മറാത്ത സഹകരണ ബാങ്കിനെ കോസ്‌മോസ് ബാങ്കില്‍ ലയിപ്പിച്ചു

moonamvazhi

2016 മുതല്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലായിരുന്ന പുണെയിലെ മറാത്ത സഹകാരി ബാങ്കിനെ രാജ്യത്തെ രണ്ടാമത്തെ വലിയ സഹകരണ ബാങ്കായ കോസ്‌മോസ് ബാങ്കില്‍ ലയിപ്പിച്ചു. ലയനം മെയ് 29 തിങ്കളാഴ്ച പ്രാബല്യത്തിലായി. 1946 ല്‍ സ്ഥാപിതമായ മറാത്ത ബാങ്കിന്റെ മുംബൈയിലെ ഏഴു ശാഖകളും ഇനി കോസ്‌മോസ് ബാങ്കിന്റെ ശാഖകളായി മാറും. 1949 ലെ ബാങ്കിങ് നിയന്ത്രണനിയമത്തിലെ സെക്ഷന്‍ 44 എ ( 4 ) യിലെ വ്യവസ്ഥകള്‍ക്കനുസൃതമായാണു റിസര്‍വ് ബാങ്ക് ഇരുബാങ്കുകള്‍ തമ്മിലുള്ള ലയനത്തിന് അംഗീകാരം നല്‍കിയത്. നിക്ഷേപകരുടെ താല്‍പ്പര്യസംരക്ഷണവും ബാങ്കിങ്‌മേഖലയുടെ ഭദ്രതയും ലക്ഷ്യമിട്ടാണു റിസര്‍വ് ബാങ്കിന്റെ ഈ നടപടി.

മള്‍ട്ടി സ്റ്റേറ്റ് ( ബഹുസംസ്ഥാന ) അര്‍ബന്‍ സഹകരണ ബാങ്കായ കോസ്‌മോസിനു ഏഴു സംസ്ഥാനങ്ങളിലായി 152 ശാഖകളുണ്ട്. 2023 മാര്‍ച്ച് 31 നവസാനിച്ച സാമ്പത്തികവര്‍ഷം ബാങ്കിന്റെ അറ്റലാഭം 151 കോടി രൂപയാണ്. ഇതൊരു സര്‍വകാല റെക്കോഡാണ്. 17,600 കോടിയിലധികമാണു നിക്ഷേപം. ലയനത്തോടെ മറാത്ത ബാങ്കിലെ ഇടപാടുകാരുടെ താല്‍പ്പര്യവും നിക്ഷേപവും സംരക്ഷിക്കപ്പെടും. മുംബൈയില്‍ കോസ്‌മോസ് ബാങ്കിന്റെ പ്രവര്‍ത്തനം ഒന്നുകൂടി വിപുലമാവുകയും ചെയ്യും.

2021-22 സാമ്പത്തികവര്‍ഷം 3.81 കോടി രൂപ അറ്റലാഭം നേടിയിരുന്ന മറാത്ത ബാങ്ക് പിന്നീട് നഷ്ടത്തിലേക്കു കൂപ്പുകുത്തി. 2022 മാര്‍ച്ച് 31 നു ബാങ്കിന്റെ നഷ്ടം 52.43 കോടി രൂപയായി. 2016 ആഗസ്റ്റ് 31 നു റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതുമുതല്‍ മറാത്ത ബാങ്കിന്റെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ച മട്ടായിരുന്നു. പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ അഡ്വാന്‍സുകള്‍ നല്‍കാനോ പറ്റാതായി. അന്നുതൊട്ട് റിസര്‍വ് ബാങ്ക് നിയന്ത്രണം പുതുക്കിവരികയായിരുന്നു. ഏറ്റവുമൊടുവിലത്തെ നിയന്ത്രണത്തിന്റെ കാലാവധി 2023 മെയ് 31 നാണു അവസാനിക്കേണ്ടിയിരുന്നത്. അതിനിടയ്ക്കാണു ലയനത്തിന് അംഗീകാരം നല്‍കിയത്.

2021 ജനുവരി 14 നു കോസ്‌മോസ് ബാങ്കാണു മറാത്ത ബാങ്കിനെ തങ്ങളുടെ ബാങ്കുമായി കൂട്ടിച്ചേര്‍ക്കാന്‍ ( അമാല്‍ഗമേഷന്‍ ) താല്‍പ്പര്യമുണ്ടെന്ന് അറിയിച്ചത്. അക്കൊല്ലം നവംബര്‍ 25 നു ചേര്‍ന്ന മറാത്ത ബാങ്കിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ഈ നിര്‍ദേശം അവതരിപ്പിച്ചു. 99 ശതമാനം അംഗങ്ങളും ലയനത്തെ സ്വാഗതം ചെയ്തു. ബൃഹദ് മുംബൈ, നവി മുംബൈ, താന, റായ്ഗഡ്, രത്‌നഗിരി, സിന്ധുദുര്‍ഗ് ജില്ലകളിലാണു മറാത്ത ബാങ്കിന്റെ പ്രവര്‍ത്തനമുള്ളത്. 1906 ജനുവരി 18 നാരംഭിച്ച കോസ്‌മോസ് ബാങ്ക് രാജ്യത്തു കോര്‍ബാങ്കിങ് രീതി നടപ്പാക്കിയ ആദ്യത്തെ സഹകരണ ബാങ്കുകളിലൊന്നാണ്. 1990 ല്‍ ഷെഡ്യൂള്‍ഡ് ബാങ്ക്പദവിയും 1997 ല്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്ക്പദവിയും ലഭിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട് സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന ബാങ്കിന് ഇരുപതു ലക്ഷത്തിലധികം ഇടപാടുകാരും 79,000 ഓഹരിയുടമകളുമുണ്ട്.

Leave a Reply

Your email address will not be published.