍ഗ്രസ് നേതാവായിരുന്ന ഗോപാലകൃഷ്ണന്‍ 1982 ല്‍ മില്‍മ ഡയരക്ടര്‍ ബോര്‍ഡംഗമായി. 1984 ല്‍ മില്‍മ ചെയര്‍മാനായി. 2001 വരെ ഈ സ്ഥാനത്തു തുടര്‍ന്നു. സംസ്ഥാന സഹകരണ ബാങ്കിന്റെ ഡയരക്ടര്‍ ബോര്‍ഡംഗമായും നാഷണല്‍ ഡെയറി ഡവലപ്‌മെന്റ് ബോര്‍ഡംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റാവുംമുമ്പ് മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ അധ്യക്ഷനായും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രവര്‍ത്തിച്ചു.
ഭാര്യ: എസ്. സുധര്‍മ ( റിട്ട. അധ്യാപിക ). മക്കള്‍ : ഡോ. റാണി കൃഷ്ണ, ഡോ. വേണി കൃഷ്ണ, വിഷ്ണു ജി. കൃഷ്ണന്‍.