മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമഭേദഗതി:  സംയുക്ത പാര്‍ലമെന്ററിസമിതി ആദ്യയോഗം ചേര്‍ന്നു

moonamvazhi

ഒന്നിലധികം സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനപരിധിയായുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ സമഗ്രമാറ്റം കൊണ്ടുവരാനുദ്ദേശിച്ചുള്ള 2022 ലെ നിയമഭേദഗതിബില്‍ വിശദമായി പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി വ്യാഴാഴ്ച പാര്‍ലമെന്റ് ഹൗസില്‍ ആദ്യയോഗം ചേര്‍ന്നു. സമിതി ചെയര്‍മാന്‍ ചന്ദ്രപ്രകാഷ് ജോഷി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.കേന്ദ്ര സഹകരണ മന്ത്രാലയം സെക്രട്ടറി ജ്ഞാനേഷ് കുമാര്‍, സഹകരണസംഘം കേന്ദ്ര രജിസ്ട്രാര്‍ വിജയ്കുമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

31 അംഗസമിതിയുടെ ആദ്യയോഗമായതിനാല്‍ പ്രത്യേകിച്ചു തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ലെന്നു ചെയര്‍മാന്‍ അറിയിച്ചു. ഇക്കഴിഞ്ഞ ഡിസംബര്‍ ഏഴിനാണു മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമഭേദഗതിബില്‍ ലോക്‌സഭയില്‍ സഹകരണമന്ത്രി അമിത് ഷാ അവതരിപ്പിച്ചത്. ബില്‍ പാസാക്കുന്നതില്‍ പ്രതിപക്ഷം എതിര്‍പ്പ് പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണു സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്കു വിട്ടത്. ലോക്‌സഭയില്‍ നിന്നു 21 അംഗങ്ങളും രാജ്യസഭയില്‍ നിന്നു 10 അംഗങ്ങളുമാണു സമിതിയിലുള്ളത്.

സഹകരണ-നിയമ മന്ത്രാലയങ്ങളിലെ പ്രതിനിധികള്‍ വ്യാഴാഴ്ചത്തെ യോഗത്തില്‍ ബില്ലിനെക്കുറിച്ച് വിശദീകരിച്ചു. തുടര്‍ന്ന് അംഗങ്ങള്‍ ചര്‍ച്ച നടത്തി ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു. ഇവയെല്ലാം അടുത്ത യോഗത്തില്‍ പരിഗണനയ്ക്കു വരും. മാര്‍ച്ചില്‍ നടക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിലെ ആദ്യത്തെ ആഴ്ചയുടെ അവസാനദിവസമായിരിക്കും പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!