മിൽമ പാൽ ജൂൺ ഒന്നുമുതൽ ഓൺലൈനിൽ.
മിൽമ പാലും പാലുൽപ്പന്നങ്ങളും വീട്ടിൽ എത്തിക്കാനായി, മിൽമ ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നു. ഇതിനായി മൊബൈൽ ആപ്പ് സംവിധാനം ജൂൺ ഒന്നുമുതൽ തിരുവനന്തപുരം നഗരത്തിൽ ലഭ്യമാക്കും. തിരുവനന്തപുരം നഗരത്തിൽ നിലവിലുള്ള എ.എം. നീഡ്സ് എന്ന ആപ്പ് വഴിയാണ് ഉപഭോക്താക്കൾക്ക് സേവനം എത്തിക്കുന്നത്. നിലവിൽ യൂബർ ഈറ്റ്സിൽ പ്രവർത്തിക്കുന്നവരുടെ സേവനം ആണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. അവർക്ക് രാവിലെ 8. 30 മുതൽ ആണ് യൂബർ ഈറ്റ്സ് പ്രവർത്തനം ആരംഭിക്കുക. എ.എം .നീഡ്സ് ഈ സമയത്തിന് മുൻപ് പ്രവർത്തനം പൂർത്തിയാക്കും. അതായത് രാവിലെ 5.30 മുതൽ 8.30 വരെ വീടുകളിലേക്ക് എ .എം.നീഡ്സ് ആപ് വഴി മിൽമ പാൽ ഓർഡർ ചെയ്യാം. മിൽമ പാൽ, തൈര്, പേട തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ ലഭ്യമാക്കുകയെന്നു മിൽമ ചെയർമാൻ പി.എ.ബാലൻ മാസ്റ്റർ മൂന്നാം വഴി ഓൺലൈനോട് പറഞ്ഞു.
രണ്ടാം ഘട്ടത്തിൽ എറണാകുളം ടൗണിൽ പ്രവർത്തനം തുടങ്ങും. ഇതിനായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവരും ആയി ചേർന്നു മിൽമ കരാറിലേർപ്പെടും. വളരെ ചെറിയ സേവന നിരക്ക് മാത്രമേ ഉപഭോക്താക്കളിൽനിന്ന് മിൽമ ഈടാക്കൂ. മലബാർ മേഖലയിൽ പാൽ , തൈര്,പേട തുടങ്ങിയവക്കു പുറമേ ഇഡലി മാവ്, ദോശ മാവ് തുടങ്ങിയവയുമുണ്ട്. ഇതും വൈകാതെ ഓൺലൈൻ വഴി ജനങ്ങൾക്ക് ലഭ്യമാക്കും. സാധാരണക്കാരുടെ ആവശ്യങ്ങൾ അറിഞ്ഞ് മിൽമ പാൽ നേരിട്ട് വീടുകളിലേക്ക് എത്തിക്കുന്ന സംവിധാനത്തിനാണു മിൽമ ഇപ്പോൾ തുടക്കം കുറിക്കുന്നത്.
[mbzshare]