മിൽമയുടെ എറണാകുളം മേഖലാ യൂണിയന് 822.61 കോടിയുടെ ബജറ്റ്

Deepthi Vipin lal

നടപ്പുസാമ്പത്തീക വർഷം 822.61 കോടി രൂപയുടെ ബഡ്ജറ്റിന് 19-05-2022 ൽ ചേർന്ന മേഖലാ യൂണിയൻ ഭരണസമിതി അംഗീകാരം നൽകി. മേഖല യൂണിയൻ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നടപ്പിലാക്കി വരുന്ന വിവിധ വികസന പ്രവർത്തനങ്ങൾ തുടരുന്നതോടൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിനായി 36 കോടി രൂപയുടെ മൂലധന ബഡ്ജറ്റും അംഗീകരിച്ചു.

ക്ഷീര കർഷക ക്ഷേമനിധിയിലേക്ക് 5.05 കോടി രൂപയും, കാലിത്തീറ്റ വില സന്തുലന നിധിയിലേക്ക് 1.35 കോടി രൂപയും വകയിരുത്തിയിട്ടുള്ളതോടൊപ്പം കന്നുകാലി ലോൺ പലിശ സബ്സീഡി, റബർ മാറ്റ്/പ്രഷർ വാഷർ/പാൽ ക്യാനുകൾ, ഇലക്ട്രിക്ക് സെൻട്രിഫ്യൂജ്, കറവയന്ത്രം, വീൽ ബാരോ, ക്യാൻ കൺവെയറുകൾ, ചാഫ്കട്ടർ, കൗലിഫ്റ്റ്, വാങ്ങുന്നതിനുള്ള ധനസഹായം/സബ്സീഡി മുതലായവക്കായി 130.75 ലക്ഷം രൂപ നീക്കിവെക്കുകയും, ക്ഷീര കർഷകർക്കായുള്ള അപകട ഇൻഷുറൻസ് സബ്സീഡി, കന്നുകാലിക്കൾക്കായുള്ള ഇൻഷുറൻസ് പദ്ധതി എന്നിവക്കായി 28.00 ലക്ഷത്തിൽപരം രൂപയും, വൈക്കോൽ,സൈലേജ് വിതരണ സബ്സിഡിക്കായി 126 ലക്ഷം രൂപ വകയിരുത്തുകയും ചെയ്തിട്ടുണ്ട്.

പ്രകൃതി ദുരന്തങ്ങളിൽപ്പെട്ട് കെട്ടിടങ്ങൾ തകർന്ന്, വസ്തുവകകൾ നഷ്ടപ്പെട്ട് ക്ഷീരസംഘങ്ങൾ നിസ്സഹായരാകുന്ന അവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മേഖലയിൽപെട്ട മുഴുവൻ ആപ്‌കോസ് സംഘങ്ങൾക്കും ഇതാദ്യമായി കെട്ടിട അപകട ഇൻഷുറൻസ് ഈ വർഷം മുതൽ ആരംഭിക്കുന്നതിന് ആവശ്യമായ തുക വകയിരുത്തിയത് കൂടാതെ, 169 ക്ഷീര സംഘങ്ങളിൽ കോടിക്കണക്കിന് രൂപ മുടക്കി സ്ഥാപിച്ചിരിക്കുന്ന ബി.എം.സി. പ്ലാന്റുകൾ മുഴുവനും ഇൻഷുറൻസ് പരിരക്ഷ ഏർപെടുത്തിയതോടൊപ്പം, ക്ഷീര സംഘങ്ങളുടെ കെട്ടിട നിർമ്മാണത്തിനായുള്ള ഗ്രാന്റ് നൽകുന്നതിന് 30 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

ക്ഷീര കർഷകർ ആഹ്ളാദപൂർവ്വം സ്വീകരിച്ച സൗജന്യ നിരക്കിലുള്ള മൃഗ ചികിത്സ പദ്ധതി തുടരൂന്നതിനു 120 ലക്ഷം രൂപ അനുവദിച്ചപ്പോൾ, അകിടുവീക്ക നിയന്ത്രണം, മുഴുവൻ കറവപശുക്കളെയും വിരവിമുക്തമാക്കൽ എന്നിവ ലക്ഷ്യമിട്ട് 18.00 ലക്ഷം രൂപ നീക്കിവെക്കുകയും, സംഭരിക്കുന്ന പാലിന്റെ ഗുണനിലവാരം ഉയർത്തുവാൻ 13.80 ലക്ഷം രൂപയുടെ ഇൻസെൻറ്റീവ് നൽകുന്നതിനും, ക്ഷീര കർഷകർ, സംഘം ജീവനക്കാർ, പ്രസിഡണ്ടുമാർ തുടങ്ങിയവരുടെ പരിശീലനം മുതലായ വിവിധ പരിപാടികൾക്കായി 23.00 ലക്ഷം രൂപ വകയിരുത്തുകയും, ക്ഷീര സംഘങ്ങളിൽ ഉപയോഗിക്കുന്ന മിൽകോ ടെസ്റ്റർ, ഇലക്ട്രോണിക് വെയിങ് ബാലൻസ് മുതലായവയുടെ റിപ്പയറിങ് നടത്തുന്നതിന് 17 ലക്ഷം രൂപ നീക്കിവെക്കുകയും ചെയ്തതടക്കം കർഷകർക്കും, ക്ഷീരമേഖലയിലാകെയും ഉണർവേകുന്ന വിവിധ പദ്ധതികളാണ് ബജറ്റിൽ വിഭാവനം ചെയ്തിരിക്കുന്നത്.

ക്ഷീരകർഷകർക്ക് അധിക വരുമാനം ലഭിക്കുന്നതിനുതകുന്നതിനായി ചാണകം ഉണക്കിയെടുക്കുന്നതിനുള്ള യന്ത്രം സ്ഥാപിക്കുന്നതിന് മേഖലാ യൂണിയൻ വിഭാവനം ചെയ്ത പദ്ധതിക്ക് തുടക്കമിടുന്നതിനായി 8 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.